ഇന്ത്യ മുന്നേറുമ്പോൾ ലോകം നിരീക്ഷിക്കുന്നു - ഉജ്വല ഘോഷയാത്രയോടെ IFFI 2025ന് തുടക്കമാവും
ഒരു ചലച്ചിത്രമേളയുടെ സമാരംഭത്തെ പുനർനിർവചിച്ചുകൊണ്ട് 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള വിസ്മയകരമായ ഒരു ദൃശ്യവിരുന്നൊരുക്കാൻ -ഗംഭീരവും ഉജ്വലവുമായ ഉദ്ഘാടന ഘോഷയാത്രയ്ക്ക് സജ്ജമായിരിക്കുന്നു. ഇതാദ്യമായി, സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ ഒന്നിന് പിറകെ ഒന്നായി കഥകൾ മാറുകയും കഥാപാത്രങ്ങൾ അഭ്രപാളികളിൽ നിന്നിറങ്ങി വരികയും,താള, വർണ വിസ്മയത്തിന്‍റെ ഭാവന വിരിയുകയും ചെയ്യുന്ന ഒരു ഉജ്ജ്വല പരിപാടിയിലൂടെ, ഇന്ത്യ സ്വയം പ്രദർശിപ്പിക്കുന്ന ഒരു വിസ്മയകരമായ ഘോഷയാത്രയോടെ ഇത്തവണ IFFI പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നു. നവംബർ 20-ന് ഉച്ചകഴിഞ്ഞ് 03.30 ന് എന്‍റർടെയ്ൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസിൽ നിന്ന് കല അക്കാദമിയിലേക്കാണ് ഘോഷയാത്ര തീരുമാനിച്ചിരിക്കുന്നത്. ഇത് ഗോവയിലെ തെരുവുകളെ ഇന്ത്യയുടെ ചലച്ചിത്ര, സാംസ്കാരിക വൈഭവത്തിന്‍റെ ജീവസുറ്റ ക്യാൻവാസാക്കി മാറ്റും.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളുടെ സ്വത്വത്തിന്‍റെയും ഭാവനയുടെയും നേർക്കാഴ്ചയായി ഉജ്ജ്വലമായ നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിശാഖപട്ടണത്തിന്‍റെ സുവർണ്ണ തീരങ്ങളുടെയും, അരകുവിലെ നിഗൂഢ താഴ്‌വരകളുടെയും മനോഹാരിതയെയും, ടോളിവുഡിന്‍റെ ആവേശത്തെയും ആന്ധ്രാപ്രദേശ് പ്രദർശിപ്പിക്കും. നാടോടിക്കഥകൾ, നാടകം, സംസ്കാരം, ചലച്ചിത്ര പാരമ്പര്യം എന്നിവയുടെ വർണ്ണാഭമായ സംയോജനമായിരിക്കും ഹരിയാനയുടെ നിശ്ചല ദൃശ്യം. മേളയുടെ സ്ഥിര ആസ്ഥാനമായ ഗോവ, ഘോഷയാത്രയുടെ വൈകാരികതയെ പൂർണ്ണമായും പ്രതിഫലിപ്പിക്കും. ലോക സിനിമയുമായുള്ള വ്യാപകവും കാലാതീതവുമായ ഊഷ്മള ബന്ധത്തെ ഇത് ആഘോഷിക്കുന്നു.
സംസ്ഥാനങ്ങളുടെ ടാബ്ലോകൾക്കൊപ്പം ഇന്ത്യയിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങളുടെ ഗംഭീരമായ ടാബ്ലോകളും ഘോഷയാത്രയിൽ അണിനിരക്കും. ഓരോന്നും കഥപറച്ചിലിന്‍റെ ചലനാത്മകമായ പ്രപഞ്ചത്തെ പ്രദർശിപ്പിക്കും. 'അഖണ്ഡ 2 'ന്‍റെ പുരാണ ആവിഷ്കാരം, രാം ചരണിന്‍റെ 'പെഡി'യുടെ വൈകാരിക ആഴം, മൈത്രി മൂവി മേക്കേഴ്‌സിന്‍റെ സർഗ്ഗാത്മക ശക്തി, സീ സ്റ്റുഡിയോയുടെ ഇതിഹാസ പൈതൃകം, ഹോംബാലെ ഫിലിംസിന്‍റെ ആഗോള ദർശനം, ബിന്ദുസാഗറിന്‍റെ ഒഡിയ പൈതൃകം, ഗുരു ദത്തിനുള്ള അൾട്രാ മീഡിയയുടെ ശതാബ്ദി ആദരം, വേവ്സ് OTT യുടെ ഊർജ്ജസ്വലമായ കഥാഖ്യാനം - ഇവയെല്ലാം ഒത്തുചേർന്ന് ഇന്ത്യൻ സിനിമയുടെ സീമാതീത വൈവിധ്യം പ്രദർശിപ്പിക്കും. അഞ്ച് പതിറ്റാണ്ടുകളായി ചലച്ചിത്ര പ്രവർത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്ര മേഖലയിൽ നവീകരണം ആവിഷ്കരിക്കുകയും ചെയ്യുന്ന NFDC യുടെ അമ്പതാം വാർഷികത്തെ അടയാളപ്പെടുത്തുന്ന ചരിത്രപരമായ ഒരു ടാബ്ലോ ആണ് മറ്റൊരു പ്രത്യേകത.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ "ഭാരത് ഏക് സൂർ" എന്ന ആവേശോജ്വല പരിപാടിയോടെയാണ് ഘോഷയാത്ര ആരംഭിക്കുന്നത്.പതിനാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം കലാകാരന്മാർ പങ്കെടുക്കുന്ന ആകർഷകമായ നാടോടിനൃത്ത സിംഫണിയാണിത്. ഭാൻഗ്ര, ഗർബ, ലവനി, ഘൂമർ, ബിഹു, ഛൗ, നാതി തുടങ്ങിയ വ്യത്യസ്ത നാടോടി കലാരൂപങ്ങൾ ഒത്തുചേർന്ന് ഒടുവിൽ, ഇന്ത്യയുടെ ഏകീകൃത സാംസ്കാരിക ഹൃദയസ്പന്ദനം ആവാഹിക്കുന്ന ഒരു ഗംഭീര ത്രിവർണ്ണപതാക രൂപീകരണത്തോടെ ഇത് അവസാനിക്കുന്നു.
ആകർഷണീയതയും ഗൃഹാതുരത്വവും ആനന്ദവും തമാശയും നിറച്ചുകൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട ആനിമേഷൻ രൂപങ്ങളായ ഛോട്ടാ ഭീം & ചുട്കി, മോട്ടു പട്‌ലു & ബിട്ടു ബഹാനെബാസ് എന്നിവരും പ്രേക്ഷകരെ സ്വാഗതം ചെയ്യും
IFFI 2025 ന്‍റെ ഉദ്ഘാടന ഘോഷയാത്ര ഒരു ചലച്ചിത്രകലാവിരുന്നും ഒരു സാംസ്കാരിക അനുഭവവും വാഗ്ദാനം ചെയ്യുന്നു. ഈ അവിസ്മരണീയ ദൃശ്യാനുഭവത്തിനായി ഗോവ തയ്യാറെടുക്കുമ്പോൾ, ഇന്ത്യയെ കഥകളുടെ മാത്രമല്ല - മറിച്ച് ഒരു അവിസ്മരണീയ താളത്തിൽ മുന്നോട്ട് നീങ്ങുന്ന ഒരു രാഷ്ട്രമായും കാണാൻ IFFI ലോകത്തെ ക്ഷണിക്കുന്നു.
കാരണം ഇന്ത്യ മുന്നേറുമ്പോൾ, ലോകം അതിനെ സാകൂതം നിരീക്ഷിക്കുന്നു !
****
Release ID:
2191851
| Visitor Counter:
5