ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ. സി. പി. രാധാകൃഷ്ണന്‍ രാജ്യസഭയിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷത വഹിച്ചു
Posted On:
07 OCT 2025 8:22PM by PIB Thiruvananthpuram
ഇന്ന് രാജ്യസഭയിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായി, രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ. സി. പി. രാധാകൃഷ്ണന്‍ ആദ്യ കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു.
മന്ത്രിമാര്‍ ഉള്‍പ്പെടെ സഭയിലെ 29 നേതാക്കളെ സ്വാഗതം ചെയ്ത അദ്ദേഹം, സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തനിക്ക് നല്‍കിയ എല്ലാ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും അവരോട് നന്ദി പറഞ്ഞു. വിവിധ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുള്ള നേതാക്കള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒത്തുകൂടിയത് സന്തോഷകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യസഭ അര്‍ഹിക്കുന്ന അന്തസ്, അച്ചടക്കം, മാന്യത എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആമുഖപ്രഭാഷണത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു. സംഭാഷണം, ചര്‍ച്ച, സംവാദം, ആലോചനകള്‍ എന്നിവയാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് സഭയില്‍ ലഭ്യമായ അവസരങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതു പ്രാധാന്യമുള്ള അടിയന്തരകാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അംഗങ്ങളെ അനുവദിക്കുന്ന സുപ്രധാന അവസരങ്ങളാണ് ശൂന്യവേള, പ്രത്യേക ശ്രദ്ധ ക്ഷണിക്കല്‍ , ചോദ്യോത്തര വേള എന്നിവയെന്ന് ചെയര്‍മാന്‍ എടുത്തുപറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയും രാജ്യസഭയുടെ ചട്ടങ്ങളുമാണ് പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്ക് മാര്‍ഗനിര്‍ദേശ ചട്ടക്കൂട്-ലക്ഷ്മണ രേഖ- ആയി വര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ഈ ചട്ടക്കൂടിനുള്ളില്‍ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. അതേസമയം സഭയുടെ പവിത്രത നിലനിര്‍ത്തുന്നതിന് എല്ലാവര്‍ക്കും പൊതു ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിന് സഭയുടെ ഓരോ ദിവസവും, ഓരോ മണിക്കൂറും, ഓരോ മിനിറ്റും, ഓരോ സെക്കന്‍ഡും വിനിയോഗിക്കാന്‍ അദ്ദേഹം എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.
പിന്നീട് സഭാ നേതാവ് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും , മറ്റ് നേതാക്കള്‍ അതില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സഭാസമ്മേളന വേളയില്‍, പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ മികച്ച പാരമ്പര്യം പാലിക്കുന്നതിന് ഊന്നല്‍ നല്‍കിയ അദ്ദേഹം സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ അധികാരപരിധിയില്‍ നിന്നുള്ള സാധ്യമായ എല്ലാ പിന്തുണയും നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ കക്ഷി നേതാക്കള്‍, സഭാ സമ്മേളനങ്ങളില്‍ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു. ശൂന്യവേള, ചോദ്യോത്തര വേള, സ്വകാര്യ അംഗങ്ങളുടെ ബിസിനസ് (പിഎംബി), ഹ്രസ്വ ചര്‍ച്ചകള്‍ (എസ്ഡിഡി), ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസുകള്‍ (സിഎഎന്‍) തുടങ്ങിയ വിവിധ പാര്‍ലമെന്ററി ഉപാധികളിലൂടെ പ്രതിപക്ഷ കക്ഷികള്‍ക്ക് സഭയില്‍ ശബ്ദമുയര്‍ത്താന്‍ മതിയായ അവസരം നല്‍കണമെന്ന് കക്ഷി നേതാക്കള്‍ സഭാ അധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചു. സഭയില്‍ പരിമിതമായ അംഗങ്ങളുള്ള ചെറിയ പാര്‍ട്ടികള്‍ അവഗണിക്കപ്പെടാതിരിക്കാന്‍ ഓരോ കക്ഷിക്കും ന്യായമായ സമയം അനുവദിക്കാന്‍ ശ്രമിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അക്കാര്യം പരിഗണിക്കാമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഉറപ്പ് നല്‍കി.
രാജ്യസഭയിലെ എല്ലാ കക്ഷി നേതാക്കളുടെയും പങ്കാളിത്തത്തോടെ വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. വരാനിരിക്കുന്ന ശീതകാല സമ്മേളനത്തെ കൂട്ടായ പരിശ്രമത്തിനും ഉല്‍പ്പാദനപരമായ ചര്‍ച്ചയ്ക്കുമുള്ള അവസരമായി യോഗം ഉപസംഹരിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷന്‍ വിശേഷിപ്പിച്ചു. അംഗങ്ങള്‍ നല്‍കുന്ന എല്ലാ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും പങ്കാളിത്തത്തിന് ഏവരോടും കൃതജ്ഞത അറിയിക്കുകയും ചെയ്തു .
*****
(Release ID: 2176060)
Visitor Counter : 8