iffi banner
The Festival Has Ended

IFFI 2025: ചലച്ചിത്രമേളയുടെ ആഗോള സാധ്യതയും സാംസ്കാരിക സ്വാധീനവും എടുത്തുപറഞ്ഞ് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകനും

#IFFIWood, 2025 നവംബർ 15

56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കെ  മേളയുമായി ബന്ധപ്പെട്ട് ഇന്ന് പനാജിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും പങ്കെടുത്തു.  

മേളയുടെ ഭാഗമായി പനാജി ഐഎൻഒഎക്സ്, പോർവോറിം ഐഎൻഒഎക്സ്, പനാജിയിലെ മാക്വിനസ് പാലസ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ട മാജിക് മൂവീസ്, പനാജിയിലെ അശോക, സമ്രാട്ട് സ്ക്രീന്‍സ്  എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത  ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.  പ്രൗഢമായ പരേഡോടുകൂടിയാണ് ഈ വർഷം ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുക.  നവംബർ 20-ന് വൈകിട്ട് 3.30-ന് ഗോവ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫീസ് മുതൽ കലാ അക്കാദമി വരെയാണ് പരേഡ്. മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ സൗകര്യത്തിന് എല്ലാ വേദികളിലേക്കും  സൗജന്യ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  കൂടാതെ മിരാമർ ബീച്ച്, മഡ്ഗാവിലെ  രവീന്ദ്ര ഭവൻ ഓപ്പണ്‍ സ്പേസ്,  വാഗത്തൂർ ബീച്ച് എന്നിവിടങ്ങളിൽ തുറന്ന വേദിയില്‍ സിനിമാ പ്രദർശനം  സംഘടിപ്പിക്കുമെന്നും ഡോ. പ്രമോദ് സാവന്ത് അറിയിച്ചു.  

നവംബർ 20 മുതൽ 28 വരെ ഗോവയിൽ സംഘടിപ്പിക്കുന്ന 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള  നിരവധി പുതിയ തുടക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. മേളയുടെ വർധിച്ചുവരുന്ന ആഗോള പുരോഗതിയെയും പരിവർത്തനാത്മക സംരംഭങ്ങളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ സിനിമയുടെ പ്രോത്സാഹനത്തിലും രാജ്യാന്തര തലത്തില്‍ സാംസ്കാരിക കൈമാറ്റം വളർത്തുന്നതിലുമുള്ള മേളയുടെ  നിർണായക പങ്കിന് ഇത് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിനൊപ്പം ഇന്ന്  പനാജിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു ഡോ. എല്‍. മുരുകന്‍.  

ഈ വര്‍ഷത്തെ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  127 രാജ്യങ്ങളിൽ നിന്ന് 3,400 ചലച്ചിത്രങ്ങള്‍ അപേക്ഷിച്ചത്  ഏഷ്യയിലെ മുൻനിര ചലച്ചിത്രോത്സവങ്ങളിലൊന്നായി മേളയുടെ സ്ഥാനം അടയാളപ്പെടുത്തുന്നുവെന്ന് ഡോ. മുരുകൻ പറഞ്ഞു.  84 രാജ്യങ്ങളില്‍നിന്നായി 270- ലേറെ  സിനിമകളാണ് മേളയില്‍ പ്രദർശിപ്പിക്കുന്നത്.  26 ലോക പ്രീമിയറുകളും 48 ഏഷ്യൻ പ്രീമിയറുകളും ഇന്ത്യയിൽ നിന്ന് 99 പ്രീമിയര്‍ ചിത്രങ്ങളും ഇതിലുള്‍പ്പെടുന്നു.  വർധിച്ച പങ്കാളിത്തം  മേളയുടെ പ്രൗഢി മാത്രമല്ല, ലോക സിനിമയിൽ ഇന്ത്യയുടെ വളരുന്ന സ്ഥാനവും പ്രതിഫലിപ്പിക്കുന്നതായി  അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ചലച്ചിത്രമേളയുടെ  പ്രധാന ശ്രദ്ധാകേന്ദ്രമായ രാജ്യം  ജപ്പാനാണ്. സ്പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പ്രത്യേകം തയ്യാറാക്കിയ  ചലച്ചിത്ര പാക്കേജുകളുമുണ്ട്.  ഗുരുദത്ത്, രാജ് ഖോസ്‌ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപൻ ഹസാരിക, സലിൽ ചൗധരി തുടങ്ങി ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളുടെ ശതവാര്‍ഷിക ശ്രദ്ധാഞ്ജലി  മേളയില്‍ ആഘോഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന നടൻ രജനീകാന്തിനെ സമാപന ചടങ്ങിൽ ആദരിക്കുമെന്നും അദ്ദേഹത്തിൻ്റെ 'ലാൽ സലാം' എന്ന സിനിമ മേളയില്‍ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഗോവയിലെ  പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ കെ. വൈകുണ്ഠിനെയും മേളയില്‍ ആദരിക്കും.

'നാളെയുടെ സര്‍ഗാത്മക മാനസങ്ങള്‍' എന്ന സംരംഭത്തെക്കുറിച്ച് സംസാരിച്ച മന്ത്രി കടുത്ത മത്സരത്തിലൂടെ  799 അപേക്ഷകളില്‍നിന്ന് 124 യുവ ചലച്ചിത്ര പ്രവർത്തകരെ ഈ വർഷം തിരഞ്ഞെടുത്തതായി അറിയിച്ചു.  സാങ്കേതികവിദ്യ, വി-എഫക്ട്സ്, സിജിഐ തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ മനസ്സിലാക്കുന്നതിന്  പ്രത്യേക സാങ്കേതിക പവലിയന്‍ സ്ഥാപിക്കുന്നതിന് പുറമെ ഇന്ത്യയിലെയും  വിദേശത്തെയും  നൂറുകണക്കിന് ചലച്ചിത്ര പദ്ധതികള്‍ക്ക് സഹനിർമാണ - വിപണന അവസരങ്ങളും 19-ാമത് വേവ്‌സ് ഫിലിം ബസാർ വഴി ലഭിക്കുമെന്ന് ഡോ. മുരുകൻ പറഞ്ഞു.

സ്ത്രീ ശക്തി രാജ്യ വികസനത്തിൻ്റെ  കേന്ദ്രബിന്ദുവെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി വനിതാ സംവിധായകരുടെ 50-ലേറെ സിനിമകൾ ഈ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കുമെന്ന്  അറിയിച്ചു.  ലോകത്തിലെ മുൻനിര ചലച്ചിത്രോത്സവങ്ങളിലെ  ഓസ്കാർ എൻട്രികളും 50-ലേറെ നവാഗത സംവിധായകരുടെ ചിത്രങ്ങളും 56-ാമത് ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

സിനിമയില്‍  സർഗാത്മകതയും നൂതനാശയങ്ങളും വളർത്തിയെടുക്കുന്നതിലെ സർക്കാരിൻ്റെ പ്രതിബദ്ധത  മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.  സിനിമ-എഐ ഹാക്കത്തൺ പോലുള്ള സംരംഭങ്ങളും തിയറ്ററുകള്‍ എല്ലാവർക്കും പ്രാപ്യമാക്കുന്ന സംവിധാനങ്ങളും സിനിമയെ കൂടുതൽ ഉൾച്ചേര്‍ക്കുന്നതും  സാങ്കേതികവിദ്യാധിഷ്ഠിതവും ആഗോള സഹകരണത്തിൻ്റേതുമാക്കുന്ന രാജ്യത്തിൻ്റെ  കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.  

പഴയ ഗോവ മെഡിക്കല്‍ കോളജ്  കെട്ടിടത്തിന് എതിർവശത്തെ റോഡിൽ വർണ്ണാഭമായ  പരേഡോടെയാണ് ഈ വർഷത്തെ ഐഎഫ്എഫ്ഐ-യ്ക്ക് തുടക്കം കുറിക്കുന്നത്. പ്രൊഡക്ഷൻ ഹൗസുകളും വിവിധ സംസ്ഥാനങ്ങളും സാംസ്കാരിക സംഘങ്ങളും  അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍  ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും പ്രദർശിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യും. പരേഡിൽ  അണിനിരക്കുന്ന  34 ദൃശ്യങ്ങളില്‍  12 എണ്ണം ഗോവ സർക്കാർ തയ്യാറാക്കിയതാണ്.

 

****

 

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2190425   |   Visitor Counter: 5