വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ദക്ഷിണ കൊറിയൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി; മാധ്യമ - വിനോദ, ഗെയിമിങ്, ഡിജിറ്റൽ നൂതനാശയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി

Posted On: 25 SEP 2025 9:22PM by PIB Thiruvananthpuram


കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ 2025 സെപ്റ്റംബർ 22 മുതൽ 24 വരെ കൊറിയയിലെ വിവിധ നഗരങ്ങളിൽ  വിജയകരമായി സന്ദർശനം പൂർത്തിയാക്കി.  മാധ്യമം, വിനോദം, സംസ്കാരം, ഗെയിമിങ്, നവസാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഇന്ത്യ-കൊറിയ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ സന്ദര്‍ശനം വഴിയൊരുക്കി.  

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെയും ഏഷ്യ കണ്ടന്റ്സ് & ഫിലിം മാര്‍ക്കറ്റിലെയും ഇന്ത്യയുടെ ശക്തമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി  ഉന്നതതല യോഗങ്ങളും വ്യാവസായിക  വട്ടമേശ ചര്‍ച്ചകളും   സാംസ്കാരിക പരിപാടികളും പൊതുജനങ്ങളുമായി ആശയവിനിമയങ്ങളും സംഘടിപ്പിച്ചു.  

സന്ദർശനത്തിലെ പ്രധാന സവിശേഷതകള്‍:

ഇന്ത്യയുടെ സര്‍ഗ സമ്പദ്‍വ്യവസ്ഥ, സഹനിർമാണ സഹകരണം എന്നിവ സംബന്ധിച്ച വട്ടമേശ ചര്‍ച്ച (സെപ്റ്റംബർ 22, ബുസാൻ)


ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ബുസാൻ ചലച്ചിത്ര  കമ്മീഷനുമായി  സഹകരിച്ച് കേന്ദ്രസഹമന്ത്രി ഡോ. മുരുകന്റെ അധ്യക്ഷതയില്‍  ഉന്നതതല വട്ടമേശ ചർച്ച സംഘടിപ്പിച്ചു.  നയപരമായ ചട്ടക്കൂടുകള്‍, സഹനിർമാണ ഉടമ്പടികൾ, ധനസഹായ രീതികൾ, വിതരണ പങ്കാളിത്തം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ പ്രതിനിധികളും ആഗോള വ്യാവസായിക പ്രമുഖരും  യോഗത്തിൽ ഒത്തുചേർന്നു. സഹനിർമാണ  കേന്ദ്രമെന്ന നിലയില്‍  ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന പങ്കിനെക്കുറിച്ചും  കൊറിയയുമായും ആഗോള പങ്കാളികളുമായും സർഗാത്മക കൈമാറ്റങ്ങൾ വർധിപ്പിക്കാനുള്ള ലക്ഷ്യങ്ങള്‍ സംബന്ധിച്ചും പ്രത്യേകം ചര്‍ച്ചചെയ്തു.  

ഭാരത് പർവും ഒരുമിച്ചുള്ള അത്താഴവും: വേവ്‌സ് ബസാർ അവതരണം (സെപ്റ്റംബർ 22, ബുസാൻ)

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 'വേവ്‌സ്', 'വേവ്‌സ് ബസാർ' വേദികളില്‍ ‘ഇന്ത്യൻ സംസ്കാരം, സർഗാത്മകത, ബന്ധങ്ങൾ എന്നിവയിലൂടെ ഒരു യാത്ര’  എന്ന പ്രമേയത്തില്‍  ഭാരത് പര്‍വ് സാംസ്കാരിക പരിപാടിയും ഒരുമിച്ചുള്ള അത്താഴവിരുന്നും സംഘടിപ്പിച്ചു.

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചെയർപേഴ്‌സൺ  പാർക്ക് ക്വാങ്-സു, ഏഷ്യ കണ്ടന്റ്സ് & ഫിലിം മാര്‍ക്കറ്റ് ഡയറക്ടർ  എലെൻ വൈ.ഡി. കിം, ബുസാൻ ഫിലിം കമ്മീഷൻ ഡയറക്ടർ  കാങ് സങ്-ക്യു എന്നിവരടക്കം 250-ലേറെ വിശിഷ്ട വ്യക്തികൾ പരിപാടിയുടെ ഭാഗമായി.  

2025-ലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യയിൽ നിന്നുള്ള 10 പ്രോജക്റ്റുകൾ അവതരിപ്പിച്ചതും  5 പ്രോജക്റ്റുകൾ ഏഷ്യൻ കണ്ടന്റ്‌സ് & ഫിലിം മാർക്കറ്റിലെ സഹനിർമാണ വിപണിയിലേക്ക് തിരഞ്ഞെടുത്തതും  എടുത്തുപറഞ്ഞ ഡോ. മുരുകൻ സാംസ്കാരിക നയതന്ത്രത്തോട് രാജ്യം കാണിക്കുന്ന പ്രതിബദ്ധത  വിശദീകരിച്ചു.  


3. പാർലമെന്ററി, സർക്കാർതല കൂടിക്കാഴ്ചകൾ (സെപ്റ്റംബർ 24, സിയോൾ)

ദേശീയ നിയമനിര്‍മാണ സഭയുടെ സാംസ്കാരികം, കായികം, വിനോദസഞ്ചാരം എന്നീ സമിതിയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-കൊറിയ സഹനിർമാണ കരാർ ശക്തിപ്പെടുത്തല്‍, ഉള്ളടക്ക മോഷണവും ഉള്ളടക്ക സംരക്ഷണവുമടക്കം വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിലും എഐ, ബ്ലോക്ക്‌ചെയിൻ, ഉള്ളടക്ക നിര്‍ഹണം എന്നിവയില്‍ സഹകരണം തേടുന്നതിലുമാണ്  Ms കിം ജേ-വോണുമായും  Ms ജിൻ ജോങ്-ഓ-യുമായും  നടത്തിയ ചർച്ചകൾ ശ്രദ്ധകേന്ദ്രീകരിച്ചത്.  മാധ്യമ - വിനോദ മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന്  സംയുക്ത പ്രവര്‍ത്തകസമിതി  രൂപീകരിക്കാനും നിര്‍ദേശം നല്‍കി.  

കൊറിയ-ഇന്ത്യ പാർലമെന്ററി സൗഹൃദ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച

ഉപാധ്യക്ഷന്മാരായ  മൂൺ ജെ ഓങ്-ബോക്,  യൂൺ യങ്-സെഓക് എന്നിവരുമായും മറ്റംഗങ്ങളുമായും ഡോ. മുരുകൻ വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ നാഗരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിബദ്ധത ആവര്‍ത്തിച്ച യോഗത്തില്‍ കൂടുതല്‍ പാർലമെന്ററി, സാംസ്കാരിക, ജനകീയ കൈമാറ്റങ്ങൾ തേടുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.  


4. വ്യാവസായിക പങ്കാളിത്തം: ക്രാഫ്റ്റൺ സിഇഒയുമായി കൂടിക്കാഴ്ച (സെപ്റ്റംബർ 24, സിയോൾ)


ലോകത്തെ മുൻനിര ഗെയിമിങ് കമ്പനികളിലൊന്നായ ക്രാഫ്റ്റണിന്റെ ആഗോള സിഇഒ  ചാങ്ഹാൻ കിമ്മുമായി ഡോ. എൽ. മുരുകൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യ അടുത്തിടെ നടപ്പാക്കിയ ഓൺലൈൻ ഗെയിമിങ് നിയമം, ഇ-സ്പോർട്സ് പ്രോത്സാഹനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി ഉള്‍പ്പെടെ സ്ഥാപനങ്ങളിലൂടെ പ്രതിഭാവികസനം എന്നിവയെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇന്ത്യയുടെ യുവശക്തിയെയും ഊർജസ്വലമായ ഡിജിറ്റൽ മേഖലയെയും അംഗീകരിച്ച ക്രാഫ്റ്റണ്‍ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കാനും   ഗെയിം വികസനം, ഗവേഷണം, നൈപുണ്യ പരിശീലനം എന്നിവയിൽ പങ്കാളിത്തത്തിനും  താല്പര്യം പ്രകടിപ്പിച്ചു.


5. മാധ്യമ പങ്കാളിത്തം: കൊറിയ ഹെറാൾഡുമായി കൂടിക്കാഴ്ച (സെപ്റ്റംബർ 24, സിയോൾ)

ദ ഹെറാൾഡ് മാധ്യമ ഗ്രൂപ്പിന്റെ (കൊറിയ ഹെറാൾഡ്/ഹെറാൾഡ് ബിസിനസ്) പ്രസിഡന്റും പ്രസാധകനുമായ ജിൻ-യങ് ചോയുമായി കേന്ദ്ര സഹമന്ത്രി ചർച്ച നടത്തി. മെച്ചപ്പെടുത്തിയ മാധ്യമ സഹകരണം, സാംസ്കാരിക അവബോധം, സംയുക്ത ഉള്ളടക്ക നിർമാണം എന്നിവയിൽ ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.  .


6. ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം (സെപ്റ്റംബർ 24, സിയോൾ)


ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ കൊറിയയിലെ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ ഇന്ത്യൻ എംബസിയിൽ  സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഡോ. മുരുകൻ പ്രശംസിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" എന്ന കാഴ്ചപ്പാടിനെക്കുറിച്ചും വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചും  അദ്ദേഹം എടുത്തുപറഞ്ഞു. യുപിഐ  അധിഷ്ഠിത  ഡിജിറ്റൽ പണമിടപാടുകളടക്കം  കണ്ടുപിടിത്തങ്ങളിലൂടെ ഇന്ത്യ കൈവരിക്കുന്ന ആഗോള ഡിജിറ്റൽ നേതൃശേഷി അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.  ഇന്ത്യയുടെ വളർച്ചാ യാത്രയിൽ പ്രവാസികളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.  

ഇന്ത്യ-കൊറിയ സർഗാത്മക ബന്ധങ്ങൾ

ഇന്ത്യയെ ആഗോള ഉള്ളടക്ക നിർമാണ കേന്ദ്രമായി  ഉയർത്താന്‍ കേന്ദ്ര സർക്കാര്‍ സ്വീകരിച്ചു വരുന്ന സജീവ സാംസ്കാരിക നയതന്ത്രത്തെയും കാഴ്ചപ്പാടിനെയും ഈ സന്ദർശനം അടിവരയിടുന്നു. 'വേവ്‌സ്', 'വേവ്‌സ് ബസാർ' പോലുള്ള സംരംഭങ്ങളും 'ഭാരത് പർവ്' ഉള്‍പ്പെടെ പ്രധാന പരിപാടികളും ഇന്ത്യയുടെ സർഗാത്മക മേഖലയെ  വിപുലീകരിക്കുകയും അതിർത്തി കടന്നുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിനൊപ്പം സഹനിർമാണത്തിനും ഗെയിമിങിനും ഡിജിറ്റൽ നൂതനാശയങ്ങൾക്കും പുതിയ കവാടങ്ങള്‍ തുറക്കുകയും ചെയ്യുന്നു.


ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും വ്യാവസായിക മേഖലകള്‍ തമ്മിലും ബന്ധം ശക്തിപ്പെടുത്തുന്നതിന്  2025 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 56-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍  പങ്കെടുക്കാൻ ഡോ. മുരുകൻ കൊറിയൻ പാർലമെന്ററി അംഗങ്ങളെയും മാധ്യമ മേധാവികളെയും വ്യാവസായിക പ്രതിനിധികളെയും ക്ഷണിച്ചു.
 
SKY
 
 
*****
 
 

(Release ID: 2171555) Visitor Counter : 3