വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം 'ചലോ ജീത്തേ ഹേ ' രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ദേശീയ അവാർഡ് നേടിയ ‘ചലോ ജീത്തേ ഹേ’ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് അടിസ്ഥാന വർഗ്ഗ തൊഴിൽ സേവകരെ ആദരിക്കും
പ്രധാനമന്ത്രി മോദിയുടെ ജീവിതവും സ്വാമി വിവേകാനന്ദൻ്റെ തത്ത്വചിന്തയും യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള ശക്തമായ സന്ദേശം
Posted On:
16 SEP 2025 5:09PM by PIB Thiruvananthpuram
ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു.
2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പിവിആർ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും.
യുവമനസ്സുകൾക്ക് പ്രചോദനാത്മകം
റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സ്കൂളുകളിലും സമൂഹത്തിലും ശാന്തമായി പ്രവർത്തിച്ച് ദൈനം ദിന ജീവിതത്തിൻ്റെ സുഗമമായ നടത്തിപ്പിന് സംഭാവന ചെയ്യുന്ന അടിസ്ഥാനവർഗ്ഗ സേവകരായ വാച്ച്മാൻ, ക്ലീനിംഗ് സ്റ്റാഫ്, ഡ്രൈവർ, പ്യൂൺ തുടങ്ങി നിരവധി പേരെ ആദരിക്കും.
വിദ്യാർത്ഥികൾ സിനിമ ഈ അടിസ്ഥാന വർഗ്ഗ പോരാളികളോടൊപ്പം കാണും. സ്വന്തം ജീവിതത്തിനായി മാത്രമല്ല, മറിച്ച് മറ്റുള്ളവർക്കായാണ് ജീവിക്കേണ്ടത് എന്ന സന്ദേശം യുവമനസ്സുകളിൽ പതിപ്പിക്കുകയാണ് തുടർന്നുള്ള പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
സ്വാമി വിവേകാനന്ദൻ്റെ തത്ത്വചിന്തയ്ക്കുള്ള സമർപ്പിത ആദരം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ബാല്യകാലത്തിലെ ഒരു സംഭവത്തിൽ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചത്. സ്വാമി വിവേകാനന്ദൻ്റെ തത്ത്വചിന്ത ആഴത്തിൽ സ്വാധീനിക്കപ്പെട്ട കുട്ടിയായ നാരുവിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ തത്ത്വചിന്തയുടെ അർത്ഥം മനസ്സിലാക്കി തൻ്റെ ചെറിയ ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാനും അവന് അതിലൂടെ കഴിഞ്ഞു. ഈ കാഴ്ചപ്പാടിലൂന്നി നിസ്വാർത്ഥ ജീവിതവും സേവനവും എന്ന ശാശ്വത സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയാണ് സിനിമ ലക്ഷ്യമിടുന്നത്.
ദേശവ്യാപക സ്വാധീനം
"ഈ സിനിമ ശക്തമായ സന്ദേശം ഉൾക്കൊള്ളുന്ന ഒന്നാണ്. ഓരോ ജോലിക്കും ഓരോ വ്യക്തിക്കും മാന്യത നൽകുന്നതിൻ്റെയും വിലമതിക്കുന്നതിൻ്റെയും പ്രാധാന്യം ലക്ഷക്കണക്കിന് യുവമനസ്സുകളിൽ ഇത് ഉറപ്പിക്കുന്നു. സ്വാർത്ഥതയില്ലായ്മ, കാരുണ്യം, രാഷ്ട്രത്തിനുള്ള കടമ എന്നീ ശാശ്വത മൂല്യങ്ങളെ ഇത് ഊട്ടിയുറപ്പിക്കുന്നു. ഇത് നമ്മുടെ പ്രധാനമന്ത്രിക്കുള്ള യഥാർത്ഥ ആദരമാണ്”- സിനിമയുടെ നിർമ്മാതാവ് മഹാവീർ ജെയിൻ പറഞ്ഞു.
ഈ സിനിമയിലൂടെ യുവാക്കളുടെ ഹൃദയങ്ങളിൽ ഒരു ജ്വാല കൊളുത്താനും ലക്ഷ്യബോധമുള്ള ജീവിതം നയിക്കാനും സമൂഹത്തിന് ഗുണകരമായ സംഭാവനകൾ ചെയ്യാനുമുള്ള പ്രചോദനം നൽകുകയാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച നോൺ-ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ "ചലോ ജീത്തേ ഹേ" എന്ന ഈ ചിത്രം പ്രേക്ഷകരിൽ ഇപ്പോഴും മാറ്റൊലി കൊള്ളുകയാണ്. മങ്കേഷ് ഹഡാവാലെ സംവിധാനം ചെയ്ത് ആനന്ദ് എൽ. റായ്, മഹാവീർ ജെയ്ൻ എന്നിവർ അവതരിപ്പിക്കുന്ന ഈ ചിത്രം മറ്റുള്ളവർക്കുവേണ്ടി ജീവിക്കുക എന്ന സന്ദേശം, ചിത്രം ആദ്യം പുറത്തിറങ്ങിയപ്പോഴത്തെപ്പോലെ ഇന്നും പ്രസക്തമാണ്. പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ ജീവിതത്തിനും തത്ത്വചിന്തയ്ക്കും ഉള്ള ആദരസൂചകമായി, ആ സന്ദേശം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ഈ ചിത്രം റീ റിലീസിന് തയ്യാറെടുക്കുന്നത്.
സ്കൂളുകളിലെ പ്രദർശനം ഈ സംരംഭത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. ഇത് സിനിമയുടെ സന്ദേശം വിദ്യാർത്ഥികളിൽ പ്രതിധ്വനിക്കുക്കയും ലക്ഷ്യബോധമുള്ള ജീവിതം നയിക്കാൻ അവരെ അത് പ്രാപ്തരാക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
******************
(Release ID: 2167380)
Visitor Counter : 2