വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
IFFI-2025 ൽ സമാധാനവും അഹിംസയും പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്ര മികവിനെ ആദരിക്കുന്നതിനായി ICFT-UNESCO ഗാന്ധി മെഡൽ
Posted On:
09 NOV 2025 8:14PM by PIB Thiruvananthpuram
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ICFT പാരീസുമായി സഹകരിച്ച് നൽകുന്ന ഒരു അന്താരാഷ്ട്ര ബഹുമതിയാണ്, 46-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്ഥാപിതമായ ICFT-UNESCO ഗാന്ധി മെഡൽ. സമാധാനവും സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ അഹിംസയെയും സമാധാനത്തെയും കുറിച്ചുള്ള ദർശനങ്ങളെ ആദരിക്കുകയും ചെയ്യുന്ന മികച്ച ചിത്രത്തിനാണ് ഈ ബഹുമതി നൽകുന്നത്.
ബ്രൈഡ്‌സ്
നാടകകൃത്തും ചലച്ചിത്ര നിർമ്മാതാവുമായ നാദിയ ഫാൾസിന്റെ ആദ്യ നാടകമായ ബ്രൈഡ്‌സ് സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ 2025 ൽ പ്രദർശിപ്പിച്ചു. അവിടെ അത് ലോക സിനിമ (ഡ്രമാറ്റിക്) വിഭാഗത്തിൽ ഗ്രാൻഡ് ജൂറി പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ശിഥിലമായ കുടുംബങ്ങളിൽ നിന്നുള്ള രക്ഷാർത്ഥം, പ്രശ്‌നഭരിത ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന രണ്ട് കൗമാരക്കാരായ ബ്രിട്ടീഷ്-മുസ്ലീം പെൺകുട്ടികളുടെ പ്രയാണത്തെയാണ് ചിത്രം പിന്തുടരുന്നത്. എന്നിരുന്നാലും, എവിടേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് ഉപേക്ഷിച്ചുപോകുന്ന കാര്യങ്ങളെ അവർക്ക് അഭിസംബോധന ചെയ്യേണ്ടതുണ്ട്.
കൂടുതൽ ധ്രുവീകൃതമായ ലോകത്ത് മൗലികവാദം, യുവാക്കളുടെ സ്വത്വം, അവകാശം, വിശ്വാസം, തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സംവേദനാത്മകതയിൽ നിന്ന് മാറി നിൽക്കുന്ന, ആകർഷകവും എന്നാൽ മാനവികവുമായ ഒരു ചിത്രമാണിത്.
സേഫ് ഹൗസ് (യഥാർത്ഥ പേര് - Før mørket)
നോർവീജിയൻ ചലച്ചിത്ര നിർമ്മാതാക്കളുടെ പുതുതലമുറയിലെ, നോർവീജിയൻ എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ എറിക് സ്വെൻസൺ, തന്റെ ഏറ്റവും പുതിയ ആഭ്യന്തര യുദ്ധ ഡ്രാമ ചലച്ചിത്രമായ സേഫ് ഹൗസ് അവതരിപ്പിക്കുന്നു. 48-ാമത് ഗോട്ടെൻബർഗ് ഫിലിം ഫെസ്റ്റിവൽ 2025-ന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം വേൾഡ് പ്രീമിയർ നടത്തി. അവിടെ അത് ഓഡിയൻസ് ഡ്രാഗൺ അവാർഡ് (മികച്ച നോർഡിക് ചിത്രം) നേടി.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2013-ൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ആഭ്യന്തരയുദ്ധകാലത്ത് ബൻഗുയിയിലെ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആശുപത്രിക്കുള്ളിൽ 15 ലധികം മണിക്കൂറുകളിലായി നടക്കുന്ന സംഭവമാണ് ഈ ചിത്രം. പിരിമുറുക്കമേറിയതും തത്സമയവുമായ നാടകീയതകളാൽ നയിക്കപ്പെടുന്നതാണെങ്കിലും, ഉപരോധത്തിന്റെ കീഴിലുള്ള പരിചരണം, ധൈര്യം, മനുഷ്യത്വം എന്നിവയുടെ ധാർമ്മികതയിൽ സേഫ് ഹൗസ് വേരൂന്നിയിരിക്കുന്നു.
ഹന
അവാർഡ് ജേതാവായ കൊസോവൻ ചലച്ചിത്ര നിർമ്മാതാവ് ഉജ്കാൻ ഹൈസാജിന്റെ ആദ്യ ചിത്രമായ ഹന 2025 ലെ 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ നടത്തുന്നു.
കൊസോവോയിലെ ഒരു വനിതാ പുനരധിവാസ കേന്ദ്രത്തിലെ ഒരു ആർട്ട്-തെറാപ്പി പ്രോഗ്രാമിൽ ചേരുന്ന ഒരു നടി, യുദ്ധത്തിൽ നിന്ന് അതിജീവിച്ചവരെ അവരുടെ വേദനകളെ ആവിഷ്കാരമാക്കി പ്രവർത്തനം ചെയ്യാൻ സഹായിക്കുന്നതിനെ പിന്തുടരുന്ന സിനിമയാണിത് - അവരുടെ കഥകൾ അവളുടെ തന്നെ തകർന്ന സ്വത്വത്തിലേക്കും മറവിയിലേക്കും അവളെ തള്ളിയിടുന്നതു വരെ.
ഓർമ്മ, രോഗശാന്തി, ചരിത്രം നിശബ്ദമാക്കാൻ വിസമ്മതിക്കുന്ന മുറിവുകളെ നേരിടാനുള്ള കലയുടെ ശക്തി എന്നിവ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന പര്യവേക്ഷണമാണ് ഹന.
കെ പോപ്പർ
2025 ലെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച കെ പോപ്പറിലൂടെ ഇറാനിയൻ നടനും തിരക്കഥാകൃത്തുമായ ഇബ്രാഹിം അമിനി തന്റെ സംവിധാന അരങ്ങേറ്റം കുറിക്കുന്നു.
ഒരു കെ-പോപ്പ് സംഗീതജ്ഞനോട് അതിയായ അഭിനിവേശമുള്ള ഒരു ഇറാനിയൻ കൗമാരക്കാരി, അദ്ദേഹത്തിന്റെ പ്രകടനം കാണാനും താൻ ഇതിനോടകം അർഹത നേടിയ ഒരു മത്സരത്തിൽ മാറ്റുരയ്ക്കാനും സോളിലേക്ക് പോകാൻ തീരുമാനിക്കുന്നതിനെ ഈ സിനിമ പിന്തുടരുന്നു. അമ്മയുടെ ഉറച്ച വിസമ്മതം സ്വപ്നങ്ങളുടെയും ഭയങ്ങളുടെയും തലമുറയുടെ മൂല്യങ്ങളുടെയും ആർദ്രവും എന്നാൽ പിരിമുറുക്കമേറിയതുമായ സംഘർഷത്തിന് കാരണമാകുന്നു.
ഊഷ്മളതയോടെയും സംയമനത്തോടെയും പറയുമ്പോൾ, കെ പോപ്പർ യുവാക്കളുടെ അഭിലാഷം, പാരസോഷ്യൽ ബന്ധങ്ങൾ, മാതാപിതാക്കളുടെ ഉത്കണ്ഠ, നമ്മൾ ആഗ്രഹിക്കുന്നതും നമുക്ക് അനുവദനീയമായതും തമ്മിലുള്ള വർധിച്ച ദൂരം എന്നിവ പരിശോധിക്കുന്നു.
ദി പ്രെസിഡെന്റ്സ് കേക്ക് (യഥാർത്ഥ പേര് - മംലകേത് അൽ-ഖസാബ്)
ഇറാഖി എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവും അധ്യാപകനുമായ ഹസൻ ഹാദി ദി പ്രെസിഡെന്റ്സ് കേക്ക് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഡയറക്ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാഗത്തിൽ ഈ ചിത്രം ലോക പ്രീമിയർ നടത്തി, അവിടെ പ്രേക്ഷക അവാർഡും കാമറ ഡി ഓറും നേടി. 98-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഇറാഖി എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
1990-കളിലെ ഇറാഖിലെ സംഭവവികാസങ്ങൾ വിവരിക്കുന്ന ഈ ചിത്രം പ്രസിഡന്റിന്റെ ജന്മദിന കേക്ക് തയ്യാറാക്കേണ്ടിവന്ന 9 വയസ്സുകാരി ലാമിയയെ പിന്തുടരുന്നു. രാഷ്ട്രീയ അശാന്തിയുടെ കാലത്ത്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഉപരോധങ്ങൾ മൂലം ആളുകൾ അതിജീവിക്കാൻ പെടാപ്പാടുപെടുന്നതിനാൽ, ഈ നിർബന്ധിത ജോലി പൂർത്തിയാക്കാൻ ആവശ്യമായ ചേരുവകൾ കണ്ടെത്താൻ അവൾ ശ്രമിക്കുന്നു, പരാജയപ്പെട്ടാൽ ശിക്ഷ നേരിടേണ്ടതുണ്ടായിരുന്നു.
പട്ടിണിയുടെ ആവർത്തന പ്രമേയത്തിലൂടെ, യുദ്ധത്തിലും രാഷ്ട്രീയ പ്രക്ഷുബ്ധതയിലും അകപ്പെട്ട കുട്ടികളുടെ ദുർബലതയെ ഈ ചിത്രം തുറന്നുകാട്ടുന്നു. മാവിനു വേണ്ടിയുള്ള ഒരു ലളിതമായ അന്വേഷണമായി ആരംഭിക്കുന്ന ചിത്രം, ഭക്ഷണം, സുരക്ഷ, ബാല്യത്തിന്റെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയായി മാറുന്നു.
ദി വേവ് (യഥാർത്ഥ പേര് - ലാ ഓല)
ചിലിയൻ സിനിമയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ സെബാസ്റ്റ്യൻ ലെലിയോ തന്റെ ആദ്യ മ്യൂസിക്കൽ ഡ്രാമ ചിത്രമായ ദി വേവ് അവതരിപ്പിക്കുന്നു. ഈ ചിത്രം 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
2018-ലെ ചിലിയൻ ഫെമിനിസ്റ്റ് പ്രതിഷേധങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം, വളർന്നുവരുന്ന പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, സമീപകാലത്തുണ്ടായ ഒരു ലൈംഗികാതിക്രമത്തിന്റെ യാഥാർത്ഥ്യങ്ങളുമായി മല്ലിടുന്ന ജൂലിയ എന്ന സർവ്വകലാശാല വിദ്യാർത്ഥിനിയെ പിന്തുടരുന്നു.
സംഗീത രൂപത്തിന്റെയും രാഷ്ട്രീയ അടിയന്തിരതയുടെയും ധീരമായ സംയോജനമാണ് ലെലിയോ അവതരിപ്പിക്കുന്നത് —“നൃത്തസംവിധാനം, ഗായകസംഘം, കാറ്റാർട്ടിക് പ്രകടനം എന്നിവയുടെ സൗന്ദര്യശാസ്ത്രം ഉപയോഗിച്ച്, കോപത്തെ ആവേശഭരിതമായ സിനിമാറ്റിക് ദൃശ്യമായി പരിവർത്തനം ചെയ്യുന്നു.”
യാകുഷിമാസ് ഇല്ല്യൂഷൻ (യഥാർത്ഥ പേര് - എൽ'ഇല്ല്യൂഷൻ ഡി യാകുഷിമ)
പ്രശസ്ത ജാപ്പനീസ് എഴുത്തുകാരിയായ നവോമി കവാസെ, ലക്സംബർഗ്-ജർമ്മൻ നടൻ വിക്കി ക്രീപ്സുമായി ചേർന്ന് ഈ അസ്തിത്വ നാടക പ്രധാനമായ ചിത്രം അവതരിപ്പിക്കുന്നു. 2025 ലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു, അവിടെ ഗോൾഡൻ ലെപ്പാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ജപ്പാനിലെ ഒരു ഫ്രഞ്ച് ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ തന്റെ കാണാതായ പങ്കാളിയെ തിരയുന്നതിനിടയിൽ ഒരു ആൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു, രാജ്യത്തെ ആയിരക്കണക്കിന് വാർഷിക 'ജോഹാറ്റ്സു'കളിൽ ഒരാളായി അയാൾ മാറുന്നു - ഒരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരാകുന്ന ആളുകൾ.
“കവാസെയുടെ സ്വതസിദ്ധ ശൈലിയിൽ, ഈ ചിത്രം മരണം, ഉപേക്ഷിക്കൽ, മനുഷ്യജീവിതങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യ നൂലുകൾ എന്നിവയെക്കുറിച്ചുള്ള ആഴമുള്ള ധ്യാനമായി വികസിക്കുന്നു.”
തൻവി ദി ഗ്രേറ്റ്
വിജയകരമായ പ്രദർശനത്തിന് ശേഷം, നടനും സംവിധായകനുമായ അനുപം ഖേറിന്റെ പ്രശസ്ത സംവിധാന സംരംഭമായ തൻവി ദി ഗ്രേറ്റ് IFFI യുടെ പ്രീമിയർ ആഘോഷിക്കുന്നു.
ഓട്ടിസം ബാധിച്ച സ്ത്രീയായ തൻവി റെയ്‌ന സിയാച്ചിൻ ഹിമാനിയിൽ പതാകയെ അഭിവാദ്യം ചെയ്യണമെന്ന തന്റെ മരിച്ചുപോയ ഇന്ത്യൻ സൈനികനായ പിതാവിന്റെ സ്വപ്നത്തെക്കുറിച്ച് മനസ്സിലാക്കുന്നു. സൈനിക സേവനത്തിൽ ഓട്ടിസം ബാധിച്ചവർ നേരിടുന്ന തടസ്സങ്ങൾക്കിടയിലും, തന്റെ ദൗത്യം പൂർത്തിയാക്കാൻ അവൾ ദൃഢനിശ്ചയം ചെയ്യുന്നു.
തൻവിയുടെ യാത്രയിലൂടെ, ധൈര്യത്തിലും മനസിന്റെ ശക്തിയിലും ദൃഢനിശ്ചയത്തിലും ആണ് യഥാർത്ഥ നായകന്മാർ നിർവചിക്കപ്പെടുന്നതെന്ന് ചിത്രം തെളിയിക്കുന്നു.
വൈറ്റ് സ്നോ
ദേശീയ അവാർഡ് ജേതാവും മുൻ ICFT-UNESCO ഗാന്ധി മെഡൽ ജേതാവുമായ പ്രവീൺ മോർച്ചാലെയുടെ ഏറ്റവും പുതിയ ഫീച്ചർ ഫിലിം വൈറ്റ് സ്നോ ഒരു ഉറുദു ഭാഷാ ഡ്രാമയാണ്. 21-ാമത് ഹോങ്കോംഗ്-ഏഷ്യ ഫിലിം ഫിനാൻസിംഗ് ഫോറം (HAF) ഗ്രാന്റിനായി ഇത് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
മലയോര മേഖലയിലെ ഒരു മതനേതാവ്, പ്രസവാനന്തര രക്തത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനാൽ യുവ ചലച്ചിത്രകാരൻ അമീറിന്റെ സിനിമയെ ആദ്യ പ്രദർശനത്തിന് പിന്നാലെ നിരോധിക്കുന്നു — ഒരു സ്വാഭാവിക നിമിഷത്തെ സാമൂഹികമായി വിഘടിപ്പിക്കുന്നതായി മുദ്രകുത്തുകയായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ, അമീറിന്റെ അമ്മ ഫാത്തിമ, തന്റെ ജീവൻ പണയപ്പെടുത്തി ഒരു യാക്കിന് മുകളിൽ ചെറിയ ടെലിവിഷനും ഡിവിഡി പ്ലെയറും ചുമന്ന്, മകന്റെ കലാപരമായ സ്വപ്നം സാക്ഷാത്ക്കരിക്കാൻ വിദൂരഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നു
അടിച്ചമർത്തലിനെയും പുരുഷാധിപത്യ നിയന്ത്രണത്തെയും സംബന്ധിച്ച മൂർച്ചയേറിയ വിമർശനമാണ് ഈ ചിത്രം.
വിമുക്ത് (ഇംഗ്ലീഷ് പേര് - ഇൻ സെർച്ച് ഓഫ് ദി സ്കൈ)
ജിതങ്ക് സിംഗ് ഗുർജാറിന്റെ സെൻസിറ്റീവ് ഫീച്ചർ ഡ്രാമ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രീമിയർ ചെയ്യപ്പെടുകയും അഭിമാനകരമായ NETPAC പുരസ്‌ക്കാരം നേടുകയും ചെയ്തു, ഒരു സമകാലിക സ്വതന്ത്ര ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശക്തമായ കൈയൊപ്പ് പതിഞ്ഞ ചിത്രം.
ബ്രജ് ഭാഷയിലുള്ള ഇന്ത്യൻ സിനിമയായ ഇത്, ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വൃദ്ധ ദമ്പതികൾ, തങ്ങളുടെ ബുദ്ധിവൈകല്യമുള്ള മകനെ രോഗശാന്തി പ്രതീക്ഷിച്ച് മഹാ കുംഭമേള തീർത്ഥാടനത്തിന് കൊണ്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്.
വിശ്വാസം, നിരാശ, ചെറുത്ത് നിൽപ്പ്, വൈകല്യത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക അപമാനം എന്നിവയുടെ വിഷയങ്ങൾ ഇത് പര്യവേക്ഷണം ചെയ്യുന്നു.
SKY
*****
(Release ID: 2188288)
Visitor Counter : 2