രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവികസേന പ്രശ്നോത്തരി THINQ-25 ഗ്രാൻഡ് ഫിനാലെയ്ക്ക്
Posted On:
06 NOV 2025 10:09AM by PIB Thiruvananthpuram
THINQ 25 – ഇന്ത്യൻ നാവിക സേനാ പ്രശ്നോത്തരിയുടെ ആവേശകരവും വാശിയേറിയതുമായ ഗ്രാൻഡ് ഫിനാലെ 2025 നവംബർ 5-ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ സമാപിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ചടങ്ങിൽ മുഖ്യാതിഥിയായി. വിജ്ഞാനവും നൂതനാശയങ്ങളും ഇന്ത്യയുടെ സമ്പന്ന സമുദ്ര പൈതൃകവും ആഘോഷമാക്കിയ രാജ്യവ്യാപക ബൗദ്ധിക പ്രയാണത്തിന്റെ പരിസമാപ്തിയായിരുന്നു പരിപാടി.
സമുദ്ര പര്യവേക്ഷണത്തിലും മികവിലും യുവജനങ്ങൾക്കിടയിൽ സമുദ്ര അവബോധം വളർത്തുന്നതിലെ പ്രതിബദ്ധതയിലും ഇന്ത്യൻ നാവികസേനയുടെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്നതായിരുന്നു "മഹാസാഗർ" എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഈ വർഷത്തെ പ്രശ്നോത്തരി. രാജ്യത്തെ ആയിരക്കണക്കിന് പങ്കാളികളില്‍ ഉത്തര, ദക്ഷിണ, പശ്ചിമ, പൂര്‍വ മേഖലകളെ പ്രതിനിധീകരിച്ച് 16 വിദ്യാലയങ്ങളാണ് സെമിഫൈനല്‍ യോഗ്യത നേടിയത്.
പ്രതിഭയും ഒരുമയോടെയുള്ള പങ്കാളിത്തവും ജിജ്ഞാസയും മാറ്റുരച്ച ആവേശകരമായ പ്രശ്നോത്തരിയില്‍ അഭിമാനകരമായ THINQ-25 ട്രോഫിയ്ക്കായി മത്സരിക്കാൻ മികച്ച എട്ട് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് മുന്നേറി.
ജയ്പൂരിലെ ജയശ്രീ പെരിവാൾ ഹൈസ്കൂൾ, കണ്ണൂരിലെ ഭാരതീയ വിദ്യാഭവൻ, ജയ്പൂരിലെ സുബോദ് പബ്ലിക് സ്കൂൾ, ജംഷഡ്പൂരിലെ ശിക്ഷാ നികേതൻ, ചെന്നൈയിലെ പത്മ ശേഷാദ്രി ബാല ഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, ജയ്പൂരിലെ കേംബ്രിഡ്ജ് കോർട്ട് ഹൈസ്കൂൾ, കാൺപൂരിലെ ഡോ. വീരേന്ദ്ര സ്വരൂപ് എജ്യുക്കേഷൻ സെന്റർ, സമസ്തിപൂരിലെ പിഎം ശ്രീ ജവഹർ നവോദയ എന്നീ വിദ്യാലയങ്ങളാണ് ഫൈനലിലെത്തിയത്.
ഗ്രാന്‍ഡ് ഫിനാലെയില്‍ ജയ്പൂരിലെ ജയശ്രീ പെരിവാൾ ഹൈസ്കൂൾ ഒന്നാം സ്ഥാനവും സമസ്തിപൂരിലെ പിഎം ശ്രീ ജവഹർ നവോദയ വിദ്യാലയം രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് THINQ 25-ന് പ്രചോദനാത്മക പരിസമാപ്തി കുറിച്ചത്.
യുവ പങ്കാളികളുടെ ആവേശത്തെയും അവബോധത്തെയും ഇന്ത്യയുടെ സമുദ്ര പൈതൃകത്തെക്കുറിച്ചുള്ള അവരുടെ അഗാധമായ അറിവിനെയും നാവികസേനാ മേധാവി ചടങ്ങിൽ അഭിനന്ദിച്ചു. നാളെയുടെ സമുദ്ര നായകരെയും ചിന്തകരെയും രൂപപ്പെടുത്താനുതകുന്ന ജിജ്ഞാസയും നൂതനാശയങ്ങളും യുവജനങ്ങളിൽ വളർത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ ഗ്രാൻഡ് ഫിനാലെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതുവഴി രാജ്യത്തുടനീളം വിദ്യാലയങ്ങളില്‍നിന്നും നാവിക സ്ഥാപനങ്ങളില്‍നിന്നും മറ്റും സമുദ്രമേഖലയില്‍ താൽപര്യമുള്ള നിരവധി പേര്‍ പരിപാടി തത്സമയം വീക്ഷിച്ചു.
അറിവിന്റെ തിരകള്‍ വീണ്ടുമുയരുമ്പോള്‍ പര്യവേക്ഷണത്തിനും പങ്കാളിത്തത്തിനും മികവുപുലർത്താനും നവമനസ്സുകള്‍ക്ക് പ്രചോദനവുമായി വിജ്ഞാനത്തിൻ്റെയും കണ്ടെത്തലുകളുടെയും തുടരുന്ന പ്രയാണത്തില്‍ THINQ - 26 പതിപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ നാവികസേന.
GG
****
(Release ID: 2186884)
Visitor Counter : 7