രാജ്യരക്ഷാ മന്ത്രാലയം
പ്രമുഖ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി രാജ്യരക്ഷാ മന്ത്രി ഔദ്യോഗികമായി സമ്മാനിച്ചു.
Posted On:
22 OCT 2025 1:22PM by PIB Thiruvananthpuram
2025 ഒക്ടോബർ 22 ന് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ നടന്ന പൈപ്പിംഗ് സെറിമണിയിൽ (സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന് അവരുടെ പുതിയ റാങ്കിനെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങളോ ബാഡ്ജുകളോ യൂണിഫോമിൽ "പിപ്പ്" ചെയ്യുന്ന ഔപചാരിക ചടങ്ങ്), പ്രമുഖ ജാവലിൻ ത്രോ താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്രയ്ക്ക്, ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി റാങ്കിനെ സൂചിപ്പിക്കുന്ന അധികാര ചിഹ്നം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഔദ്യോഗികമായി സമ്മാനിച്ചു. ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്രയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സംവദിച്ച രാജ്യരക്ഷാ മന്ത്രി, സ്ഥിരോത്സാഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ഉത്ക്കർഷേച്ഛയുടെയും ഇന്ത്യൻ പ്രതീകമായി അദ്ദേഹത്തെ വിശേഷിപ്പിച്ചു.
"ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്ര അച്ചടക്കം, സമർപ്പണം, ദേശാഭിമാനം എന്നിവയുടെ ഉന്നതമായ ആദർശങ്ങൾ ഉൾക്കൊള്ളുന്നതായും കായിക മേഖലയിലെയും സായുധ സേനയിലെയും വരും തലമുറകൾക്ക് പ്രചോദനമായി വർത്തിക്കുമെന്നും" ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യൻ സൈന്യത്തിലെയും ടെറിട്ടോറിയൽ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
2016 ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്ര കരസേനയുടെ രജപുത്താന റൈഫിൾസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 ഡിസംബർ 24 ന് ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ഖന്ദ്ര ഗ്രാമത്തിൽ ജനിച്ച അദ്ദേഹം അന്താരാഷ്ട്ര അത്‌ലറ്റിക്സിൽ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ രാജ്യത്തിനും സായുധ സേനയ്ക്കും ഏറെ അഭിമാനം പകർന്നു.
2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ, ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായി മാറിയ ജാവലിൻ താരം ചരിത്രം സൃഷ്ടിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡലും 2023 ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും നേടി അദ്ദേഹം മികച്ച പ്രകടനം തുടർന്നു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് മത്സരങ്ങളിൽ ഒന്നിലധികം അദ്ദേഹം സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 90.23 മീറ്റർ (2025) ദൂരമെന്ന അദ്ദേഹത്തിന്റെ വ്യക്തിഗത റെക്കോർഡ് ഇന്ത്യൻ കായിക ചരിത്രത്തിലെ നാഴികക്കല്ലായി തുടരുന്നു.
രാഷ്ട്രത്തിനു നൽകിയ മികച്ച സംഭാവനകൾക്കും മാതൃകാപരമായ സേവനത്തിനും അംഗീകാരമെന്ന നിലയിൽ, 2025 ഏപ്രിൽ 16 ന് പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു, ലെഫ്റ്റനന്റ് കേണൽ (ഓണററി) നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ഓണററി കമ്മീഷൻ നൽകി ആദരിച്ചു. നേരത്തെ, പത്മശ്രീ, മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ്, അർജുന അവാർഡ്, പരം വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
GG
***
(Release ID: 2181537)
Visitor Counter : 20