രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പ്രൊജക്ട് ചീറ്റയുടെ അടുത്ത ഘട്ടത്തിനായി ബോട്സ്വാന ഇന്ത്യയ്ക്ക് എട്ട് ചീറ്റപ്പുലികളെ സമ്മാനിച്ചു, മൊകൊലോഡി പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പ്രതീകാത്മക കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച് രാഷ്ട്രപതി

ബോട്സ്വാന ഉപരാഷ്ട്രപതിയും അന്താരാഷ്ട്രകാര്യ മന്ത്രിയും രാഷ്ട്രപതിയെ സന്ദർശിച്ചു

ബോട്സ്വാനയിലെ ഇന്ത്യൻ വംശജരെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

ഇന്ത്യയുമായുള്ള ബന്ധം ശാക്തീകരിക്കുന്നതിനൊപ്പം ബോട്സ്വാനയുടെ പുരോഗതിക്ക് തുടർന്നും സംഭാവന നൽകുക: ഇന്ത്യൻ വംശജരോട് രാഷ്ട്രപതി ദ്രൗപദി മുർമു

Posted On: 13 NOV 2025 5:34PM by PIB Thiruvananthpuram

ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ബോട്‌സ്വാന രാഷ്ട്രപതി അഡ്വ. ഡുമ ഗിഡിയൻ ബോക്കോക്കൊപ്പം, ഇന്ന് രാവിലെ (2025 നവംബർ 13) ബോട്‌സ്വാനയിലെ മൊകോലോഡി പ്രകൃതി സംരക്ഷണകേന്ദ്രം സന്ദർശിച്ചു. ഗാൻസി മേഖലയിൽ നിന്ന് പിടികൂടിയ ചീറ്റകളെ ഇന്ത്യയിലെയും ബോട്‌സ്വാനയിലെയും വിദഗ്ധർ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് വിട്ടയക്കുന്നതിന് ഇരു നേതാക്കളും സാക്ഷിയായി. പ്രോജക്ട് ചീറ്റക്ക് കീഴിൽ ബോട്‌സ്വാന ഇന്ത്യയ്ക്ക് എട്ട് ചീറ്റകളെ പ്രതീകാത്മകമായി സംഭാവന ചെയ്യുന്നതിൻ്റെ അടയാളപ്പെടുത്തലായി ഈ പരിപാടി മാറി. വന്യജീവി സംരക്ഷണത്തിലുള്ള ഇന്ത്യ-ബോട്‌സ്വാന സഹകരണത്തിൽ ഒരു പുതിയ അധ്യായത്തിൻ്റെ പ്രാരംഭത്തെയാണ് ഈ പരിപാടി അടയാളപ്പെടുത്തുന്നത്.

തുടർന്ന് നടന്ന വ്യത്യസ്ത കൂടിക്കാഴ്ചകൾക്കിടെ ബോട്‌സ്വാന ഉപരാഷ്ട്രപതി എന്ദാബാ എൻകോസിനാഥി ഗവോലാഥെയും അന്താരാഷ്ട്രകാര്യ മന്ത്രി ഡോ. ഫെന്യോ ബുടാലെയും രാഷ്ട്രപതിയെ കണ്ടു.

ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഗബോറോണിൽ ബോട്‌സ്വാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നൽകിയ സ്വീകരണത്തിൽ രാഷ്ട്രപതി ഇന്ത്യൻ സമൂഹാംഗങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയെ  അനുഗമിക്കുന്ന കേന്ദ്ര ജലശക്തി, റെയിൽവേ സഹമന്ത്രി ശ്രീ. വി. സോമണ്ണ, പാർലമെൻ്റ് അംഗങ്ങളായ ശ്രീ. പർഭൂഭായ് നഗർഭായി വാസവ, ശ്രീമതി ഡി.കെ. അരുണ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

 ഇന്ത്യയിലെ ജനങ്ങൾ അവരുടെ സംഭാവനകളിൽ അഭിമാനം കൊള്ളുന്നവരാണെന്ന് ഇന്ത്യൻ സമൂഹാംഗങ്ങളുടെ ഉത്സാഹഭരിതമായ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെയും ബോട്‌സ്വാനയുടെയും മുഖമുദ്രകളായ കഠിനാധ്വാനം, സത്യസന്ധത, ഐക്യം എന്നിവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ യഥാർത്ഥ സാംസ്‌കാരിക അംബാസഡർമാരാണ് അവർ. ഇന്ത്യയുമായുള്ള ബന്ധം ശാക്തീകരിക്കുന്നതിനൊപ്പം ബോട്‌സ്വാനയുടെ പുരോഗതിക്ക് സംഭാവന നൽകുന്നത് തുടരാൻ രാഷ്ട്രപതി അവരോട് ആഹ്വാനം ചെയ്തു. ഒസിഐ പദ്ധതി, പ്രവാസി ഭാരതീയ ദിവസ് തുടങ്ങിയ സംരംഭങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ വികസനത്തിനായി അവരുടെ അനുഭവങ്ങൾ പങ്കിടാനും രാഷ്ട്രപതി അവരെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യയും ബോട്‌സ്വാനയും തമ്മിലുള്ള ബന്ധം വിശ്വാസം, ബഹുമാനം, പൊതു ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബോട്‌സ്വാന രാഷ്ട്രപതി ബോക്കോയുമായുള്ള ചർച്ചയ്ക്കിടെ വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, കൃഷി, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബോട്‌സ്വാനയും കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചതായി അവർ സദസ്സിനെ അറിയിച്ചു.

അംഗോള, ബോട്‌സ്വാന എന്നീ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലെ വിജയകരമായ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി നവംബർ 14 ന് രാവിലെ ന്യൂഡൽഹിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

*****

 


(Release ID: 2189864) Visitor Counter : 7