പ്രധാനമന്ത്രിയുടെ ഓഫീസ്
നവംബർ എട്ടിന് പ്രധാനമന്ത്രി വാരാണസി സന്ദർശിക്കും; നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും
യാത്രാ സമയം കുറയ്ക്കാനും പ്രാദേശിക സഞ്ചാരം മെച്ചപ്പെടുത്താനും വിവിധ സംസ്ഥാനങ്ങളിലെ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ
Posted On:
06 NOV 2025 2:48PM by PIB Thiruvananthpuram
ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിൽ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ എട്ടിന് രാവിലെ 8:15-ഓടെ വാരാണസി സന്ദർശിക്കുകയും നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
ലോകോത്തര റെയിൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണിത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി, എറണാകുളം–ബെംഗളൂരു എന്നീ റൂട്ടുകളിൽ സർവീസ് നടത്തും. പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇവ പ്രാദേശിക മൊബിലിറ്റി വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
ബനാറസ്–ഖജുരാഹോ വന്ദേ ഭാരത് ഈ റൂട്ടിൽ നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിക്കുകയും നിലവിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുകയും ചെയ്യും. വാരാണസി, പ്രയാഗ്‌രാജ്, ചിത്രകൂട്, ഖജുരാഹോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ആദരണീയമായ മതപരവും സാംസ്കാരികപരവുമായ ചില ലക്ഷ്യസ്ഥാനങ്ങളെ ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും. ഈ ബന്ധം മതപരവും സാംസ്കാരികവുമായ ടൂറിസത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോയിലേക്ക് തീർത്ഥാടകർക്കും സഞ്ചാരികൾക്കും വേഗതയേറിയതും ആധുനികവും സൗകര്യപ്രദവുമായ യാത്ര നൽകുകയും ചെയ്യും.
ലഖ്‌നൗ–സഹാരൻപൂർ വന്ദേ ഭാരത് ഏകദേശം 7 മണിക്കൂർ 45 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും, ഇത് ഏകദേശം 1 മണിക്കൂർ യാത്രാസമയം ലാഭിക്കും. ലഖ്‌നൗ, സീതാപൂർ, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹാരൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും. അതോടൊപ്പം റൂർക്കി വഴി ഹരിദ്വാർ പുണ്യനഗരിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യ-പടിഞ്ഞാറൻ ഉത്തർപ്രദേശിലുടനീളം സുഗമവും വേഗതയേറിയതുമായ ഇന്റർസിറ്റി യാത്ര ഉറപ്പാക്കുന്നതിലൂടെ, ഈ സർവീസ് കണക്റ്റിവിറ്റിയും പ്രാദേശിക വികസനവും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും.
ഫിറോസ്പൂർ–ഡൽഹി വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും, കേവലം 6 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും. ഫിറോസ്പൂർ, ഭട്ടിൻഡ, പട്യാല എന്നിവയുൾപ്പെടെ പഞ്ചാബിലെ പ്രധാന നഗരങ്ങളും ദേശീയ തലസ്ഥാനവും തമ്മിലുള്ള ബന്ധം ഇത് ശക്തിപ്പെടുത്തും. വ്യാപാരം, ടൂറിസം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനും അതിർത്തി പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ദേശീയ വിപണികളുമായി മികച്ച സംയോജനം വളർത്താനും ഈ ട്രെയിൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദക്ഷിണേന്ത്യയിൽ എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കും, 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും. പ്രധാനപ്പെട്ട ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം നൽകും. ഈ റൂട്ട് കേരളം, തമിഴ്നാട്, കർണാടക എന്നിവയ്ക്കിടയിൽ വലിയ സാമ്പത്തിക പ്രവർത്തനങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കും, ഇത് പ്രാദേശിക വളർച്ചയെയും സഹകരണത്തെയും പിന്തുണയ്ക്കും.
***
SK
(Release ID: 2186995)
Visitor Counter : 15