തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കോടിക്കണക്കിന് അംഗങ്ങളുടെ ജീവിതം സുഗമമാക്കും വിധമുള്ള EPFO പരിഷ്‌ക്കാരങ്ങൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം ഊന്നൽ നൽകുന്നു
പതിമൂന്ന് സങ്കീർണ്ണമായ വ്യവസ്ഥകൾ മൂന്ന് വിഭാഗങ്ങളായി ലയിപ്പിച്ചു, വേഗമേറിയതും ലളിതവും സുതാര്യവുമായ പിൻവലിക്കൽ ഇതിലൂടെ ഉറപ്പാക്കുന്നു
എല്ലാ വിഭാഗങ്ങൾക്കുമുള്ള പിൻവലിക്കൽ അർഹതയ്ക്ക് വേണ്ട തൊഴിൽ വർഷങ്ങളുടെ എണ്ണം ഏഴ് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചു
അർഹമായ തുകയുടെ 75% ഏത് സമയത്തും ഒരു രേഖയും ഇല്ലാതെ പിൻവലിക്കാം; പ്രത്യേക സാഹചര്യങ്ങളിൽ പൂർണ്ണമായ പിൻവലിക്കലും അനുവദനീയമാണ്
വിരമിക്കൽ സമ്പാദ്യം ചോരുന്നത് തടയാൻ സമയത്തിനു മുമ്പേയുള്ള അന്തിമ തീർപ്പാക്കൽ കാലയളവ് 12 മാസമായി നീട്ടി: തിടുക്കത്തിലുള്ള പിൻവലിക്കലുകൾ നിരുത്സാഹപ്പെടുത്തുന്നതിനും ദീർഘകാല സാമ്പത്തിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
നൈരന്തര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി EPS ന് കീഴിലുള്ള പിൻവലിക്കൽ ആനുകൂല്യ നിയമങ്ങൾ പരിഷ്ക്കരിച്ചു
Posted On:
15 OCT 2025 10:10PM by PIB Thiruvananthpuram
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കീഴിൽ സമീപകാലത്തു കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിൻവലിക്കൽ ചട്ടങ്ങൾ, അർഹതാ വ്യവസ്ഥകൾ, അംഗങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് നീക്കിയിരിപ്പ് വിവരങ്ങളിലേക്കുള്ള പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകളെ ഈ പോസ്റ്റ് വളച്ചൊടിക്കുന്നു. ഇത് വരിക്കാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും തെറ്റിദ്ധാരണാ ജനകമാണെന്നും വ്യക്തമാക്കുന്നു.
സംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ദീർഘകാല സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ EPFO നിർണ്ണായക പങ്ക് വഹിക്കുന്നു. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) സമീപകാല തീരുമാനം, വിരമിക്കൽ സമയത്ത് മാന്യമായ ഒരു കോർപ്പസുമായി വിവിധ ആവശ്യങ്ങൾക്കായി വളരെ ഉദാരവും ലളിതവുമായ പിൻവലിക്കൽ ഓപ്ഷനുകൾ തമ്മിലുള്ള മികച്ച സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു, ഇത് അംഗങ്ങളുടെ ജീവിതം സുഗമമാക്കുന്നു. തൊഴിലുടമയും ജീവനക്കാരുടെ പ്രതിനിധികളും അടങ്ങുന്ന ത്രികക്ഷി സമിതിയായ EPFO യുടെ ഫിനാൻസ് ആൻഡ് ഓഡിറ്റ് കമ്മിറ്റിയാണ് നിർദ്ദിഷ്ട മാറ്റങ്ങൾ ശുപാർശ ചെയ്തത്. ജീവനക്കാരുടെയും തൊഴിലുടമയുടെയും സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന CBT യാണ് മാറ്റങ്ങൾ അംഗീകരിച്ചത്. ബന്ധപ്പെട്ട, എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനയ്ക്ക് ശേഷമാണ് മാറ്റങ്ങൾ വരുത്തിയത്.
നേരത്തെ, കുറഞ്ഞ സേവന കാലയളവിന്റെ കാര്യത്തിൽ വ്യത്യസ്തവും സങ്കീർണ്ണവുമായ അർഹതാ മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. അത് നിരസിക്കൽ വർദ്ധിക്കുന്നതിനും കാലതാമസത്തിനും കാരണമായി. ഭാഗിക പിൻവലിക്കലിനുള്ള സങ്കീർണ്ണമായ വ്യവസ്ഥകൾ അംഗങ്ങളിൽ ആശയക്കുഴപ്പത്തിനും പിൻവലിക്കൽ ഇടയ്ക്കിടെ നിരസിക്കുന്നതിനും കാരണമായി. നിലവിലുള്ള 13 ഭാഗിക പിൻവലിക്കൽ വ്യവസ്ഥകൾ ഇപ്പോൾ ഏകീകൃതവും ലളിതവുമായ ചട്ടക്കൂടിലേക്ക് ലയിപ്പിച്ചിരിക്കുന്നു. മാനദണ്ഡങ്ങൾ ലളിതമാക്കുന്നതിന് മുമ്പ്, 50-100% വരെയുള്ള ജീവനക്കാരുടെ സംഭാവനയും പലിശയും മാത്രമേ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇനിമേൽ, പിൻവലിക്കാവുന്ന തുകയിൽ ജീവനക്കാരുടെ സംഭാവനയും പലിശയും കൂടാതെ തൊഴിലുടമയുടെ സംഭാവനയും ഉൾപ്പെടും. തത്ഫലമായി, ഇപ്പോൾ പിൻവലിക്കാൻ കഴിയുന്ന അർഹമായ തുകയുടെ 75% എന്നത് മുൻ വ്യവസ്ഥകൾ പ്രകാരം അയാൾക്ക്/അവൾക്ക് പിൻവലിക്കാൻ കഴിയുന്ന തുകയേക്കാൾ വളരെ കൂടുതലായിരിക്കും. ഏഴ് വർഷം വരെയുള്ള വ്യത്യസ്ത യോഗ്യതാ കാലയളവുകൾ മുമ്പ് നിലവിലുണ്ടായിരുന്നു. അവയിപ്പോൾ എല്ലാത്തരം പിൻവലിക്കലുകൾക്കും 12 മാസമെന്ന നിലയിൽ ഏകീകൃതമാക്കിയിരിക്കുന്നു. ഇത് കാര്യങ്ങൾ മനസ്സിലാക്കുന്നത് എളുപ്പമാക്കുകയും നേരത്തെയുള്ള പിൻവലിക്കൽ സുഗമമാക്കുകയും ചെയ്യുന്നു.
അതിനാലിപ്പോൾ ജീവനക്കാരന് ആവശ്യമെങ്കിൽ 12 മാസത്തെ കാലയളവിനുശേഷം, നേരത്തെയും തവണകളായും പിൻവലിക്കാൻ കഴിയും.
കൂടാതെ, ആവർത്തിച്ചുള്ള പിൻവലിക്കലുകൾ വിരമിക്കൽ സമയത്ത് PF ബാലൻസ് പര്യാപ്തമല്ലാത്ത അവസ്ഥ സംജാതമാക്കി. PF അംഗങ്ങളിൽ 50% പേർക്ക് അന്തിമ കണക്കെടുപ്പ് സമയത്ത് PF ബാലൻസിൽ 20,000 രൂപയിൽ താഴെയും 75% പേർക്ക് 50,000 രൂപയിൽ താഴെയുമാണ് ഉണ്ടായിരുന്നത്. ആവർത്തിച്ചുള്ള പിൻവലിക്കൽ കാരണം, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്ക് @8.25% കൂട്ടുപലിശയുടെ ഗുണങ്ങൾ ലഭിക്കുന്നില്ല. അതുവഴി അവരുടെ ജോലി ജീവിതത്തിന്റെ അവസാനത്തിൽ ഉയർന്ന സാമൂഹിക സുരക്ഷ നഷ്ടപ്പെടുന്നു. ആയതിനാൽ CBT യുടെ തീരുമാനപ്രകാരം, വിരമിക്കൽ സമയത്ത് മാന്യമായ ഒരു തുക ലഭിക്കുന്നതിനും ദീർഘകാല സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സംഭാവനയുടെ 25% നിലനിർത്തേണ്ടതുണ്ട്.
തൊഴിൽരഹിത സാഹചര്യം സംജാതമായാൽ, 75% PF ബാലൻസ് (തൊഴിലുടമയുടെയും ജീവനക്കാരുടെയും വിഹിതവും പലിശയും ഉൾപ്പെടെ) ഉടനടി പിൻവലിക്കാം. ശേഷിക്കുന്ന 25% ഒരു വർഷത്തിനുശേഷം പിൻവലിക്കാം. 55 വർഷത്തെ സേവനത്തിനുശേഷം വിരമിക്കൽ, സ്ഥിരമായ വൈകല്യം, ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, പിരിച്ചുവിടൽ, സ്വമേധയാ വിരമിക്കൽ, എന്നെന്നേക്കുമായി ഇന്ത്യ വിടുക തുടങ്ങിയ സാഹചര്യങ്ങളിലും മുഴുവൻ PF ബാലൻസും (25% എന്ന മിനിമം ബാലൻസ് ഉൾപ്പെടെ) പൂർണ്ണമായി പിൻവലിക്കാൻ അനുവാദമുണ്ട്.
58 വയസ്സുള്ളപ്പോൾ പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശങ്ങളെ നിർദ്ദിഷ്ട മാറ്റങ്ങൾ പൂർണ്ണമായും ബാധിക്കില്ല. പത്ത് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ്, ഒരു അംഗത്തിന് പെൻഷൻ അക്കൗണ്ടിലെ നിക്ഷേപം പത്ത് വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. എന്നാൽ, വിരമിക്കുമ്പോൾ പെൻഷന് യോഗ്യത നേടുന്നതിന്, ഒരു അംഗം കുറഞ്ഞത് 10 വർഷത്തെ EPS അംഗത്വം പൂർത്തിയാക്കണം. പെൻഷകാരായ ഏകദേശം 75% പേരും നാല് വർഷത്തെ സേവനത്തിനുള്ളിൽ, അതായത് 10 വർഷത്തിൽ താഴെ സമയത്തിനുള്ളിൽ, മുഴുവൻ പെൻഷൻ തുകയും പിൻവലിക്കുന്നു. ഇത് അംഗത്വം അവസാനിപ്പിക്കുകയും ഭാവിയിലെ പെൻഷനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കും അംഗത്തെ അയോഗ്യനാക്കുകയും ചെയ്യുന്നു. കൂടാതെ അംഗം മരിച്ചാലും, പെൻഷൻ ഫണ്ട് പിൻവലിച്ചില്ലെങ്കിൽ, വരിസംഖ്യ നിലച്ച ശേഷവും മൂന്ന് വർഷം വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾക്ക് അംഗത്തിന്റെ കുടുംബം അർഹതരായി തുടരും.ഒരിക്കൽ പിൻവലിച്ചാൽ, ഈ ആനുകൂല്യം നഷ്ടപ്പെടും.
പെൻഷൻ ലഭിക്കുന്നതിനുള്ള 10 വർഷത്തെ യോഗ്യത നേടുന്നതിന് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മരണമടഞ്ഞാൽ അവരുടെ കുടുംബത്തിന് ആനുകൂല്യങ്ങൾക്ക് അർഹത ഉറപ്പാക്കുന്നതിനും, അംഗത്തിന് 2 മാസത്തിന് പകരം 36 മാസത്തിനുശേഷം പെൻഷൻ പിൻവലിക്കാൻ നിർദ്ദിഷ്ട വ്യവസ്ഥയിലൂടെ അനുവദിക്കുന്നു. ഇത് അംഗത്തിനും കുടുംബത്തിനും പെൻഷനിലൂടെയുള്ള ദീർഘകാല സാമൂഹിക സുരക്ഷ ഉറപ്പാക്കും.
സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ EPFO ദീർഘകാല പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.EPFO ഫണ്ടുകൾ ഒരു ബാങ്ക് അക്കൗണ്ടായി ഉപയോഗിക്കാൻ പാടില്ല. കൂടാതെ, EPF & MP നിയമം 1952 പ്രകാരം, പ്രതിമാസം ₹15,000 വരെ വേതനം നേടുന്ന 20 അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് EPF പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. അതായത് 15% സ്ഥാപനങ്ങളിലെ (ഏകദേശം 1.06 ലക്ഷം), 15,000 രൂപയിൽ കൂടുതൽ വരുമാനമുള്ള EPFO അംഗങ്ങളിൽ 35% സ്വമേധയാ EPFO യിൽ ചേർന്നിട്ടുണ്ട്. ഇത് സ്ഥാപനത്തിലുള്ള അവരുടെ വിശ്വാസവും ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കുന്നു.
തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന സർക്കാർ അനുമാനത്തിന്റെ പ്രതിഫലനമാണ് പുതിയ ചട്ടങ്ങളെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നതും അടിസ്ഥാനരഹിതമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024–25 ൽ 1.29 കോടിയിലധികം തൊഴിലാളികളെ ശമ്പളപ്പട്ടികയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 2023–24 ൽ 3.2% ആയി കുറഞ്ഞു. 2017–18 ൽ തൊഴിലില്ലായ്മ നിരക്ക് 6% ആയിരുന്നു.
EPFO ഏകദേശം 28 ലക്ഷം കോടി രൂപയുടെ സഞ്ചിത നിധി നിലനിർത്തുന്നു. കരുത്തുറ്റ പ്രവർത്തനങ്ങൾ, സുരക്ഷ, ഉയർന്ന വരുമാനം (മിക്കപ്പോഴും നികുതി രഹിതം) എന്നിവ കാരണം EPFO കോടിക്കണക്കിന് അംഗങ്ങളുടെ വിശ്വാസം ആർജ്ജിച്ചിട്ടുണ്ട്. സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കുമായി നടപടിക്രമങ്ങൾ ലളിതമാക്കുകയും ഡിജിറ്റൽ പ്രവേശനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, 30 കോടിയിലധികം അംഗങ്ങളുടെ സാമൂഹിക സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണ്.
കൃത്യമായ വിവരങ്ങൾക്കായി തൊഴിൽ മന്ത്രാലയവും EPFO യും പുറപ്പെടുവിച്ച ഔദ്യോഗിക ആശയവിനിമയങ്ങളെയും സർക്കുലറുകളെയും മാത്രം ആശ്രയിക്കാനും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സാമൂഹ്യ മാധ്യ പോസ്റ്റുകളെ ആശ്രയിക്കാതിരിക്കാനും അംഗങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
SKY
*****
(Release ID: 2179789)
Visitor Counter : 20