ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

സാമൂഹ്യ പ്രതികരണ ശേഷി ശക്തിപ്പെടുത്താൻ രാജ്യവ്യാപക സി‌പി‌ആർ അവബോധ വാരം സംഘടിപ്പിച്ച് ആരോഗ്യമന്ത്രാലയം

Posted On: 22 OCT 2025 2:58PM by PIB Thiruvananthpuram
കംപ്രഷൻ-ഒൺലി കാർഡിയോപൾമണറി റെസസിറ്റേഷന്‍ (സിപിആര്‍) സംബന്ധിച്ച് പൊതുജനങ്ങളുടെ അറിവും പ്രായോഗിക ശേഷിയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2025 ഒക്ടോബർ 13 മുതൽ 17 വരെ രാജ്യവ്യാപകമായി സി‌പി‌ആർ അവബോധ വാരം സംഘടിപ്പിച്ചു.  ഹൃദയസ്തംഭനം പോലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളിൽ കൂടെയുള്ളവരുടെ സമയബന്ധിത  ഇടപെടലിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാന്‍ വേണ്ടിയായിരുന്നു  സംരംഭം.
 
സി‌പി‌ആറിന്റെ ജീവൻരക്ഷാ ശേഷി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കൂടെയുള്ളവര്‍ നല്‍കുന്ന സി‌പി‌ആർ നിരക്ക്  ആഗോള നിലവാരത്തേക്കാൾ കുറവാണ്. ഒരാഴ്ച നീണ്ട സംരംഭത്തിലൂടെ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍  സി‌പി‌ആർ പരിശീലനം, അവബോധം, സന്നദ്ധത എന്നിവ വ്യാപകമായി പ്രോത്സാഹിപ്പിച്ച് ഈ കുറവ് പരിഹരിക്കാനാണ് മന്ത്രാലയം  ശ്രമിച്ചത്.  
 
രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ സംരംഭത്തിന്റെ ഭാഗമായി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ ഫീൽഡ് തല പരിശീലനങ്ങളും ബോധവല്‍ക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആഭ്യന്തരം, പ്രതിരോധം, തൊഴിൽ, യുവജനകാര്യം, കായികം, ഇലക്ട്രോണിക്സ്  - വിവരസാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസവും  സാക്ഷരതയും, റെയിൽവേ, ആരോഗ്യ ഗവേഷണം, എൻഡിഎംഎ തുടങ്ങിയ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥാപനങ്ങളും സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിലേക്ക് വികേന്ദ്രീകൃതമായി പ്രചാരണമെത്തിച്ചു. കേന്ദ്ര സർക്കാർ ആശുപത്രികളും എയിംസും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും   മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളും സജീവമായി പരിശീലനങ്ങളും ബോധവല്‍ക്കരണ പരിപാടികളും  നടത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി  സംസ്ഥാനതലത്തിലും  കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ ഉപകേന്ദ്രങ്ങളിലും  സാമൂഹ്യ  സി‌പി‌ആർ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ തൊഴില്‍ സംഘടനകളും   സംസ്ഥാന സമിതികള്‍ വഴി പരിശീലനങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തി. ഇലക്ട്രോണിക്സ്  - വിവരസാങ്കേതിക  മന്ത്രാലയത്തിന്റെ മൈ-ജിഒവി പ്ലാറ്റ്‌ഫോമും യുവജനകാര്യ മന്ത്രാലയത്തിന്റെ മൈഭാരത് പ്ലാറ്റ്‌ഫോമും ഉപയോഗിച്ച് ഡിജിറ്റൽ പ്രചാരണവും യുവജന പങ്കാളിത്തവും  ശക്തിപ്പെടുത്തി.
 
വ്യാപക പങ്കാളിത്തവും അവബോധവും ഉറപ്പാക്കാൻ ഒരാഴ്ചക്കാലം രാജ്യവ്യാപകമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിലെ തത്സമയ പ്രതിജ്ഞയിലും സി‌പി‌ആർ പ്രദർശന പരിപാടിയിലും ഇക്കോ പ്ലാറ്റ്‌ഫോം, യൂട്യൂബ് ലൈവ് എന്നിവ വഴി ആകെ 14,701 പേർ പങ്കെടുത്തു. മൈ-ജിഒവി പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ പ്രതിജ്ഞയ്ക്ക്   പ്രോത്സാഹനം നല്‍കിയതുവഴി 79,870 പേർ സി‌പി‌ആർ അവബോധ പ്രതിജ്ഞയെടുത്തു.
 
സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പുകള്‍, കേന്ദ്ര സർക്കാർ ആശുപത്രികള്‍, എയിംസ്, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, തൊഴില്‍ സംഘടനകള്‍  എന്നിവ വഴി രാജ്യത്തുടനീളം സംഘടിപ്പിച്ച കംപ്രഷൻ-ഒൺലി സി‌പി‌ആറിന്റെ വിപുലമായ പ്രത്യേക പരിശീലന സെഷനുകളില്‍  ആകെ 6,06,374 പേർ  പങ്കെടുത്തു.
 
രാജ്യത്തെ പൗരന്മാരെ ഡിജിറ്റലായി ഉൾച്ചേര്‍ക്കുന്നതിന് മൈ-ജിഒവി, മൈഭാരത് പ്ലാറ്റ്‌ഫോമുകളിൽ  സംഘടിപ്പിച്ച സി‌പി‌ആർ ക്വിസ്സില്‍  36,040 പേർ പങ്കെടുത്തു. കൂടാതെ, 'വോളണ്ടിയർ ഫോർ ഭാരത്' പദ്ധതിയിലൂടെ 368 യുവജനങ്ങൾ ഈ ആഴ്ച സി‌പി‌ആർ ബോധവല്ക്കരണ പരിപാടികളില്‍  സജീവമായി പങ്കെടുത്തു.
 
ചുരുക്കത്തില്‍, സി‌പി‌ആർ അവബോധ വാരത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളില്‍ ആകെ 7,47,000-ത്തിലേറെ  പൗരന്മാരെ പങ്കെടുപ്പിച്ചു. രാജ്യത്തുടനീളം 6,06,374-ൽ അധികം പേര്‍ക്ക് പ്രത്യേക പരിശീലനവും നൽകി.
 
SKY
 
*******

(Release ID: 2181540) Visitor Counter : 11