പ്രധാനമന്ത്രിയുടെ ഓഫീസ്
ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
11 NOV 2025 1:53PM by PIB Thiruvananthpuram
ആദരണീയനായ ഭൂട്ടാൻ രാജാവ്,
ആദരണീയനായ നാലാമത്തെ രാജാവ് ,
രാജകുടുംബത്തിലെ ബഹുമാന്യരായ അംഗങ്ങളേ,
ഭൂട്ടാൻ പ്രധാനമന്ത്രി,
മറ്റ് വിശിഷ്ട വ്യക്തികളേ,
ഭൂട്ടാനിലെ എന്റെ സഹോദരീ സഹോദരന്മാരേ!
കുസുസാങ്‌പോ ലാ!
ഭൂട്ടാന്, ഭൂട്ടാൻ രാജകുടുംബത്തിന്, ലോകസമാധാനത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്.
നൂറ്റാണ്ടുകളായി ഇന്ത്യയും ഭൂട്ടാനും ആഴത്തിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധം പങ്കിട്ടിട്ടുണ്ട്. അതിനാൽ, ഈ സുപ്രധാന അവസരത്തിൽ പങ്കെടുക്കുക എന്നത് ഇന്ത്യയുടെയും ഒപ്പം എന്റെയും പ്രതിബദ്ധതയായിരുന്നു.
എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എല്ലാ ഏജൻസികളുമായും പ്രധാന ഉദ്യോഗസ്ഥരുമായും ഞാൻ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നു. ചർച്ചകൾ നടന്നുകൊണ്ടിരുന്നു, വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു.
ഈ ഗൂഢാലോചനയുടെ അവസാന കണ്ണിയിലേക്കുവരെ ഞങ്ങളുടെ ഏജൻസികൾ എത്തും. ഇതിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ല.
ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും.
സുഹൃത്തുക്കളേ,
ഇന്ന്, ഒരു വശത്ത്, ഗുരു പത്മസംഭവയുടെ അനുഗ്രഹത്താൽ ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിനായി നാം ഇവിടെ ഒത്തുകൂടിയിരിക്കുമ്പോൾ, മറുവശത്ത്, ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം,ഭൂട്ടാൻ-ലെ നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്ക്-ൻ്റെ 70-ാം ജന്മദിനവും നാം ആഘോഷിക്കുകയാണ്.
ഈ പരിപാടിയും, നിങ്ങളിൽ പലരുടെയും മാന്യമായ സാന്നിധ്യവും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിൽ, നമ്മുടെ പൂർവ്വികർ നമ്മെ പഠിപ്പിച്ചത്"വസുധൈവ കുടുംബകം"( "वसुधैव कुटुंबकम”) അതായത് ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നാണ് .
ഞങ്ങൾ പറയുന്നു - സർവേ ഭവന്തു സുഖിൻ( सर्वे भवंतु सुखिन):, അതായത്, ഈ ഭൂമിയിൽ എല്ലാവരും സന്തോഷവാനായിരിക്കട്ടെ.
ഞങ്ങൾ പറയുന്നു -
द्यौः शान्तिः
अन्तरिक्षम् शान्तिः
पृथिवी शान्तिः
आपः शान्तिः
ओषधयः शान्तिः
പ്രപഞ്ചം മുഴുവൻ,അതായത്, ആകാശത്ത്, ബഹിരാകാശത്ത്, ഭൂമിയിൽ, വെള്ളത്തിൽ, ഔഷധങ്ങളിൽ, സസ്യങ്ങളിൽ, എല്ലാ ജീവജാലങ്ങളിലും സമാധാനം വാഴട്ടെ എന്നതാണ് ഇതിനർത്ഥം. ഈ ആത്മാവോടെ, ഇന്ത്യ ഇന്ന് ഭൂട്ടാനിൽ നടക്കുന്ന ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിൽ പങ്കുചേർന്നു.
ഇന്ന്, ലോകമെമ്പാടുമുള്ള സന്യാസിമാർ ലോകസമാധാനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കുന്നു. ഇതിൽ 1.4 ബില്യൺ ഇന്ത്യക്കാരുടെ പ്രാർത്ഥനകളും ഉൾപ്പെടുന്നു.
എന്റെ ജന്മസ്ഥലമായ വാദ്‌നഗർ വളരെക്കാലമായി ബുദ്ധമത പൈതൃകത്തിന്റെ ഒരു പുണ്യ കേന്ദ്രമാണ്. എന്റെ ജോലിസ്ഥലമായ വാരാണസി ബുദ്ധമത ഭക്തിയുടെ ആദരണീയമായ ഒരു ഇരിപ്പിടവുമാണ്.പക്ഷേ,പലർക്കും ഇത് അറിയില്ലായിരിക്കാം.അതുകൊണ്ടാണ് ഈ ചടങ്ങിന്റെ ഭാഗമാകുന്നതിന് പ്രത്യേക അർത്ഥം ലഭിക്കുന്നത്. ഭൂട്ടാനിലെയും ലോകമെമ്പാടുമുള്ള എല്ലാ വീട്ടിലും ഈ സമാധാന വിളക്ക് അതിന്റെ പ്രകാശം പരത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ ജീവിതം ജ്ഞാനം, ലാളിത്യം, ധൈര്യം, രാഷ്ട്രത്തിനായുള്ള നിസ്വാർത്ഥ സേവനം എന്നിവയുടെ സംയോജനമാണ്.
വെറും 16 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹം തന്റെ രാജ്യത്തിന് പിതൃതുല്യമായ വാത്സല്യം നൽകുകയും ഒരു ദർശനത്തോടെ അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തു. 34 വർഷത്തെ ഭരണകാലത്ത് ഭൂട്ടാന്റെ പൈതൃകവും വികസനവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.
ഭൂട്ടാനിൽ ജനാധിപത്യ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
രാജാവ് അവതരിപ്പിച്ച "മൊത്തം ദേശീയ സന്തോഷം" എന്ന ആശയം ഇന്ന് ലോകമെമ്പാടുമുള്ള വികസനത്തിന്റെ ഒരു പ്രധാന അളവുകോലായി മാറിയിരിക്കുന്നു. രാഷ്ട്രനിർമ്മാണമെന്നത് ജിഡിപിയെ മാത്രമല്ല, മനുഷ്യരാശിയുടെ ക്ഷേമത്തെയും കുറിച്ചുള്ളതാണെന്ന് ആദരണീയനായ രാജാവ് കാണിച്ചുതന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ രാജാവ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച അടിത്തറയിൽ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നു കൊണ്ടിരിക്കുന്നു.
എല്ലാ ഇന്ത്യക്കാരുടെയും പേരിൽ, രാജാവിന് എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു, അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ഭൂട്ടാനും അതിർത്തികൾ കൊണ്ട് മാത്രമല്ല, സംസ്കാരങ്ങൾ കൊണ്ടും ബന്ധപ്പെട്ടിരിക്കുന്നു. മൂല്യങ്ങൾ, വികാരങ്ങൾ, സമാധാനം, പുരോഗതി എന്നിവയുടെ ബന്ധമാണ് നമ്മൾ തമ്മിലുള്ളത് .
2014 ൽ ഞാൻ പ്രധാനമന്ത്രിയായപ്പോൾ, എന്റെ ആദ്യ വിദേശ യാത്ര ഭൂട്ടാനിലേക്കായിരുന്നു. ഇപ്പോഴും ആ ഓർമ്മകൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദത്തിന് വലിയ ആഴവും ശക്തിയുമുണ്ട്. പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ പരസ്പരം പിന്തുണച്ചു, വെല്ലുവിളികളെ ഒരുമിച്ച് നേരിട്ടു, ഇന്ന്, വികസനത്തിലേക്കും സമൃദ്ധിയിലേക്കും നമ്മൾ മുന്നേറുമ്പോൾ, ഈ ബന്ധം കൂടുതൽ ശക്തമായി തുടരുന്നു.
ഭൂട്ടാനെ രാജാവ് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിശ്വാസത്തിന്റെയും വികസനത്തിന്റെയും പങ്കാളിത്തം മുഴുവൻ മേഖലയ്ക്കും ഒരു മാതൃകയാണ്.
സുഹൃത്തുക്കളേ,
ഇന്ന്, നമ്മുടെ രണ്ട് രാജ്യങ്ങളും അതിവേഗം പുരോഗമിക്കുമ്പോൾ, നമ്മുടെ ഊർജ്ജ പങ്കാളിത്തം ഈ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുകയാണ്. ഇന്ത്യ-ഭൂട്ടാൻ ജലവൈദ്യുത പങ്കാളിത്തത്തിന്റെ അടിത്തറ പാകിയത് നാലാമത്തെ രാജാവിന്റെ നേതൃത്വത്തിലാണ്.
നാലാമത്തെ രാജാവും അഞ്ചാമത്തെ രാജാവും സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ ദർശനം കാരണം, ഭൂട്ടാൻ ലോകത്തിലെ ആദ്യത്തെ കാർബൺ-മുക്ത രാജ്യമായി മാറിയിരിക്കുന്നു - ഇത് ഒരു ശ്രദ്ധേയമായ നേട്ടമാണ് . ഇന്ന്, പ്രതിശീർഷ പുനരുപയോഗ ഊർജ്ജ ഉൽപാദനത്തിലും, ഭൂട്ടാൻ മുൻനിര രാജ്യങ്ങളിൽ ഒന്നാണ്.
സുഹൃത്തുക്കളേ,
നിലവിൽ ഭൂട്ടാൻ,പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ് 100% വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. ഈ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഇന്ന് മറ്റൊരു പ്രധാന നടപടി സ്വീകരിക്കുന്നു. 1,000 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള ഒരു പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നു, ഇത് ഭൂട്ടാന്റെ ജലവൈദ്യുത ശേഷി ഏകദേശം 40% വർദ്ധിപ്പിക്കും. കൂടാതെ, വളരെക്കാലമായി നിർത്തിവച്ചിരുന്ന മറ്റൊരു ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നു.
ജലവൈദ്യുതിയിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ പങ്കാളിത്തം. സൗരോർജ്ജത്തിൽ നമ്മൾ ഇപ്പോൾ ഒരുമിച്ച് പ്രധാന ചുവടുകൾ വയ്ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കരാറുകളും ഇന്ന് ഉണ്ടാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, ഊർജ്ജ സഹകരണത്തോടൊപ്പം, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ.
നമുക്കെല്ലാവർക്കും അറിയാം:
കണക്റ്റിവിറ്റി അവസരം സൃഷ്ടിക്കുന്നു
അവസരം സമൃദ്ധി സൃഷ്ടിക്കുന്നു.
ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, ഗെലെഫുവിനെയും സാംത്സെയെയും ഇന്ത്യയുടെ വിപുലമായ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു. ഈ പദ്ധതി പൂർത്തിയാകുമ്പോൾ, ഭൂട്ടാനിലെ വ്യവസായങ്ങൾക്കും കർഷകർക്കും ഇന്ത്യയുടെ വലിയ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കും.
സുഹൃത്തുക്കളേ,
റെയിൽ, റോഡ് കണക്റ്റിവിറ്റിക്കൊപ്പം, അതിർത്തി അടിസ്ഥാന സൗകര്യങ്ങളിലും നാം അതിവേഗം പുരോഗമിക്കുകയാണ്.
ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റിയെക്കുറിച്ചുള്ള ആദരണീയ രാജാവിൻ്റെ ദർശനത്തിന് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു. ഇന്ന്, മറ്റൊരു പ്രധാന പ്രഖ്യാപനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. സമീപഭാവിയിൽ, ഇവിടെ വരുന്ന സന്ദർശകർക്കും നിക്ഷേപകർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ഇന്ത്യ ഗെലെഫുവിന് സമീപം ഒരു ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെയും ഭൂട്ടാന്റെയും പുരോഗതിയും സമൃദ്ധിയും അടുത്ത ബന്ധമുള്ളതാണ്. ഈ കാഴ്ചപ്പാടിൽ , കഴിഞ്ഞ വർഷം ഇന്ത്യാ ഗവൺമെന്റ് ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പതിനായിരം കോടി രൂപയുടെ സംഭാവന പ്രഖ്യാപിച്ചു. റോഡുകൾ മുതൽ കൃഷി വരെ, ധനകാര്യം മുതൽ ആരോഗ്യ സംരക്ഷണം വരെ, ഭൂട്ടാനിലെ ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എല്ലാ മേഖലകളിലും ഈ ഫണ്ടുകൾ ഉപയോഗിക്കുന്നു.
ഭൂട്ടാനിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാൻ ഇന്ത്യ മുൻകാലങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇപ്പോൾ, യുപിഐ പേയ്‌മെന്റുകളുടെ ലഭ്യത ഇവിടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭൂട്ടാൻ പൗരന്മാർ ഇന്ത്യ സന്ദർശിക്കുമ്പോൾ അവർക്ക് യുപിഐ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നമ്മുടെ യുവാക്കളാണ് . ദേശീയ സേവനം, സന്നദ്ധസേവന പരിപാടികൾ, നവീകരണം എന്നിവയിൽ രാജാവ് മികച്ച സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. യുവാക്കളെ ശാക്തീകരിക്കുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് അവരെ സജ്ജരാക്കുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ ദർശനം ഭൂട്ടാന്റെ യുവാക്കളെ ഗണ്യമായി പ്രചോദിപ്പിക്കുന്നു.
വിദ്യാഭ്യാസം, നവീകരണം, നൈപുണ്യ വികസനം, കായികം, ബഹിരാകാശം, സംസ്കാരം തുടങ്ങിയ നിരവധി മേഖലകളിൽ ഇന്ത്യയിലെയും ഭൂട്ടാനിലെയും യുവാക്കൾ തമ്മിലുള്ള സഹകരണം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന്, നമ്മുടെ യുവാക്കൾ ഒരു ഉപഗ്രഹം നിർമ്മിക്കാൻ പോലും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇത് ഇരു രാജ്യങ്ങൾക്കും അഭിമാനകരമായ നേട്ടമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യ-ഭൂട്ടാൻ സൗഹൃദത്തിൻ്റെ ഏറ്റവും വലിയ സ്തംഭങ്ങളിലൊന്ന് - നമ്മുടെ പൊതുവായ ആത്മീയ പൈതൃകമാണ്. രണ്ട് മാസം മുമ്പ്, രാജ്ഗീറിൽ റോയൽ ഭൂട്ടാനീസ് ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടു, ഇപ്പോൾ ഈ സംരംഭം ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ഭൂട്ടാനിലെ ജനങ്ങൾ വാരാണസിയിൽ ഒരു ഭൂട്ടാൻ ക്ഷേത്രവും ഗസ്റ്റ് ഹൗസും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ആവശ്യമായ ഭൂമി ഇന്ത്യാ ഗവൺമെന്റ് നൽകുന്നു. ഈ ക്ഷേത്രങ്ങൾ നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിലമതിക്കാനാവാത്ത സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നത് തുടരും.
സുഹൃത്തുക്കളേ,
ഇന്ത്യയും ഭൂട്ടാനും സമാധാനത്തിലും, സമൃദ്ധിയിലും, പരസ്പര വളർച്ചയിലും ഒരുമിച്ച് മുന്നേറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഭഗവാൻ ബുദ്ധന്റെയും ഗുരു റിൻപോച്ചെയുടെയും അനുഗ്രഹങ്ങൾ നമ്മുടെ രണ്ട് രാജ്യങ്ങളെയും നയിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി
നന്ദി!!!
നിരാകരണവ്യവസ്ഥ: പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
(Release ID: 2189265)
Visitor Counter : 3