ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജി എസ് ടി ലാഭോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ ശ്രീമതി നിർമല സീതാരാമനും ശ്രീ പിയൂഷ് ഗോയലും ശ്രീ അശ്വിനി വൈഷ്ണവും ന്യൂഡൽഹിയിൽ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി

Posted On: 18 OCT 2025 5:35PM by PIB Thiruvananthpuram
കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര റെയിൽവേ - വാര്‍ത്താവിതരണ പ്രക്ഷേപണ - ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവർ ജി എസ് ടി ലാഭോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് ന്യൂഡൽഹിയിൽ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി.
 

വരുംതലമുറ ജി എസ് ടി പരിഷ്കാരങ്ങൾ ദീപാവലിക്ക് മുൻപ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചിരുന്നതായി ആമുഖ പ്രസംഗത്തിൽ ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.  

പ്രധാനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ജി എസ് ടി നിരക്ക് കുറയ്ക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ, ജി എസ് ടി ഘടനയിലെ സ്ലാബുകള്‍ നാലിൽ നിന്ന് രണ്ടായി കുറയ്ക്കൽ, തരംതിരിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം നിശ്ചിത സമയത്തിന് മുൻപുതന്നെ പൂർത്തിയാക്കിയെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. 'വരുംതലമുറ ജി എസ് ടി പരിഷ്കാരങ്ങൾ' നവരാത്രിയുടെ ആദ്യ ദിനം പ്രാബല്യത്തിൽ വന്നുവെന്നും രാജ്യത്തെ ജനങ്ങൾ ഇത് സന്തോഷപൂര്‍വം സ്വീകരിച്ചുവെന്ന്  വിശ്വസിക്കുന്നുവെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.

 

നികുതി നിരക്കുകൾ കുറച്ചത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കാനാണ്.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ നിർദേശവും ഇതുതന്നെയിരുന്നു. 2017 മുതൽ ഇന്നുവരെ തുടര്‍ച്ചയായി ഇക്കാര്യമാണ് ചെയ്യുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

സെപ്റ്റംബർ 22 മുതൽ എല്ലാ ഉല്പന്നങ്ങളെക്കുറിച്ചും മേഖലാ തലത്തിൽ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. എങ്കിലും പുതുക്കിയ നികുതി ഘടനയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ 54 ഉല്പന്നങ്ങളുടെ നിരക്കുകള്‍ കർശനമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഈ 54 ഉല്പന്നങ്ങളിലും വരുംതലമുറ ജി എസ് ടി ആനുകൂല്യങ്ങൾ പൂർണമായി ലഭ്യമാായതായും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.
 

 

വരുംതലമുറ ജി എസ് ടി പരിഷ്കരണത്തിൻ്റെ കാലയളവിൽ ധനകാര്യ മന്ത്രാലയത്തിന് കീഴിലെ റവന്യൂ വകുപ്പ് 54 ഉല്പന്നങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ട്.

വരുംതലമുറ ജി എസ് ടി പരിഷ്കരണങ്ങള്‍ നടപ്പാക്കി ഈ വർഷത്തെ നവരാത്രി ദിനമായ സെപ്റ്റംബർ 22-നെ സവിശേഷമാക്കിയതിന് പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിക്കും ശ്രീ പിയൂഷ് ഗോയൽ നന്ദി അറിയിച്ചു. രാജ്യത്തെ സാധാരണ ജനങ്ങൾക്കിടയിലും വ്യവസായ-വാണിജ്യ മേഖലകളിലും വീടുകളിലുമെല്ലാം ഈ പരിഷ്കാരം നവോന്മേഷവും ഊർജവും കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്കാരമായി നടപടിയെ വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പരോക്ഷ നികുതി സമ്പ്രദായം രാജ്യത്തെ 140 കോടി ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും പ്രത്യക്ഷവും പരോക്ഷവുമായ നികുതി നടപടികളിലൂടെ 2.5 ലക്ഷം കോടി രൂപയുടെ ഇളവ് നൽകാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അഭൂതപൂർവവും സങ്കൽപാതീതവുമാണെന്നും വ്യക്തമാക്കി.  

ഈ വർഷം ഫെബ്രുവരി 1-ന് ആദായ നികുതിയിൽ പ്രഖ്യാപിച്ച വലിയ ആശ്വാസം ജനങ്ങളുടെ സമ്പാദ്യം പ്രോത്സാഹിപ്പിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനും സുപ്രധാന ചുവടുവെപ്പായിരുന്നുവെന്ന് ശ്രീ ഗോയൽ എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം സമഗ്ര നികുതി പരിഷ്കാരങ്ങൾക്കായി കഴിഞ്ഞ ഒന്നര വർഷമായി ധനകാര്യ മന്ത്രി നടത്തിയ പ്രവർത്തനങ്ങളുടെ പരിസമാപ്തിയായിരുന്നു 2025 സെപ്റ്റംബർ 3-ലെ  പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
 

ജി എസ് ടി പരിഷ്കാരങ്ങളുടെ ഗുണകപ്രഭാവം നിക്ഷേപ - വ്യാപാര - വ്യാവസായിക മേഖലകളിൽ ഇതിനകം പ്രകടമായെന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ഇത് കുതിച്ചുചാട്ടമുണ്ടാക്കുകയും  ഉപഭോക്താക്കള്‍ ചെലവിടുന്നതിൻ്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനവും പ്രതിദിന അവശ്യസാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതോടെ വിതരണ തലത്തിലെയും ആവശ്യകതാ തലത്തിലെയും സംയുക്ത ഉത്തേജനം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വേഗത്തിൽ വളരാൻ സഹായിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാന്‍ ഇത് വഴിയൊരുക്കുന്നുവെന്നും ശ്രീ ഗോയൽ പറഞ്ഞു.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിലെ ശ്രദ്ധേയ വളർച്ചയെക്കുറിച്ചും ജി എസ് ടി പരിഷ്കാരങ്ങൾ മൂലം ഉപഭോഗത്തിലും നിക്ഷേപത്തിലും നിർമാണത്തിലും പ്രകടമായ മികച്ച ഗുണകപ്രഭാവത്തെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എടുത്തുപറഞ്ഞു. റെക്കോഡ് ഉപഭോക്തൃ ആവശ്യകതയും നയങ്ങളിലെ സ്ഥിരതയും അതിവേഗം വികസിക്കുന്ന നിർമാണ മേഖലയും സൃഷ്ടിക്കുന്ന ശക്തമായ അടിത്തറയോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈ വർഷത്തെ നവരാത്രി കാലയളവില്‍ ഇലക്ട്രോണിക്സ് മേഖലയിൽ റെക്കോഡ് വില്പന നടന്നതായി ശ്രീ വൈഷ്ണവ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 മുതല്‍ 25% വരെ വർധനയാണ് രേഖപ്പെടുത്തിയത്. എല്ലാ പ്രമുഖ ചില്ലറവില്‍പന ശൃംഖലകളിലും ടെലിവിഷനുകൾ മുതൽ വാഷിംഗ് മെഷീനുകൾ, സ്മാർട്ട്ഫോണുകൾ, എയർ കണ്ടീഷണറുകൾ വരെ വ്യത്യസ്‌ത ഉല്പന്നങ്ങളിലെല്ലാം വളരെ ഉയര്‍ന്ന ആവശ്യകത റിപ്പോർട്ട് ചെയ്തു. 85 ഇഞ്ച് ടെലിവിഷനുകൾ പൂർണമായും വിറ്റുപോയതും പല കുടുംബങ്ങളും പുതിയ മോഡലുകളിലേക്ക് ഉപകരണങ്ങൾ പുതുക്കിയതും ശ്രദ്ധേയമാണ്.  ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിൻ്റെയും ഉപഭോക്തൃ ശേഷിയുടെയും പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.  

ജി എസ് ടി പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ഘടനാപരമായ സ്ഥിരത നൽകി.   ഭക്ഷ്യവില കുറച്ചത് മധ്യവർഗ കുടുംബങ്ങൾക്ക് വലിയ പ്രയോജനമുണ്ടാക്കി. കഴിഞ്ഞ നാല് മാസങ്ങളായി ഭക്ഷ്യവിലയിൽ ഏകദേശം 2% കുറവുണ്ടായിട്ടുണ്ട്. ഇത് കുടുംബങ്ങളുടെ വാങ്ങൽ ശേഷി നിലനിർത്താനും ഉപഭോക്തൃ ആവശ്യകത വർധിപ്പിക്കാനും സഹായിക്കുന്നുവെന്നും ശ്രീ വൈഷ്ണവ് അഭിപ്രായപ്പെട്ടു.

ആവശ്യകതയിലുണ്ടായ കുതിച്ചുചാട്ടം ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖലയെ നേരിട്ട് രണ്ടക്ക വളർച്ചയിലേക്ക് നയിച്ചുവെന്നും രാജ്യത്തുടനീളം 25 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും ശ്രീ വൈഷ്ണവ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായ അമേരിക്കയിലേക്ക് സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ ഇപ്പോള്‍ അയൽ രാജ്യത്തെ മറികടന്നിരിക്കുന്നു. ഒരു പ്രമുഖ ആഗോള കമ്പനി അവരുടെ ആകെ ഉല്പാദനത്തിൻ്റെ 20% ഇന്ത്യയില്‍ നിർമിക്കുന്നത് മികച്ച ആഗോള നിർമാണ ലക്ഷ്യസ്ഥാനമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ  അടയാളപ്പെടുത്തുന്നു. ആവശ്യകത വർധിക്കുമ്പോൾ നിക്ഷേപം ഉയരുകയും  അത് വീണ്ടും ആവശ്യകത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളർച്ചയുടെ തുടര്‍ച്ചയായ പുരോഗമന ചക്രം സൃഷ്ടിക്കുന്നു.

രാജ്യത്തെ സാങ്കേതിക മേഖലയിലെ സുപ്രധാന നാഴികക്കല്ലായി സിജി സെമി, കെയിൻസ് എന്നീ രണ്ട് അര്‍ധചാലക നിർമാണ കേന്ദ്രങ്ങളിൽ ഉല്പാദനം ആരംഭിച്ചതായി ശ്രീ വൈഷ്ണവ് അറിയിച്ചു. അര്‍ധചാലക രംഗത്തെ സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യ നടത്തുന്ന യാത്രയിലെ നിർണായക ചുവടുവെയ്പ്പാണിത്. ഈ നിലയങ്ങള്‍ പ്രവർത്തനക്ഷമമായതോടെ  അര്‍ധചാലക മേഖലയിൽ പുതിയ ഘട്ടത്തിലേക്ക് രാജ്യം കടന്നു.  സാങ്കേതികമായി കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ഭാരതമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി ഇത് ചേര്‍ന്നുനില്‍ക്കുന്നതായും ശ്രീ വൈഷ്ണവ് വ്യക്തമാക്കി.  

കഴിഞ്ഞ വർഷം ഇന്ത്യയില്‍ 335 ലക്ഷം കോടി രൂപയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 202 ലക്ഷം കോടി രൂപ ഉപഭോഗത്തിലൂടെയും 98 ലക്ഷം കോടി രൂപ നിക്ഷേപത്തിലൂടെയുമാണെന്ന് ബൃഹത് സാമ്പത്തിക വിവര സൂചകങ്ങളെക്കുറിച്ച് പരാമർശിക്കവെ ശ്രീ വൈഷ്ണവ് പറഞ്ഞു. ഈ വർഷം ഉപഭോഗം ഏകദേശം 10% വർധിച്ചു. ഇത് ഉപഭോക്തൃ ചെലവിൽ 20 ലക്ഷം കോടി രൂപയുടെ അധിക വർധനവിനെ സൂചിപ്പിക്കുന്നു. ജി എസ് ടി പരിഷ്കാരങ്ങളുടെ സ്വാധീനം ഇതിൽ പ്രകടമാണ്. ഈ വർധന നിക്ഷേപത്തിലെ അനുബന്ധ വർധനയ്ക്ക് കാരണമാകുമെന്നും വളർച്ച ത്വരിതപ്പെടുത്തുമെന്നും ജി എസ് ടി പരിഷ്കാരങ്ങൾ എങ്ങനെ സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗവും നിക്ഷേപവും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ജിഎസ്ടി ലാഭോത്സവത്തെക്കുറിച്ചുള്ള സംയുക്ത പത്രസമ്മേളനം കാണാം:  
https://www.youtube.com/watch?v=a610oNnYsak

സമൂഹമാധ്യമങ്ങളിലെ മറ്റ് പോസ്റ്റുകൾ:

https://x.com/nsitharamanoffc/status/1979477378783952935

https://x.com/nsitharamanoffc/status/1979483460428275964

https://x.com/nsitharamanoffc/status/1979490241590288400

https://x.com/nsitharamanoffc/status/1979490887940874583

https://x.com/nsitharamanoffc/status/1979492109221597574

https://x.com/AshwiniVaishnaw/status/1979493163481079993

https://x.com/PiyushGoyal/status/1979448718798786664

https://x.com/PiyushGoyal/status/1979476359177982128

https://x.com/PiyushGoyal/status/1979479118283489330

https://x.com/PiyushGoyal/status/1979493568189288510

https://x.com/PiyushGoyal/status/1979500837585174862

https://x.com/mib_india/status/1979477488905380206

https://x.com/mib_india/status/1979474778185400593

https://x.com/mib_india/status/1979491958130393454

https://x.com/mib_india/status/1979487257817227633

*****************

-

(Release ID: 2180800) Visitor Counter : 11