തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര തൊഴിൽ സംഘടന സംഘടിപ്പിച്ച സാമൂഹ്യ നീതിക്കായുള്ള ആഗോള സഖ്യം പ്രത്യേക സെഷനിൽ സാമൂഹിക നീതി കൈവരിക്കുന്നതിലെ ഇന്ത്യയുടെ മുന്നേറ്റം ഉയർത്തിക്കാട്ടി ഡോ. മൻസുഖ് മാണ്ഡവ്യ

प्रविष्टि तिथि: 06 NOV 2025 4:20PM by PIB Thiruvananthpuram

ഖത്തറിലെ ദോഹയിൽ നടക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ  പങ്കെടുക്കുന്ന കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ദാരിദ്ര്യ നിർമാർജന, സാമൂഹിക സുരക്ഷ മേഖലകളിലെ ഇന്ത്യയുടെ പരിവർത്തനാത്മകമായ പ്രയാണം, ഉന്നതതല വട്ടമേശ സമ്മേളനത്തിലും പൊതുസമ്മേളനത്തിലും ഉയർത്തിക്കാട്ടി.

"ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗങ്ങൾ: അവസാന വ്യക്തിയെയും ശാക്തീകരിക്കുന്നതിൽ ഇന്ത്യയുടെ അനുഭവം" എന്ന വിഷയത്തിൽ നിതി ആയോഗ് ഇന്നലെ സംഘടിപ്പിച്ച അനുബന്ധ പരിപാടിയിൽ, ഏകദേശം 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലും, സാമൂഹിക സുരക്ഷാ പരിരക്ഷ ജനസംഖ്യയുടെ 64% ത്തിലധികം പേരിലേക്ക് വിപുലീകരിക്കുന്നതിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഡോ. മാണ്ഡവ്യ വിശദീകരിച്ചു. 118 ദശലക്ഷത്തിലധികം സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിച്ചതും സംരംഭകത്വത്തിലേക്ക് വഴിതുറന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾ സ്വയം സഹായ ഗ്രൂപ്പുകളിലേക്ക് അണിനിരന്നതും സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വികസന ദർശനത്തിൽ സ്ത്രീകളും കുട്ടികളും കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം അടിവരയിട്ടു.

അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) ഇന്നലെ സംഘടിപ്പിച്ച  സാമൂഹ്യ നീതിക്കായുള്ള ആഗോള സഖ്യം പ്രത്യേക സെഷനിലും ഡോ. മാണ്ഡവ്യ പങ്കെടുത്തു. സാമൂഹിക നീതിയും ഉത്തരവാദിത്ത പൂർണ്ണമായ ബിസിനസ്സ് അന്തരീക്ഷവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. 2017 നും 2023 നും മദ്ധ്യേ 17 കോടിയിലധികം തൊഴിലവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചതായും തൊഴിലില്ലായ്മ 6% ൽ നിന്ന് 3.2% ആയി കുറഞ്ഞതായും വനിതകളുടെ തൊഴിൽ ശക്തി പങ്കാളിത്തം ഇരട്ടിയായതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.



 

സാമൂഹിക നീതി സംബന്ധിച്ച ആഗോള സംഭാഷണം ശക്തിപ്പെടുത്താൻ നടപടി കൈക്കൊണ്ട ILO യെയും ആഗോള സഖ്യത്തെയും ഡോ. മാണ്ഡവ്യ തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. 2025 ഫെബ്രുവരിയിൽ സാമൂഹിക നീതി സംബന്ധിച്ച പ്രഥമ പ്രാദേശിക സംവാദത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചതും അവിടെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമകളുടെ കൂട്ടായ്മയും തൊഴിലാളി സംഘടനകളും ഉൾപ്പെടെ 21 ലധികം പങ്കാളികൾ സഖ്യത്തിൻ്റെ ഭാഗമാകുമെന്ന് ഉറപ്പു നൽകിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) 7.8 കോടിയിലധികം അംഗങ്ങൾക്ക് സേവനം നൽകുന്നു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) 15.8 കോടിയിലധികം വ്യക്തികൾക്കും ആശ്രിതർക്കും ആരോഗ്യ-സാമൂഹിക സുരക്ഷ പ്രദാനം ചെയ്യുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ശക്തമായ സാമൂഹിക സുരക്ഷാ ആവാസവ്യവസ്ഥ കേന്ദ്ര മന്ത്രി വിശദീകരിച്ചു. 31 കോടിയിലധികം അസംഘടിത തൊഴിലാളികളെ ഉൾക്കൊള്ളുന്ന ഇ-ശ്രം പ്ലാറ്റ്‌ഫോം സാമൂഹിക സംരക്ഷണത്തിലേക്കുള്ള തടസ്സരഹിത പ്രവേശനവും മികച്ച നയരൂപീകരണവും സാധ്യമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.


 

ഖത്തർ സാമൂഹിക വികസന, കുടുംബക്ഷേമ മന്ത്രി ബുതൈന ബിന്ത് അലി അൽ ജബർ അൽ നുഐമിയുമായുള്ള കൂടിക്കാഴ്ചയിൽ, ഖത്തറിൻ്റെ ഊഷ്മളമായ ആതിഥ്യത്തെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഡോ. മാണ്ഡവ്യ അഭിനന്ദിച്ചു. സാമൂഹിക സംരക്ഷണം, കുടുംബക്ഷേമം, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരു പക്ഷവും ചർച്ച ചെയ്തു. ഇന്ത്യൻ ജനസംഖ്യയുടെ 64% ത്തിലധികം പേരിലേക്ക് സാമൂഹിക സുരക്ഷ വിപുലീകരിച്ചതും ഖത്തറിൽ യുപിഐയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും ഉൾപ്പെടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വിജയത്തെക്കുറിച്ചും ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു.
 


 

റൊമാനിയയുടെ തൊഴിൽ, സാമൂഹിക ഐക്യ മന്ത്രി പെട്രെ-ഫ്ലോറിൻ മനോളുമായി ഡോ. മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റൊമാനിയയും തമ്മിലുള്ള 77 വർഷത്തെ സുദീർഘ പങ്കാളിത്തം ചർച്ചയായി. 2015-ൽ കേവലം 19% ആയിരുന്ന സാമൂഹിക സുരക്ഷാ പരിരക്ഷ 2025-ൽ 64.3% ആയി വിപുലീകരിക്കുന്നതിൽ ഇന്ത്യ കൈവരിച്ച നിർണ്ണായക പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ഇത് 94 കോടിയിലധികം ജനങ്ങൾക്ക് പ്രയോജനം ചെയ്തു. നൈപുണ്യ വികസനം, ഭാഷാ -സാംസ്കാരിക പരിശീലനം, തൊഴിൽ ചലനാത്മകത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ-തൊഴിൽ (E2E) സംരംഭത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.


 

ILO ഡയറക്ടർ ജനറൽ ഗിൽബെർട്ട് എഫ്. ഹൗങ്‌ബോയുമായുള്ള കൂടിക്കാഴ്ചയിൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള ഇന്ത്യയുടെ ശക്തമായ പങ്കാളിത്തം കേന്ദ്രമന്ത്രി ഊട്ടിയുറപ്പിച്ചു. വികസനാധിഷ്ഠിത ആഗോള തൊഴിൽ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉദ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹിക സംരക്ഷണം, നൈപുണ്യ വികസനം, തൊഴിൽ ചലനാത്മകത എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം സംബന്ധിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. കൂടാതെ തൊഴിൽ മേഖലകളുടെ അന്താരാഷ്ട്ര വർഗ്ഗീകരണത്തിനായുള്ള സാധ്യതാ പഠനത്തെക്കുറിച്ചുള്ള സമീപകാല ധാരണാപത്രത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും ഇ-ശ്രം പ്ലാറ്റ്‌ഫോമിലൂടെയുള്ള സാമൂഹിക സുരക്ഷയുടെ വിപുലീകരണവും, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷൻ പരിരക്ഷ വ്യാപിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു. 2026-ൽ ഇന്ത്യക്ക് ബ്രിക്സ്  അധ്യക്ഷ പദവി ലഭിക്കുന്ന അവസരത്തിൽ, ILO യുമായുള്ള സാങ്കേതിക സഹകരണം ഊർജ്ജിതമാക്കാൻ ഇന്ത്യക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

റഷ്യയുടെ തൊഴിൽ, സാമൂഹിക സംരക്ഷണ മന്ത്രി ശ്രീ ആൻ്റൺ ഒലെഗോവിച്ച് കൊട്യാക്കോവുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം ഡോ. മാണ്ഡവ്യ ആവർത്തിച്ചുറപ്പിച്ചു. യുഎൻ, ജി20, ബ്രിക്സ് തുടങ്ങിയ ബഹുമുഖ വേദികളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. 2026 ൽ വരാനിരിക്കുന്ന ബ്രിക്സ് അധ്യക്ഷ കാലയളവിൽ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിക്കിടെ, സാമൂഹിക അവകാശങ്ങളുടെയും നൈപുണ്യ വികസനത്തിൻ്റെയും ചുമതലയുള്ള യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് റോക്സാന മിൻസാത്തുവിനെയും ഡോ. മാണ്ഡവ്യ കാണുകയുണ്ടായി. ഔപചാരിക തൊഴിൽ സൃഷ്ടി, വനിതാ തൊഴിലാളികളുടെ പങ്കാളിത്തം, സാമൂഹിക സുരക്ഷാ പരിരക്ഷയുടെ വ്യാപനം എന്നിവയിൽ ഇന്ത്യ കൈവരിച്ച പുരോഗതി അദ്ദേഹം വിശദീകരിച്ചു. യൂറോപ്യൻ യൂണിയൻ്റെ ഉയർന്നുവരുന്ന നൈപുണ്യ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഘടനാപരമായ തൊഴിൽ ചലനാത്മകത ഉറപ്പാക്കുന്ന പങ്കാളിത്തങ്ങൾ പര്യവേക്ഷണം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചു, ഭാഷയുടെയും മൃദുകഴിവുകളുടെ പരിശീലനത്തിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.


 

ഖത്തറിലെ ഇന്ത്യൻ സമൂഹവുമായും ഡോ. മാണ്ഡവ്യ സംവദിച്ചു. ഇന്ത്യ-ഖത്തർ പങ്കാളിത്തത്തിൻ്റെ സുപ്രധാന സ്തംഭമായി നിലകൊള്ളുന്ന 8 ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ ആത്മാർത്ഥത, വൈദഗ്ദ്ധ്യം, സംഭാവന എന്നിവയിൽ അദ്ദേഹം അഭിമാനം വ്യക്തമാക്കി. തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയരുന്നതും വ്യാപാരത്തിലും ഊർജ്ജത്തിലും സഹകരണം വികസിപ്പിക്കുന്നതും ഉൾപ്പെടെ, കൂടുതൽ ശക്തിപ്പെടുന്ന ഉഭയകക്ഷി ബന്ധങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. വികസിത് ഭാരത് 2047 ദർശനം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, ഡിജിറ്റൽ പരിവർത്തനം, നൈപുണ്യ സംരംഭങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. പ്രവാസി സമൂഹം ഇന്ത്യയുടെ മുന്നേറ്റത്തിലെ സുപ്രധാന പങ്കാളികളായി തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

***


(रिलीज़ आईडी: 2187208) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी , Punjabi , Odia , Tamil