വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യയിലെ ഏറ്റവും വലിയ തത്സമയ സ്കൂൾ ഇന്നൊവേഷൻ ചലഞ്ചിൽ 3 ലക്ഷത്തിലധികം സ്കൂളുകൾ പങ്കെടുത്തുകൊണ്ട് ചരിത്രം കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ നവീകരണ പ്രസ്ഥാനമായ വികസിത് ഭാരത് ബിൽഡത്തോൺ 2025 ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു
Posted On:
13 OCT 2025 5:07PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ന്യൂഡൽഹിയിൽ ഇന്ന് വികസിത് ഭാരത് ബിൽഡത്തോൺ (VBB )2025 ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഇന്നൊവേഷൻ ഹാക്കത്തോണായ വികസിത് ഭാരത് ബിൽഡത്തോൺ 2025 ൽ മൂന്ന് ലക്ഷത്തിലധികം സ്കൂളുകൾ ഒരേസമയം പങ്കെടുത്തു.
ഈ മഹത്തായ സ്കൂൾ നവീകരണ പ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കാളികളായ ഇന്ത്യയിലുടനീളമുള്ള മൂന്ന് ലക്ഷത്തിലധികം സ്കൂളുകളേയും പങ്കെടുത്ത വിദ്യാർത്ഥികളേയും ശ്രീ പ്രധാൻ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.ഇവിടെ നിന്ന് ഉരുത്തിരിഞ്ഞ നൂതന ആശയങ്ങൾ പുതിയ ആഗോള മാതൃകകൾ സൃഷ്ടിക്കുന്നതിനും ആഭ്യന്തരവും ആഗോളവുമായ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വഴിയൊരുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.നമ്മുടെ പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളുടെ കഴിവുകളിൽ കേന്ദ്രീകരിച്ച് വികസിതവും സമൃദ്ധവുമായ ഭാരതം നിർമ്മിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം വികസിത് ഭാരത് ബിൽഡത്തോൺ പോലുള്ള പരിവർത്തന ശ്രമങ്ങളിലൂടെ യാഥാർത്ഥ്യമാകുമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം,രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കുന്നതിനായി മഥുര റോഡിലുള്ള ഡൽഹി പബ്ലിക് സ്കൂൾ, ഡൽഹി കാൻ്റോൺമെൻ്റിലെ പി.എം ശ്രീ കേന്ദ്രീയ വിദ്യാലയ നമ്പർ 2 എന്നിവ ശ്രീ പ്രധാൻ സന്ദർശിച്ചു. വിദ്യാർഥികളുടെ നിരവധി നൂതന പദ്ധതികൾ അദ്ദേഹം നിരീക്ഷിക്കുകയും അവരുടെ പഠന പ്രക്രിയകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തു.അവരുടെ സർഗ്ഗാത്മകതയേയും ഉത്സാഹത്തേയും പ്രശംസിച്ച അദ്ദേഹം,വിദ്യാർത്ഥികളെ ജിജ്ഞാസയോടെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് സജീവമായി സംഭാവന ചെയ്യുന്ന അവരുടെ അസാധാരണമായ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തേയും പരിശ്രമത്തേയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ പ്രശംസിച്ചു. ഈ സവിശേഷമായ പ്രസ്ഥാനം പഠന ശേഷി വർദ്ധിപ്പിക്കുമെന്നും വിദ്യാർത്ഥികളുടെ നൂതന സമീപനത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.ശ്രീ ധർമ്മേന്ദ്ര പ്രധാൻ നല്കുന്ന മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.


ഉദ്ഘാടന സെഷനെ തുടർന്ന് 120 മിനിറ്റ് ദൈർഘ്യമുള്ള തത്സമയ ഇന്നൊവേഷൻ ചലഞ്ച് നടന്നു. രണ്ട് മണിക്കൂർ നീണ്ട ലൈവ് ടിങ്കറിംഗ് സെഷനിൽ ഒരു കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അതിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ 3 മുതൽ 5 വരെ അംഗങ്ങളടങ്ങുന്ന ടീമുകളായി പ്രവർത്തിച്ചു.ആത്മനിർഭർ ഭാരത്,സ്വദേശി,വോക്കൽ ഫോർ ലോക്കൽ, സമൃദ്ധി എന്നീ നാല് വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുകയും ചെയ്തു.വിദൂര പ്രദേശങ്ങൾ,അഭിലാഷ ജില്ലകൾ,മലയോര സംസ്ഥാനങ്ങൾ,അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 150-ലധികം സ്കൂളുകളെ നേരിട്ട് ബന്ധിപ്പിച്ച് അവരുടെ പുരോഗതിയും അനുഭവങ്ങളും പങ്കുവെച്ച സ്കൂൾ സ്പോട്ട്ലൈറ്റുകൾ ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
****
(Release ID: 2178654)
Visitor Counter : 10