പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു


കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽ രൂപാന്തരണം, സംരക്ഷണം, പൊതുജനങ്ങൾക്കായി ലഭ്യമാക്കൽ എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജ്ഞാനഭാരതം പോർട്ടലിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും ശബ്ദമായി ജ്ഞാനഭാരതം ദൗത്യം മാറും: പ്രധാനമന്ത്രി

ഇന്ന്, ഒരു കോടിയോളം കൈയെഴുത്തുപ്രതികളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഇന്ത്യയിലുണ്ട്: പ്രധാനമന്ത്രി

ചരിത്രത്തിലുടനീളം, കോടിക്കണക്കിനു കൈയെഴുത്തുപ്രതികൾ നശിപ്പിക്കപ്പെട്ടു; പക്ഷേ, അവശേഷിക്കുന്നവ നമ്മുടെ പൂർവികർ അറിവ്, ശാസ്ത്രം, പഠനം എന്നിവയിൽ എത്രമാത്രം അർപ്പണബോധമുള്ളവരായിരുന്നുവെന്നു വ്യക്തമാക്കുന്നു: പ്രധാനമന്ത്രി

സംരക്ഷണം, നവീകരണം, കൂട്ടിച്ചേർക്കൽ, ​അനുയോജ്യമായ മാറ്റംവരുത്തൽ എന്നീ നാലു സ്തംഭങ്ങളി‌ൽ കെട്ടിപ്പടുത്തതാണ് ഇന്ത്യയുടെ വിജ്ഞാനപാരമ്പര്യം: പ്രധാനമന്ത്രി

രാജവംശങ്ങളുടെ ഉയർച്ചയും തകർച്ചയും മാത്രമല്ല ഇന്ത്യയുടെ ചരിത്രം: പ്രധാനമന്ത്രി

​സ്വന്തം ആശയങ്ങൾ, ആദർശങ്ങൾ, മൂല്യങ്ങൾ എന്നിവയാൽ രൂപപ്പെടുത്തിയ ജീവപ്രവാഹമാണ് ഇന്ത്യ: പ്രധാനമന്ത്രി

ഇന്ത്യയുടെ കൈയെഴുത്തു

Posted On: 12 SEP 2025 8:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയി​ൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.

കൈയെഴുത്തുപ്രതി കാണുന്നതു കാലത്തിലേക്കുള്ള യാത്രയ്ക്കു സമാനമാണെന്നു പറഞ്ഞ ശ്രീ മോദി, ഇന്നത്തെ അവസ്ഥയും ഭൂതകാലസാഹചര്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ചും വ്യക്തമാക്കി. ഇന്ന്, കീബോർഡുകളുടെ സഹായത്തോടെ, ഡിലീറ്റ്, തിരുത്തൽ മാർഗങ്ങളുടെ സൗകര്യത്തോടെ നമുക്കു വലിയ തോതിൽ എഴുതാൻ കഴിയും. പ്രിന്ററുകൾവഴി ഒരു പുറത്തിന്റെ ആയിരക്കണക്കിനു പകർപ്പുകൾ നിർമിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ലോകം സങ്കൽപ്പിച്ചുനോക്കാൻ പ്രേക്ഷകരോടു പറഞ്ഞ പ്രധാനമന്ത്രി, അക്കാലത്ത് ആധുനിക ഭൗതികവിഭവങ്ങൾ ലഭ്യമല്ലായിരുന്നുവെന്നും നമ്മുടെ പൂർവികർ ബൗദ്ധികവിഭവങ്ങളെ മാത്രം ആശ്രയിക്കേണ്ടതുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. ഓരോ അക്ഷരവും എഴുതുമ്പോൾ സൂക്ഷ്മമായ ശ്രദ്ധ അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ ഗ്രന്ഥവും സൃഷ്ടിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപാരമായ പരിശ്രമം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആ കാലത്തുപോലും ഇന്ത്യയിലെ ജനങ്ങൾ ആഗോള വിജ്ഞാന കേന്ദ്രങ്ങളായി മാറിയ മഹത്തായ ഗ്രന്ഥശാലകൾ നിർമിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതിശേഖരം ഇപ്പോഴും ഇന്ത്യയിലുണ്ടെന്നു പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യയുടെ കൈവശം ഏകദേശം ഒരുകോടി കൈയെഴുത്തുപ്രതികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

​ദശലക്ഷക്കണക്കിനു കൈയെഴുത്തുപ്രതികൾ ചരിത്രത്തിന്റെ ക്രൂരമായ വേലിയേറ്റങ്ങളിൽ നശിപ്പിക്കപ്പെട്ടുവെന്നും നഷ്ടപ്പെട്ടുവെന്നും പറഞ്ഞ ശ്രീ മോദി, ശേഷിക്കുന്ന കൈയെഴുത്തുപ്രതികൾ അറിവ്, ശാസ്ത്രം, വായന, പഠനം എന്നിവയോടുള്ള നമ്മുടെ പൂർവികരുടെ അഗാധമായ അർപ്പണബോധത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നുവെന്നു വ്യക്തമാക്കി. ഭോജ്പത്രയിലും താളിയോലകളിലും എഴുതിയ തിരുവെഴുത്തുകളുടെ ദുർബലാവസ്ഥയും ചെമ്പുതകിടുകളിൽ ആലേഖനം ചെയ്ത വാക്കുകളിൽ ലോഹക്ഷയത്തിന്റെ ഭീഷണിയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വെല്ലുവിളികൾക്കിടയിലും, നമ്മുടെ പൂർവികർ വാക്കുകളെ ദിവ്യമായി കണക്കാക്കുകയും ‘അക്ഷരബ്രഹ്മഭാവ’ത്തിന്റെ ചൈതന്യത്തോടെ അവയെ സേവിക്കുകയും ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു. തലമുറതലമുറയായി കുടുംബങ്ങൾ ഈ വേദഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും ശ്രദ്ധയോടെ സംരക്ഷിച്ചു. അറിവിനോടുള്ള അപാരമായ ആദരം ഉയർത്തിപ്പിടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വബോധത്തിന് ഊന്നൽ നൽകി, ഭാവിതലമുറകളോടുള്ള കരുതൽ ശ്രീ മോദി ചൂണ്ടിക്കാട്ടി. രാഷ്ട്രത്തോടുള്ള അർപ്പണബോധത്തെ ഉയർത്തിക്കാട്ടിയ അദ്ദേഹം, അത്തരം പ്രതിജ്ഞാബദ്ധതയുടെ കൂടുതൽ ഉദാഹരണം മറ്റെവിടെയെങ്കിലും കണ്ടെത്തുക പ്രയാസമാണെന്നും വ്യക്തമാക്കി.

“സംരക്ഷണം, നവീകരണം, കൂട്ടിച്ചേർക്കൽ, അനുയോജ്യമായ മാറ്റംവരുത്തൽ എന്നീ നാല് അടിസ്ഥാനസ്തംഭങ്ങളിൽ കെട്ടിപ്പടുത്തതിനാൽ, ഇന്ത്യയുടെ വിജ്ഞാനപാരമ്പര്യം ഇന്നും സമ്പന്നമായി തുടരുന്നു” -പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗ്രന്ഥങ്ങളായ വേദങ്ങളെ ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറയായി കണക്കാക്കുന്നുവെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. വേദങ്ങൾ പരമോന്നതമാണെന്നു സ്ഥിരീകരിച്ച്, മുമ്പു വേദങ്ങൾ വാമൊഴി പാരമ്പര്യത്തിലൂടെ, അഥവാ ‘ശ്രുതി’യിലൂടെ, അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ആയിരക്കണക്കിനു വർഷങ്ങളായി വേദങ്ങൾ പൂർണമായ ആധികാരികതയോടെയും തെറ്റുകളില്ലാതെയും സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, രണ്ടാമത്തെ സ്തംഭമായ നവീകരണത്തെക്കുറിച്ചു​ പ്രധാനമന്ത്രി സംസാരിച്ചു, ആയുർവേദം, വാസ്തുശാസ്ത്രം, ജ്യോതിഷം, ലോഹശാസ്ത്രം എന്നിവയിൽ ഇന്ത്യ തുടർച്ചയായി നവീകരണം നടത്തിയെന്ന് അദ്ദേഹം എടുത്തുകാട്ടി. ഓരോ തലമുറയും മുമ്പത്തേതിനേക്കാൾ മുന്നേറുകയും പുരാതന അറിവിനെ കൂടുതൽ ശാസ്ത്രീയമാക്കുകയും ചെയ്തു. സൂര്യസിദ്ധാന്തം, വരാഹമിഹിര സംഹിത തുടങ്ങിയ ഗ്രന്ഥങ്ങൾ തുടർച്ചയായ പണ്ഡിതസംഭാവനകളുടെയും പുതിയ അറിവുകളുടെ കൂട്ടിച്ചേർക്കലിന്റെയും ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ സ്തംഭമായ കൂട്ടിച്ചേർക്കലിനെക്കുറിച്ചു ചർച്ച ചെയ്യവേ, ഓരോ തലമുറയും പഴയ അറിവു സംരക്ഷിക്കുക മാത്രമല്ല, പുതിയ ഉൾക്കാഴ്ചകൾ സംഭാവന ചെയ്തുവെന്നും ശ്രീ മോദി വിശദീകരിച്ചു. യഥാർഥ വാൽമീകി രാമായണത്തിനുശേഷം മറ്റു നിരവധി രാമായണങ്ങൾ രചിക്കപ്പെട്ടുവെന്ന ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. ഈ പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞ രാമചരിതമാനസങ്ങൾ പോലുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം പരാമർശിച്ചു. അതേസമയം വേദങ്ങളെയും ഉപനിഷത്തുകളെയും കുറിച്ചുള്ള വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്. ദ്വൈതം, അദ്വൈതം തുടങ്ങിയ വ്യാഖ്യാനങ്ങൾ ഇന്ത്യയിലെ ആചാര്യർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ വിജ്ഞാനപാരമ്പര്യത്തിന്റെ നാലാംസ്തംഭമായ അനുയോജ്യമായ മാറ്റം വരുത്തലിനെക്കുറിച്ചു ചർച്ചചെയ്ത പ്രധാനമന്ത്രി, കാലക്രമേണ ഇന്ത്യ സ്വയം ആത്മപരിശോധനയിൽ ഏർപ്പെടുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തുവെന്നു വിശദീകരിച്ചു. ചർച്ചകൾക്കുള്ള പ്രാധാന്യത്തിനും ശാസ്ത്രാർഥ പാരമ്പര്യത്തിന്റെ തുടർച്ചയ്ക്കും അദ്ദേഹം ഊന്നൽ നൽകി. കാലഹരണപ്പെട്ട ആശയങ്ങൾ സമൂഹം ഉപേക്ഷിക്കുകയും പുതിയവ സ്വീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യകാലഘട്ടത്തിൽ, വിവിധ സാമൂഹ്യതിന്മകൾ ഉയർന്നുവന്നപ്പോൾ, സാമൂഹ്യാവബോധം ഉണർത്തുന്ന പ്രമുഖ വ്യക്തികൾ ഉയർന്നുവന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ വ്യക്തികൾ ഇന്ത്യയുടെ ബൗദ്ധികപൈതൃകം സംരക്ഷിക്കുകയും സുരക്ഷിതമായി നിലനിർത്തുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

​“ആധുനിക ദേശീയ സങ്കൽപ്പങ്ങളിൽനിന്നു വ്യത്യസ്തമായി, ഇന്ത്യക്കു വ്യത്യസ്തമായ സാംസ്കാരിക സ്വത്വവും തനതു ബോധവും തനതു ചൈതന്യവുമുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രം രാജവംശ വിജയങ്ങളുടെയും പരാജയങ്ങളുടെയും രേഖ മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാട്ടുരാജ്യങ്ങളുടെയും രാജ്യങ്ങളുടെയും ഭൂമിശാസ്ത്രം കാലക്രമേണ മാറിയിട്ടുണ്ടെങ്കിലും, ഹിമാലയംമുതൽ ഇന്ത്യൻ മഹാസമുദ്രംവരെ ഇന്ത്യ കോട്ടംതട്ടാതെയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ആശയങ്ങൾ, ആദർശങ്ങൾ, മൂല്യങ്ങൾ എന്നിവയാൽ രൂപപ്പെടുത്തിയ ജീവപ്രവാഹമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ ഈ നാഗരികയാത്രയുടെ തുടർച്ചയായ പ്രവാഹത്തെ പ്രതിഫലിപ്പിക്കുന്നു” – അദ്ദേഹം പറഞ്ഞു. ഈ കൈയെഴുത്തുപ്രതികൾ നാനാത്വത്തിൽ ഏകത്വത്തിന്റെ പ്രഖ്യാപനങ്ങളാണ്. രാജ്യത്തുടനീളം ഏകദേശം 80 ഭാഷകളിൽ കൈയെഴുത്തുപ്രതികൾ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിശാലമായ അറിവിന്റെ സമുദ്രം സംരക്ഷിക്കപ്പെടുന്ന നിരവധി ഭാഷകളിൽ സംസ്കൃതം, പ്രാകൃതം, അസമീസ്, ബംഗാളി, കന്നഡ, കശ്മീരി, കൊങ്ങിണി, മൈഥിലി, മലയാളം, മറാഠി എന്നിവ അദ്ദേഹം പട്ടികപ്പെടുത്തി. ഗിൽഗിത് കൈയെഴുത്തുപ്രതികൾ കശ്മീരിനെക്കുറിച്ചുള്ള ആധികാരികവും ചരിത്രപരവുമായ ഉൾക്കാഴ്ചകൾ നൽകുന്നുവെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കൗടില്യന്റെ അർഥശാസ്ത്രത്തിന്റെ കൈയെഴുത്തുപ്രതി ഇന്ത്യയുടെ രാഷ്ട്രമീമാംസയെയും സാമ്പത്തികശാസ്ത്രത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അവബോധം വെളിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി. ആചാര്യ ഭദ്രബാഹുവിന്റെ കൽപ്പസൂത്ര കൈയെഴുത്തുപ്രതി ജൈനമതത്തിന്റെ പുരാതന ജ്ഞാനത്തെ സംരക്ഷിക്കുന്നുവെന്നും സാരനാഥിൽനിന്നുള്ള കൈയെഴുത്തുപ്രതികളിൽ ഭഗവാൻ ബുദ്ധന്റെ ഉ​പദേശങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രസമഞ്ജരി, ഗീതഗോവിന്ദം തുടങ്ങിയ കൈയെഴുത്തുപ്രതികൾ ഭക്തിയുടെയും സൗന്ദര്യത്തിന്റെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന വർണങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“മനുഷ്യരാശിയുടെയാകെ വികസനയാത്രയുടെ പാദമുദ്രകൾ നിറഞ്ഞതാണ് ഇന്ത്യയുടെ കൈയെഴുത്തുപ്രതികൾ” - ഈ കൈയെഴുത്തുപ്രതികൾ തത്വചിന്തയെയും ശാസ്ത്രത്തെയും ഉൾക്കൊള്ളുന്നുവെന്നു ശ്രീ മോദി പറഞ്ഞു. അവയിൽ വൈദ്യശാസ്ത്രവും തത്വമീമാംസയും ഉൾപ്പെടുന്നുവെന്നും കല, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള അറിവു സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗണിതശാസ്ത്രംമുതൽ ബൈനറി അധിഷ്ഠിത കമ്പ്യൂട്ടർ സയൻസ്‌വരെ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറ പൂജ്യം എന്ന ആശയത്തിൽ അധിഷ്ഠിതമാണെന്ന് എടുത്തുകാട്ടി, അസംഖ്യം ഉദാഹരണങ്ങൾ ഉദ്ധരിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പൂജ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നു പറഞ്ഞ ശ്രീ മോദി, പൂജ്യത്തിന്റെയും ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെയും പുരാതന ഉപയോഗത്തിന്റെ തെളിവുകൾ ബഖ്ഷാലി കൈയെഴുത്തുപ്രതിയിലുണ്ടെന്നു വ്യക്തമാക്കി. യശോമിത്രയുടെ ബോവർ കൈയെഴുത്തുപ്രതി നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരകസംഹിത, സുശ്രുതസംഹിത തുടങ്ങിയ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ ഇന്നും ആയുർവേദത്തെക്കുറിച്ചുള്ള അറിവു സംരക്ഷിച്ചുപോരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ശുൽബ സൂത്രം പുരാതന ജ്യാമിതീയ അറിവു നൽകുമ്പോൾ, കൃഷി പരാശരം പരമ്പരാഗത കാർഷിക അറിവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാട്യശാസ്ത്രംപോലുള്ള ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ മനുഷ്യന്റെ വൈകാരിക വികാസത്തിന്റെ യാത്ര മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.​

ഏതൊരു രാജ്യവും തങ്ങളുടെ ചരിത്രപരമായ ആസ്തികളെ നാഗരികതയുടെ മഹത്വത്തിന്റെ പ്രതീകങ്ങളായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഒരു കൈയെഴുത്തുപ്രതിയോ പുരാവസ്തുവോപോലും രാജ്യങ്ങൾ ദേശീയ നിധിയായി സംരക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കൈവശം വളരെയധികം കൈയെഴുത്തുപ്രതികളുണ്ടെന്നും അവ ദേശീയ അഭിമാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ പുരാതന സമുദ്ര വ്യാപാര പാതകൾ വിശദമാക്കുന്ന ചരിത്ര രേഖകളുടെ വിപുലമായ ശേഖരം കൈവമുള്ള ഒരു മാന്യ വ്യക്തിയെ തന്റെ  കുവൈറ്റ് സന്ദർശന വേളയിൽ കണ്ടുമുട്ടിയ വ്യക്തിപരമായ അനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ എങ്ങനെയാണ് കടൽ വഴിയുള്ള വ്യാപാരം നടത്തിയിരുന്നതെന്ന് കാണിക്കുന്ന രേഖകൾ കാണിച്ചുകൊണ്ട് അഭിമാനത്തോടെയാണ് അദ്ദേഹം തന്നെ സമീപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഗോള ഇടപെടലിന്റെ ആഴവും അതിർത്തികൾക്കപ്പുറം അത് നൽകുന്ന ബഹുമാനവും ഇത്തരം ശേഖരങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിതറിക്കിടക്കുന്ന ഈ നിധികളെ ദേശീയ മുന്നേറ്റത്തിൻറെ ഭാഗമായി സംയോജിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ രേഖകൾ എവിടെ കണ്ടെത്തിയാലും അവ രേഖപ്പെടുത്തുകയും ഡിജിറ്റൈസ് ചെയ്യുകയും ഇന്ത്യയുടെ നാഗരിക പൈതൃകത്തിൻറെ ഭാഗമായി ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ലോകത്തിൻറെ വിശ്വാസം നേടിയിരിക്കുന്നു. സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും ആദരിക്കാനുമുള്ള ശരിയായ സ്ഥലമായി ഇന്ന് രാജ്യങ്ങൾ ഇന്ത്യയെ കാണുന്നു,” ശ്രീ മോദി പറഞ്ഞു. മുൻപ്, മോഷ്ടിക്കപ്പെട്ടതിൽ ഏതാനും ഇന്ത്യൻ വിഗ്രഹങ്ങൾ മാത്രമാണ് തിരികെ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നൂറുകണക്കിന് പുരാതന വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. ഈ തിരിച്ചുവരവ് വികാരത്തിൻറെയോ സഹതാപത്തിൻറെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ആത്മവിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിഗ്രഹങ്ങളുടെ സാംസ്കാരിക മൂല്യം ഇന്ത്യ ബഹുമാനത്തോടെ സംരക്ഷിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യും എന്ന ആത്മവിശ്വാസമാണ് അതിനു പിന്നിൽ. ലോകത്തിൻറെ കണ്ണിൽ ഇന്ത്യ പൈതൃകത്തിൻറെ വിശ്വസ്ത സൂക്ഷിപ്പുകാരനായി മാറിയെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മംഗോളിയ സന്ദർശന വേളയിൽ തനിക്കുണ്ടായ ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. അവിടെ ബുദ്ധ സന്യാസിമാരുമായി സംവദിക്കുകയും അവരുടെ കൈയെഴുത്തുപ്രതികളുടെ സമ്പന്നമായ ശേഖരം നിരീക്ഷിക്കുകയും ചെയ്തു. ആ കൈയെഴുത്തുപ്രതികളിൽ ഗവേഷണം നടത്താൻ താൻ അനുവാദം ചോദിച്ചുവെന്നും തുടർന്ന് അത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഡിജിറ്റൈസ് ചെയ്ത് ബഹുമാനപൂർവ്വം തിരികെ നൽകിയെന്നും അദ്ദേഹം അനുസ്മരിച്ചു. ആ കൈയെഴുത്തുപ്രതികൾ ഇപ്പോൾ മംഗോളിയയുടെ അമൂല്യമായ പൈതൃകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഈ പൈതൃകം ഇപ്പോൾ അഭിമാനത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ജ്ഞാൻ ഭാരതം മിഷൻ ഈ മഹത്തായ ഉദ്യമത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ നിരവധി സ്ഥാപനങ്ങൾ പൊതു പങ്കാളിത്തത്തോടെ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കാശി നഗരി പ്രചാരിണി സഭ, കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി, ഉദയ്പൂരിലെ ‘ധരോഹർ’, ഗുജറാത്തിലെ കോബയിലുള്ള ആചാര്യ ശ്രീ കൈലാഷ്സൂരി ജ്ഞാൻമന്ദിർ, ഹരിദ്വാറിലെ പതഞ്ജലി, പൂനെയിലെ ഭണ്ഡാർക്കർ ഓറിയൻറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തഞ്ചാവൂരിലെ സരസ്വതി മഹൽ ലൈബ്രറി എന്നീ പേരുകൾ അദ്ദേഹം പരാമർശിച്ചു. ഇത്തരം നൂറുകണക്കിന് സ്ഥാപനങ്ങളുടെ പിന്തുണയോടെ പത്ത് ലക്ഷത്തിലധികം കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തതായി അദ്ദേഹം അറിയിച്ചു. തങ്ങളുടെ കുടുംബ പൈതൃകം രാജ്യത്തിന് ലഭ്യമാക്കാൻ നിരവധി പൗരന്മാർ മുന്നോട്ടുവന്നിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കുകയും ഈ സ്ഥാപനങ്ങൾക്കും അത്തരം ഓരോ പൗരനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യ തങ്ങളുടെ അറിവിനെ പണമൂല്യം കൊണ്ട് ഒരിക്കലും അളന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവാണ് ഏറ്റവും വലിയ ദാനമെന്ന പ്രാചീന  ഇന്ത്യൻ ഋഷിമാരുടെ  ജ്ഞാനത്തെ ഉദ്ധരിച്ചുകൊണ്ട്, പുരാതന കാലത്ത് ഇന്ത്യയിലെ ആളുകൾ ഉദാരമനസ്കതയോടെയാണ് കൈയെഴുത്തുപ്രതികൾ ദാനം ചെയ്തിരുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചൈനീസ് സഞ്ചാരിയായ ഹ്യൂയാൻ സാങ് ഇന്ത്യ സന്ദർശിച്ചപ്പോൾ അറുനൂറിലധികം കൈയെഴുത്തുപ്രതികൾ കൊണ്ടുപോയെന്ന് ശ്രീ മോദി പറഞ്ഞു. പല ഇന്ത്യൻ കൈയെഴുത്തുപ്രതികളും ചൈന വഴി ജപ്പാനിലെത്തിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴാം നൂറ്റാണ്ടിൽ ഈ കൈയെഴുത്തുപ്രതികൾ ജപ്പാനിലെ ഹോറിയു-ജി മൊണാസ്ട്രിയിൽ ദേശീയ മൂലധനമായി സംരക്ഷിക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജ്ഞാൻ ഭാരതം മിഷൻറെ കീഴിൽ മനുഷ്യരാശിയുടെ ഈ പൊതു പൈതൃകം ഏകീകരിക്കാൻ ഇന്ത്യ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി-20-യുടെ സാംസ്കാരിക സംവാദ വേളയിൽ ഇന്ത്യ ഈ ശ്രമത്തിന്‌ തുടക്കമിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യയുമായി സാംസ്കാരിക ബന്ധമുള്ള രാജ്യങ്ങൾ ഈ പ്രചാരണത്തിൽ സജീവമായി പങ്കാളികളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മംഗോളിയൻ കഞ്ചുറിൻറെ പുനഃപ്രസിദ്ധീകരിച്ച വാല്യങ്ങൾ മംഗോളിയൻ അംബാസഡർക്ക് സമ്മാനിച്ചതായി അദ്ദേഹം അറിയിച്ചു. 2022-ൽ ഈ 108 വാല്യങ്ങൾ മംഗോളിയയിലെയും റഷ്യയിലെയും മൊണാസ്ട്രികൾക്ക് വിതരണം ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തായ്‌ലൻഡിലെയും വിയറ്റ്നാമിലെയും സർവകലാശാലകളുമായി ഇന്ത്യ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുള്ളതായി ശ്രീ മോദി അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർക്ക് പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യാൻ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ശ്രമങ്ങളുടെ ഫലമായി പാലി, ലന്ന, ചാം ഭാഷകളിലുള്ള നിരവധി കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജ്ഞാൻ ഭാരതം മിഷനിലൂടെ ഇന്ത്യ ഈ ഉദ്യമങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും ശ്രീ മോദി വ്യക്തമാക്കി.

ജ്ഞാൻ ഭാരതം മിഷൻ ഒരു പ്രധാന വെല്ലുവിളിയെകൂടി അഭിസംബോധന ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളിലെ പല ഘടകങ്ങളും പലപ്പോഴും മറ്റുള്ളവർ പകർത്തിയെടുത്ത് പേറ്റൻറ് നേടുന്നു. ഈ തരത്തിലുള്ള മോഷണം തടയേണ്ടതിൻറെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ കൈയെഴുത്തുപ്രതികൾ ഇത്തരം ദുരുപയോഗങ്ങൾക്കെതിരെയുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടുമെന്നും ബൗദ്ധിക സ്വത്തിന്റെ മോഷണം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ആധികാരികവും യഥാർത്ഥവുമായ വിവരശേഖരം ലോകത്തിന് ലഭിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ജ്ഞാൻ ഭാരതം മിഷൻറെ മറ്റൊരു നിർണായക മാനവും ഗവേഷണത്തിനും നവീകരണത്തിനും പുതിയ വഴികൾ തുറക്കുന്നതിലെ അതിൻറെ പങ്കും ചൂണ്ടിക്കാട്ടിക്കൊണ്ട്, ആഗോള സാംസ്കാരിക-സൃഷ്ടിപരമായ വ്യവസായത്തിൻറെ മൂല്യം ഏകദേശം 2.5 ട്രില്യൺ ഡോളറാണെന്ന് ശ്രീ മോദി പറഞ്ഞു. ഡിജിറ്റൈസ് ചെയ്ത കൈയെഴുത്തുപ്രതികൾ ഈ വ്യവസായത്തിൻറെ മൂല്യശൃംഖലയെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കോടിക്കണക്കിന് വരുന്ന ഈ കൈയെഴുത്തുപ്രതികളും അവയിൽ ഉൾച്ചേർന്ന പുരാതന വിജ്ഞാനവും ഒരു വലിയ ഡാറ്റാ ബാങ്കായി വർത്തിക്കുമെന്നും ഇത് ഡാറ്റാധിഷ്ഠിത നവീകരണത്തിന് പുതിയ ഉത്തേജനം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക മേഖലയിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്ന് പറഞ്ഞ ശ്രീ മോദി, കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷൻ പുരോഗമിക്കുന്നതനുസരിച്ച് അക്കാദമിക് ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.

ഈ ഡിജിറ്റൈസ് ചെയ്ത കൈയെഴുത്തുപ്രതികൾ ഫലപ്രദമായി പഠിക്കുന്നതിന്, നിർമ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എ.ഐ യുടെ സഹായത്തോടെ പുരാതന കൈയെഴുത്തുപ്രതികളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും കൂടുതൽ സമഗ്രമായി വിശകലനം ചെയ്യാനും കഴിയുമെന്നും ഊന്നിപ്പറഞ്ഞു.

ജ്ഞാൻ ഭാരതം മിഷനിൽ സജീവമായി പങ്കാളികളാകാൻ രാജ്യത്തെ എല്ലാ യുവാക്കളോടും  അഭ്യർത്ഥിച്ച ശ്രീ മോദി, സാങ്കേതികവിദ്യയിലൂടെ ഭൂതകാലം കണ്ടെത്തേണ്ടതിൻറെ പ്രാധാന്യം എടുത്തുപറഞ്ഞു. തെളിവുകൾ അടിസ്ഥാനമാക്കിയ ഈ അറിവ് ശരിയായ മാനദണ്ഡങ്ങളോടെ മനുഷ്യരാശിക്ക് ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ ദിശയിൽ പുതിയ ഉദ്യമങ്ങൾ ഏറ്റെടുക്കാൻ രാജ്യത്തെ സർവകലാശാലകളോടും സ്ഥാപനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സ്വദേശി മനോഭാവത്തോടെയും ആത്മനിർഭർ ഭാരതിൻറെ നിശ്ചയദാർഢ്യത്തോടെയും രാജ്യം മുന്നോട്ട് പോകുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ മിഷൻ ആ ദേശീയ മനോഭാവത്തിൻറെ ഒരു തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അതിന്റെ പൈതൃകത്തെ ശക്തിയുടെ പ്രതീകമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാൻ ഭാരതം മിഷൻ ഭാവിക്കായി ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തൻറെ പ്രസംഗം ഉപസംഹരിച്ചു.

കേന്ദ്രമന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ റാവു ഇന്ദ്രജിത് സിംഗ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

'ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യം കൈയെഴുത്തുപ്രതി പൈതൃകത്തിലൂടെ വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ സെപ്തംബർ 11 മുതൽ 13 വരെയാണ് ജ്ഞാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇന്ത്യയുടെ സമാനതകളില്ലാത്ത കൈയെഴുത്തുപ്രതി സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനും ആഗോള വിജ്ഞാന സംവാദത്തിൻറെ കേന്ദ്രബിന്ദുവായി അതിനെ സ്ഥാപിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യാൻ പ്രമുഖ പണ്ഡിതന്മാർ, സംരക്ഷകർ, സാങ്കേതിക വിദഗ്ദ്ധർ, നയതന്ത്രജ്ഞർ എന്നിവരെ ഈ സമ്മേളനം ഒരുവേദയിൽ ഒന്നിപ്പിക്കുന്നു. അപൂർവ കൈയെഴുത്തുപ്രതികൾ പ്രദർശിപ്പിക്കുന്ന പ്രദർശനവും കൈയെഴുത്തുപ്രതി സംരക്ഷണം, ഡിജിറ്റൈസേഷൻ സാങ്കേതികവിദ്യകൾ, മെറ്റാഡാറ്റാ മാനദണ്ഡങ്ങൾ, നിയമ ചട്ടക്കൂടുകൾ, സാംസ്കാരിക നയതന്ത്രം, പുരാതന ലിപികളുടെ അപഗ്രഥനം തുടങ്ങിയ നിർണായക മേഖലകളെക്കുറിച്ചുള്ള പാണ്ഡിത്യപരമായ അവതരണങ്ങളും ഇതിന്റെ ഭാഗമാണ്.

 

 

***

SK

(Release ID: 2166178) Visitor Counter : 2