പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

Posted On: 22 NOV 2025 10:08PM by PIB Thiruvananthpuram

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആതിഥേയത്വം വഹിച്ച ജി-20 നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കെടുത്തു. പ്രധാനമന്ത്രിയുടെ 12-ാമത് ജി-20 ഉച്ചകോടി പങ്കാളിത്തമായിരുന്നു ഇത്. ഉച്ചകോടിയുടെ ഉദ്ഘാടനദിനത്തിലെ രണ്ടു സെഷനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ആതിഥേയത്വത്തിനും ഉച്ചകോടി വിജയകരമായി നടത്തിയതിനും പ്രസിഡന്റ് റമഫോസയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏവരുടെയും വളർച്ച, വികസനം, ക്ഷേമം എന്നിവയോടുള്ള ഇന്ത്യയുടെ സമീപനം വിശദീകരിച്ച്, പ്രധാനമന്ത്രി ജി-20 പരിഗണിക്കേണ്ട ആറ് ആശയങ്ങൾ മുന്നോട്ടുവച്ചു. അവ ഇനിപ്പറയുന്നു:

* ജി-20 ആഗോള പരമ്പരാഗത വിജ്ഞാനശേഖരം സൃഷ്ടിക്കൽ: ഭാവിതലമുറയുടെ പ്രയോജനത്തിനായി ഇതു മനുഷ്യരാശിയുടെ കൂട്ടായ ജ്ഞാനം ഉപയോഗപ്പെടുത്തും.

* ജി-20 ആഫ്രിക്ക നൈപുണ്യവർധക സംവിധാനം രൂപപ്പെടുത്തൽ: ആഫ്രിക്കയിലെ യുവജനങ്ങൾക്കു വൈദഗ്ധ്യമേകുന്നതിനായി ദശലക്ഷം അംഗീകൃത പരിശീലകരുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതു പ്രാദേശികശേഷി വർധിപ്പിക്കുകയും ഭൂഖണ്ഡത്തിലെ ദീർഘകാല വികസനം പരിപോഷിപ്പിക്കുകയും ചെയ്യും

* ജി-20 ആഗോള ആരോഗ്യസംരക്ഷണ പ്രതികരണസംഘം രൂപപ്പെടുത്തൽ: ഇത് ഓരോ ജി-20 രാജ്യത്തുനിന്നുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ധരെ ഉൾപ്പെടുത്തുകയും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആഗോള ആരോഗ്യ വെല്ലുവിളികൾ നേരിടാൻ വിന്യസിക്കുകയും ചെയ്യും.

* ജി-20 ഓപ്പൺ സാറ്റലൈറ്റ് ഡേറ്റ പങ്കാളിത്തം സ്ഥാപിക്കൽ: ഈ പരിപാടിയിലൂടെ ജി-20 ബഹിരാകാശ ഏജൻസികളുടെ ഉപഗ്രഹ ഡേറ്റ വികസ്വര രാജ്യങ്ങൾക്കു കൃഷി, മത്സ്യബന്ധനം, ദുരന്തനിവാരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കും.

* ജി-20 നിർണായക ധാതുക്കളുടെ പരിക്രമപ്രയോഗ പദ്ധതിക്കു രൂപം നൽകൽ: ഈ സംരംഭം പുനഃചംക്രമണം, നഗര ഖനനം, സെക്കൻഡ്-ലൈഫ് ബാറ്ററി പ്രോജക്ടുകൾ, വിവിധ തരം നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കും. വിതരണശൃംഖല സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വികസനത്തിന്റെ സംശുദ്ധ പാതകൾ വികസിപ്പിക്കുന്നതിനും സഹായിക്കും.

* മയക്കുമരുന്ന് ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിനുള്ള ജി-20 സംരംഭം സൃഷ്ടിക്കൽ: ഇതു മയക്കുമരുന്നു കടത്തു നേരിടുകയും മയക്കുമരുന്ന്-ഭീകരവാദ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും.

“പുനരുജ്ജീവനശേഷിയുള്ള ലോകം- ദുരന്തസാധ്യത ലഘൂകരണത്തിൽ ജി-20യുടെ സംഭാവന; കാലാവസ്ഥവ്യതിയാനം; ഊർജപരിവർത്തനം; ഭക്ഷ്യ സംവിധാനങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെഷനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യ ആരംഭിച്ച ദുരന്തസാധ്യതാ ലഘൂകരണ കർമസമിതി മുന്നോട്ടു കൊണ്ടുപോകുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ രൂപം നൽകിയ ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തിൽ പറയുന്നതുപോലെ, “പ്രതികരണ കേന്ദ്രീകൃതം” എന്നതിലുപരി “വികസന കേന്ദ്രീകൃത”മായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കാലാവസ്ഥാ കാര്യപരിപാടിയിൽ കൂടുതൽ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ, പോഷകസുരക്ഷയും പരിസ്ഥിതിസുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ചെറുധാന്യങ്ങളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അധ്യക്ഷകാലയളവിൽ സ്വീകരിച്ച ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഡെക്കാൻ തത്വങ്ങൾ എടുത്തുകാട്ടി, ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ജി-20 മാർഗരേഖ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാനമായി അത്തരമൊരു സമീപനം മാറണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങൾക്കു സമയബന്ധിതമായി, താങ്ങാനാകുന്ന രീതിയിൽ ധനസഹായവും സാങ്കേതികവിദ്യയും നൽകുന്നതിനുള്ള കാലാവസ്ഥ പ്രവർത്തന പ്രതിജ്ഞാബദ്ധതകൾ നിറവേറ്റാൻ വികസിത രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ആഗോള ഭരണനിർവഹണഘടനകളിൽ ഗ്ലോബൽ സൗത്തിനു കൂടുതൽ പ്രാധാന്യമേകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ ജി-20 യുടെ സ്ഥിരാംഗമായി ഉൾപ്പെടുത്തിയതു പ്രധാന മുന്നേറ്റമാണെന്നും ഈ ഉൾക്കൊള്ളൽ മനോഭാവം ജി-20 യ്ക്കു പുറത്തേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു സെഷനിലെയും പ്രധാനമന്ത്രിയുടെ പൂർണമായ അഭിസംബോധനകൾ ഇവിടെ കാണാം.  [Session 1; Session 2

****


(Release ID: 2193110) Visitor Counter : 21