രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Posted On:
26 SEP 2025 12:48PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ ഇന്ന് (2025 സെപ്റ്റംബർ 26) നടന്ന ചടങ്ങിൽ, ഭൗമശാസ്ത്ര മേഖലയിലെ വിശിഷ്ട സംഭാവനകൾക്കുള്ള 2024-ലെ ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു സമ്മാനിച്ചു. മനുഷ്യ നാഗരികതയുടെ വികാസത്തിൽ ധാതുക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു.
ഭൂമിയുടെ പുറംപാളിയിൽ കാണപ്പെടുന്ന ധാതുക്കൾ മനുഷ്യജീവിതത്തിന് അടിത്തറ പാകുകയും നമ്മുടെ വ്യാപാരത്തെയും വ്യവസായത്തെയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യ നാഗരികതയുടെ വികാസത്തിലെ പ്രധാന ഘട്ടങ്ങളായ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിവ ധാതുക്കളുടെ പേരിലാണ് അറിയപ്പെടുന്നത്. ഇരുമ്പ്, കൽക്കരി തുടങ്ങിയ ധാതുക്കളില്ലായിരുന്നെങ്കിൽ വ്യവസായവൽക്കരണമെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു.
ഖനനം സാമ്പത്തിക വികസനത്തിനുള്ള വിഭവങ്ങൾ ലഭ്യമാക്കുകയും, വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നിരുന്നാലും, ഈ വ്യവസായത്തിന് പ്രദേശവാസികളുടെ കുടിയിറക്കം, വന നശീകരണം, വായു-ജല മലിനീകരണം എന്നിവയുൾപ്പെടെ നിരവധി പ്രതികൂല ഫലങ്ങളുമുണ്ട്. ഈ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിനായി ഖനന പ്രക്രിയയിൽ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കപ്പെടണമെന്ന് അവർ പറഞ്ഞു. താമസക്കാർക്കും വന്യജീവികൾക്കും ഒരു ദോഷവും വരുത്തില്ലെന്ന് ഉറപ്പാക്കാൻ ഖനികൾ അടച്ചുപൂട്ടുമ്പോൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമുണ്ട്.
നമ്മുടെ രാജ്യം മൂന്ന് വശങ്ങളിലും സമുദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി എടുത്തുപറഞ്ഞു. ഈ സമുദ്രങ്ങളുടെ അഗാധതകളിൽ മൂല്യമേറിയ നിരവധി ധാതുക്കളുടെ ശേഖരമുണ്ട്. രാജ്യത്തിന്റെ വികസനത്തിനായി ഈ വിഭവങ്ങൾ വിനിയോഗിക്കുന്നതിൽ ഭൗമശാസ്ത്രജ്ഞർ നിർണായക പങ്ക് വഹിക്കുന്നു. സമുദ്ര ജൈവവൈവിധ്യത്തിനുണ്ടാകുന്ന കോട്ടങ്ങൾ കുറയ്ക്കുന്നതിനൊപ്പം, കടലിന്റെ അടിത്തട്ടിലെ വിഭവങ്ങൾ രാഷ്ട്രത്തിന്റെ നേട്ടത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ അവരോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.
ഭൗമശാസ്ത്രജ്ഞരുടെ പങ്ക് ഖനനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൗമ-പാരിസ്ഥിതിക സുസ്ഥിരതയിൽ ഖനനം ചെലുത്തുന്ന ആഘാതവും അവരാൽ പരിഹരിക്കപ്പെടേണ്ടതുണ്ട്. ധാതു ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനയ്ക്കും പാഴാക്കൽ കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യേണ്ടതുണ്ട്. സുസ്ഥിര ധാതു വികസനത്തിന് ഇത് നിർണായകമാണ്. കേന്ദ്ര ഖനി മന്ത്രാലയം സുസ്ഥിരതയ്ക്കും നവീകരണത്തിനും പ്രതിജ്ഞാബദ്ധമാണെന്നും, ഖനന വ്യവസായത്തിൽ നിർമിതബുദ്ധി (എ.ഐ), യന്ത്രപഠനം (മെഷീൻ ലേണിങ്), ഡ്രോൺ അധിഷ്ഠിത സർവേകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവർ സസന്തോഷം അഭിപ്രായപ്പെട്ടു. ധാതു അയിരുകളുടെ ഖനനാവശിഷ്ടങ്ങളിൽ നിന്ന് മൂല്യമേറിയ ഘടകങ്ങൾ വീണ്ടെടുക്കുന്നതിന് കേന്ദ്രമന്ത്രാലയം സ്വീകരിച്ച നടപടികളെയും അവർ അഭിനന്ദിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ നട്ടെല്ലാണ് അപൂർവ ഭൗമ മൂലകങ്ങൾ (ആർ.ഇ.ഇ) എന്ന് രാഷ്ട്രപതി പറഞ്ഞു. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ സംവിധാനങ്ങൾക്കും ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്കും വരെ എല്ലാത്തിനും അവ ശക്തി പകരുന്നു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, അവയുടെ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് നിർണായകമാണ്. അപൂർവ്വ ഭൗമ മൂലകങ്ങൾ അപൂർവമായി കണക്കാക്കപ്പെടുന്നത് അവ വിരളമായതുകൊണ്ടല്ല, മറിച്ച് അവയെ പരിഷ്‌കരിച്ച് ഉപയോഗയോഗ്യമാക്കുന്ന പ്രക്രിയ അത്യധികം സങ്കീർണ്ണമായതുകൊണ്ടാണെന്ന് രാഷ്ട്രപതി അടിവരയിട്ടുപറഞ്ഞു. ഈ സങ്കീർണ്ണമായ പ്രക്രിയ നിറവേറ്റുന്നതിനായി തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കുകയെന്നത്, ദേശീയ താൽപ്പര്യത്തിനുള്ള ഒരു സുപ്രധാന സംഭാവനയായിരിക്കുമെന്ന് രാഷ്ട്രപതി പ്രസ്താവിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണരൂപം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക
**
(Release ID: 2171704)
Visitor Counter : 9