ഉപരാഷ്ട്രപതിയുടെ കാര്യാലയം
തൊഴിൽ പരിഷ്കാരങ്ങൾ, യുവജന ശാക്തീകരണം, കായിക പ്രോത്സാഹന ശ്രമങ്ങൾ എന്നിവയെ പ്രശംസിച്ച് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ
Posted On:
14 OCT 2025 4:52PM by PIB Thiruvananthpuram
കേന്ദ്ര തൊഴിൽ, യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, തൊഴിൽ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ എന്നിവർ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ഇന്ന് പാർലമെൻ്റിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.
സന്ദർശന വേളയിൽ, തൊഴിൽ മന്ത്രാലയവും യുവജനകാര്യ- കായിക മന്ത്രാലയവും ഏറ്റെടുത്ത പ്രധാന സംരംഭങ്ങളെയും നയ പരിഷ്കാരങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.
മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, തൊഴിൽക്ഷമത വർദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുക, തൊഴിൽ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുക, സ്വരച്ചേർച്ചയുള്ള വ്യാവസായിക ബന്ധങ്ങൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ സമഗ്ര സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു. കൂടാതെ, ഇ-ശ്രാം പോർട്ടൽ, ശ്രാം സുവിധ പോർട്ടൽ, പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന, നാഷണൽ കരിയർ സർവീസ് പോർട്ടൽ മുതലായ പ്രധാന നവീകരണ സംരംഭങ്ങളും മന്ത്രാലയം എടുത്തുകാട്ടി.
തൊഴിൽ നിയമങ്ങൾ ലളിതമാക്കുന്നതിൽ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളിലും, സാമൂഹിക സുരക്ഷ വർദ്ധിപ്പിച്ച് വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മന്ത്രാലയം തുടർന്ന് വരുന്ന പ്രവർത്തനങ്ങളിലും ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. തൊഴിലാളികളുടെ ക്ഷേമവും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റവും മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.
യുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു. യുവാക്കളുടെ കഴിവു൦ നേതൃത്വഗുണങ്ങളും വികസിപ്പിച്ച്, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുന്നതിലും, "ജൻ ഭാഗീദാരി സേ ജൻ ആന്ദോളൻ" എന്ന ആശയം ഉൾക്കൊള്ളുന്ന പങ്കാളിത്ത പരിപാടികളിലൂടെ സമൂഹ സേവന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിലും മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതിയെ അറിയിച്ചു.
ദേശീയ യുവജന നയം, മേരാ യുവ ഭാരത് (MY Bharat), ദേശീയ സേവന പദ്ധതി (NSS), യുവജന ഹോസ്റ്റലുകൾ, ദേശീയ യുവജന പുരസ്കാരങ്ങൾ മുതലായ പ്രധാന യുവജനോദ്ദേശ്യ പരിപാടികളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു. ഡിജിറ്റലായും പൊതുയിടങ്ങളിലായും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തുടനീളമുള്ള യുവാക്കളെ ബന്ധിപ്പിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായി MY ഭാരത് പോർട്ടലിനെ എടുത്തുകാട്ടി. രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതിനുള്ള മേരാ യുവ ഭാരത് (MY Bharat) സംരംഭത്തെ ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കുന്നതിലും ഏക ഭാരതം, ശ്രേഷ്ഠ ഭാരത൦ എന്ന ആശയം ശക്തിപ്പെടുത്തുന്നതിലും യുവജന വിനിമയ പരിപാടികളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
യൂത്ത് 20 (Y20) ഉച്ചകോടി, മേരി മാട്ടി മേരാ ദേശ്, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 (VBYLD-2025), ദീപാവലി വിത്ത് മൈ ഭാരത്, വികസിത ഭാരതിന് ലഹരി മുക്ത യുവാക്കൾ മുതലായ യുവാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നൂതനമായ നിരവധി പരിപാടികളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു.
ഖേലോ ഇന്ത്യ, ടാർഗെറ്റ് ഒളിമ്പിക് പോഡിയം പദ്ധതി (TOPS), ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായം, ഖേലോ ഭാരത് നീതി, ഒരു കോർപ്പറേറ്റ് ഒരു കായികയിനം CSR മോഡൽ എന്നിവയുൾപ്പെടെയുള്ള മന്ത്രാലയത്തിൻ്റെ കായിക വികസന സംരംഭങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ കായികതാരങ്ങൾ - പ്രത്യേകിച്ച് വനിതാ അത്‌ലറ്റുകൾ - നടത്തുന്ന ശ്രദ്ധേയമായ പ്രകടനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ രാജ്യത്തെ കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിൽ കോർപ്പറേറ്റ് മേഖലയുടെ വർദ്ധിച്ചുവരുന്ന ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ഇന്ത്യയിൽ വേദി ഒരുക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെ കുറിച്ച് പറഞ്ഞ ഉപരാഷ്ട്രപതി, അത്തരം സംരംഭങ്ങൾ കായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്നും, വളർന്നുവരുന്ന ആഗോള കായിക അഭിരുചിയുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
*****
(Release ID: 2179173)
Visitor Counter : 5