പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-യുകെ സംയുക്ത പ്രസ്താവന

प्रविष्टि तिथि: 09 OCT 2025 3:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ 2025 ഒക്ടോബർ 8 മുതൽ 9 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയും ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റുമായ ഹോൺ പീറ്റർ കൈൽ, സ്കോട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി ഹോൺ ഡഗ്ലസ് അലക്സാണ്ടർ, യുകെ നിക്ഷേപ മന്ത്രി ജേസൺ സ്റ്റോൿവുഡ്, 125 സിഇഒമാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസിലർമാർ, സാംസ്കാരിക നേതാക്കൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി സ്റ്റാർമറിന്റെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. 2025 ജൂലൈ 23-24 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ യുകെ സന്ദർശനത്തിന്റെ പിന്നാലെയാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങളും ചരിത്രപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ (CETA) ഒപ്പുവെക്കുകയും ഇന്ത്യ-യുകെ വിഷൻ 2035, പ്രതിരോധ വ്യാവസായിക റോഡ്മാപ്പ് എന്നിവയ്ക്ക് അംഗീകാരം നൽകുകയും ചെയ്തു.

2025 ഒക്ടോബർ 9 ന് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും മുഖ്യ പ്രഭാഷണങ്ങൾ നടത്തി. 2025 ഒക്ടോബർ 9 ന് മുംബൈയിൽ വെച്ച് നേതാക്കൾ നിയന്ത്രിത തലത്തിലും പ്രതിനിധി തലത്തിലും ചർച്ചകൾ നടത്തി. ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോ​ഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും ആഗോള സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവയ്ക്കുള്ള പൊതു പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇരുവർക്കും താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തു.

വളർച്ച

മുംബൈയിൽ ഇന്ത്യ-യുകെ ഉച്ചകോടിയോടനുബന്ധിച്ച് നടന്ന സിഇഒ ഫോറത്തിന്റെ യോഗത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA) അതിൻ്റെ നേട്ടങ്ങൾ സാക്ഷാത്കരിക്കുന്നതിനായി എത്രയും വേഗം അംഗീകരിക്കപ്പെടുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പങ്കുവെച്ചു. 

CETAയുടെ ഭരണനിർവഹണത്തെയും ഉപയോഗത്തെയും പിന്തുണയ്ക്കുന്നതിനും വിശാലമായ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തെ മുന്നോട്ട് നയിക്കുന്നതിനും സംയുക്ത സാമ്പത്തിക, വ്യാപാര കമ്മിറ്റി (JETCO) പുനഃക്രമീകരിച്ചതിനെയും പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളിലെയും നിർമ്മാണം, അടിസ്ഥാന സൗകര്യം, ശുദ്ധമായ ഊർജ്ജം, നൂതന ഉൽപ്പാദനം, പ്രതിരോധം, വിദ്യാഭ്യാസം, കായികം, സംസ്കാരം, സാമ്പത്തിക, പ്രൊഫഷണൽ ബിസിനസ്സ് സേവനങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, ഉപഭോക്തൃ വസ്തുക്കൾ, ഭക്ഷണം എന്നീ മേഖലകളിലെ നിക്ഷേപത്തിനുള്ള അവസരങ്ങൾ യുകെ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്ന ബിസിനസ്സ് പ്രതിനിധി സംഘം വിശദീകരിച്ചു. നീതി ആയോഗിനെയും സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷനെയും ബന്ധിപ്പിക്കുന്ന യുകെ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് ബ്രിഡ്ജ് (UKIIFB), സുസ്ഥിര വളർച്ചയ്ക്കുള്ള നമ്മുടെ പൊതു അഭിലാഷങ്ങളുടെ ഒരു ഉദാഹരണമാണ്.

വ്യോമയാന മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഇന്ത്യ-യുകെ വ്യോമ സേവന കരാർ പുതുക്കുന്നതിനെക്കുറിച്ചും വ്യോമയാനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിനെ സ്വാഗതം ചെയ്തു. എയ്‌റോസ്‌പേസ് മേഖലയിലുടനീളം കൂടുതൽ ചേർന്നുപ്രവർത്തിക്കുന്നതിന് ഇത് ഇരു രാജ്യങ്ങൾക്കും അവസരം നൽകുന്നു.

സാങ്കേതികവിദ്യയും നവീകരണവും

സമഗ്ര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള നവീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പൊതു പ്രതിബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു. ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (TSI) എന്ന നാഴികക്കല്ലിനെ അടിസ്ഥാനമാക്കി, ടെലികമ്മ്യൂണിക്കേഷൻസ്, നിർണായക ധാതുക്കൾ, AI, ആരോഗ്യ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ ഉണ്ടായിട്ടുള്ള പ്രകടമായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

TSIയ്ക്ക് കീഴിൽ താഴെപ്പറയുന്നവയ്ക്ക് തുടക്കം കുറിക്കുന്നതിൽ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു:

* ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ - 6G, നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ (NTN), ടെലികോമുകൾക്കായുള്ള സൈബർ സുരക്ഷ എന്നിവയ്‌ക്കായുള്ള AI നേറ്റീവ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത ഹബ്ബ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കുറഞ്ഞത് £24 മില്യണിന്റെ സംയുക്ത മൂലധന നിക്ഷേപം.

* ആരോഗ്യം, കാലാവസ്ഥ, ഫിൻടെക്, എഞ്ചിനീയറിംഗ് ബയോളജി എന്നിവയിലുടനീളം ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ AI വികസിപ്പിക്കാൻ ഇന്ത്യ-യുകെ ജോയിന്റ് സെന്റർ ഫോർ AI 

* നിർണായക ധാതു വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും വൈവിധ്യവത്കരിക്കുകയും ഇരു രാജ്യങ്ങളിലും നിക്ഷേപവും വളർച്ചയും നൽകുകയും ചെയ്യുന്ന കോൺക്രീറ്റ് പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുകെ-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് പ്രോസസ്സിംഗ് ആൻഡ് ഡൗൺസ്ട്രീം കൊളാബറേഷൻ ഗിൽഡ്. മിനറൽ കവറേജ് വിപുലീകരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും പുതിയ ഉഭയകക്ഷി നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനും IIT-ISM ധൻബാദിൽ ഒരു പുതിയ ഉപഗ്രഹ ക്യാമ്പസ് സ്ഥാപിക്കുന്നതിനുമായി യുകെ-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സപ്ലൈ ചെയിൻ ഒബ്സർവേറ്ററിയുടെ രണ്ടാം ഘട്ടവും അവർ പ്രഖ്യാപിച്ചു.

ബയോടെക്നോളജിയുടെ പുരോ​ഗതിക്കായി യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുകയാണ്. യുകെയിലെ സെന്റർ ഫോർ പ്രോസസ് ഇന്നൊവേഷനും (CPI) ഇന്ത്യയിലെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (BRIC) സ്ഥാപനങ്ങളും തമ്മിൽ, ഹെൻറി റോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും (HRI) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (IISc) തമ്മിൽ, ഓക്‌സ്‌ഫോർഡ് നാനോപോർ ടെക്‌നോളജീസും (ONT), BRIC - സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസ്റ്റിക്സും (BRIC-CDFD) തമ്മിൽ തന്ത്രപരമായ പങ്കാളിത്തങ്ങൾ ഒപ്പുവെച്ചു. ബയോമാനുഫാക്ചറിംഗ്, 3D ബയോപ്രിന്റിംഗ്, ജീനോമിക്സ് എന്നിവയിൽ പരിവർത്തനാത്മക ഫലങ്ങൾ നൽകുന്നതിന് ഇത് സഹായിക്കുന്നു.

പ്രതിരോധവും സുരക്ഷയും

സംയുക്ത അഭ്യാസങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ഇന്ത്യയുടെയും യുകെയുടെയും സായുധ സേനകൾ തമ്മിലുള്ള ഉഭയകക്ഷി വിനിമയങ്ങൾ വികസിപ്പിക്കാൻ നേതാക്കൾ തമ്മിൽ ധാരണയായി. യുകെയുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെയും ഇന്ത്യൻ നാവികസേനയുമായുള്ള റോയൽ നേവിയുടെ കൊങ്കൺ അഭ്യാസത്തിന്റെയും തുറമുഖ ആഹ്വാനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് സമുദ്ര സുരക്ഷാ കൂട്ടായ്മയുടെ (IPOI) കീഴിൽ റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസ് (RMSCE) സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഇന്തോ-പസഫിക്കിൽ ശക്തമായ സമുദ്ര സുരക്ഷാ സഹകരണത്തിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്.

പരിശീലന സഹകരണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ വ്യോമസേന യോഗ്യതയുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരെ യുകെ റോയൽ എയർഫോഴ്‌സ് പരിശീലനത്തിൽ സംയോജിപ്പിക്കുന്നതിനുള്ള കരാറിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു, അതോടൊപ്പം നമ്മുടെ ശക്തമായ പരിശീലന, വിദ്യാഭ്യാസ ബന്ധത്തെ സുഗമമാക്കുന്ന ഒരു കരാറിനെയും സ്വാ​ഗതം ചെയ്തു.

ഇന്ത്യൻ നാവിക പ്ലാറ്റ്‌ഫോമുകൾക്കായി സമുദ്ര വൈദ്യുത പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ സഹകരണം സംബന്ധിച്ച ഇന്ത്യ-യുകെ ഇന്റർ ​ഗവൺമെന്റൽ കരാർ (IGA) അന്തിമമാക്കാനുള്ള ഉദ്ദേശ്യത്തിൽ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു.

ലൈറ്റ്‌വെയ്റ്റ് മൾട്ടിറോൾ മിസൈൽ (LMM) സംവിധാനങ്ങളുടെ പ്രാരംഭ വിതരണത്തിൽ ​ഗവൺമെന്റ് ടു ​ഗവൺമെന്റ് വഴി മുന്നോട്ട് പോകാനുള്ള കരാറും ഇരു നേതാക്കളും പ്രഖ്യാപിച്ചു. ഇത് ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷികളെ കൂടുതൽ പിന്തുണയ്ക്കുകയും ആത്മനിർഭർ ഭാരതിന്റെ വെളിച്ചത്തിൽ, ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ആയുധങ്ങളിൽ ദീർഘകാല സഹകരണത്തെ പിന്തുണയ്ക്കുകയും ചെയ്യും.

ഭീകരവാദത്തെയും എല്ലാ രൂപങ്ങളിലുമുള്ള അക്രമാസക്തമായ തീവ്രവാദത്തെയും ഇരു പ്രധാനമന്ത്രിമാരും അസന്ദിഗ്ധമായും ശക്തമായും അപലപിച്ചു. ഭീകരതയോട് യാതൊരു സഹിഷ്ണുതയുമില്ലെന്നും യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ഭീകരതയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഏകോപിപ്പിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. തീവ്രവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും ചെറുക്കൽ; ഭീകരവാദത്തിനുള്ള ധനസഹായത്തെയും തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കത്തെയും ചെറുക്കൽ; തീവ്രവാദ ആവശ്യങ്ങൾക്കായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ ചൂഷണം തടയൽ; തീവ്രവാദ റിക്രൂട്ട്‌മെന്റ് തടയൽ; വിവരങ്ങൾ പങ്കിടൽ, ജുഡീഷ്യൽ സഹകരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കൽ; ഐക്യരാഷ്ട്രസഭയിലും FATFലും ഉൾപ്പെടെ ഈ മേഖലകളിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയ്ക്കും ഇരുവരും ധാരണയായി. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഗോളതലത്തിൽ നിരോധിച്ച ഭീകരർ, ഭീകര സംഘടനകൾ, അവരുടെ സ്പോൺസർമാർ എന്നിവർക്കെതിരെ നിർണായകവും യോജിച്ചതുമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താനും ഇരുവരും പ്രതിജ്ഞാബദ്ധരായി.

കാലാവസ്ഥയും ഊർജ്ജവും

നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണത്തിന്റെ പ്രാധാന്യം നേതാക്കൾ ആവർത്തിച്ചു. കാലാവസ്ഥാ സാമ്പത്തിക സഹായം വർദ്ധിപ്പിക്കുന്നതിനും ഹരിത സാമ്പത്തിക വളർച്ചയ്ക്കും ഇരു രാജ്യങ്ങൾക്കും പുതിയ സാമ്പത്തിക സഹായ അവസരങ്ങൾക്കും വഴിയൊരുക്കുന്നതിനുമുള്ള 'ഇന്ത്യ-യുകെ കാലാവസ്ഥ സാമ്പത്തിക സഹായ സംരംഭ'ത്തെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. കാലാവസ്ഥാ സാങ്കേതിക സ്റ്റാർട്ടപ്പ് ഫണ്ടിൽ പുതിയ സംയുക്ത നിക്ഷേപവും പ്രഖ്യാപിച്ചു. യുകെ ​ഗവൺമെന്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഈ തന്ത്രപ്രധാനമായ സംരംഭം, കാലാവസ്ഥാ സാങ്കേതികവിദ്യ, AI തുടങ്ങിയ നൂതന മേഖലകളിൽ പ്രവർത്തിക്കുന്ന  സംരംഭകർക്കുള്ള പിന്തുണ വർദ്ധിപ്പിക്കുകയും, നവീകരണത്തിന് നേതൃത്വം നൽകുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്‌ഫോഴ്‌സ് സ്ഥാപിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഗ്ലോബൽ ക്ലീൻ പവർ അലയൻസ് (GCPA) വഴി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾക്ക് സമ​ഗ്രപഠനം നടത്താനുമുള്ള ഉദ്ദേശ്യം അവർ ആവർത്തിച്ചു.

വിദ്യാഭ്യാസവും സംസ്കാരവും ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക്

ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജന, സാംസ്കാരിക, വിദ്യാഭ്യാസ വിനിമയങ്ങളുടെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. 2025 മെയ് മാസത്തിൽ ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മന്ത്രിമാർ ഒപ്പുവെച്ച ആദ്യ വാർഷിക മന്ത്രിതല സ്ട്രാറ്റജിക് എജ്യുക്കേഷൻ ഡയലോഗിനും സാംസ്കാരിക സഹകരണ പരിപാടിയുടെ നടത്തിപ്പിനും അവർ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന മേഖലയായി വിദ്യാഭ്യാസത്തെ അംഗീകരിച്ച ഇരുപക്ഷവും ഇന്ത്യയിൽ ഒമ്പത് പ്രമുഖ യുകെ സർവകലാശാലകളുടെ ക്യാമ്പസുകൾ തുറക്കുന്നതിലെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ചു. സതാംപ്ടൺ സർവകലാശാല അതിന്റെ ഗുരുഗ്രാമിലെ ക്യാമ്പസിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ കൂട്ടായ്മയെ സ്വാഗതം ചെയ്തു. ലിവർപൂൾ സർവകലാശാല, യോർക്ക് സർവകലാശാല, ആബെർഡീൻ സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല എന്നിവയുടെ ബ്രാഞ്ച് ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇന്റന്റ് (LoI) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ കൈമാറി. കൂടാതെ, ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റി, കവൻട്രി യൂണിവേഴ്സിറ്റി എന്നിവയ്ക്ക് ഗിഫ്റ്റ് സിറ്റിയിൽ ബ്രാഞ്ച് ക്യാമ്പസുകൾ തുറക്കാൻ അം​ഗീകാരം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ ലങ്കാസ്റ്റർ സർവകലാശാലയുടെ ക്യാമ്പസ് തുറക്കുന്നതിനുള്ള എൽഒഐയും ഇന്ത്യൻ അധികൃതർ കൈമാറി, ഗിഫ്റ്റ് സിറ്റിയിൽ സറേ സർവകലാശാലയുടെ ക്യാമ്പസ് തുറക്കുന്നതിനും തത്വത്തിൽ അംഗീകാരം നൽകി.

മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് (MMP) നടപ്പിലാക്കുന്നത് തുടരാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രിമാർ പ്രകടിപ്പിച്ചു. ക്രമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനുള്ള സഹകരണത്തിലെ പുരോഗതി ചൂണ്ടിക്കാട്ടിയപ്പോൾ, ഈ മേഖലയിൽ സഹകരണം തുടരാനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.

യുകെയിലെ ഇന്ത്യൻ പ്രവാസികളെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു ജീവനുള്ള പാലമായി ഇരു നേതാക്കളും അം​ഗീകരിച്ചു. സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ ഉഭയകക്ഷി  ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ സംഭാവനയെ അഭിനന്ദിച്ചു. സംസ്കാരം, സർഗ്ഗാത്മക വ്യവസായങ്ങൾ, കല, ടൂറിസം, കായികം എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളിലെയും പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള യുകെ-ഇന്ത്യ സാംസ്കാരിക സഹകരണ പരിപാടിയുടെ സാധ്യതൾ നേതാക്കൾ അംഗീകരിച്ചു.

പ്രാദേശികവും ബഹുമുഖവുമായ സഹകരണം

ആഗോള സമാധാനം, അഭിവൃദ്ധി, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവയോടുള്ള തങ്ങളുടെ പൊതു പ്രതിബദ്ധത പ്രധാനമന്ത്രിമാർ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ (UNSC) പരിഷ്കരണം ഉൾപ്പെടെ പരിഷ്കരിച്ച ബഹുമുഖത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ചേർന്നുപ്രവർത്തിക്കാൻ ധാരണയായി. പരിഷ്കരിച്ച UNSCയിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ന്യായമായ അഭിലാഷങ്ങൾക്ക് യുകെ ദീർഘകാല പിന്തുണ ആവർത്തിച്ചു.

വൈവിധ്യമാർന്ന ഭൂമിശാസ്ത്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2.5 ബില്യൺ ജനങ്ങളുടെ പൊതുവായ മൂല്യങ്ങളാണ് കോമൺ‌വെൽത്തിന്റെ ശക്തിയെന്ന് നേതാക്കൾ അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, കോമൺ‌വെൽത്ത് ഓർഗനൈസേഷനിലെ പുതിയ നേതൃത്വവുമായി യുവാക്കളുടെ ഇടപെടൽ എന്നീ മേഖലകളിൽ ചേർന്നുപ്രവർത്തിക്കാനും ധാരണയായി.

യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി യുക്രൈനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിന് ഇരു പ്രധാനമന്ത്രിമാരും പിന്തുണ പ്രകടിപ്പിച്ചു. ഇത് നേടിയെടുക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.

മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. സംയമനം പാലിക്കാനും, പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും, സ്ഥിതി കൂടുതൽ വഷളാക്കുകയും പ്രാദേശിക സ്ഥിരതയെ അപകടപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആഹ്വാനം ചെയ്തു. ഗാസയിലെ യുഎസ് സമാധാന പദ്ധതിക്കും, വെടിനിർത്തൽ ഉറപ്പാക്കാൻ പ്രാദേശിക പങ്കാളികളുമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയ്ക്കും ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായം നൽകാനും സുരക്ഷിതവും നീതിയുക്തവുമായ ഒരു സമാധാനത്തിനായുള്ള അവരുടെ പൊതു പ്രതിബദ്ധതയ്ക്കും പ്രായോഗികമായ പലസ്തീൻ രാഷ്ട്രത്തോടൊപ്പം സുരക്ഷിതവും ഭദ്രവുമായ ഒരു ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള ഒരു ചുവടുവെപ്പായി, ശാശ്വതവും നീതിയുക്തവുമായ ഒരു സമാധാനത്തിനായുള്ള അവരുടെ പൊതു പ്രതിബദ്ധതയ്ക്കും പിന്തുണ അറിയിച്ചു.

പ്രധാനമന്ത്രി സ്റ്റാർമർ തനിക്കും തന്റെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും നൽകിയ ഊഷ്മളതയ്ക്കും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. പൊതു ജനാധിപത്യ മൂല്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും നിലനിൽക്കുന്നതുമായ സൗഹൃദബന്ധങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തമായ വളർച്ചയും പോസിറ്റീവ് പാതയും ഈ സന്ദർശനം വീണ്ടും ഉറപ്പിച്ചു.

 

-NK-


(रिलीज़ आईडी: 2176931) आगंतुक पटल : 49
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada