പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും
കോയമ്പത്തൂരിൽ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്യും
21-ാമത് പി എം - കിസാൻ ഗഡു പ്രധാനമന്ത്രി പുറത്തിറക്കും
പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജീവിതം, തത്വങ്ങൾ, സുദീർഘ പാരമ്പര്യം എന്നിവയുടെ ആദര സൂചകമായി സ്മാരക നാണയവും സ്റ്റാമ്പുകളും പ്രധാനമന്ത്രി പ്രകാശനം ചെയ്യും
Posted On:
18 NOV 2025 11:38AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.
പ്രധാനമന്ത്രി രാവിലെ 10 മണിയോടെ, ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള ഭഗവാൻ ശ്രീ സത്യസായി ബാബയുടെ പുണ്യസ്ഥലവും മഹാസമാധിയും സന്ദർശിച്ച് ശ്രദ്ധാഞ്ജലി അർപ്പിക്കും. രാവിലെ 10:30 ന് പ്രധാനമന്ത്രി ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. ഈ അവസരത്തിൽ, ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജീവിതം, തത്വങ്ങൾ, സുദീർഘ പൈതൃകം എന്നിവയുടെ ആദരസൂചകമായി സ്മാരക നാണയവും സ്റ്റാമ്പുകളും അദ്ദേഹം പുറത്തിറക്കും. പരിപാടിയിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
തുടർന്ന്, പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് പോകും, അവിടെ ഉച്ചയ്ക്ക് 1:30 ന് ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, പിഎം-കിസാന്റെ 21-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
2025 നവംബർ 19 മുതൽ 21 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി തമിഴ്‌നാട് പ്രകൃതി കൃഷി പങ്കാളികളുടെ ഫോറമാണ് സംഘടിപ്പിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും രാസവസ്തുക്കളില്ലാത്തതുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ കാർഷിക ഭാവിക്ക് പ്രായോഗികവും കാലാവസ്ഥാ-അനുയോജ്യവും, സാമ്പത്തികമായി സുസ്ഥിരവുമായ ഒരു മാതൃകയായി പ്രകൃതിദത്തവും പുനരുൽപ്പാദനപരവുമായ കൃഷിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കർഷക-ഉൽപാദക സംഘടനകൾക്കും ഗ്രാമീണ സംരംഭകർക്കും വിപണി ബന്ധങ്ങൾ സൃഷ്ടിക്കുന്നതിലും, ജൈവ ഉൽപന്നങ്ങൾ, കാർഷിക സംസ്കരണം, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്, തദ്ദേശീയ സാങ്കേതികവിദ്യകൾ എന്നിവയിലെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിലും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട്, പുതുച്ചേരി, കേരളം, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 50,000-ത്തിലധികം കർഷകർ, പ്രകൃതി കൃഷിരീതി സ്വീകരിച്ചിട്ടുള്ളവർ , ശാസ്ത്രജ്ഞർ, ജൈവ ഉൽപന്ന വിതരണക്കാർ, വിൽപ്പനക്കാർ, പങ്കാളികൾ എന്നിവരുടെ പങ്കാളിത്തം പരിപാടിയിൽ ഉണ്ടാകും.
****
AT
(Release ID: 2191390)
Visitor Counter : 17
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada