ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
17 SEP 2025 3:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ഹൃദയംഗമമായ ആശംസകൾ നേർന്നു.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രചോദനവുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ 'X'-ൽ കുറിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി പൊതുജീവിതത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനായി തുടർച്ചയായി അക്ഷീണം പ്രവർത്തിച്ചുവരികയാണെന്നും ഓരോ പൗരൻറെയും ഹൃദയത്തിൽ 'രാജ്യം ആദ്യം' എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനുള്ള സജീവ പ്രചോദനമായി അദ്ദേഹം നിലനിൽക്കുകയാണെന്നും ശ്രീ ഷാ പറഞ്ഞു .
ഉറച്ച നിശ്ചയദാർഢ്യവും വിശാലമായ ദർശനവും ഉണ്ടെങ്കിൽ , ദൂരവ്യാപകമായ പരിവർത്തനത്തിനുള്ള സാധ്യതകൾ അനന്തമാണെന്ന് പ്രധാനമന്ത്രി മോദിയുടെ ജീവിതയാത്ര തെളിയിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഭരണത്തിൽ സമഗ്രതയും തീരുമാനങ്ങളിൽ ദൃഢതയും നയങ്ങളിൽ വ്യക്തതയും കൊണ്ടുവന്ന പ്രധാനമന്ത്രി മോദി, പാർശ്വവൽക്കരിക്കപ്പെട്ടവർ, പിന്നാക്കാം നിൽക്കുന്നവർ, ദരിദ്രർ, സ്ത്രീകൾ, ആദിവാസി സമൂഹങ്ങൾ എന്നിവരെ ഭരണത്തിന്റെ കേന്ദ്രബിന്ദുവിൽ പ്രതിഷ്ഠിക്കുന്നതിനുള്ള അവിസ്മരണീയമായ ദൗത്യം നിർവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത മാറ്റംകൊണ്ടുവരികയും വികസിതവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയിൽ അവരെ കണ്ണികളാക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് രാജ്യം മുഴുവൻ ഇന്ന് അഭിമാനിക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു.
കഴിഞ്ഞ 11 വർഷങ്ങളിൽ, വികസനം സങ്കൽപ്പിക്കാനാകാത്തതും അപൂർവ്വമായി മാത്രം ചർച്ച ചെയ്യപ്പെട്ടതുമായ മേഖലകളിൽപോലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ആസാമിലെ ഏറ്റവും നീളമേറിയ പാലം, കാശ്മീരിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലം, സെമികണ്ടക്ടർ യൂണിറ്റുകൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം,മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ എല്ലാ മേഖലകളിലും ഒന്നാമതാകുന്നതിന്റെ പ്രതീകങ്ങളാണ്. ഇന്ന്, തെരുവ് കച്ചവടക്കാർ പോലും അഭിമാനത്തോടെ യുപിഐ പ്രദർശിപ്പിക്കുമ്പോൾ, ശ്രീ നരേന്ദ്ര മോദി രാജ്യത്തെ നയിക്കാൻ ഉണ്ടെന്നത് എല്ലാ അർഥത്തിലും മനസ്സിലാക്കാമെന്ന് ശ്രീ ഷാ പറഞ്ഞു.
വികസനവും ക്ഷേമപ്രവർത്തനവും ഒരേസമയം സാധ്യമല്ലെന്ന് ഒരുകാലത്ത് പറഞ്ഞിരുന്നതായും, എന്നാൽ ദരിദ്രരുടെ ക്ഷേമവും സാമ്പത്തിക വളർച്ചയും ഒരേസമയം എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചുവെന്നും ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ലോകത്തിലെ 11-ാം സ്‌ഥാനത്തായിരുന്ന ഇന്ത്യ, ശ്രീ മോദിയുടെ നേതൃത്വത്തിൽ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ തിളക്കമുള്ള സ്‌ഥാനമാണ് വഹിക്കുന്നതെന്ന് ഐഎംഎഫ് വിശേഷിപ്പിച്ചിട്ടുണ്ടെന്നും, രാജ്യത്തിന്റെ വളർച്ചാനിരക്ക് ലോകത്തിൽ ഏറ്റവുമുയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിലെ 600 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും രാജ്യം ആഗോള സമ്പദ്‌വ്യവസ്ഥയിൽ നേതൃസ്‌ഥാനത്തേക്ക് ഉയർന്നുകഴിഞ്ഞുവെന്നും ഇത് മോദി യുഗത്തിൽ മാത്രമേ സാധ്യമാകൂ എന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമർപ്പണവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകളാണെന്നും ലോകം മുഴുവൻ അദ്ദേഹത്തെ പ്രശ്നപരിഹാര നായകനായി അംഗീകരിച്ചുകഴിഞ്ഞുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. യുദ്ധങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ആഗോള ലോബികളുടെയും കാലഘട്ടത്തിൽ, പ്രധാനമന്ത്രി മോദി സമവായത്തിന്റെ പാലമായി ലോകത്തിന് മുന്നിൽ അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങൾ ശ്രീ മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകിയിട്ടുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ ആഗോള നേതൃപാടവത്തിനുള്ള തെളിവാണെന്നും ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള അഭിലാഷങ്ങളുടെ കേന്ദ്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യ ബഹിരാകാശ മേഖലയിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണെന്നും, തദ്ദേശീയ കോവിഡ് വാക്സിനുകൾ, തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ, സ്റ്റാർട്ടപ്പുകൾ, നവീകരണം, കർഷകരുടെ വിളകൾക്ക് ന്യായവില ഉറപ്പാക്കൽ തുടങ്ങി ഉൽപ്പാദന ദൗത്യം വരെ സമസ്‌ഥ മേഖലകളിലും സ്വയംപര്യാപ്തത കൈവരിച്ച ഒരു ഇന്ത്യയെ പ്രധാനമന്ത്രി മോദി കെട്ടിപ്പടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
****
(Release ID: 2167661)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada