പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
രാജ്യത്തിന്, പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്ക് ഇത് ചരിത്രപരമായ ദിനമാണ്, ഇന്ന് മുതൽ എയ്‌സ്വാൾ ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ സ്ഥാനം പിടിക്കും: പ്രധാനമന്ത്രി
വടക്കുകിഴക്കൻ പ്രദേശം ഇന്ത്യയുടെ വളർച്ചാ എഞ്ചിനായി മാറിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
നമ്മുടെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഉയർന്നുവരുന്ന വടക്കുകിഴക്കൻ സാമ്പത്തിക ഇടനാഴിയിലും മിസോറാമിന് സുപ്രധാന പങ്കുണ്ട്: പ്രധാനമന്ത്രി
NextGenGST എന്നാൽ നിരവധി ഉൽപ്പന്നങ്ങൾക്ക് നികുതി കുറയ്ക്കുക, കുടുംബങ്ങളുടെ ജീവിതം എളുപ്പമാക്കുക എന്നതാണ്: പ്രധാനമന്ത്രി
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ: പ്രധാനമന്ത്രി
Posted On:
13 SEP 2025 11:23AM by PIB Thiruvananthpuram
മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യപ്രസ്ഥാനമായാലും രാഷ്ട്രനിർമ്മാണമായാലും മിസോറാമിലെ ജനങ്ങൾ എല്ലായ്പ്പോഴും സംഭാവനകൾ നൽകാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ലാൽനു റോപ്പുയിലിയാനിയെയും പസൽത്ത ഖുവാങ്ചെറയെയും പോലുള്ളവരുടെ ആദർശങ്ങൾ രാഷ്ട്രത്തിന് ഇന്നും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ത്യാഗവും സേവനവും, ധീരതയും ദയയും മിസോ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. "ഇന്ന്, ഇന്ത്യയുടെ വികസന യാത്രയിൽ മിസോറാം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്, പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്ക്, ഇത് ചരിത്രപരമായ ഒരു ദിനമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, “ഇന്ന് മുതൽ ഐസ്വാളിനെ ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ കാണാനാകും” എന്ന് പറഞ്ഞു. ഏതാനും വർഷം മുമ്പ് ഐസോൾ റെയിൽവേ ലൈനിന് തറക്കല്ലിടാൻ തനിക്ക് അവസരം ലഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് റെയിൽവേ ലൈൻ രാജ്യത്തെ ജനങ്ങൾക്കായി സമർപ്പിക്കുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ദുർഘടമായ ഭൂപ്രദേശം ഉൾപ്പെടെ നിരവധി വെല്ലുവിളികൾക്കിടയിലും ബൈറാബി-സൈറാങ് റെയിൽ ലൈൻ യാഥാർത്ഥ്യമായാതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. എൻജിനീയർമാരുടെ വൈദഗ്ധ്യത്തെയും തൊഴിലാളികളുടെ ആവേശത്തെയും അഭിനന്ദിച്ചുകൊണ്ട്, അവരുടെ ശ്രമങ്ങളാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെയും രാജ്യത്തിന്റെയും ഹൃദയങ്ങൾ എല്ലായ്പ്പോഴും നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, മിസോറാമിലെ സൈറാങ് ആദ്യമായി രാജധാനി എക്സ്പ്രസ് വഴി ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇത് വെറുമൊരു റെയിൽവേ ബന്ധമല്ല, മറിച്ച് പരിവർത്തനത്തിന്റെ ജീവരേഖയാണെന്നും അത് മിസോറാമിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മിസോറാമിലെ കർഷകർക്കും ബിസിനസുകാർക്കും ഇനി രാജ്യത്തുടനീളം കൂടുതൽ വിപണികളിലേക്ക് എത്താൻ സാധിക്കുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വികസനം വിനോദസഞ്ചാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വളരെക്കാലമായി രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം പിന്തുടർന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ വോട്ടുകളും സീറ്റുകളുമുള്ള സ്ഥലങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. തൽഫലമായി, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ പ്രദേശം ഈ മനോഭാവം കാരണം വളരെയധികം ദുരിതമനുഭവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സമീപനം വളരെ വ്യത്യസ്തമാണെന്നും മുമ്പ് അവഗണിക്കപ്പെട്ടവർ ഇപ്പോൾ മുൻനിരയിലാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഒരു കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടവർ ഇപ്പോൾ മുഖ്യധാരയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വർഷമായി, ഗവണ്മെന്റ് വടക്കുകിഴക്കൻ പ്രദേശത്തിന്റെ വികസനത്തിനായി നിരന്തരം പ്രവർത്തിച്ചുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രദേശം ഇന്ത്യയുടെ വളർച്ചാ എഞ്ചിനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതും ആദ്യമായി ഇന്ത്യയുടെ റെയിൽ ഭൂപടത്തിൽ ഇടം നേടിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രാമീണ റോഡുകളും ഹൈവേകളും, മൊബൈൽ, ഇന്റർനെറ്റ് കണക്ഷനുകൾ, വൈദ്യുതി, പൈപ്പ് വെള്ളം, എൽപിജി കണക്ഷനുകൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യാ ഗവൺമെന്റ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനയാത്രയ്ക്കുള്ള ഉഡാൻ പദ്ധതിയിൽ നിന്നും മിസോറാമിന് പ്രയോജനം ലഭിക്കുമെന്നും ഈ മേഖലയിൽ ഹെലികോപ്റ്റർ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് മിസോറാമിലെ വിദൂര പ്രദേശങ്ങളിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
'ആക്ട് ഈസ്റ്റ് നയത്തിലും ഉയർന്നുവരുന്ന വടക്കുകിഴക്കൻ സാമ്പത്തിക ഇടനാഴിയിലും മിസോറാമിന് സുപ്രധാന പങ്കുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു. കലദാൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പദ്ധതിയും സൈറാങ്- സൈരംഗ്-ഹ്മൗങ്ബുച്ചുവാ റെയിൽവേ ലൈനും വഴി മിസോറാം തെക്കുകിഴക്കൻ ഏഷ്യയിലൂടെ ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കണക്റ്റിവിറ്റി വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
മിസോറാം കഴിവുറ്റ യുവാക്കളാൽ അനുഗ്രഹീതമാണെന്ന് അടിവരയിട്ട ശ്രീ മോദി,, അവരെ ശാക്തീകരിക്കുകയാണ് ഗവണ്മെന്റിന്റെ ദൗത്യമെന്ന് വ്യക്തമാക്കി. മിസോറാമിൽ ഇതിനകം 11 ഏകലവ്യ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചതായും 6 സ്കൂളുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്രധാന കേന്ദ്രമായി വടക്കുകിഴക്കൻ മേഖല ഉയർന്നുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഈ മേഖലയിൽ 4,500 സ്റ്റാർട്ടപ്പുകളും 25 ഇൻകുബേറ്ററുകളും പ്രവർത്തിക്കുന്നുണ്ടെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മിസോറാമിലെ യുവജനങ്ങൾ ഈ മുന്നേറ്റത്തിൽ സജീവമായി പങ്കെടുക്കുകയും അവർക്കും മറ്റുള്ളവർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള കായിക രംഗത്തെ ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ അതിവേഗം ഉയർന്നുവരികയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ വളർച്ച രാജ്യത്ത് കായിക സമ്പദ്‌വ്യവസ്ഥയ്ക്കും വഴിയൊരുക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഫുട്ബോളിലും മറ്റ് കായിക ഇനങ്ങളിലും നിരവധി വിജയികളെ സൃഷ്ടിച്ച മിസോറാമിന്റെ കായിക രംഗത്തെ സമ്പന്നമായ പാരമ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഗവണ്മെന്റിന്റെ കായിക നയങ്ങൾ മിസോറാമിനും പ്രയോജനപ്പെടുന്നുണ്ട്. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴിൽ ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ പിന്തുണ നൽകുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഗവണ്മെന്റ് അടുത്തിടെ 'ഖേലോ ഇന്ത്യ ഖേൽ നീതി' എന്ന പേരിൽ ദേശീയ കായിക നയം അവതരിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സംരംഭം മിസോറാമിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിനകത്തും വിദേശത്തും വടക്കുകിഴക്കൻ പ്രദേശത്തിന്റെ മനോഹരമായ സംസ്കാരത്തിന്റെ അംബാസഡറായി പ്രവർത്തിക്കാൻ കഴിയുന്നതിൽ പ്രധാനമന്ത്രി വലിയ സന്തോഷം പ്രകടിപ്പിച്ചു. വടക്കുകിഴക്കൻ മേഖലയുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന വേദികളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന അഷ്ട ലക്ഷ്മി ഫെസ്റ്റിവലിൽ പങ്കെടുത്തത് അനുസ്മരിച്ച ശ്രീ മോദി, ഈ ഉത്സവം വടക്കുകിഴക്കൻ മേഖലയിലെ തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ജിഐ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പ്രദർശിപ്പിച്ചതായി പറഞ്ഞു. റൈസിംഗ് നോർത്ത് ഈസ്റ്റ് ഉച്ചകോടിയിൽ, മേഖലയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ നിക്ഷേപകരെ താൻ പ്രോത്സാഹിപ്പിച്ചെന്നും, ഉച്ചകോടി വലിയ നിക്ഷേപങ്ങൾക്കും പദ്ധതികൾക്കും വഴിയൊരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വോക്കൽ ഫോർ ലോക്കൽ സംരംഭം വടക്കുകിഴക്കൻ മേഖലയിലെ കരകൗശല വിദഗ്ധർക്കും കർഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും മിസോറാമിലെ മുള ഉൽപ്പന്നങ്ങൾ, ജൈവ ഇഞ്ചി, മഞ്ഞൾ, വാഴപ്പഴം എന്നിവ പ്രസിദ്ധമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
ജീവിത സൗകര്യവും ബിസിനസ് എളുപ്പവും വർദ്ധിപ്പിക്കുന്നതിന് ഗവണ്മെന്റ് നിരന്തരം നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, "അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്, അതായത് നിരവധി ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നികുതിയും കുടുംബങ്ങൾക്ക് ജീവിതവും എളുപ്പമാക്കുന്നു" എന്ന് പറഞ്ഞു. 2014-ന് മുമ്പ്, ടൂത്ത്പേസ്റ്റ്, സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് പോലും 27% നികുതി ചുമത്തിയിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. ഇന്ന് ഈ ഉൽപ്പന്നങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ബാധകമാകുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഭരണകാലത്ത് മരുന്നുകൾ, ടെസ്റ്റ് കിറ്റുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയ്ക്ക് വൻതോതിൽ നികുതി ചുമത്തിയിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ന്, ഈ സേവനങ്ങളും ഉൽപ്പന്നങ്ങളും താങ്ങാനാവുന്ന വിലയിൽ ലഭ്യമായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ജിഎസ്ടി നിരക്കുകൾ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 22-ന് ശേഷം സിമന്റിനും നിർമ്മാണ വസ്തുക്കൾക്കും വില കുറയുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂട്ടറുകളും കാറുകളും നിർമ്മിക്കുന്ന പല കമ്പനികളും ഇതിനകം വില കുറച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഉത്സവ സീസൺ രാജ്യത്തുടനീളം കൂടുതൽ ഊർജ്ജസ്വലമായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരിഷ്കാരങ്ങളുടെ ഭാഗമായി മിക്ക ഹോട്ടലുകളുടെയും ജിഎസ്ടി 5% ആയി കുറച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഹോട്ടലുകളിലെ താമസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും ഇനി കൂടുതൽ താങ്ങാനാവുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടുതൽ ആളുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വടക്കുകിഴക്ക് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഈ മാറ്റം പ്രത്യേകിച്ചും പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“2025-26-ന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.8% വളർച്ച രേഖപ്പെടുത്തി. ഇത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ എന്നതിനെയാണ് സൂചിപ്പിക്കുന്നത്”, ശ്രീ മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യയിലും കയറ്റുമതിയിലും രാജ്യം ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്നവരെ ഇന്ത്യൻ സൈനികർ എങ്ങനെ പാഠം പഠിപ്പിച്ചുവെന്ന് രാജ്യം കണ്ടതായി ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. സായുധ സേനയിൽ രാജ്യം മുഴുവൻ അഭിമാനം കൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഓപ്പറേഷനിൽ രാജ്യത്തെ സംരക്ഷിക്കുന്നതിൽ മെയ്ഡ്-ഇൻ-ഇന്ത്യ ആയുധങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെയും നിർമ്മാണ മേഖലയുടെയും വളർച്ച ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പൗരന്റെയും, ഓരോ കുടുംബത്തിന്റെയും, ഓരോ പ്രദേശത്തിന്റെയും ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. വികസിത ഇന്ത്യ അതിന്റെ ജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയാണ് നിർമ്മിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു, ഈ യാത്രയിൽ മിസോറാമിലെ ജനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിലേക്ക് ഐസ്വാളിനെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. മോശം കാലാവസ്ഥ കാരണം ഐസോൾ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഉടൻ തന്നെ കാണാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
മിസോറാം ഗവർണർ ജനറൽ വി കെ സിംഗ്, മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും എല്ലാ ഭാഗങ്ങളിലും കണക്റ്റിവിറ്റിയും ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി 8,070 കോടിയിലധികം രൂപയുടെ ബൈറാബി-സൈറാങ് പുതിയ റെയിൽ പാത ഉദ്ഘാടനം ചെയ്തു. ഇത് മിസോറാം തലസ്ഥാനത്തെ ആദ്യമായി ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. ദുർഘടമായ മലമ്പ്രദേശത്ത് നിർമ്മിച്ച ഈ റെയിൽവേ പദ്ധതിക്ക്, സങ്കീർണ്ണമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിൽ നിർമ്മിച്ച 45 തുരങ്കങ്ങളുണ്ട്. കൂടാതെ, 55 വലിയ പാലങ്ങളും 88 ചെറിയ പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. മിസോറാമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിൽ നേരിട്ടുള്ള റെയിൽ ബന്ധം പ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കും. ഇത് ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ കൃത്യസമയത്തുള്ള വിതരണം ഉറപ്പാക്കുകയും അതുവഴി മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് കാര്യക്ഷമതയും പ്രാദേശിക പ്രവേശനക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും.
സൈറാങ് (ഐസോൾ)-ഡൽഹി (ആനന്ദ് വിഹാർ ടെർമിനൽ) രാജധാനി എക്സ്പ്രസ്, സൈറാങ്-ഗുവാഹത്തി എക്സ്പ്രസ്, സൈറാങ്-കൊൽക്കത്ത എക്സ്പ്രസ് എന്നിങ്ങനെ മൂന്ന് പുതിയ എക്സ്പ്രസ് ട്രെയിനുകൾ ഈ അവസരത്തിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഐസോൾ ഇനിമുതൽ രാജധാനി എക്സ്പ്രസ് വഴി ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും. സൈറാങ്-ഗുവാഹത്തി എക്സ്പ്രസ് മിസോറാമിനും അസമിനും ഇടയിലുള്ള യാത്ര എളുപ്പമാക്കും. സൈറാങ്-കൊൽക്കത്ത എക്സ്പ്രസ് മിസോറാമിനെ കൊൽക്കത്തയുമായി നേരിട്ട് ബന്ധിപ്പിക്കും. ഈ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആശുപത്രികൾ, സർവ്വകലാശാലകൾ, വിപണികൾ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും അതുവഴി മേഖലയിലുടനീളമുള്ള വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, മേഖലയിലെ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നൽകുകയും ചെയ്യും.
റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട് പ്രധാനമന്ത്രി നിരവധി റോഡ് പദ്ധതികൾക്ക് തറക്കല്ലിട്ടു. എയ്‌സ്വാൾ ബൈപാസ് റോഡ്, തേൻസവ്ൽ-സയാൽസൂക്ക് റോഡ്, ഖാൻകാവ്ൺ-റോംഗുറ റോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വടക്കുകിഴക്കൻ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം (PM-DevINE) പദ്ധതിക്ക് കീഴിൽ 500 കോടിയിലധികം രൂപ ചെലവഴിച്ചുള്ള 45 കിലോമീറ്റർ ഐസോൾ ബൈപാസ് റോഡ്, എയ്‌സ്വാൾ നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഇത് ലുങ്‌ലേ, സിയാഹ, ലോങ്‌ത്‌ലായ്, ലെങ്പുയി എയർപോർട്ട്, സൈറാങ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. ഇത് തെക്കൻ ജില്ലകളിൽ നിന്ന് എയ്‌സ്വാളിലേക്കുള്ള യാത്രാ സമയം ഏകദേശം 1.5 മണിക്കൂർ കുറയ്ക്കും, മേഖലയിലെ ജനങ്ങൾക്ക് വഇത് ലിയ പ്രയോജനം ചെയ്യും. വടക്കുകിഴക്കൻ പ്രത്യേക അടിസ്ഥാന സൗകര്യ വികസന പദ്ധതി (NESIDS) പ്രകാരമുള്ള തേൻസവ്ൽ-സയാൽസൂക്ക് റോഡ്, നിരവധി ഹോർട്ടികൾച്ചർ കർഷകർക്കും, ഡ്രാഗൺ ഫ്രൂട്ട് കർഷകർക്കും, നെൽ കർഷകർക്കും, ഇഞ്ചി സംസ്കരണ തൊഴിലാളികൾക്കും പ്രയോജനകരമാകും. ഇത് എയ്‌സ്വാൾ-തേൻസവ്ൽ-ലുങ്‌ലേ ഹൈവേയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. സെർഛിപ്പ് ജില്ലയിലെ NESIDS പ്രകാരമുള്ള ഖാൻകാവ്ൺ-റോംഗുറ റോഡ്, വിപണികളിലേക്ക് മികച്ച പ്രവേശനം സാധ്യമാക്കുകയും വിവിധ ഹോർട്ടികൾച്ചർ കർഷകർക്കും മറ്റ് ജനങ്ങൾക്കും പ്രയോജനകരമാവുകയും ചെയ്യുകായും അതേസമയം ആസൂത്രിത ഇഞ്ചി സംസ്‌കരണ പ്ലാന്റിനെ പിന്തുണയ്ക്കുകയും ചെയ്യും.
ലോങ്‌ത്‌ലായ്-സിയാഹ റോഡിലെ ഛിംതുയിപുയി നദിയിലെ പാലത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുകയും യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കുകയും ചെയ്യും. കലദാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് ചട്ടക്കൂടിന് കീഴിൽ അതിർത്തി കടന്നുള്ള വാണിജ്യത്തെയും ഈ പാലം പിന്തുണയ്ക്കും.
കായിക വികസനത്തിനായി ഖേലോ ഇന്ത്യ മൾട്ടിപർപ്പസ് ഇൻഡോർ ഹാളിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തുയികുവാളിലെ ഈ ഹാൾ, മിസോറാമിലെ യുവജനങ്ങളെ ദേശീയ അന്തർദേശീയ മത്സരങ്ങൾക്കായി സജ്ജരാക്കുന്നതിനാവശ്യമായ അത്യാധുനിക കായിക സൗകര്യങ്ങൾ നൽകും.
മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, എയ്‌സ്വാളിലെ മുവാൽഖാങ്ങിൽ 30 ടിഎംടിപിഎ (ആയിരം മെട്രിക് ടൺ പ്രതിവർഷം) എൽപിജി ബോട്ട്ലിംഗ് പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് മിസോറാമിലും അയൽ സംസ്ഥാനങ്ങളിലും എൽപിജിയുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുകയും ശുദ്ധമായ പാചക ഇന്ധനത്തിന് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുകയും ചെയ്യും. ഇതുവഴി പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (PMJVK) പദ്ധതിക്ക് കീഴിൽ കവ്ർഥായിലെ റെസിഡൻഷ്യൽ സ്കൂളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാമിത് ആസ്പിരേഷണൽ ജില്ലയിലുള്ള ഈ സ്കൂൾ, ആധുനിക ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, കൃത്രിമ ഫുട്ബോൾ ടർഫ് ഉൾപ്പെടെയുള്ള കായിക സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കും. ഇത് 10,000-ത്തിലധികം കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനകരമാവുകയും ദീർഘകാല സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിടുകയും ചെയ്യും.
എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മുൻനിർത്തി, പ്രധാനമന്ത്രി ത്ലാങ്നുവാമിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളും ഉദ്ഘാടനം ചെയ്തു. ഈ സ്കൂൾ, കൊഴിഞ്ഞുപോക്ക് നിരക്ക് കുറയ്ക്കുകയും, സ്കൂൾ പ്രവേശനം മെച്ചപ്പെടുത്തുകയും ഗോത്രവർഗ്ഗ യുവജനങ്ങൾക്ക് സമഗ്രമായ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
A landmark day for Mizoram as it joins India's railway map! Key infrastructure projects are also being initiated. Speaking at a programme in Aizawl. https://t.co/MxM6c2WZHZ
— Narendra Modi (@narendramodi) September 13, 2025
A historic day for the nation, particularly for the people of Mizoram.
From today, Aizawl will be on India’s railway map. pic.twitter.com/OKYnwiVbY4
— PMO India (@PMOIndia) September 13, 2025
North East is becoming the growth engine of India. pic.twitter.com/By78Tad4ys
— PMO India (@PMOIndia) September 13, 2025
Mizoram has a major role in both our Act East Policy and the emerging North East Economic Corridor. pic.twitter.com/rWymwuhist
— PMO India (@PMOIndia) September 13, 2025
#NextGenGST means lower taxes on many products, making life easier for families. pic.twitter.com/Nmtw5o7ypq
— PMO India (@PMOIndia) September 13, 2025
India is the fastest growing major economy in the world. pic.twitter.com/Z93IN1qHXo
— PMO India (@PMOIndia) September 13, 2025
****
SK
(Release ID: 2166320)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada