കൃഷി മന്ത്രാലയം
azadi ka amrit mahotsav

രണ്ടുദിവസത്തെ ദേശീയ കാർഷിക സമ്മേളനം ' റാബി അഭിയാൻ 2025’ നാളെ ന്യൂഡൽഹിയിൽ ആരംഭിക്കും

കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും

വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ എന്നിവർ വിശദമായ ചർച്ചകളിൽ പങ്കെടുക്കും

Posted On: 14 SEP 2025 3:35PM by PIB Thiruvananthpuram
കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സമ്മേളനം ' റാബി അഭിയാൻ 2025’ സെപ്റ്റംബർ 15,16 തീയതികളിൽ ന്യൂഡൽഹിയിൽ പുസ കാമ്പസിലെ ഭാരത് രത്‌ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടക്കും. രാജ്യത്തുടനീളമുള്ള കാർഷിക വിദഗ്ധർ, ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, സംസ്ഥാന ഗവൺമെന്‍റുകളുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ രണ്ട് ദിവസത്തെ ഈ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കും . സമ്മേളനത്തിൽ, 2025–26 റാബി കാർഷിക സീസണിനായുള്ള തയ്യാറെടുപ്പുകൾ, ഉൽപാദന ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.

 കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ, കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയ സെക്രട്ടറി, ഡിഎആർഇ സെക്രട്ടറി, ഐസിഎആർ ഡയറക്ടർ ജനറൽ, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

കേന്ദ്ര കൃഷി മന്ത്രി ശ്രീ ചൗഹാന്‍റെ നിർദ്ദേശപ്രകാരം ഇത് ആദ്യമായാണ് രണ്ട് ദിവസത്തെ റാബി സമ്മേളനം നടക്കുന്നത്. റാബി വിളകളുമായി ബന്ധപ്പെട്ട് കർഷകർക്ക് പ്രയോജനം ചെയ്യുന്ന വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ആദ്യ ദിവസം, കേന്ദ്ര, സംസ്ഥാന തല ഉദ്യോഗസ്ഥർ തമ്മിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.തുടർന്ന് സെപ്റ്റംബർ 16 ന്, എല്ലാ സംസ്ഥാനങ്ങളിലെയും കൃഷി മന്ത്രിമാർ, കേന്ദ്ര കൃഷി മന്ത്രി, കേന്ദ്ര കൃഷി സഹമന്ത്രി എന്നിവർ ചേർന്ന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മെച്ചപ്പെട്ട വിത്തുകളും കർഷകർക്ക് എങ്ങനെ ഫലപ്രദമായി ലഭ്യമാക്കാം എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും. ആദ്യമായി, കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞർ അവരുടെ പ്രാദേശിക അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുകയും ഭാവി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സഹായിക്കുകയും ചെയ്യും

വിവിധ സംസ്ഥാനങ്ങളുടെ വിജയകരമായ മികച്ച രീതികൾ സമ്മേളനത്തിൽ പങ്കുവയ്ക്കും. അതിലൂടെ മറ്റ് സ്ഥലങ്ങളിലും അവ പിന്തുടരാൻ കഴിയും. ഇതിനുപുറമെ, കാലാവസ്ഥാ പ്രവചനം, വളം പരിപാലനം, കാർഷിക ഗവേഷണം, സാങ്കേതിക ഇടപെടലുകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ അഭിപ്രായങ്ങൾ അവതരിപ്പിക്കും.

 2025–26 റാബി സീസണിലെ കാർഷിക കർമ്മ പദ്ധതിക്കും ഉൽപാദന തന്ത്രങ്ങൾക്കും ദിശാബോധം നൽകുക മാത്രമല്ല, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായും ഈ സമ്മേളനം മാറും. 
 
*******************

(Release ID: 2166567) Visitor Counter : 2