പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബർ 27-ന് ഒഡീഷ സന്ദർശിക്കും.
ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, ഗ്രാമീണ ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
ദേശീയ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനമായി, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 37,000 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച 97,500-ലധികം 4G മൊബൈൽ ടവറുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
ഇതോടെ വിദൂര, അതിർത്തി, ഇടത് തീവ്രവാദ ബാധിത മേഖലകളിലെ 26,700-ൽ അധികം ഗ്രാമങ്ങൾക്ക് ആശയവിനിമയ ബന്ധം ലഭ്യമാകും.
അടുത്ത നാല് വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് കൂടി പഠന സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് IIT-കളുടെ വിപുലീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
സാങ്കേതിക വിദ്യാഭ്യാസവും നൈപുണ്യ വികസനവും ശക്തിപ്പെടുത്തുന്നതിനായുള്ള ഒഡീഷ ഗവണ്മെന്റിന്റെ നിരവധി ഉദ്യമങ്ങൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
Posted On:
26 SEP 2025 8:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 27 ന് ഒഡീഷ സന്ദർശിക്കും. രാവിലെ 11:30 ഓടെ അദ്ദേഹം ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, ഗ്രാമീണ ഭവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെയുള്ള പദ്ധതികളാണിവയെല്ലാം.
ടെലികോം കണക്റ്റിവിറ്റി മേഖലയിൽ, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 37,000 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച 97,500-ൽ അധികം മൊബൈൽ 4ജി ടവറുകൾ, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതിൽ ബിഎസ്എൻഎൽ സ്ഥാപിച്ച 92,600-ൽ അധികം 4ജി സാങ്കേതികവിദ്യാ സൈറ്റുകളും ഉൾപ്പെടുന്നു. വിദൂര, അതിർത്തി, ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിലെ 26,700 ഓളം ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷത്തിലധികം പുതിയ വരിക്കാർക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന18,900-ൽ അധികം 4ജി സൈറ്റുകൾക്ക് ഡിജിറ്റൽ ഭാരത് നിധിക്ക് കീഴിലാണ് ധനസഹായം നൽകിയിട്ടുള്ളത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ടവറുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ടെലികോം സൈറ്റുകളുടെ സമൂഹമായി മാറുകയാണ്. മാത്രമല്ല സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു ചുവടുവയ്പ്പു കൂടിയാണിത്.
ഗതാഗത ബന്ധവും പ്രാദേശിക വളർച്ചയും മെച്ചപ്പെടുത്തുന്ന സുപ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ഇതിൽ സാംബൽപൂർ-സർലയിലെ റെയിൽ മേൽപ്പാലത്തിനുള്ള തറക്കല്ലിടൽ, ഇരട്ടിപ്പിച്ച കോരാപുട്ട്–ബൈഗുഡ, മനബർ–കോരാപുട്ട്–ഗോരാപൂർ പാതകൾ രാജ്യത്തിന് സമർപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. ഈ പദ്ധതികൾ ഒഡീഷയിലെയും അയൽ സംസ്ഥാനങ്ങളിലെയും ചരക്ക്, യാത്രാ ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുകയും പ്രാദേശിക വ്യവസായങ്ങളെയും വ്യാപാരത്തെയും ശക്തിപ്പെടുത്തുകയും ചെയ്യും. തദവസരത്തിൽ, ബെർഹംപൂരിനും ഉധ്‌നയ്ക്കും (സൂറത്ത്) ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇത് സംസ്ഥാനങ്ങൾക്കിടയിൽ താങ്ങാനാവുന്നതും സൗകര്യപ്രദവുമായ ഗതാഗതബന്ധം ലഭ്യമാക്കുകയും, വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക പ്രാധാന്യമുള്ള ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.
11,000 കോടിയോളം രൂപ മുതൽമുടക്കിൽ എട്ട് ഐഐടികളുടെ (തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ധാർവാഡ്, ജോധ്പൂർ, പട്ന, ഇൻഡോർ) വിപുലീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഈ വികസനം അടുത്ത നാല് വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് കൂടി പഠന സൗകര്യമൊരുക്കുകായും എട്ട് അത്യാധുനിക ഗവേഷണ പാർക്കുകളുടെ സ്ഥാപനത്തിന് വഴിയൊരുക്കുകയും ചെയ്യും. ഇത് ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്യും.
രാജ്യത്തുടനീളമുള്ള 275 സംസ്ഥാന എഞ്ചിനീയറിംഗ്, പോളിടെക്നിക് സ്ഥാപനങ്ങളിൽ ഗുണമേന്മ, തുല്യത, ഗവേഷണം, നൂതനാശയം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത മെരിറ്റ് (MERITE) പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അഗ്രിടെക്, പുനരുപയോഗ ഊർജ്ജം, റീട്ടെയിൽ, മറൈൻ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ഉൾപ്പെടുത്തി സാംബൽപൂരിലും ബെർഹാംപൂരിലും വേൾഡ് സ്കിൽ സെന്ററുകൾ സ്ഥാപിക്കുന്ന ഒഡീഷ നൈപുണ്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഇതിനുപുറമെ, അഞ്ച് ഐടിഐകളെ ഉത്കർഷ് ഐടിഐകളായി ഉയർത്തുകയും, 25 ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുകയും, നൂതന സാങ്കേതിക പരിശീലനം നൽകുന്ന ഒരു പുതിയ പ്രിസിഷൻ എഞ്ചിനീയറിംഗ് കെട്ടിടം നിർമ്മിക്കുകയും ചെയുന്ന പ്രവൃത്തികളും പ്രധാനമന്തി പ്രഖ്യാപിക്കും.
സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി, 130 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിച്ച വൈ-ഫൈ സൗകര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇത് 2.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ പ്രതിദിന ഡാറ്റാ ലഭ്യത നൽകും.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഒഡീഷയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾക്കും സുപ്രധാനമായ ഉത്തേജനം ലഭിക്കും. ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജും സാംബാൽപൂരിലെ വിംസാറും, ലോകോത്തര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയർത്തുന്നതിന് അദ്ദേഹം തറക്കല്ലിടും. കിടക്കകളുടെ എണ്ണം വർധിപ്പിക്കൽ, ട്രോമ കെയർ യൂണിറ്റുകൾ, ഡെന്റൽ കോളേജുകൾ, മാതൃ-ശിശു സംരക്ഷണ സേവനങ്ങൾ, വികസിപ്പിച്ച അക്കാദമിക് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നവീകരണത്തിൽ ഉൾപ്പെടുന്നു. ഇത് ഒഡീഷയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും.
കൂടാതെ, അന്ത്യോദയ ഗൃഹ യോജന പ്രകാരം 50,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി അനുമതി പത്രങ്ങൾ വിതരണം ചെയ്യും. ഈ പദ്ധതി, ഭിന്നശേഷിക്കാർ, വിധവകൾ, മാരക രോഗങ്ങളുള്ള വ്യക്തികൾ, പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ഗ്രാമീണ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക ക്ഷേമവും അന്തസ്സും ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നത്.
*****
SK
(Release ID: 2172031)
Visitor Counter : 10