പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായി പുനരുപയോഗ ഊർജ്ജ ഉപകരണങ്ങളുടെ GST 5% ആയി കുറച്ചു

Posted On: 17 SEP 2025 12:14PM by PIB Thiruvananthpuram
സമ്പദ്‌വ്യവസ്ഥയുടെ സമസ്ത മേഖലകളെയും ശക്തിപ്പെടുത്തുന്ന "ഗുണപ്രദവും ലളിതവുമായ നികുതി" എന്ന നിലയിലേക്ക് GST യെ പരിവർത്തനം ചെയ്യുകയെന്ന  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിന് അനുപൂരകമായി,  2025 സെപ്റ്റംബർ 3 ന് നടന്ന 56-ാമത് യോഗത്തിൽ GST കൗൺസിൽ അംഗീകരിച്ച ഏറ്റവും പുതിയ GST പരിഷ്‌ക്കാരങ്ങൾ പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് വലിയ പ്രചോദനമാവുകയാണ്.

പുനരുപയോഗ ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം GST  നിരക്കുകൾ 12% ൽ നിന്ന് 5% ആയി കുറച്ചത് പ്രകൃതി സൗഹൃദ ഊർജ്ജ പദ്ധതികളുടെയും  വൈദ്യുതിയുടെയും ചെലവ് കുറയ്ക്കുകയും കുടുംബങ്ങൾക്കും കർഷകർക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഡെവലപ്പർമാർക്കും നേരിട്ട് പ്രയോജനമേകുകയും ചെയ്യും. ഉദാഹരണമായി, വൻകിട സൗരോർജ്ജ പദ്ധതികൾക്ക് (10 മെഗാവാട്ടും അതിലധികവും) സാധാരണയായി ഒരു മെഗാവാട്ടിന് ഏകദേശം ₹3.5–4 കോടി മൂലധന ചെലവ് വരും. എന്നാൽ GST   കുറയുന്നതോടെ ഒരു മെഗാവാട്ടിന് ₹20–25 ലക്ഷം ലാഭിക്കാനാകും. 500 മെഗാവാട്ട് സൗരോർജ്ജ പാർക്കിനുള്ള ചെലവ് കണക്കാക്കുമ്പോൾ  ചെലവിൽ  ഇതിലൂടെ മാത്രം ₹100 കോടിയിലധികം ലാഭിക്കാനാകുന്നു. ഇത് ഊർജ്ജനിരക്കുകളിലെ മത്സരശേഷി ഗണ്യമായി മെച്ചപ്പെടുത്തുന്നു.

കുറഞ്ഞ ചെലവും മികച്ച മത്സരക്ഷമതയും

GST  യിലെ കുറവ് നിരക്കുകൾ കുറയ്ക്കുമെന്നും വിതരണ വൈദ്യുതി കമ്പനികളുടെ (ഡിസ്കോം) സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് രാജ്യവ്യാപകമായി വാർഷിക വൈദ്യുതി സംഭരണ ചെലവിൽ 2,000–3,000 കോടി രൂപ ലാഭിക്കാൻ സഹായിക്കും. കുറഞ്ഞ വിലയിൽ ശുദ്ധമായ ഊർജ്ജം ലഭ്യമാകുന്നതിലൂടെ അന്തിമ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇത് ഇന്ത്യയുടെ വൈദ്യുതി മേഖലയുടെ ദീർഘകാല സുസ്ഥിരതയെ ശക്തിപ്പെടുത്തും.

കുടുംബങ്ങൾക്കും കർഷകർക്കും ഗ്രാമീണ സമൂഹങ്ങൾക്കും ആനുകൂല്യങ്ങൾ

നികുതി പരിഷ്‌ക്കരണം പുരപ്പുറ  സൗരോർജ്ജ സംവിധാനങ്ങൾ കൂടുതൽ ലാഭകരമാക്കും.സാധാരണ 3 kW  പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിക്കാൻ ഏകദേശം ₹9,000–10,500 വരെ ചെലവ് കുറയും. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗരോർജ്ജ ലഭ്യത സുഗമമാക്കുകയും PM സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പ്രകാരം വൻതോതിലുള്ള ഉപഭോഗം ത്വരിതപ്പെടുത്തുകയും ചെയ്യും.

PM-KUSUM പദ്ധതിക്ക് കീഴിലുള്ള കർഷകർക്കും ഗണ്യമായ പ്രയോജനം ലഭിക്കും. ഏകദേശം ₹2.5 ലക്ഷം വിലവരുന്ന 5 HP സോളാർ പമ്പിന് ഏകദേശം ₹17,500  വിലകുറയും. 10 ലക്ഷം സോളാർ പമ്പുകൾ സ്ഥാപിക്കുമ്പോൾ, കർഷകർക്ക് മൊത്തത്തിൽ ₹1,750 കോടി ലാഭിക്കാൻ കഴിയും. ഇത് ജലസേചനത്തെ   ചെലവ് കുറഞ്ഞതും സുസ്ഥിരവുമാക്കി മാറ്റുന്നു.

മിനി ഗ്രിഡുകൾ, ഉപജീവനമാർഗ്ഗങ്ങൾ, സൗരോർജ്ജ പമ്പുകൾ തുടങ്ങിയ ചെലവ് കുറഞ്ഞ വികേന്ദ്രീകൃത പരിഹാരങ്ങളിലൂടെ ഗ്രാമീണ, സേവന രഹിത പ്രദേശങ്ങൾക്കും നേട്ടമുണ്ടാകും. കുറഞ്ഞ തിരിച്ചടവ് കാലയളവുകളും മെച്ചപ്പെട്ട വരുമാനവും സ്ക്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ചെറുകിട ബിസിനസുകൾ എന്നിവയെ ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജ ലഭ്യതയോടെ ശാക്തീകരിക്കും.

ആഭ്യന്തര ഉത്പാദനത്തിനും സ്വാശ്രയത്വത്തിനും പ്രോത്സാഹനം

GST  കുറയ്ക്കുന്നത് മൊഡ്യൂളുകളുടെയും ഘടകഭാഗങ്ങളുടെയും ചെലവ് 3–4% കുറച്ചുകൊണ്ട് ഇന്ത്യൻ നിർമ്മിത പുനരുപയോഗ ഊർജ്ജ ഉപകരണങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കും. ഇത് മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പിന്തുണയ്ക്കും. 2030 ഓടെ ഇന്ത്യ 100 ജിഗാവാട്ട് സൗരോർജ്ജ ഉത്പാദന ശേഷി ലക്ഷ്യമിടുന്നതിനാൽ, പരിഷ്ക്കരണം ആഭ്യന്തര ഉത്പാദന കേന്ദ്രങ്ങളിലേക്ക് പുതിയ നിക്ഷേപം ആകർഷിക്കും. ഓരോ ജിഗാവാട്ട് ഉത്പാദനവും ഏകദേശം 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നത്  കണക്കിലെടുക്കുമ്പോൾ, പരിഷ്ക്കരണം അടുത്ത ദശകത്തിൽ 5–7 ലക്ഷം പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങൾക്ക് കാരണമാകും. ഇത് ശുദ്ധമായ ഊർജ്ജത്തിലധിഷ്ഠിതമായ ഇന്ത്യയുടെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും.

ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നു

GST യിലെ കുറവ് ഊർജ്ജത്തിന്റെ സമീകൃത ചെലവ് കുറയ്ക്കുക മാത്രമല്ല, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, വൈദ്യുതി സംഭരണ കരാറുകൾ വേഗത്തിൽ ഒപ്പിടാനും പദ്ധതി കമ്മീഷൻ ചെയ്യാനും സഹായിക്കുകയും ചെയ്യും . 2030 ആകുമ്പോഴേക്കും ഇന്ത്യ ഏകദേശം 300 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നതിനാൽ, 2-3% ചെലവ് കുറയ്ക്കുന്നതിലൂടെ പോലും നിക്ഷേപത്തിൽ  ₹1–1.5 ലക്ഷം കോടി ലാഭിക്കാൻ കഴിയും. ഓരോ ജിഗാവാട്ട് സൗരോർജ്ജവും പ്രതിവർഷം 1.3 ദശലക്ഷം ടൺ CO₂ ബഹിർഗമനം കുറയ്ക്കുന്നു; GST യുക്തിസഹമാക്കുന്നതിലൂടെ   2030 ആകുമ്പോഴേക്കും പ്രതിവർഷം 50–70 ദശലക്ഷം ടൺ CO₂ ബഹിർഗമനം കുറയ്ക്കാൻ കഴിയും.

ഈ പരിഷ്ക്കരണത്തിലൂടെ പുനരുപയോഗ ഊർജ്ജത്തിന്റെ ചെലവ് കുറയുന്നതും അത് സുഗമമായി ലഭ്യമാകുന്നതും, പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിബദ്ധതകൾക്ക് അനുപൂരകമാണ്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു . കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ നേതൃപദവിയിൽ ഇന്ത്യയെ ഉറപ്പിച്ചു നിർത്താനും ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള  പരിവർത്തനം സഹായകമാകും.
 
SKY
 
 
******

(Release ID: 2167653)