രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

റഫാൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്ത് രാഷ്ട്രപതി

ശക്തമായ റഫാൽ വിമാനത്തിലെ ആദ്യ പറക്കൽ രാഷ്ട്രത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് എന്നിൽ അഭിമാനബോധം ഉണർത്തി: രാഷ്ട്രപതി ദ്രൗപദി മുർമു

Posted On: 29 OCT 2025 1:18PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (ഒക്ടോബർ 29, 2025) അംബാല (ഹരിയാന) വ്യോമസേനാ താവളത്തിൽ നിന്ന് റഫാൽ വിമാനത്തിൽ പറന്നുയർന്നു. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വ്യത്യസ്ത യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി  മുർമു മാറി. നേരത്തെ, 2023 ൽ സുഖോയ് 30 MKI യിൽ രാഷ്ട്രപതി പറന്നിരുന്നു.

ഫ്രാൻസിലെ ദസ്സോ ഏവിയേഷനിൽ നിന്ന് റഫാൽ വിമാനങ്ങൾ ആദ്യമായി എത്തിച്ച വ്യോമ താവളമാണ് അംബാലയിലെ വ്യോമസേനാ കേന്ദ്രം.

ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപയായ രാഷ്ട്രപതി, 30 മിനിറ്റ് നേരം പറന്ന് ഏകദേശം 200 കിലോമീറ്റർ സഞ്ചരിച്ച ശേഷം വ്യോമസേനാ താവളത്തിൽ മടങ്ങിയെത്തി. 17-ാം സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയാണ് വിമാനം പറത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 15000 അടി ഉയരത്തിലും മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിലും വിമാനം പറന്നു.

പിന്നീട് സന്ദർശക പുസ്തകത്തിൽ ഒരു ചെറിയ കുറിപ്പെഴുതിയ രാഷ്ട്രപതി തന്റെ അഭിപ്രായം പങ്കു വച്ചു, അതിൽ അവർ ഇങ്ങനെ എഴുതി: "ഇന്ത്യൻ വ്യോമസേനയുടെ റഫാൽ വിമാനത്തിലെ ആദ്യ പറക്കലിനായി അംബാല വ്യോമ താവളത്തിൽ എത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. റഫാലിലെ പറക്കൽ മറക്കാനാവാത്ത അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. ശക്തമായ റഫാൽ വിമാനത്തിലെ ആദ്യ പറക്കൽ രാഷ്ട്രത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് എന്നിൽ അഭിമാനബോധം ഉണർത്തി. ഈ പറക്കൽ വിജയകരമാക്കിത്തീർത്ത  ഇന്ത്യൻ വ്യോമസേനയെയും അംബാല വ്യോമസേനാ താവളത്തിലെ മുഴുവൻ പേരെയും ഞാൻ അഭിനന്ദിക്കുന്നു."

റാഫേലിന്റെയും ഇന്ത്യൻ വ്യോമസേനയുടെയും പ്രവർത്തന കാര്യക്ഷമത സംബന്ധിച്ച് രാഷ്ട്രപതിയ്ക്ക് വിശദീകരിച്ചു നൽകി.
 
GG
 
***

(Release ID: 2183754) Visitor Counter : 26