ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
7 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ ബയോമെട്രിക് പുതുക്കൽ നിരക്ക് UIDAI ഒഴിവാക്കി; ഏകദേശം 6 കോടി കുട്ടികൾക്ക് പ്രയോജനം ചെയ്യും
നിർബന്ധിത ബയോമെട്രിക് പരിഷ്കരണത്തിനുള്ള (MBU) നിരക്കിളവ് 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ; ആനുകൂല്യം ഒരു വർഷത്തേക്ക് തുടരും
കുട്ടികളുടെ വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, ഡിബിടി പദ്ധതികൾ സുഗമമാക്കുന്നതിനായി ആധാറിലെ ബയോമെട്രിക് ഡാറ്റാ സൗജന്യമായി പുതുക്കാനാവും
Posted On:
04 OCT 2025 7:03PM by PIB Thiruvananthpuram
ജനോപകാരപ്രദമായ ഒരു നടപടിയായി, യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർബന്ധിത ബയോമെട്രിക് പരിഷ്കരണത്തിനുള്ള (MBU-1) എല്ലാ നിരക്കുകളും ഒഴിവാക്കി. ഈ നടപടി ഏകദേശം 6 കോടി കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
7 മുതൽ 15 വയസ്സ് പ്രായത്തിലുള്ളവർക്കുള്ള നിരക്കിളവ് 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ഒരു വർഷത്തേക്ക് തുടരും.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ജനന സർട്ടിഫിക്കറ്റ് എന്നിവ നൽകി ആധാറിൽ ചേരാനാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിരലടയാളം, നേത്രപടലം അഥവാ ഐറിസ് എന്നിവ വളർച്ചാപക്വത കൈവരിക്കാത്തതിനാൽ അത്തരം ബയോമെട്രിക് വിവരങ്ങൾ ആധാറിൽ ഉൾപ്പെടുത്തുന്നതിനായി ശേഖരിക്കില്ല.
അതിനാൽ, നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങൾ, ഐറിസ്, ഫോട്ടോ എന്നിവ ആധാറിൽ നിർബന്ധമായും ഉൾപ്പെടുത്തി പരിഷ്കരിക്കേണ്ടതുണ്ട്. ഇത് ആദ്യ നിർബന്ധിത ബയോമെട്രിക് പരിഷ്കരണം (എംബിയു) എന്ന് അറിയപ്പെടുന്നു. അതുപോലെ, കുട്ടിയ്ക്ക് 15 വയസ്സ് തികയുമ്പോൾ രണ്ടാമത്തെ എംബിയു വഴി വീണ്ടും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്.
ഇത്തരത്തിൽ ഒന്നാമത്തെയും രണ്ടാമത്തെയും ബയോമെട്രിക് പുതുക്കലുകൾ യഥാക്രമം 5-7 നും 15-17 നും ഇടയിൽ നടത്തുകയാണെങ്കിൽ, അത് പൂർണമായും സൗജന്യമായിരിക്കും. അതിനുശേഷം, ഓരോ എംബിയുവിനും 125/- രൂപ നിശ്ചിത ഫീസ് ഈടാക്കുന്നു. ഈ തീരുമാനത്തോടെ, 5-17 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികൾക്കും ഫലത്തിൽ ഇപ്പോൾ ബയോമെട്രിക് പുതുക്കൽ സൗജന്യമാണ്.
പുതുക്കിയ ബയോമെട്രിക് സംവിധാനത്തിലൂടെ ആധാർ, ജീവിതം സുഗമമാക്കും. സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യൽ, സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നേടൽ, ഡിബിടി (നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം) പദ്ധതികൾ തുടങ്ങിയ ആധാർ അനിവാര്യമായ സേവനങ്ങൾ തടസരഹിതമായി പ്രയോജനപ്പെടുത്താൻ സഹായിക്കും. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ പരിഷ്കരിക്കുന്നതിന് മുൻഗണന നൽകണമെന്ന് മാതാപിതാക്കൾ/രക്ഷിതാക്കളോട് നിർദ്ദേശിക്കുന്നു.
**********************
(Release ID: 2174903)
Visitor Counter : 20