ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനായി 2021-ലെ ഐ.ടി നിയമങ്ങളിലെ ചട്ടം 3(1)(d) യിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 23 OCT 2025 11:36AM by PIB Thiruvananthpuram

2021-ലെ ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ (ഐടി നിയമങ്ങൾ, 2021) ഭേദഗതി ചെയ്യുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഭേദഗതി നിയമങ്ങൾ,2025 വിജ്ഞാപനം ചെയ്തു. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമ (ഐടി ആക്ട്) പ്രകാരം ഇടനിലക്കാരുടെ ജാഗ്രതാപൂർവ്വമായ ബാധ്യതകളുടെ ചട്ടക്കൂടിനെ ഈ ഭേദഗതികൾ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ച്, ഇടനിലക്കാർ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ അത് സുതാര്യവും ആനുപാതികവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ചട്ടം 3(1)(d) യിലെ ഭേദഗതികൾ അധിക സുരക്ഷാ നടപടികൾ കൊണ്ടുവരുന്നു. ഭേദഗതി ചെയ്ത നിയമങ്ങൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

പശ്ചാത്തലം

2021-ലെ ഐ.ടി നിയമങ്ങൾ ആദ്യം 2021 ഫെബ്രുവരി 25-ന് വിജ്ഞാപനം ചെയ്യുകയും തുടർന്ന് 2022 ഒക്ടോബർ 28-നും 2023 ഏപ്രിൽ 6-നും ഭേദഗതി ചെയ്യുകയും ചെയ്തു. ഓൺലൈൻ സുരക്ഷ, സംരക്ഷണം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലെ ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് ജാഗ്രതാപൂർവ്വമായ ബാധ്യതകൾ നിർദ്ദേശിക്കുന്നു. ചട്ടം 3(1)(d) പ്രകാരം, കോടതി ഉത്തരവിലൂടെയോ അല്ലെങ്കിൽ ഉചിതമായ സർക്കാരിൽ നിന്നുള്ള അറിയിപ്പിലൂടെയോ യഥാർത്ഥ വിവരം ലഭിച്ചു കഴിഞ്ഞാൽ നിയമവിരുദ്ധമായ വിവരങ്ങൾ നീക്കം ചെയ്യാൻ ഇടനിലക്കാർക്ക് ബാധ്യതയുണ്ട്. ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ ഉള്ളടക്കത്തിൻ്റെ വ്യക്തമായ നിർവ്വചനം നൽകുന്നതിനും സർക്കാർ നിർദ്ദേശങ്ങളുടെ ഉന്നത തലത്തിലുള്ള ആനുകാലിക അവലോകനം ഉറപ്പാക്കുന്നതിനും അധിക സുരക്ഷാ നടപടികൾ ആവശ്യമാണെന്ന് കേന്ദ്ര  ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം നടത്തിയ അവലോകനം വ്യക്തമാക്കുന്നു.

ഭേദഗതികളുടെ പ്രധാന സവിശേഷതകൾ

1. ഉയർന്ന തലത്തിലുള്ള അംഗീകാരം:

നിയമവിരുദ്ധമായ വിവരങ്ങൾ നീക്കം ചെയ്യുന്നതിനായി ഇടനിലക്കാർക്ക് നൽകുന്ന അറിയിപ്പ് ജോയിൻ്റ്  സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനോ അല്ലെങ്കിൽ  അതിന് തുല്യമായ റാങ്കുള്ള ഉദ്യോഗസ്ഥനോ അത്തരം റാങ്ക് നിയമിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരു ഡയറക്ടറോ അല്ലെങ്കിൽ തുല്യ റാങ്കുള്ള ഉദ്യോഗസ്ഥനോ മാത്രമേ ഇപ്പോൾ നൽകാൻ കഴിയൂ. അധികാരപ്പെടുത്തിയിട്ടുള്ള ഏജൻസികളിൽ ഇത്തരത്തിലുള്ള അറിയിപ്പ് അതത് ഏജൻസിയിലെ അധികാരപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വഴി നൽകേണ്ടതാണ്.
 
പോലീസ് അധികാരികളുടെ കാര്യത്തിൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG) റാങ്കിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ അത്തരം അറിയിപ്പ് നല്കാൻ കഴിയൂ.

2. കൃത്യമായ വിശദാംശങ്ങളോടെയുള്ള ന്യായമായ അറിയിപ്പ്:

നിയമപരമായ അടിസ്ഥാനവും നിയമപരമായ വ്യവസ്ഥയും,നിയമവിരുദ്ധമായ പ്രവൃത്തിയുടെ സ്വഭാവവും, നീക്കം ചെയ്യേണ്ട വിവരങ്ങളുടേയോ ഡാറ്റയുടേയോ ആശയവിനിമയ ലിങ്കിൻ്റേയോ (ഉള്ളടക്കം) നിർദ്ദിഷ്ട URL/ഐഡൻ്റിഫയർ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് സ്ഥാനം എന്നിവ അറിയിപ്പിൽ കൃത്യമായി വ്യക്തമാക്കണം.
 
ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം നിർബന്ധമാക്കിയിട്ടുള്ള 'യഥാർത്ഥ അറിവ്' എന്ന ആവശ്യകതയുമായി നിയമങ്ങൾ പൊരുത്തപ്പെടുത്തുന്നതിന് 'അറിയിപ്പുകൾ' എന്ന പഴയ പൊതുവായ പരാമർശത്തിന് പകരം  യുക്തിസഹമായ അറിയിപ്പ്' എന്ന് മാറ്റിസ്ഥാപിക്കുന്നു.ഇത് നിയമത്തിന് വ്യക്തതയും കൃത്യതയും നൽകുന്നു.

3. ആനുകാലിക അവലോകന സംവിധാനം:

ചട്ടം 3(1)(d) പ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ അറിയിപ്പുകളും ഉചിതമായ സർക്കാരിൻ്റെ സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ്റെ  പ്രതിമാസ അവലോകനത്തിന് വിധേയമായിരിക്കും.

അത്തരം നടപടികൾ ആവശ്യവും ആനുപാതികവും നിയമത്തിന് അനുസൃതവുമാണെന്ന് ഇത് ഉറപ്പാക്കുന്നു.

4. അവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും സന്തുലിതാവസ്ഥ:

ഈ ഭേദഗതികൾ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും സംസ്ഥാനത്തിൻ്റെ നിയമാനുസൃതമായ നിയന്ത്രണ അധികാരങ്ങൾക്കും ഇടയിൽ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു.ഇത് നിയമ നിർവ്വഹണ നടപടികൾ സുതാര്യമാണെന്നും ഏകപക്ഷീയമായ നിയന്ത്രണങ്ങളിലേക്ക് നയിക്കുന്നില്ലെന്നും ഉറപ്പാക്കുന്നു.

പ്രതീക്ഷിക്കുന്ന ഫലങ്ങൾ

  • സുതാര്യതയും ഉത്തരവാദിത്തവും: നിർദ്ദേശങ്ങൾ ആരാണ് നൽകേണ്ടത്,എങ്ങനെ നല്കണം എന്നതിനെ ക്കുറിച്ചും ആനുകാലിക അവലോകനത്തിലൂടെ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും എങ്ങനെ ഉറപ്പാക്കാം എന്നതിനേക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ.
  • ഇടനിലക്കാർക്കുള്ള വ്യക്തത: വിശദവും യുക്തിസഹവുമായ അറിയിപ്പുകൾ നിർബന്ധമാക്കുന്നതിലൂടെ, ഇടനിലക്കാർക്ക് നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ മികച്ച മാർഗ്ഗനിർദ്ദേശം ലഭിക്കും.
  • സംരക്ഷണങ്ങളും അനുപാതിത്വവും : 2000-ലെ ഐ.ടി നിയമപ്രകാരം നിയമപരമായ നിയന്ത്രണങ്ങൾ
  • ശക്തിപ്പെടുത്തിക്കൊണ്ട് ഈ പരിഷ്കാരങ്ങൾ ആനുപാതികത ഉറപ്പാക്കുകയും സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് ഗസറ്റ് വിജ്ഞാപനവും 2025 ഒക്ടോബർ വരെ ഭേദഗതി വരുത്തിയ ഏകീകൃത ഐ.ടി നിയമങ്ങൾ 2021-ഉം പരിശോധിക്കുക. വിശദാംശങ്ങൾ  https://egazette.gov.in അല്ലെങ്കിൽ  https://www.meity.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 
LPSS
 
*****

(Release ID: 2181772) Visitor Counter : 18