ഉല്പന്നങ്ങള്‍ റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ദൗത്യത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മൈ-ജിഒവിയുമായും ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയിലെ ഉപഭോക്തൃ നിയമ ചെയറുമായും സഹകരിച്ച് 'റിപ്പയറബിലിറ്റി ഇൻഡക്സിലൂടെ ഉപഭോക്തൃ ശാക്തീകരണം' എന്ന വിഷയത്തിൽ ലോഗോ ഡിസൈൻ മത്സരത്തിന് തുടക്കം കുറിച്ചു. രാജ്യത്തെ പൗരന്മാരിൽ നിന്ന് സർഗാത്മക ആശയങ്ങൾ ശേഖരിക്കുകയും റിപ്പയർ ദൗത്യത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കുകയുമാണ് സംരംഭത്തിന്റെ ലക്ഷ്യം.
വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയും സുതാര്യമായും ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി ഉപഭോക്താക്കളെ ശാക്തീകരിക്കാനും ഇ-മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ട് 'റിപ്പയറബിലിറ്റി ഇൻഡക്സ് ചട്ടക്കൂട് വഴി റിപ്പയർ ചെയ്യാനുള്ള അവകാശം' ഉപഭോക്തൃകാര്യ വകുപ്പ് നേരത്തെ വികസിപ്പിച്ചിരുന്നു. പുതിയ ഉല്പന്നങ്ങൾ വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവിൽ പഴയ ഉല്പന്നങ്ങൾ റിപ്പയർ ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്ന ഈ ചട്ടക്കൂടിന്റെ പ്രാധാന്യമേറെയാണ്.
ലോഗോയുടെ ലക്ഷ്യങ്ങൾ ഇവയാണ്:
ഒരു ഉല്പന്നത്തിന്റെ റിപ്പയറബിലിറ്റി ഇൻഡക്സ് റേറ്റിംഗ് കാണാവുന്ന വിധത്തില്‍ സൂചിപ്പിക്കുക.
റിപ്പയർ ചെയ്യാനുള്ള അവകാശത്തിന്റെയും ചാക്രിക സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന തത്വങ്ങളെ പ്രതീകവല്‍ക്കരിക്കുക.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാവുന്ന സ്ഥിരീകരണ അടയാളമായി നിലകൊള്ളുക.
ഉത്തരവാദിത്തപൂര്‍ണ ഉപഭോഗവും ഉപഭോക്തൃ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന നിര്‍ദിഷ്ട ലോഗോ ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ദൃശ്യാത്മക പ്രതിനിധാനമായി മാറും.
കാർഷികോപകരണങ്ങൾ, മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും, ദീര്‍ഘകാല ഉപഭോഗത്തിനുള്ള ഉല്പന്നങ്ങള്‍, വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും എന്നിവയാണ് റിപ്പയറബിലിറ്റി ഇൻഡക്സ് ചട്ടക്കൂട് വഴി റിപ്പയർ ചെയ്യാനുള്ള അവകാശത്തിന് കീഴില്‍ പ്രാരംഭഘട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ. ഉപകരണങ്ങളുടെ ആയുസ്സ്, പരിപാലനം, പുനരുപയോഗം, നവീകരണം, പുനചംക്രമണ ശേഷി, മാലിന്യം കൈകാര്യം ചെയ്യൽ എന്നിവ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ പണം ലാഭിക്കാനും ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യങ്ങൾക്ക് സംഭാവന നൽകാനും ഇത് സഹായിക്കുന്നു.
ഉപഭോക്താക്കൾക്ക് അവര്‍ വാങ്ങുന്ന ഉല്പന്നങ്ങളുടെ യഥാർത്ഥ "ഉടമസ്ഥാവകാശം" നൽകാനും ലൈഫ് (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) പ്രസ്ഥാനത്തിൻ്റെ ആഹ്വാനപ്രകാരം ഉല്പന്നങ്ങള്‍ ശ്രദ്ധയോടെയും ബോധപൂർവവും ഉപയോഗിക്കുന്നത് ഉറപ്പാക്കുന്നതിന് വ്യാപാര - റിപ്പയർ മേഖലകളെ ഏകോപിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാന്‍ 2022 ഡിസംബർ 24-ന് ദേശീയ ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് "റൈറ്റ് ടു റിപ്പയർ പോർട്ടൽ ഇന്ത്യ"യ്ക്ക് തുടക്കം കുറിച്ചു. റിപ്പയറുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഉപഭോക്താക്കൾക്കും നിർമാതാക്കൾക്കും തേർഡ്-പാർട്ടി റിപ്പയർ സംഘങ്ങള്‍ക്കുമായി സജ്ജീകരിച്ച സംയോജിത ഡിജിറ്റൽ വേദിയാണിത്.
ഈ ചട്ടക്കൂട് നടപ്പിലാക്കിയാല്‍ സുപ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പയർ ചെയ്യാനുള്ള എളുപ്പം പരിഗണിച്ച് ഉല്പന്നങ്ങളെ വിലയിരുത്താനും റേറ്റിങ് നല്‍കാനും താരതമ്യം ചെയ്യാനും സാധിക്കും. ഈ സംരംഭത്തെ ദൃശ്യാത്മകമായി അവതരിപ്പിക്കുന്നതിനൊപ്പം പൊതുജന അംഗീകാരവും വിശ്വാസ്യതയും വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യത്യസ്തവും ഫലപ്രദവുമായ ലോഗോ വികസിപ്പിക്കാന്‍ മത്സരം സംഘടിപ്പിക്കുന്നത്.
2025 നവംബർ 1-ന് 16 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ലോഗോയുടെ യഥാർത്ഥ ഡിസൈനിനൊപ്പം രൂപകല്പനയുടെ ആശയവും പ്രമേയവുമായി ബന്ധപ്പെട്ട് ലോഗോയുടെ പ്രസക്തിയും വിശദീകരിക്കുന്ന ലഘു കുറിപ്പും സമർപ്പിക്കണം. അപേക്ഷകള്‍ 2025 നവംബർ 30 (ഇന്ത്യന്‍ സമയം രാത്രി 23:45) -നകം നിശ്ചിത ഫോർമാറ്റിൽ മൈ-ജിഒവി പോർട്ടലിലൂടെ (Empowering consumers through Repairability Index | MyGov.in) സമര്‍പ്പിക്കണം. മത്സരത്തില്‍ വിജയിക്കുന്ന ലോഗോയ്ക്ക് 25,000 രൂപ സമ്മാനത്തുക ലഭിക്കും. റിപ്പയറബിലിറ്റി ഇൻഡക്സ് ചട്ടക്കൂടിന്റെ ഔദ്യോഗിക ചിഹ്നമായി ലോഗോ സ്വീകരിച്ചേക്കും.
ഉത്തരവാദിത്തപൂര്‍ണ ഉപഭോഗത്തിലേക്കും സുസ്ഥിര ജീവിതത്തിലേക്കും ഇന്ത്യ നടത്തുന്ന പരിവര്‍ത്തനാത്മക മുന്നേറ്റത്തെ ദൃശ്യപരമായി പ്രതിനിധീകരിക്കുന്ന ഈ ദേശീയ സംരംഭത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ സർഗാത്മക പൗരന്മാരെും ഡിസൈനർമാരെയും വിദ്യാർത്ഥികളെയും നൂതന സംരംഭകരെയും ഉപഭോക്തൃകാര്യ വകുപ്പ് ക്ഷണിക്കുന്നു.
SKY