ആയുഷ്‌
azadi ka amrit mahotsav

100 ആയുഷ് ഔഷധ പദാർത്ഥങ്ങളുടെ ആദ്യ ഘട്ട പട്ടികയുമായി “ദ്രവ്യ” പോർട്ടൽ

ഒരു ഡിജിറ്റൽ ആർക്കൈവ് എന്നതിലുപരി, ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യത്തിൻ്റെ തനത് സ്വരൂപമാണ് ദ്രവ്യ: കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പ്രതാപ് റാവു ജാദവ്

प्रविष्टि तिथि: 09 OCT 2025 11:49AM by PIB Thiruvananthpuram
ആദ്യ ഘട്ടത്തിൽ, 100 പ്രധാന ഔഷധ പദാർത്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാറ്റലോഗ് ചെയ്യാൻ ദ്രവ്യ പോർട്ടൽ ലക്ഷ്യമിടുന്നു. കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതിനായി സമർപ്പിതമായ ഒരു  സോഫ്റ്റ്‌വെയർ മുഖേന ഡാറ്റ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യും. ഒരു നൂതന ഓൺലൈൻ വിജ്ഞാന ശേഖരമാണ് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസസിന്റെ (CCRAS) അഭിലാഷ സംരംഭമായ ഡിജിറ്റൈസ്ഡ് റിട്രീവൽ ആപ്ലിക്കേഷൻ ഫോർ വെർസറ്റൈൽ യാർഡ്‌സ്റ്റിക്ക് ഓഫ് ആയുഷ് (DRAVYA) .

 ദ്രവ്യ AI-ക്ക് സജ്ജമാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ആയുഷ് ഗ്രിഡുമായും, ഔഷധ പദാർത്ഥങ്ങളും ഔഷധ നയവുമായി ബന്ധപ്പെട്ട  മറ്റ് മന്ത്രാലയങ്ങളുടെ സംരംഭങ്ങളുമായും ഇതിനെ ബന്ധിപ്പിക്കും. രാജ്യവ്യാപകമായി ഔഷധ സസ്യ ഉദ്യാനങ്ങളിലും ഔഷധ ശേഖരങ്ങളിലും അടിസ്ഥാന വിവരങ്ങൾ  പ്രദർശിപ്പിക്കാനുതകുന്ന QR കോഡും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പ്രമാണീകരണം ആധാരമാക്കിയുള്ള സംയോജനം, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ ഒരു സുപ്രധാന ചുവടുവയ്‌പ്പ് എന്ന നിലയിലാണ് സെപ്റ്റംബർ 23ന് ഗോവയിൽ സംഘടിപ്പിച്ച 10-ാമത് ആയുർവേദ ദിന പരിപാടിയിൽ ആയുഷ് മന്ത്രാലയതിന്റെ ആഭിമുഖ്യത്തിലുള്ള  പോർട്ടൽ അനാച്ഛാദനം ചെയ്തത്. ഗോവ ഗവർണർ ശ്രീ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ പ്രതാപ് റാവു ജാദവ്, കേന്ദ്ര ഊർജ്ജ, പുനരുപയോഗ ഊർജ്ജ സഹമന്ത്രി ശ്രീ ശ്രീപദ് യെശോ നായിക്, ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആയുഷ് ഔഷധ പദാർത്ഥങ്ങളെക്കുറിച്ചുള്ള ആധികാരികവും ഗവേഷണ അധിഷ്ഠിതവുമായ വിവരങ്ങൾ ആഗോളതലത്തിൽ ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ സംരംഭം .

പരമ്പരാഗത ആയുർവേദ ഗ്രന്ഥങ്ങളിൽ നിന്നും ആധികാരിക ഓൺലൈൻ ഗവേഷണ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഡാറ്റയെ കാര്യക്ഷമമായി ഏകീകരിക്കുന്ന സമഗ്രവും സുതാര്യവുമായ ഡാറ്റാബേസായി ദ്രവ്യ പോർട്ടൽ വർത്തിക്കുന്നു. ഒരു അവബോധജന്യമായ ഉപയോക്തൃ ഇൻ്റർഫേസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്, ആയുഷ് സംവിധാനങ്ങളിലുടനീളം ഉപയോഗിക്കുന്ന ഔഷധ പദാർത്ഥങ്ങൾ സംബന്ധിച്ച വിവരങ്ങൾ തിരയാനും ആയുർവേദ ഫാർമക്കോതെറാപ്പിറ്റിക്സ്, സസ്യശാസ്ത്രം, രസതന്ത്രം, ഫാർമസി, ഫാർമക്കോളജി, സുരക്ഷാ വിവരങ്ങൾ എന്നിവയടക്കമുള്ള വിശദമായ വിവരണങ്ങൾ മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു.

ഈ സംരംഭത്തെക്കുറിച്ച് സംസാരിക്കവേ, കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു, “ദ്രവ്യ കേവലമൊരു ഡിജിറ്റൽ ആർക്കൈവ് മാത്രമല്ല -  ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യത്തിന്റെ സമകാലിക രൂപത്തിലുള്ള തനത് സ്വരൂപമാണ്. പരമ്പരാഗത വിജ്ഞാനത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുകൊണ്ട്, ആഗോള സഹകരണവും നവീകരണവും ലക്ഷ്യമിട്ട് ആയുർവേദത്തിൻ്റെയും മറ്റ് ആയുഷ് സംവിധാനങ്ങളുടെയും ശാസ്ത്രീയ അടിത്തറ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്.”

"ശാസ്ത്രീയമായ കൃത്യതയോടെയും ആഗോള പ്രാപ്യതയോടെയും ആയുഷ് വിജ്ഞാനത്തെ ഡിജിറ്റൽ യുഗത്തിലേക്ക് ആനയിക്കുക എന്ന സർക്കാരിൻ്റെ ദർശനത്തെയാണ് ദ്രവ്യ പ്രതിഫലിപ്പിക്കുന്നത്. സമകാലിക ഗവേഷണങ്ങളുമായി ക്ലാസിക്കൽ റഫറൻസുകൾ സംയോജിപ്പിക്കുന്നതിലൂടെ, ഈ പ്ലാറ്റ്‌ഫോം ശാസ്ത്ര സമൂഹത്തെ ശാക്തീകരിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾക്കും നൂതനാശയക്കാർക്കും വിശ്വസനീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ  ഉറവിടമായി വർത്തിക്കുകയും ചെയ്യും" എന്ന് ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച വ്യക്തമാക്കി.

"ഗവേഷകർ, പ്രാക്ടീഷണർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ പ്ലാറ്റ്‌ഫോം ഒരു ആധാരശിലയായി വർത്തിക്കും. ഇത് ക്രോസ്-ഡിസിപ്ലിനറി ഗവേഷണം സാധ്യമാക്കുകയും , ഫാർമക്കോപ്പിയൽ ഹാർമോണൈസേഷൻ വളർത്തുകയും, ആയുഷ് മരുന്നുകളുടെ തെളിവ് അടിസ്ഥാനമാക്കിയുള്ള സാധൂകരണം വർദ്ധിപ്പിക്കുകയും ചെയ്യും" എന്ന് CCRAS ഡയറക്ടർ ജനറൽ പ്രൊഫ. രബിനാരായണൻ ആചാര്യ അറിയിച്ചു.

പ്രായോഗിക രൂപകൽപ്പനയും വിപുലീകരണ ശേഷിയും പ്രയോജനപ്പെടുത്തി, പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ വിശാലമായ വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ധാരണയുമായി ഏകീകരിക്കുന്നതിനുള്ള പരിവർത്തനാത്മക ചുവടുവയ്പ്പിനെയാണ്  ദ്രവ്യ പ്രതിനിധീകരിക്കുന്നത് - ആധികാരിക ആയുഷ് വിജ്ഞാനം കരഗതമാക്കുന്നതിലും, വിവരങ്ങൾ തേടുന്നതിലും, ആഗോള പ്രസക്തമാക്കുന്നതിലും നാഴികക്കല്ലായി മാറുന്ന സംരംഭമാണിത്.
 
LPSS
 
*****

(रिलीज़ आईडी: 2176806) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Urdu , हिन्दी , English , Gujarati , Marathi , Tamil , Telugu