56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി പിഐബി മഹാരാഷ്ട്രയും ഗോവയും ചേർന്ന് മാധ്യമങ്ങൾക്കായുള്ള ഫിലിം അപ്രീസിയേഷൻ കോഴ്‌സ് സംഘടിപ്പിച്ചു.
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) മുന്നോടിയായി പിഐബി മഹാരാഷ്ട്രയും ഗോവയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (FTII) സഹകരിച്ച് ഗോവയിലെ അംഗീകൃത മാധ്യമ പ്രതിനിധികൾക്കായി ഒരു പ്രത്യേക ഫിലിം അപ്രീസിയേഷൻ കോഴ്‌സ് ചൊവ്വാഴ്ച സംഘടിപ്പിച്ചു. ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് നടന്ന ഈ പരിപാടി, കൂടുതൽ അറിവോടെയും ഉൾക്കാഴ്ചയോടെയുള്ളതുമായ ഫെസ്റ്റിവൽ റിപ്പോർട്ടിംഗിനെ പിന്തുണയ്ക്കുന്നതിനായി സിനിമയേക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നല്കി മാധ്യമപ്രവർത്തകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) യിലെ ഫാക്കൽറ്റി അംഗങ്ങളായ സ്ക്രീൻ സ്റ്റഡീസ് ആൻഡ് റിസർച്ച് പ്രൊഫസർ പ്രൊഫ. ഡോ. ഇന്ദ്രനീൽ ഭട്ടാചാര്യ, ഫിലിം ഡയറക്ഷൻ അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. വൈഭവ് അബ്നവെ എന്നിവരാണ് കോഴ്‌സിന് നേതൃത്വം നൽകിയത്. പ്രഭാഷണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ, വിശകലനപരമായ പരിശീലനങ്ങൾ എന്നിവയിലൂടെ ചലച്ചിത്ര രൂപം, സിനിമാ ചരിത്രം, ആഗോള ചലച്ചിത്ര നിർമ്മാണ പാരമ്പര്യങ്ങളെ രൂപപ്പെടുത്തുന്ന സൗന്ദര്യശാസ്ത്രം എന്നിവയേക്കുറിച്ച് കോഴ്‌സിൽ പങ്കെടുത്തവർക്ക് വിദഗ്ധർ പരിജ്ഞാനം നല്കി.

പിഐബി ഡയറക്ടർ ജനറൽ ശ്രീമതി സ്മിത വത്സ് ശർമ്മ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് കുമാർ, എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ സെഷനിൽ പങ്കെടുത്തു. ചലച്ചിത്ര നിർമ്മാതാക്കൾക്കും പ്രേക്ഷകർക്കും ഇടയിലുള്ള വിടവ് നികത്തുന്നതിൽ അറിവുള്ളതും സംവേദനക്ഷമവുമായ മാധ്യമങ്ങളുടെ അനിവാര്യമായ പങ്കിനെക്കുറിച്ച് പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് അവർ എടുത്തുപറഞ്ഞു. ചലച്ചിത്ര കലയേക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാഹ്യം കൂടുതൽ സമ്പന്നവും അർത്ഥവത്തായതുമായ വിവരണങ്ങൾ നല്കാൻ മാധ്യമപ്രവർത്തകരെ പ്രാപ്തരാക്കുമെന്നും അവർ പറഞ്ഞു.

പരിപാടിയുടെ വിജയകരമായ പൂർത്തീകരണത്തെ അടയാളപ്പെടുത്തിക്കൊണ്ട് പങ്കെടുത്ത മാധ്യമ പ്രതിനിധികൾക്ക് ശ്രീ പ്രഭാത് കുമാർ, ശ്രീ പ്രകാശ് മഗ്ദും, ശ്രീമതി സ്മിത വത്സ് ശർമ്മ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശക്തമായ വിമർശനാത്മക കാഴ്ചപ്പാടുകളും സിനിമാസ്വാദനത്തേക്കുറിച്ചുള്ള പുതിയ അഭിനിവേശവും നേടിക്കൊണ്ട്, 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വൈവിധ്യമാർന്ന ചലച്ചിത്രങ്ങളെ ഉൾക്കൊള്ളാൻ പ്രതിനിധികൾ ഇപ്പോൾ നന്നായി തയ്യാറെടുത്തിരിക്കുകയാണ്.

****
Release ID:
2191820
| Visitor Counter:
3