ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭാരതരത്‌ന ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ബീഹാറിലെ സിതാബ് ദിയറയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ സാരൺ ജില്ലയിലുള്ള പൂർവ്വിക ഭവനവും ദേശീയ സ്മാരകവും ഉപരാഷ്ട്രപതി സന്ദർശിച്ചു

Posted On: 11 OCT 2025 3:39PM by PIB Thiruvananthpuram
ഭാരതരത്ന ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മവാർഷിക ദിനത്തിൽ ബീഹാറിലെ സാരൺ ജില്ലയിലെ അദ്ദേഹത്തിൻ്റെ പൂർവ്വിക ഗ്രാമമായ സിതാബ് ദിയറയിൽ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ 123-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ഉപരാഷ്ട്രപതി ബിഹാറിലേക്ക് ഏകദിന സന്ദർശനം നടത്തി. പട്നയിലെ ലോക് നായക് ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രീ രാധാകൃഷ്ണനെ ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനും ബിഹാർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഉപരാഷ്ട്രപതി സിതാബ് ദിയറയിലുള്ള ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ പൂർവ്വിക ഭവനം സന്ദർശിക്കുകയും ലോക് നായക് ജയപ്രകാശ് നാരായൺ ദേശീയ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഗ്രാമത്തിലെ ലോക് നായക് സ്മൃതി ഭവനും പുസ്തകാലയവും അദ്ദേഹം സന്ദർശിച്ചു.

ഇന്ത്യയുടെ ഏറ്റവും മഹത്തായ നേതാക്കളിൽ ഒരാളും യഥാർത്ഥ ജനനായകനും നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം പോരാടിയ ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മസ്ഥലമായ സിതാബ് ദിയറയുടെ പുണ്യഭൂമിയിൽ നിൽക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച ബഹുമതിയും പദവിയുമാണെന്ന് ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ 123-ാം ജന്മവാർഷികം ഒരു മഹാനായ നേതാവിന് ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള അവസരം മാത്രമല്ല, മറിച്ച് രാഷ്ട്രത്തെ സ്വന്തം സ്വത്വത്തിനും മൂല്യങ്ങളെ അധികാരത്തിനും ജനങ്ങളെ രാഷ്ട്രീയത്തിനും മുകളിൽ ഉയർത്തിപ്പിടിച്ച ഒരു മഹത്തായ ആശയം ആഘോഷിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ലോക് നായക് ജയപ്രകാശ് നാരായൺ അഥവാ ജെ.പി എന്ന് സ്നേഹപൂർവം വിളിക്കപ്പെട്ടിരുന്ന അദ്ദേഹം ഒരു സ്വാതന്ത്ര്യസമര സേനാനി മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും കൂടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരം മുതൽ 1970-കളിലെ 'സമ്പൂർണ്ണ വിപ്ലവം' നടത്താനുള്ള ആഹ്വാനം വരെ ജയപ്രകാശ് നാരായണിൻ്റെ ജീവിതം ധാർമ്മിക ധൈര്യത്തിൻ്റേയും ലാളിത്യത്തിൻ്റേയും ത്യാഗത്തിൻ്റേയും തിളക്കമാർന്ന ഉദാഹരണമായി തുടർന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ലോക് നായക് അധികാരത്തോട് ആഗ്രഹം പുലർത്തിയിരുന്നില്ലെന്നും വാഗ്ദാനം ചെയ്ത ഉയർന്ന പദവികൾ അദ്ദേഹം നിരസിച്ചുവെന്നും ശ്രീ രാധാകൃഷ്ണൻ പരാമർശിച്ചു. രാഷ്ട്രീയ അഭിലാഷത്തേക്കാൾ ധാർമ്മിക അധികാരത്തിൽ നിന്നാണ് ജയപ്രകാശ് നാരായണൻ തൻ്റെ ശക്തി നേടിയത്.

അധികാരം പിടിച്ചെടുക്കുന്നതിലല്ല, മറിച്ച് ജനങ്ങളാൽ അധികാരത്തെ നിയന്ത്രിക്കലാണ് എന്ന ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ വാക്കുകൾ അനുസ്മരിച്ച ഉപരാഷ്ട്രപതി, മൂല്യാധിഷ്ഠിതവും ധാർമ്മികവുമായ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

ഭൂദാൻ പ്രസ്ഥാനത്തിലെ ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ പ്രധാന പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം, അദ്ദേഹത്തിൻ്റെ പങ്കാളിത്തം പ്രസ്ഥാനത്തിന് ദേശീയ പ്രാധാന്യവും ധാർമ്മിക വിശ്വാസ്യതയും നല്കിയെന്ന് ചൂണ്ടിക്കാട്ടി. ബിഹാറിലും ഇന്ത്യയിലും ഉടനീളമുള്ള സമൂഹങ്ങളെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കപ്പുറം പൊതു നന്മയ്ക്കായി പ്രവർത്തിക്കാൻ ലോക് നായക് പ്രേരിപ്പിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

അഴിമതി വ്യാപകമായിരുന്ന ഒരു സമയത്ത്, ജനാധിപത്യ മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും പുനർനിർമ്മിക്കാനും യുവാക്കൾക്ക് അധികാരമുണ്ടെന്ന് ലോക് നായക് ഉറച്ചു വിശ്വസിച്ചിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനുള്ള മാർഗ്ഗമായി അഹിംസാത്മക വിപ്ലവത്തെ ജയപ്രകാശ് നാരായൺ ശക്തമായി പിന്തുണച്ചിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സമ്പൂർണ ക്രാന്തിക്കായുള്ള (സമ്പൂർണ്ണ വിപ്ലവം) ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ആഹ്വാനം ആയുധങ്ങളുടെ കലാപമായിരുന്നില്ലെന്നും മറിച്ച് ആശയങ്ങളുടെ വിപ്ലവമായിരുന്നുവെന്നും ശുദ്ധമായ ഭരണവും ശാക്തീകരിക്കപ്പെട്ട ദരിദ്രരും ഇന്ത്യയുടെ വിധി രൂപപ്പെടുത്തുന്നതിൽ സജീവമായ യുവജന പങ്കാളിത്തവുമുള്ള ഒരു രാഷ്ട്രത്തെ വിഭാവനം ചെയ്യുന്ന ആശയങ്ങളുടെ വിപ്ലവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനവുമായുള്ള തൻ്റെ ബന്ധം അനുസ്മരിച്ച ഉപരാഷ്ട്രപതി, ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ആഹ്വാനത്താൽ പ്രചോദിതനായി പത്തൊമ്പതാം വയസ്സിൽ പ്രസ്ഥാനത്തിൻ്റെ ഭാഗമായതും കോയമ്പത്തൂരിലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ജില്ലാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതും ജീവിതത്തിലെ വ്യക്തിപരമായ ബഹുമതിയാണെന്ന് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വേണ്ടിയുള്ള സമർപ്പണമെന്നോണം, നിസ്വാർത്ഥതയുടെ പ്രവൃത്തിയായി ബ്രഹ്മചര്യത്തിൻ്റെ പ്രതിജ്ഞയെടുത്ത ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ഭാര്യ പ്രഭാവതി ദേവിയുടെ അചഞ്ചലമായ പിന്തുണയും ഉപരാഷ്ട്രപതി സ്മരിച്ചു.

ലോക് നായക് ജയപ്രകാശ് നാരായണിനെ ജനങ്ങളുടെ ശാക്തീകരണത്തിൻ്റെ മഹാനായ ചാമ്പ്യനായി ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അദ്ദേഹം എപ്പോഴും ലോക് ശക്തിയെ (ജനങ്ങളുടെ ശക്തി) രാജ്യശക്തിയേക്കാൾ ഉയർത്തിപ്പിടിച്ചു.

ഇന്നും ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തി ലോക് നായക് ശക്തമായി ഉയർത്തിപ്പിടിച്ച സുതാര്യത, ഉത്തരവാദിത്തം, പൊതുസേവനം, ധാർമ്മിക ധൈര്യം എന്നീ മൂല്യങ്ങളിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഊർജ്ജസ്വലവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ലോക് നായക് ജയപ്രകാശ് നാരായണിൻ്റെ ആദർശങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളേണ്ടത് ആവശ്യമാണെന്ന് ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു.

ഇന്ത്യയുടെ ശ്രേഷ്ഠ പുത്രന്മാരിൽ ഒരാളായ ലോക് നായക് ജയപ്രകാശ് നാരായണിനെ സമ്മാനിച്ച ബിഹാർ ഭൂമിയോടുള്ള തൻ്റെ ആഴത്തിലുള്ള ആദരവ് ഉപരാഷ്ട്രപതി പ്രകടിപ്പിച്ചു. ലോക് നായക് നിലകൊണ്ട മൂല്യങ്ങളായ സത്യം, നീതി, അഹിംസ, ജനങ്ങളുടെ ശക്തി എന്നിവയോടുള്ള രാജ്യത്തിൻ്റെ കൂട്ടായ പ്രതിബദ്ധത പുതുക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് എപ്പോഴും പ്രഥമ പരിഗണനയെന്ന് എല്ലാവരേയും എക്കാലവും ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ജീവിതവും ആദർശങ്ങളുമെന്നും ശ്രീ രാധാകൃഷ്ണൻ പറഞ്ഞു.
 
****

(Release ID: 2177878) Visitor Counter : 8