റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ നവീകരിച്ച ആധുനിക യാത്രി സുവിധാ കേന്ദ്രം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു; ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന

ഉത്സവ സീസണിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രി സുവിധാ കേന്ദ്രം കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യും: കേന്ദ്ര മന്ത്രി

രാജ്യത്തുടനീളമുള്ള മറ്റ് സ്റ്റേഷനുകളിലും സമാനമായ യാത്രി സുവിധാ കേന്ദ്രങ്ങൾ വികസിപ്പിക്കും: അശ്വിനി വൈഷ്ണവ്

Posted On: 11 OCT 2025 2:34PM by PIB Thiruvananthpuram

രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനലുകളിൽ ഒന്നായ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ (NDLS) യാത്രക്കാരുടെ സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതുതായി നിർമ്മിച്ച യാത്രി സുവിധ കേന്ദ്രം (പെർമനൻ്റ് ഹോൾഡിംഗ് ഏരിയ) കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പരിശോധിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രികരുടെ സുഗമമായ സഞ്ചാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട്, ഒരേ സമയം ഏകദേശം 7,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉത്സവകാലമായതിനാൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, "പുതുതായി വികസിപ്പിച്ച അത്യാധുനിക യാത്രി സുവിധ കേന്ദ്രം ഏറെ ആശ്വാസം പകരുമെന്നും, സമാനമായ യാത്രി സുവിധാ കേന്ദ്രങ്ങൾ രാജ്യത്തെ മറ്റ് സ്റ്റേഷനുകളിലും വികസിപ്പിക്കുമെന്നും" ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.


 

യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി പുതിയ യാത്രി സുവിധാ കേന്ദ്രത്തെ മൂന്ന് തന്ത്രപരമായ  മേഖലകളായി തിരിച്ചിരിക്കുന്നു. 2,860 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടിക്കറ്റിംഗ് ഏരിയ, 1,150 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പോസ്റ്റ് ടിക്കറ്റിംഗ് ഏരിയ, 1,218 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രീ ടിക്കറ്റിംഗ് ഏരിയ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ടെർമിനലിൻ്റെ പ്രധാന കവാടത്തിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രികർക്കുള്ള സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്രകാരം വെവ്വേറെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.



 

യാത്രക്കാർക്കുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഉത്തര റെയിൽവേ, സമഗ്രവും ആധുനികവുമായ സൗകര്യങ്ങളോടെയാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

പ്രധാന സവിശേഷതകൾ:

ടിക്കറ്റിങ്: 22 ആധുനിക ടിക്കറ്റിംഗ് കൗണ്ടറുകളും 25 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും (ATVMs).

ശേഷിയും സൗകര്യങ്ങളും: 200 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും അന്തരീക്ഷം തണുപ്പിക്കാനായി 18 ഹൈ വോളിയം ലോ സ്പീഡ് (HVLS) ഫാനുകളും.

ശുചിത്വവും വെള്ളവും: 652 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച ഒരു പ്രത്യേക ശൗചാലയ ബ്ലോക്ക്, ഒപ്പം ഒരു RO അധിഷ്ഠിത കുടിവെള്ള സംവിധാനവും.

വിവര വിനിമയവും സുരക്ഷയും: 24 സ്പീക്കറുകൾ, മൂന്ന് LED ഇലക്ട്രോണിക് ട്രെയിൻ ഇൻഫർമേഷൻ ഡിസ്പ്ലേ സംവിധാനങ്ങൾ, 7 യൂണിറ്റ് ആധുനിക അഗ്നിശമന സംവിധാനങ്ങൾ എന്നിവ അടങ്ങിയ പാസഞ്ചർ അനൗൺസ്‌മെൻ്റ് സിസ്റ്റം.

സുരക്ഷ: 18 സിസിടിവി ക്യാമറകൾ, 5 ലഗേജ് സ്കാനറുകൾ, 5 ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD) എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ.

നിർമ്മാണ വേളയിൽ ഒട്ടേറെ സങ്കീർണ്ണമായ വെല്ലുവിളികളെ വിജയകരമായി തരണം ചെയ്യാൻ ഉത്തര റെയിൽവേയ്ക്ക് കഴിഞ്ഞു. എടിഎമ്മുകൾ, ഡൽഹി പോലീസ് ക്യാബിൻ, പരസ്യ ബോർഡുകൾ തുടങ്ങിയ നിലവിലുള്ള ഘടനകളുടെ പൊളിച്ചുമാറ്റലും, മാറ്റിസ്ഥാപിക്കലും ഏറെ വെല്ലുവിളി ഉയർത്തി. കൂടാതെ, ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതെ ജല വിതരണ പൈപ്പുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, OFC കേബിളുകൾ തുടങ്ങിയ സങ്കീർണമായ അവശ്യ സേവനങ്ങളും മാറ്റിസ്ഥാപിച്ചു.

സമാന്തരമായി നടന്ന, കാൽനട മേൽപ്പാലത്തിൻ്റെ (Foot Over Bridge -FOB 1) വിപുലീകരണത്തോടെ മറ്റൊരു അവശ്യ അടിസ്ഥാന സൗകര്യ നവീകരണവും പൂർത്തിയാക്കി. NDLS ൽ ട്രെയിനിറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് മെട്രോ സ്റ്റേഷനിലേക്ക് കടക്കാൻ കഴിയുമെന്ന് ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ഇത് ബഹുമാതൃകാ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്ലാറ്റ്‌ഫോമിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.

 
*****
 

(Release ID: 2177830) Visitor Counter : 14