പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ഗോലാഘട്ടിൽ ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും, പോളിപ്രൊപ്പൈലീൻ യൂണിറ്റിന് തറക്കല്ലിടുകയും ചെയ്തു.


ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പാതയിൽ പ്രവേശിച്ചു: പ്രധാനമന്ത്രി

സൗരോർജ്ജ മേഖലയിൽ ലോകത്തിലെ മികച്ച 5 രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടി: പ്രധാനമന്ത്രി

സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് രണ്ട് പ്രധാന കാര്യങ്ങൾ ആവശ്യമാണ് - ഊർജ്ജവും അർദ്ധചാലകങ്ങളും. ഈ യാത്രയിൽ അസം സുപ്രധാന പങ്ക് വഹിക്കുന്നു: പ്രധാനമന്ത്രി

അസമിന്റെ സ്വത്വം നമ്മൾ നിരന്തരം ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

Posted On: 14 SEP 2025 4:45PM by PIB Thiruvananthpuram

ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗോലാഘട്ടിൽ നുമാലിഗഡ് റിഫൈനറി ലിമിറ്റഡിന്റെ (NRL) ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും പോളിപ്രൊപ്പൈലീൻ പ്ലാന്റിന് തറക്കല്ലിടുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ശാരദീയ ദുർഗ്ഗാ പൂജയുടെ വേളയിൽ എല്ലാ പൗരന്മാർക്കും അസ്സമിലെ ജനങ്ങൾക്കും ഹൃദയപൂർവ്വമായ ആശംസകൾ അറിയിച്ചു. മഹാനും ആത്മീയ വ്യക്തിത്വമായ ശ്രീമന്ത ശങ്കരദേവന്റെ ജന്മദിനത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ആദരണീയരായ ഗുരുജനങ്ങൾക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.  

കഴിഞ്ഞ രണ്ട് ദിവസമായി താൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെന്നും, ഓരോ തവണ ഈ മേഖല സന്ദർശിക്കുമ്പോഴും തനിക്ക് അസാധാരണമായ സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അസ്സമിന്റെ ഈ ഭാഗത്ത് തനിക്ക് അനുഭവപ്പെടുന്ന അതുല്യമായ വാത്സല്യവും സ്വന്തമാണെന്ന ബോധവും അദ്ദേഹം എടുത്തുപറയുകയും ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

വികസിത അസ്സമിനും വികസിത ഇന്ത്യക്കും വേണ്ടിയുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തേതെന്ന് ശ്രീ മോദി പറഞ്ഞു. അസ്സമിനായി 18,000 കോടിയോളം രൂപയുടെ പദ്ധതികൾ അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ, താൻ ദാരംഗിലായിരുന്നെന്നും അവിടെ ഗതാഗത സൗകര്യങ്ങളും ആരോഗ്യ സംരക്ഷണം സംബന്ധിച്ചുള്ളതുമായ പദ്ധതികൾക്ക് തറക്കല്ലിട്ടതായും അദ്ദേഹം അറിയിച്ചു. ഇപ്പോൾ  ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ താൻ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തുവെന്നും, ഇത് അസ്സമിന്റെ വികസന പാതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്ന ഒരു നാടാണ്  അസം എന്ന് എടുത്തുപറഞ്ഞുകൊണ്ട്, അസ്സമിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ശക്തിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ തങ്ങളുടെ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വേദിയിലെത്തുന്നതിന് തൊട്ടുമുൻപ്, താൻ സമീപത്തെ മറ്റൊരു പരിപാടിയിൽ പങ്കെടുത്തെന്നും അവിടെ മുളയിൽ നിന്ന് ബയോ-എഥനോൾ ഉത്പാദിപ്പിക്കുന്ന ഒരു ആധുനിക പ്ലാന്റ് ഉദ്ഘാടനം ചെയ്തുവെന്നും, ഇത് അസ്സമിന് വലിയ അഭിമാനമാണെന്നും ശ്രീ മോദി അറിയിച്ചു. എഥനോൾ പ്ലാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം,  പോളിപ്രൊപ്പൈലീൻ പ്ലാന്റിനും അദ്ദേഹം തറക്കല്ലിട്ടു. ഈ പദ്ധതികൾ അസ്സമിലെ വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്നും, സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും, കർഷകർക്കും യുവജനങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം എടുത്തുപറയുകയും ഈ ഉദ്യമങ്ങളുടെ പേരിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

“നിലവിൽ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ”, പ്രധാനമന്ത്രി പറഞ്ഞു, രാജ്യം പുരോഗമിക്കുമ്പോൾ വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഊർജ്ജ ആവശ്യങ്ങൾക്കായി ഇന്ത്യ വളരെക്കാലമായി വിദേശ സ്രോതസ്സുകളെ ആശ്രയിക്കുകയായിരുന്നുവെന്നും വലിയ അളവിൽ അസംസ്കൃത എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൽഫലമായി, രാജ്യത്തിന് പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവന്നു, ഇത് വിദേശികളുടെ തൊഴിലവസരങ്ങളും വരുമാനവും വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യം മാറ്റേണ്ടതുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യ ഇപ്പോൾ അതിന്റെ ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന പാതയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനകത്ത് പുതിയ ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തുന്നതിനൊപ്പം ഹരിത ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ഒരേസമയം പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 'സമുദ്ര മന്ഥൻ' ഉദ്യമത്തെക്കുറിച്ച് ചുവപ്പുകോട്ടയിൽ നിന്ന് താൻ നടത്തിയ പ്രഖ്യാപനം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ സമുദ്രങ്ങളിൽ ഗണ്യമായ എണ്ണ, ഗ്യാസ് ശേഖരങ്ങൾ ഉണ്ടെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഭവങ്ങൾ ദേശീയ വികസനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഹരിത ഊർജ്ജ രംഗത്തും പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിലും ഇന്ത്യ അതിവേഗം മുന്നേറുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദം മുൻപ്, സൗരോർജ്ജ ഉത്പാദനത്തിൽ ഇന്ത്യ ഏറെ പിന്നിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്ന്, സൗരോർജ്ജ ശേഷിയിൽ ലോകത്തെ ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നു.

“മാറുന്ന കാലഘട്ടത്തിൽ, എണ്ണയെയും ഗ്യാസിനെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യക്ക് ബദൽ ഇന്ധനങ്ങൾ ആവശ്യമാണ്”, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അത്തരത്തിലുള്ള മികച്ച ഒന്നാണ് എഥനോൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുളയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്ന ഒരു പുതിയ പ്ലാന്റ് ഇന്ന് ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിക്കുകയും, ഈ സംരംഭം അസ്സമിലെ കർഷകർക്കും ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബയോ-എഥനോൾ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിന് മുളയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, മുള കൃഷി ചെയ്യുന്നതിന് ഗവണ്മെന്റ് പ്രാദേശിക കർഷകരെ പിന്തുണയ്ക്കുമെന്നും അത് നേരിട്ട് സംഭരിക്കുമെന്നും വ്യക്തമാക്കി. മുള ചിപ്പിംഗുമായി ബന്ധപ്പെട്ട ചെറിയ യൂണിറ്റുകൾ ഈ മേഖലയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിവർഷം 200 കോടിയോളം രൂപ  ഈ മേഖലയിൽ ചെലവഴിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ഒരൊറ്റ പ്ലാന്റ് പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

മുളയിൽ നിന്ന് ഇന്ത്യ ഇപ്പോൾ എഥനോൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ്
ഭരിച്ചിരുന്ന മുൻ കാലഘട്ടങ്ങളിൽ മുള മുറിക്കുന്നതിന് ശിക്ഷ ലഭിച്ചിരുന്നതായി പ്രധാനമന്ത്രി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മുളയ്ക്ക് അക്കാലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.  നിലവിലെ ഗവണ്മെന്റ് മുള മുറിക്കുന്നതിനുള്ള നിരോധനം നീക്കിയെന്നും, ഈ തീരുമാനം ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വലിയ നേട്ടമാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

ബക്കറ്റുകൾ, മഗ്ഗുകൾ, പെട്ടികൾ, കസേരകൾ, മേശകൾ, പാക്കേജിംഗ് മെറ്റീരിയലുകൾ എന്നിങ്ങനെ വിവിധതരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ഉൽപ്പന്നങ്ങൾക്കെല്ലാം പോളിപ്രൊപ്പൈലീൻ ആവശ്യമാണെന്നും, അത് ഇല്ലാതെ ആധുനിക ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണെന്നും വിശദമാക്കി. പരവതാനികൾ, കയറുകൾ, ബാഗുകൾ, നാരുകൾ, മാസ്കുകൾ, മെഡിക്കൽ കിറ്റുകൾ, തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കാൻ പോളിപ്രൊപ്പൈലീൻ ഉപയോഗിക്കുന്നുണ്ടെന്നും, വാഹന മേഖലയിലും അതുപോലെ മെഡിക്കൽ, കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും ഇത്  സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്സമിന് ഒരു ആധുനിക പോളിപ്രൊപ്പൈലീൻ പ്ലാന്റ് സമ്മാനിച്ചിരിക്കുന്നതായി ശ്രീ മോദി പ്രഖ്യാപിച്ചു. ഈ പ്ലാന്റ് ‘മെയ്ക്ക് ഇൻ അസം’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നിവയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും ഈ മേഖലയിലെ മറ്റ്  വ്യവസായങ്ങളെയും ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസം അതിന്റെ പരമ്പരാഗത ഗാമോസയ്ക്കും പ്രശസ്തമായ എറി, മുഗ പട്ട് എന്നിവയ്ക്കും പേരുകേട്ടതുപോലെ, പോളിപ്രൊപ്പൈലീൻ ഉപയോഗിച്ച് നിർമ്മിച്ച തുണിത്തരങ്ങളും ഇനി സംസ്ഥാനത്തിന്റെ സ്വത്വത്തിൽ ഉൾപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

‘ആത്മനിർഭർ ഭാരത്’ പ്രചാരണത്തോട് രാജ്യം അസാധാരണമായ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും, അസം അതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നും അടിവരയിട്ടുകൊണ്ട്, അസ്സമിന്റെ കഴിവുകളിൽ ശ്രീ മോദി ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും  ഒരു പ്രധാന ദേശീയ ഉദ്യമമായ സെമികണ്ടക്ടർ ദൗത്യത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു. കോളോണിയൽ കാലഘട്ടത്തിൽ താരതമ്യേന അജ്ഞാതമായിരുന്ന അസം ചായയെ, അസ്സമിന്റെ മണ്ണും അവിടുത്തെ ജനങ്ങളും ചേർന്ന് എങ്ങനെ ഒരു ആഗോള ബ്രാൻഡായി രൂപാന്തരപ്പെടുത്തിയെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, അസ്സമിന്റെ തെളിയിക്കപ്പെട്ട സാധ്യതകളിൽ നിന്നാണ് തനിക്കുള്ള ആത്മവിശ്വാസമെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പുതിയ യുഗത്തിൽ, ഇന്ത്യയുടെ സ്വാശ്രയത്വം രണ്ട് നിർണായക മേഖലകളെ ആശ്രയിച്ചിരിക്കുന്നു: ഊർജ്ജവും സെമികണ്ടക്ടറുകളും, ഈ രണ്ട് മേഖലകളിലും അസം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ബാങ്ക് കാർഡുകളും മൊബൈൽ ഫോണുകളും മുതൽ കാറുകൾ, വിമാനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ വരെ, ഓരോ ഇലക്ട്രോണിക് ഉപകരണത്തിന്റെയും കാതൽ ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഈ ഉൽപ്പന്നങ്ങൾ രാജ്യത്തിനകത്ത് നിർമ്മിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, സ്വന്തം ചിപ്പുകളും ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നേടുന്നതിനായി, ഇന്ത്യ സെമികണ്ടക്ടർ ദൗത്യം ആരംഭിച്ചു, ഈ ഉദ്യമത്തിന് അസം ഒരു പ്രധാന അടിത്തറയായി വർത്തിക്കുന്നു. 27,000 കോടിയോളം രൂപയുടെ നിക്ഷേപത്തിൽ മോറിഗാവിൽ ഒരു സെമികണ്ടക്ടർ ഫാക്ടറി അതിവേഗം നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇത് അസ്സമിന് വലിയ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം വളരെക്കാലം രാജ്യവും നിരവധി പതിറ്റാണ്ടുകളോളം അസ്സമും ഭരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആ കാലഘട്ടത്തിൽ വികസനത്തിന്റെ വേഗത മന്ദഗതിയിലായിരുന്നുവെന്നും അസ്സമിന്റെ സാംസ്കാരിക പൈതൃകം വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇപ്പോൾ അസ്സമിന്റെ പരമ്പരാഗത  സ്വത്യത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിനെ ഒരു ആധുനിക മുഖവുമായി സംയോജിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം അസ്സ മിലേക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും വിഘടനവാദവും, അക്രമവും, തർക്കങ്ങളും കൊണ്ടുവന്നപ്പോൾ, തങ്ങളുടെ പാർട്ടി അസ്സ മിനെ വികസനവും പൈതൃകവും കൊണ്ട് സമ്പന്നമായ ഒരു സംസ്ഥാനമാക്കി മാറ്റുകയാണെന്ന് ശ്രീ മോദി പറഞ്ഞു. അസമീസ് ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി നൽകിയത് നിലവിലെ ഗവണ്മെന്റാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അസം ഗവണ്മെന്റ് അതിവേഗം നടപ്പാക്കുന്നതിലും പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും അസ്സമിലെയും മഹത് പുത്രന്മാർക്ക് അർഹമായ അംഗീകാരം നൽകുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും ശ്രീ മോദി പറഞ്ഞു. വീര ലചിത് ബർഫുകനെപ്പോലുള്ള ധീരരായ യോദ്ധാക്കളെ ഈ മണ്ണ് സംഭാവന ചെയ്തിട്ടുണ്ടെന്നും, എന്നിട്ടും പ്രതിപക്ഷം അദ്ദേഹത്തിന് അർഹമായ ബഹുമാനം ഒരിക്കലും നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലചിത് ബർഫുകന്റെ പാരമ്പര്യത്തിന് നിലവിലെ ഗവണ്മെന്റ് അർഹമായ ആദരം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ 400-ാം ജന്മദിനം ദേശീയ തലത്തിൽ ആഘോഷിച്ചുവെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം 23 ഭാഷകളിൽ പ്രസിദ്ധീകരിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ജോർഹാട്ടിൽ മഹാനായ ലചിത് ബർഫുകന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ  തനിക്ക് അവസരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അവഗണിച്ചവരെ ഇപ്പോൾ നിലവിലെ ഗവണ്മെന്റ് മുൻനിരയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഈ ഭാഗം അവസാനിപ്പിച്ചത്.

ശിവസാഗറിലെ ചരിത്രപരമായ രംഗ് ഘർ വളരെക്കാലം അവഗണിക്കപ്പെട്ടുകിടന്നുവെന്നും, നിലവിലെ ഗവണ്മെന്റ് അതിന്റെ നവീകരണം ഏറ്റെടുത്തിട്ടുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബടദ്രവയെ  ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ഗവണ്മെന്റ് പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. വാരാണസിയിലെ കാശി വിശ്വനാഥ് ധാം സമുച്ചയത്തിന്റെയും ഉജ്ജയിനിലെ മഹാകാൽ മഹലോകിന്റെയും വികസനത്തിന് സമാനമായി, അസ്സമിൽ ഒരു മാ കാമാഖ്യ ഇടനാഴിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അസ്സമിന്റെ സമ്പന്നമായ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട നിരവധി അടയാളങ്ങളും സ്ഥലങ്ങളും ഭാവി തലമുറകൾക്കായി തങ്ങളുടെ ഗവണ്മെന്റ് സജീവമായി സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഉദ്യമം അസ്സമിന്റെ പൈതൃകത്തിന് മാത്രമല്ല, സംസ്ഥാനത്തെ വിനിദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസ്സമിൽ ടൂറിസം വളരുന്നതിനനുസരിച്ച് യുവജനങ്ങൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

നിലവിലെ  വികസന ശ്രമങ്ങൾക്കിടയിൽ അസം, വർദ്ധിച്ചുവരുന്ന അനധികൃത നുഴഞ്ഞുകയറ്റമെന്ന വെല്ലുവിളി നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ ഗവണ്മെന്റിന്റെ ഭരണകാലത്ത്, നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി അനുവദിക്കുകയും അനധികൃത കൈയേറ്റങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ട്-ബാങ്ക് രാഷ്ട്രീയം പിന്തുടർന്ന് പ്രതിപക്ഷം അസ്സമിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകർത്തു എന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ഗവണ്മെന്റ്, അസ്സമിലെ ജനങ്ങളുമായി സഹകരിച്ച്, ഈ പ്രശ്നം സജീവമായി പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഗവണ്മെന്റ് ഭൂമി തിരിച്ചുപിടിക്കുന്നതായും, ആവശ്യമുള്ള ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് പട്ടയങ്ങൾ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇതിനകം തന്നെ പട്ടയങ്ങൾ ലഭിച്ച മിഷൻ ബസുന്ധരയ്ക്ക് അദ്ദേഹം അസം ഗവണ്മെന്റിനെ പ്രശംസിച്ചു. അഹോം, കോച്ച് രാജ്ബംഗ്ഷി, ഗോർഖ സമുദായങ്ങളുടെ ഭൂമി അവകാശങ്ങൾ ചില ഗോത്രവർഗ്ഗ മേഖലകളിൽ അംഗീകരിക്കപ്പെട്ടുവെന്നും, അവരെ സംരക്ഷിത വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗ്ഗ സമുദായങ്ങൾ നേരിടുന്ന ചരിത്രപരമായ അനീതികൾ തിരുത്താൻ തങ്ങളുടെ പാർട്ടി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

“നമ്മുടെ ഗവണ്മെന്റിന്റെ വികസന മന്ത്രം “നാഗരിക് ദേവോ ഭവ” എന്നതാണ്, അതായത് പൗരന്മാർക്ക് ബുദ്ധിമുട്ട് നേരിടരുത് അല്ലെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി ഓടിനടക്കാൻ നിർബന്ധിതരാകരുത്”, പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ദീഘമായ ഭരണത്തിൻ കീഴിൽ, പാവപ്പെട്ടവർ അവഗണിക്കപ്പെടുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു, കാരണം ഭരണം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ചില ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നത് അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വിപരീതമായി, തങ്ങളുടെ പാർട്ടി പ്രീണനത്തിലല്ല, സംതൃപ്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഒരു പാവപ്പെട്ട വ്യക്തിയെയും അല്ലെങ്കിൽ ഒരു പ്രദേശത്തെയും പിന്നിലാക്കുന്നില്ലെന്നും ശ്രീ മോദി പറഞ്ഞു. അസ്സമിലെ പാവപ്പെട്ടവർക്കായുള്ള സ്ഥിരം വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും, 20 ലക്ഷത്തിലധികം വീടുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്സമിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള സംരംഭവും അതിവേഗം മുന്നേറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികൾ അസ്സമിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്കും സഹോദരിമാർക്കും നേരിട്ട് പ്രയോജനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമം ഗവണ്മെന്റിന്റെ പ്രധാന മുൻഗണനയാണെന്ന് ഊന്നിപ്പറഞ്ഞു. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള പിന്തുണ അവർക്കു ലഭിക്കുന്നുണ്ടെന്നും, സ്ത്രീകളുടെ ആരോഗ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാൻ ഗവണ്മെന്റ് സജീവമായി പദ്ധതികൾ നടപ്പാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭരണകാലത്ത്, തേയിലത്തോട്ടം തൊഴിലാളികൾ തേയില കമ്പനികളുടെ മാനേജ്‌മെന്റുകളുടെ കാരുണ്യത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വിപരീതമായി, തങ്ങളുടെ ഗവണ്മെന്റ് അവരുടെ ഭവന ആവശ്യങ്ങൾ പരിഹരിക്കുകയും, വൈദ്യുതിയും വെള്ളവും ഉറപ്പാക്കുകയും, അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു. ഈ ക്ഷേമ സംരംഭങ്ങൾക്കായി കോടിക്കണക്കിന് രൂപ നിക്ഷേപിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“അസ്സമിൽ വികസനത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു, അസം വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു. വികസിത അസ്സമും വികസിത ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയം ഉറപ്പിച്ചുകൊണ്ടും  വികസന പദ്ധതികൾക്ക് വീണ്ടും എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ടും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ ഹർദീപ് സിംഗ് പുരി എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

ഗോലാഘട്ടിലെ നുമാലിഗഡിൽ, ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട്, പ്രധാനമന്ത്രി നുമാലിഗഡ് റിഫൈനറി ലിമിറ്റഡിന്റെ (NRL) അസം ബയോ എഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

അസമിന്റെ പെട്രോകെമിക്കൽ മേഖലയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന നുമാലിഗഡ് റിഫൈനറി ലിമിറ്റഡിലെ (NRL) പോളിപ്രൊഫൈലിൻ പ്ലാന്റിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

 

 

***

SK

(Release ID: 2166635) Visitor Counter : 2