പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി

Posted On: 23 NOV 2025 2:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ജൊഹാന്നസ്ബർഗിൽ ഇന്നു കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ ആതിഥേയത്വത്തിനും ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനും പ്രസിഡന്റ് റമഫോസയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ന്യൂഡൽഹി ജി20 ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും കെട്ടിപ്പടുക്കാനുമുള്ള ദക്ഷിണാഫ്രിക്കൻ ജി20 ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അ‌ടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അ‌ന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്താൻ സംയുക്തമായി പ്രവർത്തിക്കുന്നതിനു നേതാക്കൾ ധാരണയായി. ഈ സാഹചര്യത്തിൽ, IBSA നേതാക്കളുടെ യോഗം നടത്താൻ ദക്ഷിണാഫ്രിക്ക സ്വീകരിച്ച മുൻകൈയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2026-ൽ ഇന്ത്യക്കു ലഭിക്കാനിരിക്കുന്ന ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തിനു ദക്ഷിണാഫ്രിക്കയുടെ പൂർണപിന്തുണ പ്രസിഡന്റ് റമഫോസ ഉറപ്പുനൽകി.

****


(Release ID: 2193173) Visitor Counter : 14