വ്യോമയാന മന്ത്രാലയം
9-ാമത് 'ഉഡാൻ' വാർഷിക ആഘോഷപരിപാടികളുമായി സിവിൽ വ്യോമയാന മന്ത്രാലയം
Posted On:
21 OCT 2025 6:22PM by PIB Thiruvananthpuram
സിവിൽ വ്യോമയാന മന്ത്രാലയം, പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാൻ'ന്റെ (UDAN -ഉഡേ ദേശ് കാ ആം നാഗരിക്) 9-ാം വാർഷികം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന പ്രധാന ആഘോഷപരിപാടിയിൽ സിവിൽ വ്യോമയാന സെക്രട്ടറി അധ്യക്ഷത വഹിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ചെയർമാൻ, AAI അംഗങ്ങൾ, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
2016 ഒക്ടോബർ 21-ന് ദേശീയ സിവിൽ വ്യോമയാന നയത്തിന് കീഴിൽ ആരംഭിച്ച ഉഡാൻ,സാധാരണ പൗരന്മാർക്ക് താങ്ങാനാവുന്ന ചെലവിൽ വിമാന യാത്ര പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പരിവർത്തന സംരംഭമാണെന്ന് സിവിൽ വ്യോമയാന സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹ പറഞ്ഞു. 2017 ഏപ്രിൽ 27-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഷിംലയ്ക്കും ഡൽഹിക്കുമിടയിൽ ഉദ്ഘാടനം ചെയ്ത ആദ്യ ഉഡാൻ വിമാനം, പ്രാദേശിക വ്യോമയാന ഗതാഗത മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.
15 ഹെലിപോർട്ടുകളും 2 ജല വിമാനത്താവളങ്ങളും ഉൾപ്പെടെ സർവീസ് കുറവുണ്ടായിരുന്ന 93 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 649 റൂട്ടുകൾ ഈ പദ്ധതി പ്രകാരം പ്രവർത്തനക്ഷമമാക്കി. 3.23 ലക്ഷം ഉഡാൻ വിമാനയാത്ര വഴി 1.56 കോടിയിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി. എയർലൈൻ ഓപ്പറേറ്റർമാരെയും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ആയി 4,300 കോടിയിലധികം രൂപ ഗവണ്മെന്റ് വിതരണം ചെയ്യുകയും ആർസിഎസിന് കീഴിൽ വിമാനത്താവള വികസനത്തിന് 4,638 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
2024 ഓഗസ്റ്റിൽ ജലവിമാന പ്രവർത്തനങ്ങൾക്കായുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ജലവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയ്ക്കായുള്ള പ്രത്യേക നടപടിക്രമം- ഉഡാൻ 5.5 ആരംഭിച്ചതും സമീപകാലത്തെ ഈ മേഖലയിലെ ഒരു പ്രധാന തീരുമാനമാണ്. ഈ ഘട്ടത്തിൽ വിവിധ തീരദേശ, ദ്വീപ് മേഖലകളിലായി 30 ജല വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 150 റൂട്ടുകൾക്കായി താല്പര്യപത്രങ്ങൾ പുറപ്പെടുവിച്ചു.
മലയോര, വടക്കുകിഴക്കൻ, വികസനം കാംക്ഷിക്കുന്ന മേഖലകളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും ഏകദേശം 120 പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നവീകരിച്ച ഉഡാൻ ചട്ടക്കൂടിലൂടെ 2027 ഏപ്രിലിനു ശേഷവും പദ്ധതി തുടരാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത സെക്രട്ടറി ആവർത്തിച്ചു.
ഉഡാൻ കേവലമൊരു പദ്ധതിയല്ല; മാറ്റത്തിനുള്ള ഒരു ഉത്തേജകമാണിത്. വിമാന യാത്രയെ സമഗ്രവും സുസ്ഥിരവും നമ്മുടെ വികസന യാത്രയുടെ അവിഭാജ്യ ഘടകവുമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഇത്.
GG
(Release ID: 2181447)
Visitor Counter : 3