പ്രധാനമന്ത്രിയുടെ ഓഫീസ്
നവംബർ ഒന്നിന് പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദർശിക്കും
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
റോഡുകൾ, വ്യവസായം, ആരോഗ്യ സംരക്ഷണം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിലായി 14,260 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
ഷഹീദ് വീർ നാരായൺ സിംഗ് സ്മാരകവും ഗോത്രവിഭാഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദിൽ കി ബാത്ത്: ജന്മനാ ഹൃദ്രോഗത്തിന് ചികിത്സയിലുള്ള കുട്ടികളുമായി പ്രധാനമന്ത്രി സംവദിക്കും
ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും മുൻ പ്രധാനമന്ത്രി ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്യും
ആധ്യാത്മിക പഠനത്തിനും ധ്യാനത്തിനുമുള്ള ആധുനിക കേന്ദ്രമായ ബ്രഹ്മാകുമാരികളുടെ 'ശാന്തി ശിഖർ' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
31 OCT 2025 12:02PM by PIB Thiruvananthpuram
നവംബർ 1 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് സന്ദർശിക്കും.
'ദിൽ കി ബാത്ത്' പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിയോടെ, നവ റായ്പൂർ അടൽ നഗറിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ നടക്കുന്ന 'ജീവിതസമ്മാനം' ചടങ്ങിൽ, വിജയകരമായി ചികിത്സ ലഭിച്ച, ജന്മനാ ഹൃദ്രോഗികളായ 2500 കുട്ടികളുമായി അദ്ദേഹം സംവദിക്കും.
തുടർന്ന്, രാവിലെ 10:45 ന്, ആത്മീയ പഠനം, സമാധാനം, ധ്യാനം എന്നിവയ്ക്കുള്ള ആധുനിക കേന്ദ്രമായ ബ്രഹ്മകുമാരികളുടെ "ശാന്തി ശിഖർ" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അതിനുശേഷം, രാവിലെ 11:45 ന്, നവ റായ്പൂർ അടൽ നഗറിലെ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടത്തിൽ, മുൻ പ്രധാനമന്ത്രി ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. തുടർന്ന്, പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കാനും മഴവെള്ള സംഭരണ സംവിധാനത്തോടെ സജ്ജീകരിക്കാനും പദ്ധതിയിട്ടിരിക്കുന്ന ഗ്രീൻ ബിൽഡിംഗ് ആശയത്തിൽ നിർമ്മിച്ച ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം അദ്ദേഹം സന്ദർശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് 1:30 ന്, പ്രധാനമന്ത്രി ഷഹീദ് വീർ നാരായൺ സിംഗ് സ്മാരകവും ഗോത്രവിഭാഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയവും ഉദ്ഘാടനം ചെയ്യുകയും സന്ദർശിക്കുകയും ചെയ്യും. സംസ്ഥാനത്തെ ഗോത്ര സമൂഹങ്ങളുടെ ധൈര്യം, ത്യാഗം, ദേശസ്‌നേഹം എന്നിവയുടെ പൈതൃകം, മ്യൂസിയം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യും.സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവായി മ്യൂസിയം പോർട്ടലും "ആദി ശൗര്യ" എന്ന ഇ-ബുക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, കൂടാതെ സ്മാരക സ്ഥലത്ത് കുതിരപ്പുറത്തുള്ള ഷഹീദ് വീർ നാരായൺ സിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്യും.
തുടർന്ന്, ഉച്ചയ്ക്ക് ഏകദേശം 2:30 ന്, ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണത്തിന്റെ 25 വാർഷികം ആഘോഷിക്കുന്ന ഛത്തീസ്ഗഡ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. റോഡുകൾ, വ്യവസായം, ആരോഗ്യ സംരക്ഷണം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഗ്രാമീണ ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനായി, ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലായി 12 പുതിയ സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്‌വിഇപി) ബ്ലോക്കുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തുടനീളമുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് മാന്യമായ ഭവനവും സുരക്ഷയും ഉറപ്പാക്കുന്ന, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പ്രകാരം പൂർത്തീകരിച്ച 3.51ലക്ഷം ഭവനങ്ങളുടെ ഗൃഹപ്രവേശത്തിലും 3 ലക്ഷം ഗുണഭോക്താക്കൾക്ക് ഗഡുക്കളായി ₹1200 കോടി അനുവദിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി, പത്തൽഗാവ്-കുങ്കുരി മുതൽ ഛത്തീസ്ഗഡ്-ജാർഖണ്ഡ് അതിർത്തി വരെയുള്ള നാലുവരി ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഭാരത്മാല പരിയോജനയുടെ കീഴിൽ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഏകദേശം ₹3,150 കോടി ചെലവിൽ വികസിപ്പിക്കുന്നതാണ് ഈ സംരംഭം . കോർബ, റായ്ഗഡ്, ജാഷ്പൂർ, റാഞ്ചി, ജംഷഡ്പൂർ എന്നിവിടങ്ങളിലെ പ്രധാന കൽക്കരി ഖനികൾ, വ്യാവസായിക മേഖലകൾ, ഉരുക്ക് പ്ലാന്റുകൾ എന്നിവയെ ഈ തന്ത്രപ്രധാന ഇടനാഴി ബന്ധിപ്പിക്കും, ഇത് പ്രാദേശിക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും മധ്യ ഇന്ത്യയെ കിഴക്കൻ മേഖലയുമായി സംയോജിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന സാമ്പത്തിക ധമനിയായും പ്രവർത്തിക്കും.
കൂടാതെ, ബസ്തർ, നാരായൺപൂർ ജില്ലകളിലെ ഒന്നിലധികം ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന NH-130D (നാരായണൻപൂർ-കസ്തൂർമേട്ട-കുതുൽ-നിലങ്കൂർ-മഹാരാഷ്ട്ര അതിർത്തി) യുടെ നിർമ്മാണത്തിനും നവീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. NH-130C (മദങ്മുഡ-ദിയോഭോഗ്-ഒഡീഷ അതിർത്തി) ടാറിട്ട രണ്ട് വരി പാതയാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇത് ഗോത്ര, ഉൾപ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുകയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിപണികൾ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും പൊതുമേഖലയിൽ സാമൂഹിക-സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും.
വൈദ്യുതി മേഖലയിൽ, കിഴക്കൻ, പടിഞ്ഞാറൻ ഗ്രിഡുകൾക്കിടയിലുള്ള അന്തർ-പ്രാദേശിക വൈദ്യുതി കൈമാറ്റ ശേഷി 1,600 മെഗാവാട്ട് വർദ്ധിപ്പിക്കുകയും ഗ്രിഡ് വിശ്വാസ്യത മെച്ചപ്പെടുത്തുകയും മേഖലയിലുടനീളം സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന ഇന്റർ-റീജിയണൽ ഇആർ–ഡബ്ല്യുആർ ഇന്റർകണക്ഷൻ പ്രോജക്റ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം, ഛത്തീസ്ഗഢിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിതരണ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും പ്രസരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 3,750 കോടിയിലധികം രൂപയുടെ ഒന്നിലധികം ഊർജ്ജ മേഖലാ പദ്ധതികളുടെ സമർപ്പണം, ഉദ്ഘാടനം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നടത്തും.
നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്‌എസ്) പ്രകാരം, പുതിയ വൈദ്യുതി ലൈനുകളുടെ നിർമ്മാണം, ഫീഡർ വിഭജനം, ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കൽ, കണ്ടക്ടറുകളുടെ പരിവർത്തനം, ഗ്രാമീണ, കാർഷിക വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി ലോ-ടെൻഷൻ നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഏകദേശം 1,860 കോടി രൂപയുടെ പ്രവൃത്തികൾ പ്രധാനമന്ത്രി സമർപ്പിക്കും. റായ്പൂർ, ബിലാസ്പൂർ, ദുർഗ്, ബെമെതാര, ഗരിയബന്ദ്, ബസ്തർ തുടങ്ങിയ ജില്ലകളിലായി ഏകദേശം 480 കോടി രൂപ ചെലവിൽ നിർമ്മിച്ച ഒമ്പത് പുതിയ വൈദ്യുതി സബ്‌സ്റ്റേഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സ്ഥിരമായ വോൾട്ടേജ് ഉറപ്പാക്കുക, തടസ്സങ്ങൾ കുറയ്ക്കുക, വിദൂര, ആദിവാസി മേഖലകളിൽ പോലും വിശ്വസനീയമായ വൈദ്യുതി നൽകുക എന്നിവയിലൂടെ 15 ലക്ഷത്തിലധികം ആളുകൾക്ക് ഇവ പ്രയോജനപ്പെടും. കൂടാതെ, കാങ്കർ, ബലോദബസാർ–ഭടപാര എന്നിവിടങ്ങളിലെ പ്രധാന സൗകര്യങ്ങൾ ഉൾപ്പെടെ, 1,415 കോടിയിലധികം രൂപയുടെ പുതിയ സബ്‌സ്റ്റേഷനുകൾക്കും ട്രാൻസ്മിഷൻ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും, കൂടാതെ സംസ്ഥാനത്തെ വൈദ്യുതിയുടെ വ്യാപ്തിയും ഗുണനിലവാരവും കൂടുതൽ വികസിപ്പിക്കുന്നതിനായി നിരവധി ജില്ലകളിലുടനീളമുള്ള പുതിയ ആർഡിഎസ്‌എസ് പ്രവൃത്തികൾക്കും അദ്ദേഹം തറക്കല്ലിടും.
പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ, പെട്രോൾ, ഡീസൽ, എത്തനോൾ എന്നിവയ്ക്കായി 54,000 കിലോ ലിറ്റർ (കെഎൽ) സംഭരണ ശേഷിയുള്ള എച്ച്പിസിഎല്ലിന്റെ അത്യാധുനിക പെട്രോളിയം ഓയിൽ ഡിപ്പോ റായ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 460 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ സൗകര്യം ഛത്തീസ്ഗഡിലും അയൽ സംസ്ഥാനങ്ങളിലും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്ന ഒരു പ്രധാന ഇന്ധന കേന്ദ്രമായി പ്രവർത്തിക്കും. 10,000 കിലോ ലിറ്റർ എത്തനോൾ സംഭരണമുള്ള ഡിപ്പോ, ഫോസിൽ ഇന്ധന ആശ്രിതത്വം കുറയ്ക്കുകയും ശുദ്ധമായ ഊർജ്ജ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിനെയും പിന്തുണയ്ക്കുന്നു.
ഏകദേശം ₹1,950 കോടി ചെലവിൽ നിർമ്മിച്ച 489 കിലോമീറ്റർ ദൈർഘ്യമുള്ള നാഗ്പൂർ-ജാർസുഗുഡ പ്രകൃതിവാതക പൈപ്പ്‌ലൈനും പ്രധാനമന്ത്രി സമർപ്പിക്കും. ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം 15% ആക്കുന്നതിനും "ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്" എന്ന ദർശനം കൈവരിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. ഛത്തീസ്ഗഡിലെ 11 ജില്ലകളെ ദേശീയ ഗ്യാസ് ഗ്രിഡുമായി പൈപ്പ്‌ലൈൻ ബന്ധിപ്പിക്കും, ഇത് വ്യാവസായിക വികസനം വർദ്ധിപ്പിക്കുകയും മേഖലയ്ക്ക് ശുദ്ധവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഇന്ധനം നൽകുകയും ചെയ്യും.
വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി രണ്ട് സ്മാർട്ട് ഇൻഡസ്ട്രിയൽ ഏരിയകൾക്ക് തറക്കല്ലിടും - ഒന്ന് ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ സിലാദെഹി-ഗട്വ-ബിറയിലും മറ്റൊന്ന് രാജ്നന്ദ്ഗാവ് ജില്ലയിലെ ബിജ്‌ലെതലയിലും. കൂടാതെ, നവ റായ്പൂർ അടൽ നഗറിലെ സെക്ടർ-22 ൽ ഒരു ഫാർമസ്യൂട്ടിക്കൽ പാർക്കിനും പ്രധാനമന്ത്രി തറക്കല്ലിടും. മരുന്ന്, മറ്റ് ആരോഗ്യ സംരക്ഷണ വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനുള്ള ഒരു പ്രത്യേക മേഖലയായി ഈ പാർക്ക് പ്രവർത്തിക്കും,
ആരോഗ്യ സംരക്ഷണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി, മണേന്ദ്രഗഢ്, കബീർധാം, ജഞ്ച്ഗിർ-ചമ്പ, ഗീദം (ദന്തേവാഡ) എന്നിവിടങ്ങളിൽ അഞ്ച് പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾക്കും ബിലാസ്പൂരിലെ ഗവൺമെന്റ് ആയുർവേദ കോളേജ് ആൻഡ് ഹോസ്പിറ്റൽ-നും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികൾ ഛത്തീസ്ഗഢിലുടനീളം മെഡിക്കൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ആരോഗ്യ സംരക്ഷണം വിപുലീകരിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
-SK-
(Release ID: 2184762)
Visitor Counter : 4
Read this release in:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada