യുവജനകാര്യ, കായിക മന്ത്രാലയം
അന്താരാഷ്ട്ര കായികരംഗ ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷനിന്റെ ഏഷ്യ-പസഫിക് COP10 ബ്യൂറോയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Posted On:
23 OCT 2025 12:26PM by PIB Thiruvananthpuram
പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് 2025 ഒക്ടോബർ 20 മുതൽ 22 വരെ നടന്ന അന്താരാഷ്ട്ര കായികരംഗ ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷനിന്റെ 10-ാമത് യോഗത്തിൽ (COP10) ഇന്ത്യ സജീവമായി പങ്കെടുത്തു. ആഗോളതലത്തിൽ കായികരംഗത്തെ ധാർമികത പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജക മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ, നിയമസാധുതയുള്ള ഏക അന്താരാഷ്ട്ര സംവിധാനമായ ഈ കൺവെൻഷന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് യോഗം നടന്നത്.
കേന്ദ്ര സ്പോർട്സ് സെക്രട്ടറി ശ്രീ ഹരി രഞ്ജൻ റാവുവും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഡയറക്ടർ ജനറൽ ശ്രീ അനന്ത് കുമാറും ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘം 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ആഫ്രിക്കൻ യൂണിയൻ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA), മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികളുമായും ചർച്ച നടത്തി.
യോഗത്തിൽ, ഏഷ്യ-പസഫിക് (ഗ്രൂപ്പ് IV) ബ്യൂറോയുടെ 2025–2027 കാലയളവിലേക്കുള്ള ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. COP10 ബ്യൂറോയുടെ അധ്യക്ഷ പദവിയിലേക്ക് അസർബൈജാൻ തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീൽ, സാംബിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ അതത് പ്രാദേശിക ഗ്രൂപ്പുകളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷന്റെ പ്രവർത്തന യാത്ര പ്രദർശിപ്പിക്കുന്ന സംവേദനാത്മക ബോർഡുകൾ തയ്യാറാക്കി ഇന്ത്യ COP10 സെഷന്റെ നടപടിക്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി.

വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റ് പ്രതിനിധികൾ, ഉത്തേജകമരുന്ന് വിരുദ്ധ സംഘടനകൾ, യുനെസ്കോയിലേക്കുള്ള സ്ഥിരം പ്രതിനിധികൾ എന്നിവരടക്കം 500-ലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കൺവെൻഷനു കീഴിലുള്ള ഭരണനിർവ്വഹണവും നിയമ അനുസരണവും ശക്തിപ്പെടുത്തുക, കായികരംഗത്തെ ഉത്തേജകമരുന്ന് നിരോധന പ്രവർത്തന ഫണ്ടിന് ധനസഹായം നൽകുക, ജീനുകളിൽ വ്യതിയാനം വരുത്തൽ, പരമ്പരാഗത ഫാർമക്കോപ്പിയ, കായികരംഗത്തെ ധാർമ്മിക പരിഗണനകൾ എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്ഥാപനപരമായ ഐക്യം, തന്ത്രപരമായ ആശയവിനിമയം, വ്യത്യസ്ത മേഖലകളുടെ സംയോജനം എന്നിവയുടെ അനിവാര്യത COP9 ബ്യൂറോ അംഗീകാര സമിതിയുടെ റിപ്പോർട്ട് എടുത്തുകാണിച്ചു. യുവാക്കൾ, കായിക സംഘടനകൾ തുടങ്ങി സമൂഹങ്ങൾക്കിടയിൽ കായിക മൂല്യങ്ങൾ, ധാർമ്മികത, നീതി എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് കായികാധിഷ്ഠിത മൂല്യ വിദ്യാഭ്യാസ (VETS) സമീപനം സംയോജിപ്പിച്ച് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിലുടനീളം ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭേദഗതികൾ ഇന്ത്യ നിർദ്ദേശിച്ചു.
കൺവെൻഷന്റെ ഭരണനിർവ്വഹണവും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നിലവിൽ പുരോഗമിക്കുന്ന പരിഷ്കരണ പ്രക്രിയയ്ക്ക് COP10-ന്റെ ഫലങ്ങൾ സംഭാവന നൽകും. കായികരംഗത്ത് ധാർമികതയും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗ രാജ്യങ്ങളുടെ കൂട്ടായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു സ്ഥിരീകരിച്ചുകൊണ്ടാണ് സെഷൻ അവസാനിച്ചത്.
LPSS
****
(Release ID: 2181777)
Visitor Counter : 15