പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 126-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 28 SEP 2025 11:48AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളിൽ നിന്ന് പഠിക്കുകയും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന "മൻ കി ബാത്തിൽ" നിങ്ങളോടൊപ്പം ചേരുന്നത് എനിക്ക് വളരെ സന്തോഷകരമായ ഒരനുഭവമാണ്. പരസ്പരം നമ്മുടെ ചിന്തകൾ പങ്കുവെച്ചുകൊണ്ടും, നമ്മുടെ "മൻ കി ബാത്ത്" പ്രകടിപ്പിച്ചുകൊണ്ടും, ഈ പരിപാടി 125 അധ്യായങ്ങൾ കടന്നുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്ന് ഈ പരിപാടിയുടെ 126-ാം അധ്യായമാണ്. ഈ ദിവസത്തിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഇന്ന് ഭാരതത്തിലെ രണ്ട് മഹാന്മാരുടെ ജന്മദിനമാണ്. ഞാൻ സംസാരിക്കുന്നത് രക്തസാക്ഷിയായ ഭഗത് സിംഗിനെയും ലതാ ദീദിയെയും കുറിച്ചാണ്.

സുഹൃത്തുക്കളേ, അനശ്വര രക്തസാക്ഷി ഭഗത് സിംഗ് ഓരോ ഭാരതീയനും, പ്രത്യേകിച്ച് രാജ്യത്തെ യുവാക്കൾക്ക്, ഒരു പ്രചോദനമാണ്. നിർഭയത്വം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നു. രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ്, ഭഗത് സിംഗ് ബ്രിട്ടീഷുകാർക്ക് ഒരു കത്ത് എഴുതി. അദ്ദേഹം പറഞ്ഞു, "എന്നെയും എന്റെ കൂട്ടുകാരെയും യുദ്ധത്തടവുകാരായി പരിഗണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അതുകൊണ്ട്, തൂക്കിലേറ്റിയല്ല, നേരിട്ട് വെടിയുതിർത്തുകൊണ്ടാണ് തങ്ങളുടെ ജീവൻ എടുക്കേണ്ടത്. ഇത് അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്തിന്റെ തെളിവാണ്. ഭഗത് സിംഗ് ദുരിതം പേറുന്ന ജനങ്ങളോട് വളരെ അനുഭാവം പുലർത്തുന്ന വ്യക്തി ആയിരുന്നു, അവരെ സഹായിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. രക്തസാക്ഷിയായ ഭഗത് സിംഗിന് ഞാൻ ആദരപൂർവ്വം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് ലതാ മങ്കേഷ്കറുടെ ജന്മദിനം കൂടിയാണ്. ഭാരത സംസ്കാരത്തിലും സംഗീതത്തിലും താൽപ്പര്യമുള്ള ആർക്കും അവരുടെ ഗാനങ്ങൾ കേട്ട് വികാരഭരിതരാകാതിരിക്കാൻ കഴിയില്ല. അവരുടെ ഗാനങ്ങളിൽ മനുഷ്യവികാരങ്ങളെ ഉണർത്തുന്നതെല്ലാം അടങ്ങിയിരിക്കുന്നു. അവർ പാടിയ ദേശഭക്തി ഗാനങ്ങൾ ആളുകളെ വളരെയധികം പ്രചോദിപ്പിച്ചു. ഭാരത സംസ്കാരവുമായി അവർക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ലതാ ദീദിക്ക് ഞാൻ എന്റെ ഹൃദയാർദ്രമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സുഹൃത്തുക്കളേ, ലതാ ദീദിയെ പ്രചോദിപ്പിച്ച മഹാന്മാരിൽ വീർ സവർക്കറും ഉൾപ്പെടുന്നു, അദ്ദേഹത്തെ അവർ താത്യ എന്ന് വിളിച്ചു. വീർ സവർക്കറുടെയും നിരവധി ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ലതാ ദീദിയുമായുള്ള എന്റെ സ്നേഹബന്ധം എപ്പോഴും നിലനിന്നിരുന്നു. എല്ലാ വർഷവും അവർ മറക്കാതെ എനിക്ക് രാഖി അയച്ചുതരാറുണ്ടായിരുന്നു. മറാത്തി ലളിതസംഗീതത്തിലെ മഹാപ്രതിഭയായ സുധീർ ഫഡ്കെയാണ് എനിക്ക് ആദ്യം ലതാ ദീദിയെ പരിചയപ്പെടുത്തിതന്നത്. അവർ പാടിയതും സുധീർ സംഗീതം നൽകിയതുമായ "ജ്യോതി കലശ് ഛൽക്കെ" എന്ന ഗാനം എനിക്ക് വളരെ ഇഷ്ടമാണെന്ന് ഞാൻ ലതാദീദിയോട് പറഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ, എന്നോടൊപ്പം നിങ്ങളും ഇത് ആസ്വദിക്കൂ.
(ഓഡിയോ)

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നവരാത്രിയുടെ ഈ സമയത്ത്, നാം ശക്തിയെ ആരാധിക്കുന്നു. നാം സ്ത്രീശക്തിയെ ആഘോഷിക്കുന്നു. വ്യവസായം മുതൽ കായികം വരെ, വിദ്യാഭ്യാസം മുതൽ ശാസ്ത്രം വരെ, ഏത് മേഖലയിലായാലും - നമ്മുടെ രാജ്യത്തിലെ പെൺമക്കൾ എല്ലായിടത്തും വെന്നിക്കൊടി പാറിക്കുന്നു. ഇന്ന്, സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള വെല്ലുവിളികളെ അവർ മറികടക്കുന്നു. ഞാൻ നിങ്ങളോട് ചോദിക്കട്ടെ: നിങ്ങൾക്ക് എട്ട് മാസം തുടർച്ചയായി കടലിൽ തങ്ങാൻ കഴിയുമോ? ഒരു പായ് വഞ്ചിയിൽ, അതായത്, കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വഞ്ചിയിൽ, അതും കടലിലെ കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മോശമാകാമെന്നിരിക്കെ, നിങ്ങൾക്ക് 50,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ? ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ആയിരം തവണ ചിന്തിക്കും, പക്ഷേ ഭാരതീയ നാവിക സേനയിലെ ധീരരായ രണ്ട് ഉദ്യോഗസ്ഥർ നാവിക സാഗർ പരിക്രമയിലൂടെ ഇത് സാക്ഷാത്ക്കരിച്ചു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് അവർ തെളിയിച്ചു. ഇന്ന്, 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് ഈ രണ്ട് സാഹസികരായ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ ലെഫ്റ്റനന്റ് കമാൻഡർ ദിൽനയാണ്, മറ്റൊരാൾ ലെഫ്റ്റനന്റ് കമാൻഡർ രൂപയാണ്. ഈ രണ്ട് ഉദ്യോഗസ്ഥരും നമ്മോടൊപ്പം ലൈനിലുണ്ട്.

പ്രധാനമന്ത്രി - ഹലോ.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - ഹലോ സർ.

പ്രധാനമന്ത്രി - നമസ്കാരം.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - നമസ്കാരം സർ.

പ്രധാനമന്ത്രി – ഇപ്പോൾ ലെഫ്റ്റനന്റ് കമാൻഡർ ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ രൂപയും എന്നോടൊപ്പം ലൈനിലുണ്ടല്ലോ. 
 
ലെഫ്റ്റനന്റ് കമാൻഡർ ദിൽനയും രൂപയും - ഉണ്ട് സർ, രണ്ടുപേരുമുണ്ട്.

പ്രധാനമന്ത്രി - നിങ്ങൾ രണ്ടുപേർക്കും നമസ്കാരം. വണക്കം.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - വണക്കം സർ.

ലെഫ്റ്റനന്റ് കമാൻഡർ രൂപ - നമസ്കാരം സർ.

പ്രധാനമന്ത്രി – ശരി, ആദ്യമായി രാജ്യം നിങ്ങളെ രണ്ടുപേരെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ പറയൂ.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ ദിൽന. ഞാൻ ഭാരത നാവികസേനയിലെ ലോജിസ്റ്റിക്സ് കേഡറിൽ നിന്നാണ്. സർ, ഞാൻ 2014ൽ നാവികസേനയിൽ കമ്മീഷൻഡായി. സർ, ഞാൻ കേരളത്തിലെ കോഴിക്കോട്ടുകാരിയാണ്. സർ, എന്റെ അച്ഛൻ ആർമിയിലായിരുന്നു, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ ഭർത്താവും ഭാരതീയ നാവികസേനയിൽ ഒരു ഉദ്യോഗസ്ഥനാണ്, സർ, എന്റെ സഹോദരി എൻസിസിയിൽ ജോലി ചെയ്യുന്നു.

ലെഫ്റ്റനന്റ് കമാൻഡർ രൂപ - ജയ് ഹിന്ദ് സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ രൂപ, ഞാൻ 2017 ൽ നേവൽ ആർമമെന്റ് ഇർസ്പെക്ഷൻ കേഡറിൽ ചേർന്നു. എന്റെ അച്ഛൻ തമിഴ്‌നാട്ടുകാരനാണ്, എന്റെ അമ്മ പോണ്ടിച്ചേരിക്കാരിയാണ്. എന്റെ അച്ഛൻ വ്യോമസേനയിലായിരുന്നു, സർ, വാസ്തവത്തിൽ ഡിഫെൻസിൽ ചേരാൻ അദ്ദേഹമാണ് എനിക്ക് പ്രേരണയായത്. എന്റെ അമ്മ ഒരു വീട്ടമ്മയായിരുന്നു.

പ്രധാനമന്ത്രി - ശരി, ദിൽന, രൂപ, സാഗർ പരിക്രമയിലെ നിങ്ങളുടെ അനുഭവത്തെക്കുറിച്ച് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു, ഇത് എളുപ്പമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകണം, നിങ്ങൾക്ക് നിരവധി പ്രയാസങ്ങൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകണം.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - അതെ സർ. സർ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരവസരം ജീവിതത്തിൽ ഒരിക്കൽ നമുക്ക് ലഭിക്കുമെന്ന് ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു. ഈ സർക്കം നാവിഗേഷൻ ഭാരത നാവികസേനയും ഭാരത സർക്കാരും ഞങ്ങൾക്ക് നൽകിയ അത്തരമൊരവസരമായിരുന്നു. ഈ പര്യവേഷണത്തിൽ ഞങ്ങൾ ഏകദേശം നാൽപ്പത്തിയേഴായിരത്തി അഞ്ഞൂറ് കിലോമീറ്റർ സഞ്ചരിച്ചു സർ. ഞങ്ങൾ 2024 ഒക്ടോബർ 2-ന് ഗോവയിൽ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തി, ഈ പര്യവേഷണം പൂർത്തിയാക്കാൻ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളെടുത്തു സർ, ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളിലും ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു സർ.

പ്രധാനമന്ത്രി – (ശരിവെച്ച് മൂളുന്നു)

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഈ പര്യവേഷണത്തിനായി ഞങ്ങൾ മൂന്ന് വർഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷൻ മുതൽ കമ്മ്യൂണിക്കേഷൻ എമർജൻസി ഡിവൈസസ് എങ്ങനെ പ്രവർത്തിപ്പിക്കാം, ഡൈവിംഗ് എങ്ങനെ ചെയ്യാം, ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും എങ്ങനെ കൈകാര്യം ചെയ്യാം, ഉദാഹരണത്തിന് ഒരു മെഡിക്കൽ എമർജൻസി എങ്ങനെ കൈകാര്യം ചെയ്യാം. ഇതിന്റെയൊക്കെയെല്ലാം പരിശീലനം ഭാരത നാവികസേന ഞങ്ങൾക്ക് നൽകി, സർ. സർ, ഈ യാത്രയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷത്തെക്കുറിച്ച് പറയാം. അത് പോയിന്റ് നീമോയിൽ ഞങ്ങൾ ഭാരത പതാക ഉയർത്തി എന്നതാണ്. പോയിന്റ് നീമോ ലോകത്തിലെ ഏറ്റവും വിദൂരസ്ഥമായ സ്ഥലമാണ് സർ. അതിനോട് ഏറ്റവും അടുത്ത മനുഷ്യവാസമുണ്ടെങ്കിൽ അത്  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. ഒരു പായ് വഞ്ചിയിൽ അവിടെ എത്തിയ ആദ്യ ഭാരതീയരും, ആദ്യ ഏഷ്യക്കാരും, ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഞങ്ങൾ ആണ് സർ, ഇത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ് സർ.

പ്രധാനമന്ത്രി - വൗ, നിങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - നന്ദി സർ.

പ്രധാനമന്ത്രി: നിങ്ങളുടെ സഹപ്രവർത്തകയ്ക്കും എന്തെങ്കിലും പറയാനുണ്ടാകുമല്ലോ?

ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആളുകളുടെ എണ്ണം മൌണ്ട് എവറസ്റ്റ് കീഴടക്കിയവരുടെ എണ്ണത്തെയപേക്ഷിച്ച് കുറവാണ്. വാസ്തവത്തിൽ, ഒരു പായ് വഞ്ചിയിൽ സർക്കം നാവിഗേഷൻ നടത്തുന്ന ആളുകളുടെ എണ്ണം ബഹിരാകാശത്ത് പോയ ആളുകളുടെ എണ്ണത്തേക്കാൾ കുറവാണ്.

പ്രധാനമന്ത്രി: ശരി, ഇത്രയും സങ്കീർണ്ണമായ ഒരു യാത്രയ്ക്ക് വളരെ വലിയ ടീം വർക്ക് ആവശ്യമാണ്. ടീമിൽ നിങ്ങൾ രണ്ട് ഓഫീസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അത് എങ്ങനെ കൈകാര്യം ചെയ്തു?

ലെഫ്റ്റനന്റ് കമാൻഡർ രൂപ: അതെ സർ, ഇത്തരമൊരു യാത്രയ്ക്ക്, ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് കഠിനാധ്വാനം ചെയ്യേണ്ടിവന്നു, ലെഫ്റ്റനന്റ് കമാൻഡർ ദിൽന പറഞ്ഞതുപോലെ, ഞങ്ങൾ രണ്ടുപേർ മാത്രമേ ബോട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തന്നെയായിരുന്നു ബോട്ട് റിപ്പയർ ചെയ്യുന്നവർ, എഞ്ചിൻ മെക്കാനിക്കുകളും ഞങ്ങൾ തന്നെ. സെയിൽ മേക്കർ, മെഡിക്കൽ അസിസ്റ്റന്റ്, പാചകക്കാർ, ക്ലീനർമാർ, ഡൈവർമാർ, നാവിഗേറ്റർമാർ എല്ലാം. ഭാരതീയ നാവികസേന ഞങ്ങളുടെ ഈ നേട്ടത്തിന് വലിയ സംഭാവന നൽകി. അവർ ഞങ്ങൾക്ക് എല്ലാത്തരം പരിശീലനങ്ങളും നൽകി. വാസ്തവത്തിൽ, സർ, ഞങ്ങൾ നാല് വർഷമായി ഒരുമിച്ച് കപ്പൽ യാത്ര ചെയ്യുന്നു, അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ കരുത്തും ബലഹീനതയും ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടാണ്  ഞങ്ങളുടെ വഞ്ചിയിൽ ഒരിക്കലും പരാജയപ്പെടാത്ത ഒരു ഉപകരണം ഉണ്ടായിരുന്നു എന്ന് ഞങ്ങൾ പറയുന്നത്. അത് ഞങ്ങളുടെ ടീം വർക്കാണ്.

പ്രധാനമന്ത്രി: ശരി, കാലാവസ്ഥ മോശമായിരുന്നപ്പോൾ, കാരണം കടലിന്റെ കാലാവസ്ഥ പ്രവചനാതീതമാണല്ലോ, നിങ്ങൾ ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തു?

ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, ഞങ്ങളുടെ യാത്രയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ഈ പര്യവേഷണത്തിൽ ഞങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് സർ, Southern Oceanൽ കാലാവസ്ഥ എപ്പോഴും മോശമാണ്. മൂന്ന് കൊടുങ്കാറ്റുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. സർ, ഞങ്ങളുടെ ബോട്ടിന് 17 മീറ്റർ നീളവും 5 മീറ്റർ വീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ മൂന്ന് നില കെട്ടിടത്തേക്കാൾ വലിയ തിരമാലകൾ വന്നു സർ. ഞങ്ങളുടെ യാത്രയിൽ ഞങ്ങൾ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്. സർ, ഞങ്ങൾ അന്റാർട്ടിക്കയിൽ കപ്പൽ യാത്ര ചെയ്യുമ്പോൾ, താപനില 1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെ നേരിടേണ്ടിവന്നു. തണുപ്പിൽ നിന്ന് രക്ഷ നേടാനായി, ഞങ്ങൾ ആറോ ഏഴോ ലെയർ വസ്ത്രങ്ങൾ ധരിച്ചിരുന്നു, ഞങ്ങൾ മുഴുവൻ Southern Oceanനും മുറിച്ചുകടന്നത് അത്തരം 7 ലെയർ വസ്ത്രങ്ങളും ധരിച്ചാണ് സർ. ചിലപ്പോഴൊക്കെ ഞങ്ങൾ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് കൈകൾ ചൂടാക്കുമായിരുന്നു സർ, ചിലപ്പോൾ തീരെ കാറ്റില്ലാത്ത സാഹചര്യങ്ങളും ഉണ്ടായി. അപ്പോൾ പായ പൂർണ്ണമായും താഴ്ത്തി ഞങ്ങൾ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് സർ യഥാർത്ഥത്തിൽ നമ്മുടെ ക്ഷമ പരീക്ഷിക്കുന്നത്. 

പ്രധാനമന്ത്രി - നമ്മുടെ രാജ്യത്തെ പെൺകുട്ടികൾ ഇത്തരം സാഹസിക ദൌത്യങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ ആളുകൾ അത്ഭുതപ്പെടും. ഈ സഞ്ചാരവേളയിൽ നിങ്ങൾ പല രാജ്യങ്ങളിൽ തങ്ങിയിട്ടുണ്ടല്ലോ. അവിടെ നിങ്ങൾക്ക് എന്തായിരുന്നു അനുഭവം? ഭാരതത്തിന്റെ രണ്ട് പെൺമക്കളെ കാണുമ്പോൾ ആളുകളുടെ മനസ്സിൽ അനവധി ചിന്തകൾ ഉണ്ടായിരുന്നിരിക്കണം.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - അതെ, സർ. ഞങ്ങൾക്ക് മികച്ച അനുഭവമാണ് ലഭിച്ചത്, സർ. എട്ട് മാസത്തിനുള്ളിൽ ഞങ്ങൾ നാല് സ്ഥലങ്ങളിൽ തങ്ങി, സർ: ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പോർട്ട് സ്റ്റാൻലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ.

പ്രധാനമന്ത്രി - ഓരോ സ്ഥലത്തും ശരാശരി എത്ര നാൾ തങ്ങിയിട്ടുണ്ടാവും?

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഞങ്ങൾ ഓരോ സ്ഥലത്തും 14 ദിവസം തങ്ങി, സർ.

പ്രധാനമന്ത്രി - ഒരിടത്ത് 14 ദിവസം?

ലെഫ്റ്റനന്റ് കമാൻഡർ ദിൽന - കറക്ട് സർ. സർ, ലോകത്തിന്റെ എല്ലാ കോണിലും ഞങ്ങൾ ഭാരതീയരെ കണ്ടു. വളരെ ക്രിയാത്മകമായും ആത്മവിശ്വാസത്തോടെയും അവർ ഭാരതത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളുടെ വിജയം അവർ സ്വന്തം വിജയമായി കണക്കാക്കുന്നതായി തോന്നി. ഓരോയിടത്തും ഞങ്ങൾക്ക് വ്യത്യസ്തമായ അനുഭവങ്ങളുണ്ടായി, വെസ്റ്റേൺ ഓസ്‌ട്രേലിയൻ പാർലമെന്റ് സ്പീക്കർ ഞങ്ങളെ ക്ഷണിച്ചു. അദ്ദേഹം ഞങ്ങളെ വളരെയധികം പ്രചോദിപ്പിച്ചു, ഞങ്ങൾക്ക് വളരെ അഭിമാനം തോന്നുന്ന കാര്യങ്ങളാണ് നടന്നത്. ഞങ്ങൾ ന്യൂസിലാൻഡിൽ പോയപ്പോൾ, മാവൂരി ജനത ഞങ്ങളെ സ്വാഗതം ചെയ്യുകയും നമ്മുടെ ഭാരത സംസ്കാരത്തോട് വലിയ ബഹുമാനം കാണിക്കുകയും ചെയ്തു, സർ. ഒരു പ്രധാന കാര്യം പറയാം, സർ, പോർട്ട് സ്റ്റാൻലി ഒരു വിദൂര ദ്വീപാണ്, സർ. ഇത് തെക്കേ അമേരിക്കയ്ക്കടുത്താണ്. അവിടെ ആകെ ജനസംഖ്യ 3,500 മാത്രമാണ്, സർ, പക്ഷേ അവിടെ ഞങ്ങൾ ഒരു കൊച്ചു ഭാരതം കണ്ടു, അവിടെ 45 ഭാരതീയർ ഉണ്ടായിരുന്നു. അവർ ഞങ്ങളെ സ്വന്തമായി കരുതി സ്വന്തം വീട്ടിലെപ്പോലത്തെ അനുഭവം പകർന്നു നൽകി. 

പ്രധാനമന്ത്രി: ശരി, നിങ്ങളെപ്പോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തെ പെൺമക്കൾക്ക് നിങ്ങൾ രണ്ടുപേരും എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്?

ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ രൂപയാണ്. ആരെങ്കിലും നിറഞ്ഞ മനസ്സോടെ കഠിനാധ്വാനം ചെയ്താൽ, ഈ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ഞാൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എവിടെ നിന്നാണ്, എവിടെയാണ് ജനിച്ചത് എന്നത് പ്രശ്നമല്ല. സർ, ഭാരതത്തിലെ ചെറുപ്പക്കാരും സ്ത്രീകളും വലിയ സ്വപ്നങ്ങൾ കാണണമെന്നും ഭാവിയിൽ എല്ലാ പെൺകുട്ടികളും സ്ത്രീകളും പ്രതിരോധം, കായികം, സാഹസികത എന്നിവയിലൂടെ രാജ്യത്തിന് യശസ്സ് കൊണ്ടുവരണമെന്നുമുള്ളത് ഞങ്ങൾ രണ്ടുപേരുടെയും ആഗ്രഹമാണ്.

പ്രധാനമന്ത്രി: ദിൽന, രൂപ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ, നിങ്ങൾ കാണിച്ച അപാരമായ ധൈര്യത്തിൽ ഞാൻ പുളകിതനാകുന്നു. നിങ്ങൾ രണ്ടുപേർക്കും എന്റെ ഹൃദയംഗമമായ നന്ദി. നിങ്ങളുടെ കഠിനാധ്വാനം, വിജയം, നേട്ടങ്ങൾ നിസ്സംശയമായും രാജ്യത്തെ യുവാക്കളെയും സ്ത്രീകളെയും പ്രചോദിപ്പിക്കും. ഇതുപോലെ ത്രിവർണ്ണ പതാക പാറിക്കുന്നത് തുടരുക. നിങ്ങളുടെ ഭാവി ശ്രമങ്ങൾക്ക് എന്റെ മംഗളാശംസകൾ.

ലെഫ്റ്റനന്റ് കമാൻഡർ ദിൽന: നന്ദി സർ.

പ്രധാനമന്ത്രി: വളരെ നന്ദി. വണക്കം. നമസ്കാരം.

ലെഫ്റ്റനന്റ് കമാൻഡർ രൂപ: നമസ്‌കാരം സർ.

സുഹൃത്തുക്കളേ, നമ്മുടെ ഉത്സവങ്ങൾ ഭാരത സംസ്കാരത്തെ സജീവമായി നിലനിർത്തുന്നു. ദീപാവലിക്ക് ശേഷം വരുന്ന ഒരു പുണ്യ ഉത്സവമാണ് ഛഠ് പൂജ. സൂര്യദേവന് സമർപ്പിതമായ ഈ മഹോത്സവം സവിശേഷമാണ്. ഇതിൽ, ഞങ്ങൾ അസ്തമയ സൂര്യന് നിവേദ്യം അർപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഛഠ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ലോകമെമ്പാടും ഇത് ആഘോഷിക്കപ്പെടുന്നു. ഇന്ന് ഇത് ഒരു ആഗോള ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളേ, ഛഠ് പൂജയുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഒരു വലിയ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഛഠ് പൂജയെ യുനെസ്കോയുടെ Intangible Cultural Heritage list അതായത് അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഭാരത സർക്കാർ ശ്രമിക്കുന്നു. ഛഠ് പൂജയെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകൾക്ക് അതിന്റെ മഹത്വവും ദിവ്യത്വവും മനസ്സിലാക്കാൻ കഴിയും.

സുഹൃത്തുക്കളേ, കുറച്ചു കാലം മുമ്പ്, ഭാരത സർക്കാരിന്റെ സമാനമായ ശ്രമങ്ങൾ കാരണം, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജയും ഈ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തി. നമ്മുടെ സാംസ്കാരിക പരിപാടികൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചാൽ, ലോകം അവയെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും അവയിൽ പങ്കെടുക്കാൻ മുന്നോട്ട് വരികയും ചെയ്യും.

സുഹൃത്തുക്കളേ, ഒക്ടോബർ 2 ഗാന്ധി ജയന്തിയാണ്. സ്വദേശി ഉല്പന്നങ്ങൾ സ്വീകരിക്കണമെന്ന് ഗാന്ധിജി എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. അവയിൽ ഖാദി മുൻപന്തിയിലായിരുന്നു. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം, ഖാദിയുടെ ആകർഷണീയത മങ്ങുകയായിരുന്നു, എന്നാൽ കഴിഞ്ഞ 11 വർഷമായി, രാജ്യത്തെ ജനങ്ങൾക്ക് ഖാദിയോടുള്ള താല്പര്യം വർദ്ധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖാദി വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് കണ്ടിട്ടുണ്ട്. ഒക്ടോബർ 2 ന് ഏതെങ്കിലും ഒരു ഖാദി ഉൽപ്പന്നം വാങ്ങണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അത് തദ്ദേശീയമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുക. വോക്കൽ ഫോർ ലോക്കൽ എന്ന ഹാഷ്‌ ടാഗോടെ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെയ്ക്കുക.

സുഹൃത്തുക്കളേ, ഖാദി പോലെ തന്നെ, നമ്മുടെ കൈത്തറി, കരകൗശല മേഖലകളിലും ഗണ്യമായ മാറ്റങ്ങൾ വന്നിട്ടുള്ളത് കാണാം. പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിക്കുകയാണെങ്കിൽ അത്ഭുതകരമായ ഫലങ്ങൾ ഉണ്ടാകുമെന്നതിന് നിരവധി ഉദാഹരണങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് കാണാൻ കഴിയും. തമിഴ്‌നാട്ടിലെ യാഴ് നാച്ചുറൽസ് ഇതിനൊരു ഉദാഹരണമാണ്. ഇവിടെ, അശോക് ജഗദീഷനും പ്രേം സെൽവരാജും തങ്ങളുടെ കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിച്ച് ഒരു പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുല്ലും വാഴനാരും ഉപയോഗിച്ച് യോഗ മാറ്റുകൾ നിർമ്മിച്ചു, ഹെർബൽ ഡൈകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ ചായം പൂശി, 200 കുടുംബങ്ങൾക്ക് പരിശീലനം കൊടുത്ത് തൊഴിൽ നൽകി.

ഝാർഖണ്ഡിലെ ആശിഷ് സത്യവ്രത് സാഹു, ജോഹർഗ്രാം ബ്രാൻഡിലൂടെ ഗോത്ര നെയ്ത്തും വസ്ത്രങ്ങളും ആഗോളതലത്തിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ മറ്റ് രാജ്യങ്ങളിലെ ആളുകളും ഝാർഖണ്ഡിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ബോധവാന്മാരായി. ബിഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള സ്വീറ്റി കുമാരിയും സങ്കൽപ് ക്രിയേഷൻ ആരംഭിച്ചു. മിഥില പെയിന്റിംഗിനെ സ്ത്രീകളുടെ ഉപജീവനമാർഗമാക്കി അവർ മാറ്റി. ഇന്ന്, 500-ലധികം ഗ്രാമീണ സ്ത്രീകൾ അവരുമായി ചേർന്ന് സ്വാശ്രയത്വത്തിലേക്കുള്ള പാതയിൽ മുന്നേറുന്നു. ഈ വിജയഗാഥകളെല്ലാം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ പാരമ്പര്യങ്ങളിൽ നിരവധി വരുമാന സ്രോതസ്സുകൾ ഉണ്ടെന്നാണ്. ഇച്ഛാശക്തി ഉറച്ചതാണെങ്കിൽ വിജയം നമ്മെ കൈവിടില്ല.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ, നമ്മൾ വിജയദശമി ആഘോഷിക്കും. ഈ വിജയദശമി സവിശേഷമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായതിന്റെ 100-ാം വാർഷികമാണ് ഈ ദിവസം. ഒരു നൂറ്റാണ്ടിന്റെ ഈ യാത്ര അത്ഭുതകരവും, അഭൂതപൂർവവും, പ്രചോദനാത്മകവുമാണ്. 100 വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായപ്പോൾ, നൂറ്റാണ്ടുകളായി രാജ്യം അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ അടിമത്തം നമ്മുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത ഒരു സ്വത്വ പ്രതിസന്ധിയെ നേരിടുകയായിരുന്നു. നമ്മുടെ നാട്ടുകാർ അപകർഷതാബോധത്തിന്റെ ഇരകളായി മാറുകയായിരുന്നു. അതുകൊണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം, രാജ്യം പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽ നിന്ന് മുക്തമാകേണ്ടതും പ്രധാനമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, പരമാദരണീയനായ ഡോ. ഹെഡ്‌ഗേവാർ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, ഈ ഭഗീരഥയജ്ഞത്തിനായി, 1925-ൽ വിജയദശമിയുടെ ശുഭാവസരത്തിൽ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം ആർ‌.എസ്‌.എസ്. സ്ഥാപിച്ചു. ഡോ. സാഹിബിന്റെ വിയോഗത്തിനുശേഷം, ഏറ്റവും ആദരണീയനായ ഗുരുജി ദേശസേവനത്തിന്റെ ഈ മഹത്തായ യജ്ഞം മുന്നോട്ട് കൊണ്ടുപോയി. ഗുരുജി പറയാറുണ്ടായിരുന്നു, "രാഷ്ട്രായ സ്വാഹാ, ഇദം രാഷ്ട്രായ ഇദം ന മമ", അതായത് "ഇത് എന്റേതല്ല, ഇത് രാഷ്ട്രത്തിന്റേതാണ്". ഈ പ്രസ്താവന സ്വാർത്ഥതാൽപ്പര്യത്തിന് അതീതമായി ഉയർന്നുവന്ന് രാഷ്ട്രത്തോടുള്ള സമർപ്പണം സ്വീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഗുരുജി ഗോൾവാൾക്കറുടെ ഈ പ്രസ്താവന ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് ത്യാഗത്തിന്റെയും സേവനത്തിന്റെയും പാത കാണിച്ചുകൊടുത്തു. ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് സംഘത്തിന്റെ യഥാർത്ഥ ശക്തി. ഇന്ന്, നൂറു വർഷത്തിലേറെയായി ആർ‌എസ്‌എസ് അക്ഷീണം, നിരന്തരം ദേശസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് രാജ്യത്ത് എവിടെ ഒരു പ്രകൃതിദുരന്തം സംഭവിച്ചാലും ആദ്യം എത്തിച്ചേരുന്നത് ആർ‌.എസ്‌.എസ്. വളണ്ടിയർമാരാണെന്ന് നാം കാണുന്നത്. ലക്ഷോപലക്ഷം വളണ്ടിയർമാരുടെ ഓരോ പ്രവൃത്തിയിലും പരിശ്രമത്തിലും "രാഷ്ട്രം ആദ്യം", ‘Nation First’ എന്ന ഈ മനോഭാവം എപ്പോഴും പരമപ്രധാനമാണ്. ദേശസേവനത്തിന്റെ മഹത്തായ യജ്ഞത്തിനായി സ്വയം സമർപ്പിക്കുന്ന ഓരോ വളണ്ടിയർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്ത മാസം, ഒക്ടോബർ 7 മഹർഷി വാൽമീകി ജയന്തിയാണ്. വാൽമീകി മഹർഷിയോട് ഭാരതസംസ്കാരം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ശ്രീരാമന്റെ അവതാര കഥകൾ ഇത്രയും വിശദമായി നമുക്ക് പരിചയപ്പെടുത്തിയത് വാൽമീകി മഹർഷിയാണ്. രാമായണം പോലൊരു മഹത്തായ ഗ്രന്ഥം അദ്ദേഹം മനുഷ്യരാശിയ്ക്ക്  നൽകി.

സുഹൃത്തുക്കളേ, രാമായണത്തിന്റെ ഈ സ്വാധീനം അതിൽ ഉൾക്കൊള്ളുന്ന ശ്രീരാമന്റെ ആദർശങ്ങളും മൂല്യങ്ങളും മൂലമാണ്. ഭഗവാൻ ശ്രീരാമൻ സേവനം, സമഭാവന, കരുണ എന്നിവയിലൂടെ എല്ലാവരേയും ആശ്ലേഷിച്ചു. അതുകൊണ്ടാണ് വാൽമീകി മഹർഷിയുടെ രാമായണത്തിലെ രാമൻ, ശബരി മാതാവിനോടും നിഷാദരാജനോടുംകൂടി പൂർണ്ണത കൈവരിക്കുന്നത്. സുഹൃത്തുക്കളേ, അതുകൊണ്ടാണ് അയോധ്യയിൽ രാമക്ഷേത്രം പണിതപ്പോൾ, അതിനോട് ചേർന്ന് നിഷാദരാജന്റെയും മഹർഷി വാൽമീകിയുടെയും ക്ഷേത്രങ്ങൾ നിർമ്മിച്ചത്. രാംലല്ല സന്ദർശിക്കാൻ നിങ്ങൾ അയോധ്യയിലേക്ക് പോകുമ്പോൾ മഹർഷി വാൽമീകിയുടെയും നിഷാദരാജന്റെയും ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കല, സാഹിത്യം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ കാര്യം, അവ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. അവയുടെ സുഗന്ധം എല്ലാ അതിരുകളെയും മറികടക്കുകയും ജനമനസ്സുകളെ സ്പർശിക്കുകയും ചെയ്യുന്നു. അടുത്തിടെ, പാരീസിലെ ഒരു സാംസ്കാരിക സ്ഥാപനമായ "സൗന്ത്ഖ് മണ്ഡപ" അതിന്റെ 50 വർഷം പൂർത്തിയാക്കി. ഭാരതീയ നൃത്തകലയെ ജനപ്രിയമാക്കുന്നതിൽ ഈ കേന്ദ്രം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പത്മശ്രീ ലഭിച്ച മിലേന സാൽവിനിയാണ് ഇത് സ്ഥാപിച്ചത്. "സൗന്ത്ഖ് മണ്ഡപ"വുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും അവരുടെ ഭാവി ശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, ഞാൻ ഇപ്പോൾ നിങ്ങൾക്കായി രണ്ട് ചെറിയ ഓഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്യുന്നു. ദയവായി അവ ശ്രദ്ധിക്കുക –
#ഓഡിയോ ക്ലിപ്പ് 1

ഇപ്പോൾ രണ്ടാമത്തെ ക്ലിപ്പ് കൂടി കേൾക്കൂ –
#ഓഡിയോ ക്ലിപ്പ് 2

സുഹൃത്തുക്കളേ, ഭൂപെൻ ഹസാരികയുടെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന് ഇവ സാക്ഷ്യം വഹിക്കുന്നു. വാസ്തവത്തിൽ, ശ്രീലങ്കയിൽ വളരെ പ്രശംസനീയമായ ഒരു ശ്രമം നടന്നിട്ടുണ്ട്. ഇതിൽ ഭൂപെൻദായുടെ പ്രശസ്തമായ "മനുഹെ-മനുഹർ ബാബേ" എന്ന ഗാനം ഉൾപ്പെടുന്നു, ഇത് ശ്രീലങ്കൻ കലാകാരന്മാർ സിംഹളയിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഓഡിയോ ഞാൻ നിങ്ങൾക്കായി പ്ലേ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അത് ശരിക്കും ഒരു അവിസ്മരണീയ സംഭവമായിരുന്നു.

സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസം, ഭൂപെൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, ഒരു ദുഃഖകരമായ കാര്യം കൂടി സംഭവിയ്ക്കാൻ ഇയടയായി. സുബീൻ ഗർഗിന്റെ അകാല വിയോഗത്തിൽ ആളുകൾ ദു:ഖിതരാണ്. രാജ്യമെമ്പാടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഗായകനായിരുന്നു സുബീൻ ഗർഗ്. അസമീസ് സംസ്കാരവുമായി അദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. സുബീൻ ഗർഗ് എപ്പോഴും നമ്മുടെ ഓർമ്മകളിൽ നിലനിൽക്കും, അദ്ദേഹത്തിന്റെ മാസ്മരിക സംഗീതം വരും തലമുറകളെ ആകർഷിക്കും.

സുബീൻ ഗർഗ്, ആസിൽ

അഹോമോർ ഹമോസ്കൃതിർ, ഉജ്ജോൾ രത്‌നോ...

ജനോതാർ ഹൃദയയോത്, തേയോ ഹദായ് ജിയായ്, ഥാകീബോ

[വിവർത്തനം:

സുബീൻ, അസം സംസ്കാരത്തിലെ കോഹിനൂർ (ഏറ്റവും തിളക്കമുള്ള രത്നം) ആയിരുന്നു. അദ്ദേഹത്തിന്റെ ഭൌതികശരീരം നമ്മുടെ കൂടെയില്ലെങ്കിലും, അദ്ദേഹം നമ്മുടെ മനസ്സുകളിൽ എന്നെന്നും നിലനിൽക്കും.]

സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യത്തിന്, ഒരു മികച്ച ദാർശനികനും തത്വചിന്തകനുമായ എസ്. എൽ. ഭൈരപ്പയെ നഷ്ടപ്പെട്ടു. എനിക്ക് ഭൈരപ്പയുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു, വിവിധ അവസരങ്ങളിൽ ഞങ്ങൾ നിരവധി വിഷയങ്ങളിൽ ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ യുവതലമുറയുടെ ചിന്തകൾക്ക് വഴികാട്ടിയായിരിക്കും. അദ്ദേഹത്തിന്റെ അനേകം, കന്നഡ ഭാഷാകൃതികളുടെ വിവർത്തനങ്ങൾ ലഭ്യമാണ്. നമ്മുടെ വേരുകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിമാനിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം നമ്മെ പഠിപ്പിച്ചു. എസ്. എൽ. ഭൈരപ്പയ്ക്ക് ഞാൻ എന്റെ ഹൃദയാർദ്രമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. യുവതലമുറയോട്, അദ്ദേഹത്തിന്റെ കൃതികൾ വായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനിയങ്ങോട്ട് ഒന്നിനുപിറകെ ഒന്നായി ഉത്സവങ്ങളും സന്തോഷങ്ങളും വരാനിരിക്കുന്നു. എല്ലാ ഉത്സവവേളകളിലും നാം ധാരാളം ഷോപ്പിംഗ് നടത്തുന്നു. ഇത്തവണ 'ജി.എസ്.ടി. സേവിംഗ്സ് ഫെസ്റ്റിവലും' നടക്കുന്നുണ്ട്.

സുഹൃത്തുക്കളേ, ഒരു ഉറച്ച തീരുമാനമെടുക്കുന്നതിലൂടെ, നമുക്ക് നമ്മുടെ ഉത്സവങ്ങളെ കൂടുതൽ സവിശേഷമാക്കാൻ കഴിയും. തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഇത്തവണ ഉത്സവങ്ങൾ ആഘോഷിക്കാൻ നമ്മൾ ദൃഢനിശ്ചയം എടുത്താൽ, നമ്മുടെ ആഘോഷങ്ങളുടെ തിളക്കം പലമടങ്ങ് വർദ്ധിക്കുന്നതായി കാണാൻ കഴിയും. 'വോക്കൽ ഫോർ ലോക്കൽ' എന്നത് നിങ്ങളുടെ ഷോപ്പിംഗ് മന്ത്രമാക്കുക. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്ന സാധനങ്ങൾ മാത്രമേ നാം വാങ്ങുകയുള്ളൂ എന്ന് ദൃഢനിശ്ചയമെടുക്കുക. നമ്മുടെ നാട്ടുകാർ നിർമ്മിക്കുന്നത് മാത്രമേ നാം വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂ. നമ്മുടെ നാട്ടിലെ പൗരന്റെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയ സാധനങ്ങൾ മാത്രമേ നാം ഉപയോഗിക്കുകയുള്ളു. നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ, ഒരു സാധനം വാങ്ങുക മാത്രമല്ല, ഒരു കുടുംബത്തിന് പ്രതീക്ഷ നൽകുകയും ചെയ്യുന്നു, ഒരു കരകൗശല വിദഗ്ദ്ധന്റെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നു, ഒരു യുവസംരംഭകന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നു.

സുഹൃത്തുക്കളേ, ഉത്സവ അവസരങ്ങളിൽ നാമെല്ലാവരും നമ്മുടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ ശുചിത്വം വീടിന്റെ നാല് ചുവരുകളിൽ മാത്രം ഒതുങ്ങരുത്. തെരുവ്, പ്രദേശം, കമ്പോളം, ഗ്രാമം എന്നിങ്ങനെ എല്ലായിടത്തും ശുചിത്വം വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി മാറണം. സുഹൃത്തുക്കളേ, നമ്മുടെ നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളുടെ കാലമാണ്, ദീപാവലി ഒരു തരത്തിൽ ഒരു മഹോത്സവമാണ്. വരാനിരിക്കുന്ന ദീപാവലിക്ക് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, അതേ സമയം നാം സ്വയംപര്യാപ്തരാകണമെന്നും, രാജ്യത്തെ സ്വയംപര്യാപ്തമാക്കണമെന്നും, അതിലേക്കുള്ള പാത സ്വദേശിയിലൂടെ മാത്രമാണെന്നും ഞാൻ ആവർത്തിക്കുന്നു.

സുഹൃത്തുക്കളേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. പുതിയ കഥകളും പ്രചോദനങ്ങളുമായി അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരും. അതുവരെ, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. വളരെ നന്ദി.

-SK-
***


(Release ID: 2172375) Visitor Counter : 27