പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 17 OCT 2025 11:03PM by PIB Thiruvananthpuram

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ജി, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ഹിസ് എക്‌സലൻസി, എന്റെ സുഹൃത്ത് ടോണി ആബട്ട് ജി, യുകെ മുൻ പ്രധാനമന്ത്രി ഹിസ് എക്‌സലൻസി ഋഷി സുനക് ജി, വിശിഷ്ടാതിഥികളെ , മഹതികളെ മാന്യന്മാരെ, നമസ്‌കാരം!

ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി  നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ  ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ  ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.

സുഹൃത്തുക്കളേ,

ഇന്ന് ലോകം സ്പഷ്ടമായ മാർഗ്ഗതടസ്സങ്ങളേയും വേഗപ്പൂട്ടുകളേയും  നേരിടുമ്പോൾ, അൺസ്റ്റോപ്പബിൾ ഭാരത് എന്നതിനെക്കുറിച്ചുള്ള ചർച്ച തികച്ചും സ്വാഭാവികമാണ്. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പുള്ള സാഹചര്യത്തിന്റെയും വർത്തമാനത്തിന്റെയും പശ്ചാത്തലത്തിൽ ഞാൻ അതിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. 2014 ന് മുമ്പ് അത്തരം ഉച്ചകോടികളിൽ എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? തെരുവുകളിലും അയൽപക്കങ്ങളിലും നടന്ന സമ്മേളനങ്ങളിൽ എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തിരുന്നത്, ഇതെല്ലാം നിങ്ങൾ തീർച്ചയായും ഓർക്കും, അപ്പോൾ നിങ്ങൾ ശ്രദ്ധിക്കും, ആഗോള പ്രതിസന്ധികളെ ഇന്ത്യ എങ്ങനെ നേരിടും എന്നതായിരുന്നു ചർച്ച? ദുർബലമായ അഞ്ചിൽ നിന്ന് ഇന്ത്യ എങ്ങനെ പുറത്തുവരും? ഇന്ത്യ എത്ര കാലം നയ സ്തംഭനാവസ്ഥയിൽ തുടരും? ഇന്ത്യയിലെ വലിയ അഴിമതികൾ എപ്പോൾ അവസാനിക്കും?

സുഹൃത്തുക്കളേ,

അക്കാലത്ത്, സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുകൾ എങ്ങനെയാണ് നിയന്ത്രണാതീതമായത് എന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. “महंगाई डायन खाए जात हैं” (“പണപ്പെരുപ്പം നമ്മളെ കാർന്നു തിന്നുകയാണ്”) പോലുള്ള ഗാനങ്ങൾ പ്രബലമായിരുന്നു. 2014 ന് മുമ്പ് എന്തായിരുന്നു അവസ്ഥയെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കും. അന്ന്, രാജ്യത്തെയും ലോകത്തിന്റെയും ജനങ്ങളും വിശ്വസിച്ചിരുന്നത് നിരവധി പ്രതിസന്ധികളിൽ കുടുങ്ങിയ ഇന്ത്യയ്ക്ക് അവയിൽ നിന്ന് ഒരിക്കലും കരകയറാൻ കഴിയില്ല എന്നാണ്. എന്നാൽ കഴിഞ്ഞ പതിനൊന്ന് വർഷത്തിനുള്ളിൽ, ഇന്ത്യ എല്ലാ ആശങ്കകളും ഇല്ലാതാക്കി. രാജ്യം എല്ലാ വെല്ലുവിളികളെയും മറികടന്നു. ഇന്ന്, ഇന്ത്യ ദുർബലമായ അഞ്ചിൽ നിന്ന് ഉയർന്നുവന്ന് മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്ന് പണപ്പെരുപ്പം 2 ശതമാനത്തിൽ താഴെയാണ്, വളർച്ചാ നിരക്ക് 7 ശതമാനത്തിൽ കൂടുതലാണ്. ഇന്ന്, ചിപ്പുകൾ മുതൽ കപ്പലുകൾ വരെ,സ്വന്തമായി നിർമ്മിക്കുന്ന  സ്വാശ്രയ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞ ഇന്ത്യയാണ്. ഭീകരാക്രമണങ്ങൾക്ക് ശേഷം ഇന്ത്യ ഇപ്പോൾ മൗനം പാലിക്കുന്നില്ല, സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവ നടത്തി ഇന്ത്യ ഉചിതമായ മറുപടി നൽകുന്നു.

സുഹൃത്തുക്കളേ,

ലോകം ജീവിതത്തിന്റെയും മരണത്തിന്റെയും നിഴലിൽ കഴിഞ്ഞിരുന്ന കോവിഡ് കാലഘട്ടത്തെക്കുറിച്ച് ഓർക്കുക. ഇത്രയും വലിയ ജനസംഖ്യയുള്ള ഒരു രാജ്യം ഇത്രയും വലിയ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്ന് ലോകം ചിന്തിച്ചു, ഇന്ത്യ കാരണം ലോകം മുങ്ങുമെന്ന്  വരെ ആളുകൾക്ക് തോന്നി. വിവിധ ഊഹാപോഹങ്ങൾ പ്രചരിച്ചു. എന്നാൽ എല്ലാ ഊഹാപോഹങ്ങളും തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഞങ്ങൾ തിരിച്ചടിച്ചു; ഞങ്ങൾ വേഗത്തിൽ സ്വന്തം വാക്സിൻ വികസിപ്പിച്ചെടുത്തു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ വാക്സിനുകൾ നൽകി, ഇത്രയും വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറിയ ശേഷം, ഞങ്ങൾ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറി.

സുഹൃത്തുക്കളേ,

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉയർന്നുവരുന്ന ഇന്നും  കൊറോണയുടെ ആഘാതം അവസാനിച്ചിട്ടില്ല . യുദ്ധവാർത്തകൾ വാർത്തകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്ത്യയുടെ വളർച്ചയ്ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യം വീണ്ടും ഉയർന്നുവന്നു, അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യ എല്ലാ ഊഹാപോഹങ്ങളും തെറ്റാണെന്ന് വീണ്ടും തെളിയിച്ചു. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മുന്നേറി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ ശരാശരി വളർച്ച 7.8 ശതമാനമായിരുന്നു. ഇത് അഭൂതപൂർവവും അപ്രതീക്ഷിതവുമാണ്. രണ്ട് ദിവസം മുമ്പ്, ചരക്ക് കയറ്റുമതി കണക്കുകൾ പുറത്തുവന്നു; ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 7 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം, ഇന്ത്യ ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ കാർഷിക കയറ്റുമതി ചെയ്തു. പല രാജ്യങ്ങളുടെയും അസ്ഥിരമായ റേറ്റിംഗുകൾക്കിടയിൽ, 17 വർഷത്തിനുശേഷം എസ് & പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. ഐഎംഎഫ് ഇന്ത്യയുടെ വളർച്ചയും ഉയർത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഗൂഗിൾ, ഇന്ത്യയുടെ AI മേഖലയിൽ 15 ബില്യൺ ഡോളറിന്റെ വലിയ നിക്ഷേപം പ്രഖ്യാപിച്ചു. ഇന്ന്, ഗ്രീൻ എനർജി സെമികണ്ടക്ടറുകളുടെ മേഖലയിലും വലിയ നിക്ഷേപങ്ങൾ നടക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയുടെ വളർച്ച ആഗോള അവസരങ്ങളെ രൂപപ്പെടുത്തുന്നു, ഞാൻ ഇത് വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. അടുത്തിടെ ഒപ്പുവച്ച EFTA വ്യാപാര കരാർ ഇതിന് ഒരു മികച്ച ഉദാഹരണമാണ്. യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇത് ഇന്ത്യയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ സുഹൃത്ത്, യുകെ പ്രധാനമന്ത്രി സ്റ്റാർമർ, തന്റെ ഏറ്റവും വലിയ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യ സന്ദർശിച്ചു, ഇത് ഇന്ത്യ കൈവശം വച്ചിരിക്കുന്ന വിശാലമായ അവസരങ്ങളിൽ ലോകം വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് കാണിക്കുന്നു. ഇന്ന്, G7 രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാരം 60 ശതമാനത്തിലധികം വർദ്ധിച്ചു. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതും സ്ഥിരതയുള്ളതുമായ ഒരു പങ്കാളിയായി കാണുന്നു. ഇലക്ട്രോണിക്സ് മുതൽ ഫാർമ വരെ, ഓട്ടോമൊബൈൽ മുതൽ മൊബൈൽ നിർമ്മാണം വരെ, നിക്ഷേപത്തിന്റെ ഒരു തരംഗം ഇന്ത്യയിലേക്ക് വരുന്നു. ഈ നിക്ഷേപം ഇന്ത്യയെ ആഗോള വിതരണ ശൃംഖലയുടെ ഒരു നാഡി കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ഈ ഉച്ചകോടിയിൽ, നിങ്ങൾ അജ്ഞാതത്തിന്റെ അഗ്രം(അനിശ്ചിതാവസ്ഥയുടെ മൂർത്തിമത്ഭാവം)എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. ലോകത്തെ സംബന്ധിച്ചിടത്തോളം, അജ്ഞാതത്തിന്റെ അഗ്രം ഒരു അനിശ്ചിതത്വമുള്ള കാര്യമായിരിക്കാം, പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് അവസരങ്ങളിലേക്കുള്ള ഒരു കവാടമാണ്. കാലങ്ങളായി, ഇന്ത്യ അജ്ഞാത പാതകളിലൂടെ സഞ്ചരിക്കാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട്. നമ്മുടെ വിശുദ്ധന്മാർ, നമ്മുടെ ശാസ്ത്രജ്ഞർ, നമ്മുടെ നാവികർ എല്ലായ്പ്പോഴും "ആദ്യപടി" മാറ്റത്തിന്റെ തുടക്കമാണെന്ന് തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയായാലും, കൊറോണ വാക്സിനുകളുടെ ആവശ്യകതയായാലും, വൈദഗ്ധ്യമുള്ള മനുഷ്യശക്തിയായാലും, ഫിൻടെക്കായാലും, അല്ലെങ്കിൽ ഹരിത ഊർജ്ജ മേഖലയായാലും, എല്ലാ അപകടസാധ്യതകളെയും പരിഷ്കാരമായും, എല്ലാ പരിഷ്കാരങ്ങളെയും പ്രതിരോധശേഷിയായും, എല്ലാ പ്രതിരോധശേഷിയെയും വിപ്ലവമായും ഞങ്ങൾ മാറ്റി. അടുത്തിടെ, ഇന്ത്യയിലെ പരിഷ്കാരങ്ങളുടെ ധൈര്യത്തിൽ താൻ വളരെ ആവേശഭരിതനാണെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു. അദ്ദേഹം ഒരു ഉദാഹരണവും നൽകി, ഇന്ത്യയിൽ ഒരിക്കൽ ഒരു പരിഷ്കാരം നടന്നിരുന്നുവെന്ന് നിങ്ങൾക്കറിയാം. ഒരു ആവാസവ്യവസ്ഥ അതിന്റെ വാഴ്ത്ത്പാട്ടുകൾ പാടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുഹൃത്തുക്കൾ അവിടെ ചിരിക്കുന്നു, പക്ഷേ അത് നിർബന്ധം മൂലമായിരുന്നു, ആ നിർബന്ധവും ഐഎംഎഫിൽ നിന്നായിരുന്നു. ഇന്ന്, ഉത്തമ ബോധ്യം മൂലമാണ് പരിഷ്കാരങ്ങൾ നടക്കുന്നത്, പരിഷ്കരണത്തിൽ ഇന്ത്യയുടെ ധൈര്യം അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് അതേ ഐഎംഎഫ് പറയുന്നു. ഐ‌എം‌എഫ് മേധാവി ഒരു ഉദാഹരണം കൂടി പറഞ്ഞു: ബഹുജന തലത്തിൽ ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്നത് സാധ്യമല്ലെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ഇന്ത്യ അത്  തെറ്റാണെന്ന് തെളിയിച്ചു. ഇന്ന്, ഫിൻ‌ടെക് ലോകത്ത് ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ അമ്പത് ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്, 50 ശതമാനം! ആഗോള ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റത്തിൽ ഇന്ത്യയുടെ യുപിഐ ആധിപത്യം സ്ഥാപിക്കുന്നു. ഇതിനർത്ഥം എല്ലാ പ്രവചനങ്ങളെയും എല്ലാ വിലയിരുത്തലുകളെയും മറികടക്കുന്നത് ഇന്ന് ഇന്ത്യയുടെ സ്വഭാവമായി മാറിയിരിക്കുന്നു എന്നാണ്. ഞാൻ "പ്രകൃതി" എന്ന വാക്ക് ഉപയോഗിച്ചില്ല, ഞാൻ "സ്വഭാവം" എന്ന് പറഞ്ഞു, മോദി ഇവിടെയുള്ളതിനാൽ അദ്ദേഹം സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയെ  (ഭാരതം) ഒരു കാര്യത്തിലും തടയാനാവാത്തത്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ നേട്ടങ്ങളുടെ യഥാർത്ഥ ശക്തി ജനങ്ങളിൽ നിന്നാണ് വരുന്നത്, രാജ്യത്തെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ ഗവൺമെൻ്റിൻ്റെ  സമ്മർദ്ദമോ ഇടപെടലോ ഇല്ലാത്തപ്പോൾ മാത്രമേ അവരുടെ കഴിവുകളെ  ശരിയായി ഉപയോഗിക്കാൻ കഴിയൂ. കൂടുതൽ ഗവൺമെന്റൽവൽക്കരണം ഉള്ളിടത്ത് കൂടുതൽ ബ്രേക്കുകൾ ഉണ്ടാകും, കൂടുതൽ ജനാധിപത്യവൽക്കരണം ഉള്ളിടത്ത് കൂടുതൽ വേഗത ഉണ്ടാകും. നിർഭാഗ്യവശാൽ, 60 വർഷക്കാലം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും നയങ്ങളുടെയും പ്രക്രിയകളുടെയും ഗവൺമെന്റൽവൽക്കരണത്തിന് ഊന്നൽ നൽകി. കഴിഞ്ഞ 11 വർഷമായി നയങ്ങളുടെയും പ്രക്രിയകളുടെയും ജനാധിപത്യവൽക്കരണത്തിനായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.അൺസ്റ്റോപ്പബിൾ ഭാരതത്തിന്(തടയാനാവാത്ത ഭാരതത്തിന്) പിന്നിലെ ഒരു പ്രധാന കാരണവും ഇതാണ്. ബാങ്കിംഗിന്റെ ഉദാഹരണമെടുക്കുക. 1960-ലെ ദശകത്തിൽ ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചതിന് പിന്നിലെ കാരണം എന്തായിരുന്നു? ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും, അതായത് രാജ്യത്തെ സാധാരണക്കാർക്കും ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്നതിനാണ് ദേശസാൽക്കരണം നടത്തിയതെന്ന് പറയപ്പെട്ടു. ഇതാണ് ന്യായീകരണം. വാസ്തവത്തിൽ കോൺഗ്രസ് എന്താണ് ചെയ്തത്, സർക്കാരുകൾ എന്താണ് ചെയ്തത്? ബാങ്കുകൾ രാജ്യത്തെ ജനങ്ങളിൽ നിന്ന് കൂടുതൽ അകന്നു; ദൂരം വർദ്ധിച്ചു. ദരിദ്രർ ബാങ്കുകളുടെ വാതിലുകളിൽ പോകാൻ പോലും ഭയപ്പെട്ടിരുന്നു. 2014 ൽ നമ്മുടെ സർക്കാർ രൂപീകരിച്ചപ്പോൾ, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിന്റെ മാത്രം പ്രശ്‌നമല്ല ഇത്. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ബാങ്കിംഗിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു എന്നാണ് ഇതിനർത്ഥം. വിപണിയിൽ ഉയർന്ന പലിശ നിരക്കുകൾ നൽകാനും ആവശ്യം വന്നപ്പോൾ  വീടും സ്ഥലവും പണയപ്പെടുത്താനും അവർ നിർബന്ധിതരായി.

സുഹൃത്തുക്കളേ,

ഈ ഗവൺമെൻറ് നിയന്ത്രിത സംവിധാനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു, ഞങ്ങൾ അത് നേടിയെടുത്തു. ബാങ്കിംഗ് മേഖലയെ ജനാധിപത്യവൽക്കരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി ഞങ്ങൾ 50 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറന്നു, അതായത്, ലോകമെമ്പാടും തുറന്ന എല്ലാ അക്കൗണ്ടുകളുടെയും ആകെത്തുക ഒരു വശത്തും ഇന്ത്യ മാത്രം മറുവശത്തും, ഇപ്രകാരം ധാരാളം പ്രവർത്തനങ്ങൾ നടന്നു. ഇന്ന്, രാജ്യത്തെ ഓരോ ഗ്രാമത്തിനും ഒരുതരം ബാങ്കിംഗ് ടച്ച് പോയിന്റ് ഉണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും സാമ്പത്തികമായി ഉൾക്കൊള്ളുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റി. കോൺഗ്രസ് സർക്കാരിന്റെ ഭരണം ബാങ്കുകളിൽ നിഷ്‌ക്രിയ ആസ്തികളുടെ ഒരു ശേഖരം  സൃഷ്ടിച്ചു. ബിജെപിയുടെ ജനാധിപത്യവൽക്കരണം ബാങ്കുകളെ  റെക്കോർഡ് ലാഭത്തിലേക്ക് നയിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിൽ, വനിതാ സ്വയം സഹായ സംഘങ്ങൾ, ചെറുകിട കർഷകർ, കന്നുകാലി കർഷകർ, മത്സ്യത്തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വിശ്വകർമ സുഹൃത്തുക്കൾ എന്നിവർക്ക് ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

പെട്രോൾ, ഗ്യാസ് മേഖലയുടെ ഒരു ഉദാഹരണം കൂടി ഞാൻ പറയാം . ദേശസാൽക്കരണം എന്ന ആശയം പ്രബലമായിരുന്ന 2014 ന് മുമ്പ് സ്ഥിതി എന്തായിരുന്നു? പെട്രോളിനും ഡീസലിനും സബ്‌സിഡികൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ കോൺഗ്രസ് സർക്കാർ രാത്രി 8 നും രാവിലെ 8 നും ഇടയിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. പറയൂ! ഹേ സഹോദരാ, അവൻ ഏഴ് മണിക്ക് ഇന്ധനം നിറയ്ക്കും! ഇന്നത്തെ സ്ഥിതി എന്താണ്? ഇന്ന്, പെട്രോൾ പമ്പുകൾ 24 മണിക്കൂറും തുറന്നിരിക്കും, ബദൽ ഇന്ധനങ്ങളിലും ഇലക്ട്രിക് മൊബിലിറ്റിയിലും നമ്മൾ അഭൂതപൂർവമായ നിക്ഷേപം നടത്തുകയാണ്.

സുഹൃത്തുക്കളേ,

കോൺഗ്രസ് ഭരണകാലത്ത്, ഗ്യാസ് കണക്ഷൻ ലഭിക്കാൻ പോലും എംപിമാരിൽ നിന്ന് കത്തുകൾ വേണമായിരുന്നു. ഒരു പാർലമെന്റ് അംഗത്തിന് ഒരു വർഷത്തിൽ 25 കൂപ്പണുകൾ ലഭിക്കുമ്പോൾ , അദ്ദേഹം തന്റെ പ്രദേശത്തെ ആളുകൾക്ക് ഗ്യാസ് കണക്ഷനുകൾക്കായി ആ 25 കൂപ്പണുകൾ നൽകുമായിരുന്നു. അപ്പോൾ, ആളുകൾ അദ്ദേഹത്തിന്റെ വീട്ടിൽ വരിയിൽ നിന്ന്, "എനിക്ക് ഒരു ഗ്യാസ് കൂപ്പൺ തരൂ, ഇതാണ് സ്ഥിതി" എന്ന് പറയുമായിരുന്നു. 2013 ലെ പത്രങ്ങൾ എടുത്ത് നോക്കൂ, നിങ്ങൾ അത്ഭുതപ്പെടും, 2014 ൽ മോദിയുമായി മത്സരിക്കാൻ കോൺഗ്രസ് ഒരു തന്ത്രം മെനയുകയായിരുന്നു. അന്ന് അവർക്ക് എന്നെ നന്നായി അറിയില്ലായിരുന്നു, ഇപ്പോഴും അവർക്ക് അറിയില്ലായിരിക്കാം. അപ്പോൾ, പൊതുജനങ്ങൾക്ക് എന്ത് വാഗ്ദാനമാണ് നൽകേണ്ടതെന്നതിനെക്കുറിച്ചായിരുന്നു അവരുടെ ചർച്ച, അതിനാൽ പ്രതിവർഷം 6 സിലിണ്ടറുകൾ നൽകണോ അതോ 9 സിലിണ്ടറുകൾ നൽകണോ എന്നതായിരുന്നു ചർച്ച, ഇത് ചർച്ച ചെയ്യപ്പെട്ടു. അതായത്, ഈ സംവിധാനം ഒരു പരിധിവരെ ഗവൺമെന്റവൽക്കരണത്താൽ ആധിപത്യം പുലർത്തി. എന്നാൽ ഞങ്ങൾ വന്നതിനുശേഷം എന്താണ് ചെയ്തത്? ഈ സൗകര്യം സ്വപ്നം പോലും കാണാൻ കഴിയാത്ത  10 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് ഞങ്ങൾ സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. ഗ്രാമങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ വന്നിരുന്ന കാലത്ത്, സാധാരണക്കാർ വിശ്വസിച്ചിരുന്നത് സമ്പന്നർക്കും വലിയവർക്കും വേണ്ടിയുള്ളതാണ് ഈ സൗകര്യം എന്നാണ്.അതായത്  അവരുടെ(സമ്പന്നരുടെ)വീടുകളിൽ ഗ്യാസ് ഉണ്ടാകാം, പക്ഷേ ദരിദ്രരുടെ വീടുകളിൽ അങ്ങനെ ആകരുത് എന്നാണ്. ഈ സാഹചര്യം ഞങ്ങൾ മാറ്റിമറിച്ചു, 10 കോടി വീടുകളിൽ ഗ്യാസ് സ്റ്റൗ എത്തി. ഇതാണ് വ്യവസ്ഥയുടെ ജനാധിപത്യവൽക്കരണം, ഇതാണ് ഭരണഘടനയുടെ യഥാർത്ഥ ആത്മാവ്.

സുഹൃത്തുക്കളേ,

ദേശസാൽക്കരണ ചിന്തയുടെ ആ കാലഘട്ടത്തിൽ, നമ്മുടെ ഗവൺമെൻറ്  കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും പൂട്ടിയ ശേഷം കോൺഗ്രസ് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു. അത് മുങ്ങുകയാണ്, അതിനെ പൂട്ടാം.അത് മുങ്ങുകയാണ്, അതിനെ പൂട്ടാം .നമ്മൾ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യേണ്ടത് .ഇതായിരുന്നു  കോൺഗ്രസ് ചിന്തിച്ചത്.അത് മുങ്ങിയാൽ അത് മുങ്ങും, അത് അതിൻ്റെ സ്വാഭാവിക മരണമായിരിക്കും, നമ്മുടെ പോക്കറ്റിൽ നിന്ന് നമുക്ക് എന്ത് നഷ്ടപ്പെടും, ഇതായിരുന്നു കോൺഗ്രസ് ചിന്ത. ഈ ചിന്തയും നമ്മൾ മാറ്റി, ഇന്ന് നമ്മൾ കാണുന്നത്, അത് എൽഐസി, എസ്ബിഐ അല്ലെങ്കിൽ നമ്മുടെ മറ്റ് വലിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആകട്ടെ, അവയെല്ലാം ലാഭത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു എന്നതാണ്.

സുഹൃത്തുക്കളേ,

ഗവൺമെൻറ്  നയങ്ങൾ ഗവൺമെന്റ്വൽക്കരണത്തേക്കാൾ ജനാധിപത്യവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ, നാട്ടുകാരുടെ മനോവീര്യം ഉയർന്നതാകും . ഗവൺമെന്റ്വൽക്കരണത്തെക്കുറിച്ചുള്ള ഈ ചിന്തയോടെ, കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരുന്നു, ദാരിദ്ര്യം തുടച്ചുനീക്കുക, ദാരിദ്ര്യം തുടച്ചുനീക്കുക, നിങ്ങൾ എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് കണ്ടിട്ടുണ്ടാകും, ചെങ്കോട്ടയിൽ നിന്ന് ഈ കുടുംബത്തിന്റെ എല്ലാ പ്രസംഗങ്ങളും കേൾക്കൂ, ഈ കുടുംബത്തിൽ നിന്ന് പതാക ഉയർത്താൻ ചെങ്കോട്ടയിൽ പോയവർ ആരായാലും, ആദ്യം മുതൽ അവസാനം വരെ ദാരിദ്ര്യത്തെക്കുറിച്ച് പ്രസംഗിക്കാത്ത ഒരു നേതാവും ഉണ്ടായിരുന്നില്ല. നിങ്ങൾക്ക് ഈ പ്രസംഗങ്ങളെല്ലാം YouTube-ൽ കേൾക്കാം, പക്ഷേ ദാരിദ്ര്യം കുറഞ്ഞില്ല .എന്നാൽ കഴിഞ്ഞ 11 വർഷത്തിനിടെ 25 കോടി ദരിദ്രരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത് നമ്മുടെ ജനാധിപത്യവൽക്കരണ സമീപനമാണ്, അതുകൊണ്ടാണ് രാഷ്ട്രം നമ്മളെ വിശ്വസിക്കുന്നത്, അതുകൊണ്ടാണ് ഇന്ത്യയെ തടയാൻ കഴിയാത്തത്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയിൽ ദരിദ്രരെയും പിന്നാക്കക്കാരെയും സേവിക്കുന്നതിനായി സമർപ്പിതമായ ഒരു ഗവൺമെന്റുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് ഞങ്ങൾ മുൻഗണന നൽകുന്നു. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ പൂർണ്ണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നു. പലപ്പോഴും, വലിയ ചർച്ചകളിൽ ഈ വിഷയം അവഗണിക്കപ്പെടുന്നു. ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകട്ടെ. അടുത്തിടെ ബി‌എസ്‌എൻ‌എൽ അവരുടെ മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്ക് പുറത്തിറക്കിയതായി സംസാരമുണ്ടായിരുന്നു.

 അതേ, സുഹൃത്തുക്കളേ,

രാജ്യത്തിന് ഇത് വലിയൊരു വിജയമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും, ലോകത്ത് 4G സ്റ്റാക്കിന്  തയ്യാറായി നിൽക്കുന്ന 5 മികച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എല്ലാ തലക്കെട്ടുകളിലും "ഇത് 2G-യിൽ സംഭവിച്ചു, അത് 2G-യിൽ സംഭവിച്ചു" എന്ന വാർത്ത നിറഞ്ഞിരിക്കുന്നതിനാൽ ഇന്ത്യ 2G, 2G, 2G എന്ന്  കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ 4G-യെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനാൽ ഇതിന് കുറച്ച് സമയമെടുക്കും, അത് വിശദീകരിച്ച് എനിക്ക് മടുത്തു. കോൺഗ്രസ് നശിപ്പിച്ച് നാമാവശേഷമാക്കിയ ഗവൺമെൻറ്  കമ്പനിയായ BSNL ഇപ്പോൾ പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ്.

പക്ഷേ സുഹൃത്തുക്കളേ,

ഇത് രാജ്യത്തിന്റെ വിജയത്തിന്റെ ഒരു വശം മാത്രമാണ്. ഇതിന്റെ മറുവശം, ഈ 4G സ്റ്റാക്ക് ആരംഭിച്ച അതേ ദിവസം തന്നെ, BSNL ഏകദേശം ഒരു ലക്ഷം 4G മൊബൈൽ ടവറുകൾ ആരംഭിച്ചു എന്നതാണ്, ഇതിന്റെ ഫലം എന്തായിരുന്നു? ഇതുവരെ അതിവേഗ ഇന്റർനെറ്റ് ലഭ്യമല്ലാതിരുന്ന വിദൂര വനങ്ങളിലും പർവതപ്രദേശങ്ങളിലും താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇത് അതിവേഗ ഇന്റർനെറ്റ് സേവനം എത്തിച്ചു.

സുഹൃത്തുക്കളേ,

ഇനി മറ്റൊരു അത്ഭുതകരമായ കാര്യം ഞാൻ നിങ്ങളോട് പറയട്ടെ. 2G, 4G, 6G മുതലായവയെക്കുറിച്ച് നമ്മൾ നിരന്തരം കേൾക്കുന്നു, തുടർന്ന് നമുക്ക് ചുറ്റുമുള്ള ലോകം കാണുന്നു, മറ്റെന്തെങ്കിലും ചിന്തിക്കുന്നു, ചിന്തിച്ചതിനുശേഷം, പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു, രാജ്യത്തിന്റെ ഈ വിജയത്തിന്റെ മൂന്നാമത്തെ വശം, ഇതുവരെ മാധ്യമങ്ങൾ ആ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല. ശരി, എന്റെ അഭിപ്രായത്തിൽ അവർ ഇതുപോലെ പലകാര്യങ്ങളിലും  വളരെ പിന്നിലാണ്. അത്തരം സൗകര്യങ്ങൾ വിദൂര പ്രദേശങ്ങളിൽ എത്തുമ്പോൾ, ആ പ്രദേശങ്ങളിലെ ആളുകളുടെ ജീവിതം എങ്ങനെ മാറുന്നു. നിങ്ങൾ ഇ-സഞ്ജീവനിയെക്കുറിച്ച് കേട്ടിരിക്കാം. ഈ ഇ-സഞ്ജീവനിയുടെ ഒരു ഉദാഹരണം ഞാൻ നൽകട്ടെ. വിദൂര വനങ്ങളിലെവിടെയോ താമസിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് കരുതുക, അതിലെ ഒരാൾ  മലനിരകളിലെവിടെയോ, വനങ്ങളിലെവിടെയോ വച്ച് അസുഖം ബാധിച്ച് രോഗിയായി എന്ന് കരുതുക . ഇപ്പോൾ മോശം കാലാവസ്ഥ കാരണം, അവർക്ക് അവരുടെ രോഗിയായ കുടുംബാംഗത്തെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല. അപ്പോൾ അവർ എന്തു ചെയ്യും? അത്തരമൊരു സാഹചര്യത്തിൽ, അതിവേഗ കണക്റ്റിവിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു സേവനമായ ഇ-സഞ്ജീവനിയുടെ  സേവനം അവരെ  വളരെ അധികം സഹായിക്കുന്നു.

സുഹൃത്തുക്കളേ,

രോഗിക്ക്  തന്റെ ഫോണിലെ ഇ-സഞ്ജീവനി ആപ്പ് വഴി ഡോക്ടറുമായി ബന്ധപ്പെടാനും  ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുമായി കൂടിയാലോചിക്കുന്നതിനുള്ള സൗകര്യവും  ലഭിക്കുന്നു. ഇതുവരെ 42 കോടി ആളുകൾ ഇ-സഞ്ജീവനി വഴി ഒപിഡി കൺസൾട്ടേഷൻ എടുത്തിട്ടുണ്ടെന്ന് അറിയുമ്പോൾ എൻഡിടിവിയുടെ കാണികൾക്ക്   സന്തോഷമുണ്ടാകും. അതായത് 4G, 2G വെറുമൊരു സൗകര്യമല്ല, അത് ജീവിതത്തിൽ ഒരു പുതിയ ശക്തിയായി ഉയർന്നുവരുന്നു, ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, രാവിലെ മുതൽ വൈകുന്നേരം വരെ രാജ്യത്തെ 1 ലക്ഷത്തിലധികം ആളുകൾക്ക് ഇ-സഞ്ജീവനിയിൽ സഹായം ലഭിച്ചു. ഞാൻ നിങ്ങളോട് പറയുന്നത് 12 മണിക്കൂറിനെക്കുറിച്ചാണ്. ഇ-സഞ്ജീവനി വെറുമൊരു സൗകര്യമല്ല; പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് ഉടനടി സഹായം ലഭിക്കുമെന്ന ഉറപ്പാണിത്. സിസ്റ്റത്തിലെ ജനാധിപത്യവൽക്കരണത്തിന്റെ അത്ഭുതങ്ങളുടെ ഒരു ഉദാഹരണമാണിത്!

സുഹൃത്തുക്കളേ,

ഒരു സൂക്ഷ്മബോധമുള്ള ഗവൺമെന്റ്, ജനാധിപത്യത്തിന് സമർപ്പിതമായ ഒരു ഗവൺമെന്റ്, ഭരണഘടനയ്ക്ക് സമർപ്പിതമായ ഒരു ഗവൺമെന്റ്, അത്തരം തീരുമാനങ്ങൾ എടുക്കുകയും നയങ്ങൾ എടുക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിലും ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിലുമാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. ഉദാഹരണത്തിന്, 1 ജിബി ഡാറ്റയ്ക്ക് മുമ്പ് 300 രൂപയായിരുന്നു, ഇപ്പോൾ അതിന് 10 രൂപ ചിലവാകും. അതായത്, ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റിൽ എല്ലാ വർഷവും ആയിരക്കണക്കിന് രൂപ ലാഭിക്കപ്പെടുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾ 1.25 ലക്ഷം കോടി രൂപ ലാഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ 80 ശതമാനം കിഴിവിൽ മരുന്നുകൾ ലഭ്യമാണ്. ഇതുമൂലം, ആളുകൾക്ക് ഏകദേശം 40,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന  സ്റ്റെന്റുകളുടെ വില കുറച്ചതിനാൽ, ദരിദ്രരും ഇടത്തരക്കാരും പ്രതിവർഷം 12,000 കോടി രൂപ ലാഭിക്കുന്നു.

സുഹൃത്തുക്കളേ,

സത്യസന്ധരായ നികുതിദായകർക്ക് ഞങ്ങൾ നേരിട്ടുള്ള ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. അത് ആദായനികുതിയായാലും ജിഎസ്ടിയായാലും, വലിയ കുറവുണ്ടായിട്ടുണ്ട്. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്റെ നികുതി പൂജ്യമായി കുറച്ചു. ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ നിലവിൽ സജീവമാണ്. അതായത്, ഇക്കാലത്ത് എല്ലായിടത്തും വിപണികളുടെ ചിത്രങ്ങൾ ഞാൻ കാണുന്നു, നിങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ എന്തുകൊണ്ട് എല്ലായിടത്തും എന്ന് കാണാം ? ഈ സാഹചര്യം സൃഷ്ടിച്ചത് ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവലാണ്. മുൻകാലത്തെ  വിൽപ്പന റെക്കോർഡുകളെല്ലാം തകർക്കപ്പെടുന്നതായി ഇന്ന് നാം കാണുന്നു. ആദായനികുതിയുടെയും ജിഎസ്ടിയുടെയും ഈ രണ്ട് ഘട്ടങ്ങളിലൂടെ, ഒരു വർഷത്തിനുള്ളിൽ ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ  കഴിയുമെന്ന് രാജ്യവാസികൾക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

സമീപകാലത്ത്, രാജ്യവും ലോകവും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. അടുത്തിടെ, നമ്മുടെ സുഹൃത്ത് രാഹുൽ ജിയും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചു. അദ്ദേഹം ഒരു സൈനിക കുടുംബത്തിൽ നിന്നുള്ളയാളാണ്, അതിനാൽ അതിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം സ്വാഭാവികമാണ്. ആ കാര്യങ്ങൾ അദ്ദേഹത്തിന്റെ സിരകളിൽ ഓടുന്നു. അദ്ദേഹം അതിനെ അഭിമാനത്തോടെ പ്രശംസിച്ചു, രാജ്യവും ലോകവും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് ഞാൻ നിങ്ങളെ മറ്റൊരു വിഷയത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു, അത് രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, എന്റെ യുവതയുടെ  ഭാവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഷയം നക്സലിസത്തെക്കുറിച്ചാണ്, നക്സലിസം എന്ന പദം അത്തരം ആളുകളാണ് സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. വാസ്തവത്തിൽ, ഇത് മാവോയിസ്റ്റ് ഭീകരതയെക്കുറിച്ചാണ്. ഇന്ന്, ഈ മാവോയിസ്റ്റ് ഭീകരതയുടെ കഥയാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് നഗര നക്സലുകളുടെ ആവാസവ്യവസ്ഥയിൽ,നഗര നക്സലുകൾ ഒരു തരത്തിൽ പ്രബലരായിരുന്നു, അവർ ഇപ്പോഴും പ്രബലരാണ്, മാവോയിസ്റ്റ് ഭീകരതയുടെ ഒരു സംഭവവും രാജ്യത്തെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ്  കനത്ത സെൻസർഷിപ്പ് നടത്തിയിരുന്നു, നമ്മുടെ രാജ്യത്ത് തീവ്രവാദത്തെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിരുന്നു.ആർട്ടിക്കിൾ 370 നെ കുറിച്ച് പണ്ട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് നമ്മുടെ നഗരങ്ങളിൽ തഴച്ചുവളർന്നിരുന്ന, അത്തരം സ്ഥാപനങ്ങൾ കൈയടക്കിയ നഗര നക്സലുകൾ, മാവോയിസ്റ്റ് ഭീകരതയെ മറച്ചുവെച്ച് രാജ്യത്തെ ഇരുട്ടിൽ നിർത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മാവോയിസ്റ്റ് ഭീകരതയുടെ നിരവധി ഇരകൾ ഡൽഹിയിലേക്ക് വന്നു; ഇത് വളരെ വേദനാജനകമായ കാര്യമായിരുന്നു . അവർ ധാരാളമായി വന്നിരുന്നു, ചിലർക്ക് കാലുകൾ നഷ്ടപ്പെട്ടു, ചിലർക്ക് കൈകൾ നഷ്ടപ്പെട്ടു, ചിലർക്ക് കണ്ണുകളും . ചിലർക്ക്  ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടു. ഇവർ മാവോയിസ്റ്റ് ഭീകരതയുടെ ഇരകളായിരുന്നു. ദരിദ്രർ, ആദിവാസികൾ, ഗ്രാമത്തിലെ സഹോദരീസഹോദരന്മാർ, കർഷകരുടെ മക്കൾ, അമ്മമാർ, സഹോദരിമാർ, പലരുടെയും കാലുകൾ മുറിച്ചുമാറ്റി, അവർ ഡൽഹിയിൽ എത്തി, ഏഴ് ദിവസം താമസിച്ചു. കൈകൾ കൂപ്പിയാണ് അവർ ഇന്ത്യയിലെ ജനങ്ങളെ അവരുടെ സന്ദേശം അറിയിക്കാൻ ആവശ്യപ്പെട്ടത്. അവർ ഒരു പത്രസമ്മേളനം നടത്തി, നിങ്ങളിൽ ആരും അത് കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടാകില്ല, ഇവിടെ ഇരിക്കുന്ന മാവോയിസ്റ്റ് ഭീകരതയുടെ ഈ കരാറുകാർ, ആ അടിച്ചമർത്തലിന്  ഇരകളായവരുടെ വേദനയുടെ കഥ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്താൻ പോലും അനുവദിച്ചില്ല. കോൺഗ്രസ് ആവാസവ്യവസ്ഥ അത് ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.

സുഹൃത്തുക്കളേ,

രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും നക്സലൈറ്റ് അക്രമത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും പിടിയിലമർന്ന അവസ്ഥയിലായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭരണഘടന പ്രാബല്യത്തിൽ ഉണ്ടായിരുന്നു, എന്നാൽ റെഡ് കോറിഡോറിൽ ആരും അത് പരാമർശിക്കാൻ ധൈര്യപ്പെട്ടില്ല. ഭരണഘടന തലയിൽ കെട്ടി നൃത്തം ചെയ്യുന്നവർ ഇപ്പോഴും ഭരണഘടനയിൽ വിശ്വസിക്കാത്ത ഈ മാവോയിസ്റ്റ് ഭീകരരെ സംരക്ഷിക്കാൻ രാവും പകലും പ്രവർത്തിക്കുന്നുവെന്ന് ഞാൻ വളരെ ഉത്തരവാദിത്തത്തോടെ പറയുന്നു.

സുഹൃത്തുക്കളേ,

സർക്കാർ തിരഞ്ഞെടുക്കപ്പെട്ടു, പക്ഷേ റെഡ് കോറിഡോറിൽ അതിന് അംഗീകാരം ലഭിച്ചില്ല. വൈകുന്നേരമാകുമ്പോൾ, വീട്ടിൽ നിന്ന് പുറത്തുപോകാൻ പ്രയാസമായി. പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നവർക്കും സുരക്ഷ വേണ്ടി വന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 50-55 വർഷത്തിനിടയിൽ, ഈ മാവോയിസ്റ്റ് ഭീകരത കാരണം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു, നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് ഭീകരതയുടെ ഇരകളായി, നമുക്ക് നിരവധി യുവാക്കളെ നഷ്ടപ്പെട്ടു, ഈ നക്സലൈറ്റുകൾ, ഈ മാവോയിസ്റ്റ് ഭീകരർ പ്രദേശത്ത് സ്കൂളുകൾ നിർമ്മിക്കാൻ അനുവദിച്ചില്ല, ആശുപത്രികൾ നിർമ്മിക്കാൻ അനുവദിച്ചില്ല, ഒരു ആശുപത്രി ഉണ്ടെങ്കിൽ പോലും, അവർ ഡോക്ടർമാരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇപ്പോഴും നിലനിന്നിരുന്നവയെ  ബോംബുകൾ ഉപയോഗിച്ച് തകർത്തു. പതിറ്റാണ്ടുകളായി, രാജ്യത്തിന്റെ വലിയൊരു ഭാഗം ജനതയ്ക്ക് വികസനത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു. നമ്മുടെ ഗോത്ര സഹോദരീസഹോദരന്മാർ, ദലിത് സഹോദരീസഹോദരന്മാർ, ദരിദ്രരായ ആളുകൾ എന്നിവർ ഇതുമൂലം വലിയ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നു.

സുഹൃത്തുക്കളേ,

മാവോയിസ്റ്റ് ഭീകരത രാജ്യത്തെ യുവാക്കളോട് ചെയ്യുന്നത്  കടുത്ത അനീതിയാണ്, ഗുരുതരമായ പാപമാണ്. രാജ്യത്തെ യുവാക്കളെ ഈ അവസ്ഥയിൽ എനിക്ക് വിടാൻ കഴിയില്ല, എനിക്ക് അസ്വസ്ഥത തോന്നി,എന്ത്‌ ചെയ്യണമെന്നറിയാതെ  വായ അടച്ചു ഇരിക്കുകയായിരുന്നു. ഇന്ന്, ആദ്യമായി, ഞാൻ എന്റെ വേദന നിങ്ങളോട് പ്രകടിപ്പിക്കുകയാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ എനിക്കറിയാം; ആ അമ്മമാർക്ക് അവരുടെ മക്കളിൽ നിന്ന് ചില പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ഒന്നുകിൽ അവർ മാവോയിസ്റ്റ് ഭീകരരുടെ നുണകളിൽ കുടുങ്ങിപ്പോയിരിക്കാം അല്ലെങ്കിൽ അവർ മാവോയിസ്റ്റ് ഭീകരതയുടെ ഇരകളായി. അതിനാൽ, 2014 ന് ശേഷം, വഴിതെറ്റിയ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങളുടെ ഗവൺമെൻറ്   പൂർണ്ണ സംവേദനക്ഷമതയോടെ ശ്രമിച്ചു, ഇന്ന് ഞാൻ ആദ്യമായി ഇത് നാട്ടുകാരോട് പറയുന്നു, നാട്ടുകാർ സംതൃപ്തരാകും, നാട്ടുകാർ നമ്മെ അനുഗ്രഹിക്കും, മക്കളെ നഷ്ടപ്പെട്ട അമ്മമാർ, ആ അമ്മമാർ നമ്മെ അനുഗ്രഹിക്കും, അവർ രാജ്യത്തിന്റെ ശക്തിയെ അനുഗ്രഹിക്കും, ഇന്ന് രാജ്യം അതിന്റെ ഫലങ്ങൾ കാണുന്നു. 11 വർഷം മുമ്പ് വരെ, രാജ്യത്തെ 125 ലധികം ജില്ലകളെ മാവോയിസ്റ്റ് ഭീകരത ബാധിച്ചിരുന്നു.

അതേ, സുഹൃത്തുക്കളേ,

ഇന്ന് ഈ സംഖ്യ വെറും 11 ജില്ലകളായി ചുരുങ്ങി. ഈ ശ്രമത്തിൽ എത്രമാത്രം പരിശ്രമിക്കേണ്ടിവന്നുവെന്ന് നിങ്ങൾക്കറിയാം, ആ 11 ജില്ലകളിൽ പോലും മാവോയിസ്റ്റ് ഭീകരതയ്ക്ക് ഏറ്റവും സാധ്യതയുള്ളത് മൂന്ന് ജില്ലകളിൽ  മാത്രമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ ആയിരക്കണക്കിന് നക്സലൈറ്റുകൾ ആയുധം താഴെ വച്ചിട്ടുണ്ട്. കഴിഞ്ഞ 75 മണിക്കൂറിന്റെ കണക്കുകൾ ഞാൻ നിങ്ങൾക്ക് തരാം, വെറും എഴുപത്തിയഞ്ച് മണിക്കൂർ മാത്രം. ഇത് മാധ്യമങ്ങളുടെ സൃഷ്ടി  അല്ലെന്ന് എനിക്കറിയാം, പക്ഷേ ഈ 75 മണിക്കൂറിനുള്ളിൽ 303 നക്സലൈറ്റുകൾ കീഴടങ്ങി എന്നത് എന്റെ ജീവിതത്തിൽ വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്. ഒരുകാലത്ത് *"303"കൈയ്യാളിയിരുന്നവർ ഇന്ന്  *"303" അടിയറവ് വച്ചിരിക്കുന്നു . ഇവർ സാധാരണ നക്സലൈറ്റുകളല്ല, ചിലർക്ക് 1 കോടി പാരിതോഷികം ഉണ്ടായിരുന്നു, ചിലർക്ക് 15 ലക്ഷം പാരിതോഷികം ഉണ്ടായിരുന്നു, ചിലർക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ നക്സലൈറ്റുകളിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെല്ലാം തോക്കുകളും ബോംബുകളും ഉപേക്ഷിച്ച് ഇന്ത്യൻ ഭരണഘടന സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഭരണഘടനയ്ക്ക് പൂർണ്ണമായും സമർപ്പിതരായ ഒരു ഗവൺമെൻറ് ഉണ്ടാകുമ്പോൾ, തെറ്റായ പാതയിലൂടെ പോയ ഒരാൾ പോലും തിരിച്ചുവന്ന് ആ ഭരണഘടനയിൽ കണ്ണുവയ്ക്കുന്നു. ഇപ്പോൾ അവർ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നു. തെറ്റായ പാതയിലായിരുന്നു തങ്ങളെന്ന് ഈ ആളുകൾ സമ്മതിക്കുന്നു. അഞ്ച് പതിറ്റാണ്ടുകളായി അവർ തങ്ങളുടെ യൗവനം ചെലവഴിച്ചു, പക്ഷേ അവർ പ്രതീക്ഷിച്ച മാറ്റം വന്നിട്ടില്ല. ഇപ്പോൾ അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകും.

(*"303"=303 ബ്രിട്ടീഷ് റൈഫിളിനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശമാണ്, ചരിത്രപരമായി നിരവധി സുരക്ഷാ സേനകൾ ഉപയോഗിച്ചിരുന്നതും ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദികൾക്കുള്ള ഒരു സാധാരണ ആയുധവുമായ പഴയതും എന്നാൽ വിശ്വസനീയവുമായ ബോൾട്ട്-ആക്ഷൻ റൈഫിൾ).

സുഹൃത്തുക്കളേ,

മുമ്പ് മാധ്യമ തലക്കെട്ടുകൾ ഇപ്രകാരമായിരുന്നു-'ഇത് ഛത്തീസ്ഗഡിലെ ബസ്തറിൽ സംഭവിച്ചു, അത് സംഭവിച്ചു, ഒരു ബസ് മുഴുവൻ പൊട്ടിത്തെറിച്ചു, നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു',- ബസ്തർ മാവോയിസ്റ്റ് ഭീകരരുടെയും നക്സലൈറ്റുകളുടെയും ശക്തികേന്ദ്രമായിരുന്നു, ഇന്ന് ഞാൻ അതേ ബസ്തറിന്റെ ഉദാഹരണം നൽകുന്നു, ആദിവാസി യുവാക്കൾ ബസ്തർ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നു, ലക്ഷക്കണക്കിന് യുവാക്കൾ ബസ്തർ ഒളിമ്പിക്സിൽ വന്ന് കായിക മേഖലയിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നു, ഇതാണ് മാറ്റം.

സുഹൃത്തുക്കളേ,

ഇത്തവണ, മാവോയിസ്റ്റ് ഭീകരതയില്ലാത്ത പ്രദേശങ്ങളിലെ ദീപാവലി ആഘോഷങ്ങൾ കൂടുതൽ ഊർജ്ജസ്വലമായിരിക്കും. 50-55 വർഷമായി അവർ ദീപാവലി കാണുന്നില്ല, ഇപ്പോൾ അവർ ദീപാവലി കാണും, എനിക്ക് ഉറപ്പുണ്ട് സുഹൃത്തുക്കളേ, നമ്മുടെ കഠിനാധ്വാനം ഫലം കാണുകയും സന്തോഷത്തിന്റെ വിളക്കുകൾ അവിടെയും കത്തിക്കുമെന്ന്. ഇന്ന്, രാജ്യം നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽ നിന്നും പൂർണ്ണമായും മുക്തമാകുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ എന്റെ നാട്ടുകാർക്കും  എൻ‌ഡി‌ടി‌വി കാണികൾക്കും  ഉറപ്പുനൽകുന്നു, ഇതും മോദിയുടെ ഉറപ്പാണ്.

സുഹൃത്തുക്കളേ,

വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്ര വളർച്ചയുടെ ഒരു യാത്ര മാത്രമല്ല. വികസനവും അന്തസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നിടത്ത്, പൗരന്മാർക്ക് വേഗതയും അന്തസ്സും ഉള്ളിടത്ത്, നവീകരണത്തിന്റെ ലക്ഷ്യം കാര്യക്ഷമത മാത്രമല്ല, സഹാനുഭൂതിയും അനുകമ്പയും കൂടിയാണ്. ഈ ദർശനവുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു. എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റ് പോലുള്ള പരിപാടികൾ ഈ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കു വഹിക്കുന്നു. രാഷ്ട്രത്തിനുവേണ്ടി സംസാരിക്കാൻ എന്നെ ക്ഷണിച്ചതിന് എൻ‌ഡി‌ടി‌വിയോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ഈ പരിപാടിക്ക് നിങ്ങൾക്ക് എല്ലാവിധ ആശംസകളും,ഒപ്പം ദീപാവലി ആഘോഷങ്ങൾക്കും നിങ്ങൾക്ക് എൻ്റെ  എല്ലാവിധ ആശംസകളും നേരുന്നു. വളരെ നന്ദി!

***

NK


(रिलीज़ आईडी: 2181282) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Telugu , Kannada