വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിമാസ, ത്രൈമാസ അടിസ്ഥാനത്തിൽ പ്രകടന നിരീക്ഷണ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്ക് (DPO) നിർദ്ദേശം.

Posted On: 10 SEP 2025 11:13AM by PIB Thiruvananthpuram
1997 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിന്റെ വകുപ്പ് 12 പ്രകാരം, ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർ (DPO), അഥവാ DTH ഓപ്പറേറ്റർമാർ, മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ (MSO), ഹെഡ്‌എൻഡ്-ഇൻ-ദി-സ്കൈ (HITS) ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) ഓപ്പറേറ്റർമാർ എന്നിവർ പ്രക്ഷേപണ സേവനങ്ങൾക്കായി പ്രതിമാസ, ത്രൈമാസ അടിസ്ഥാനത്തിൽ പ്രകടന നിരീക്ഷണ റിപ്പോർട്ടുകൾ (PMR) സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)  ഉത്തരവ് പുറപ്പെടുവിച്ചു.

2008 ജൂലൈ 24-ലെ ഉത്തരവ് പ്രകാരം നേരത്തെ തന്നെ, ഡയറക്ട്-ടു-ഹോം (DTH) ഓപ്പറേറ്റർമാർക്കുള്ള ത്രൈമാസ പ്രകടന നിരീക്ഷണ റിപ്പോർട്ടുകൾ (Q-PMRs) അതോറിറ്റി നിർബന്ധമാക്കിയിരുന്നു. തുടർന്ന്, 2019 ജൂണിൽ, ഫോർമാറ്റുകൾ പരിഷ്‌ക്കരിക്കുകയുംDTH ഓപ്പറേറ്റർമാർ, മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ (MSO), ഹെഡ്‌എൻഡ്-ഇൻ-ദി-സ്കൈ (HITS) ഓപ്പറേറ്റർമാർ എന്നിവർക്കുകൂടി  റിപ്പോർട്ടിംഗ് ആവശ്യകത ട്രായ് വ്യാപിപ്പിക്കുകയും ചെയ്തു.

താരിഫ് ഓർഡർ, ഇന്റർകണക്ഷൻ റെഗുലേഷനുകൾ, സേവന ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയന്ത്രണ ചട്ടക്കൂടിൽ വിജ്ഞാപനം ചെയ്ത ഭേദഗതികൾ കണക്കിലെടുത്ത്, ട്രായ് ഇപ്പോൾ റിപ്പോർട്ടിംഗ് ഫോർമാറ്റുകൾ പുതുക്കിയിട്ടുണ്ട്. DPO കൾ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ഫോർമാറ്റുകൾ നിലവിലെ ഉത്തരവിൽ ചേർത്തിട്ടുണ്ട്.

അതനുസരിച്ച്, എല്ലാ DPO കളും താഴെപ്പറയുന്ന റിപ്പോർട്ടുകൾ ട്രായ് -ക്ക് സമർപ്പിക്കേണ്ടതുണ്ട്:

(i) ഓരോ മാസത്തിന്റെയും അവസാനം മുതൽ പത്ത് ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള പ്രതിമാസ പ്രകടന നിരീക്ഷണ റിപ്പോർട്ട് (M-PMR); കൂടാതെ

(ii) നിർദ്ദിഷ്ട ഫോർമാറ്റിലുള്ള (അനുബന്ധം-II) ത്രൈമാസ പ്രകടന നിരീക്ഷണ റിപ്പോർട്ട് (Q-PMR), ഓരോ പാദത്തിന്റെയും അവസാനം മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ദിവസം മുപ്പതിനായിരത്തിൽ കവിയാത്ത സജീവ വരിക്കാരുള്ള DPO-കൾക്ക് Q-PMR സമർപ്പണം ഓപ്ഷണലാണ്

ഫലപ്രദമായ അനുവർത്തന നിരീക്ഷണം, സുതാര്യത പ്രോത്സാഹിപ്പിക്കൽ, ഉപഭോക്തൃ താത്പര്യം സംരക്ഷിക്കൽ, പ്രക്ഷേപണ, കേബിൾ ടിവി സേവന മേഖലയുടെ ക്രമാനുഗതമായ വളർച്ച സുഗമമാക്കൽ എന്നിവയാണ് റിപ്പോർട്ടിംഗ് ചട്ടക്കൂടിന്റെ ലക്ഷ്യം.

ഉത്തരവിന്റെ പകർപ്പ് ട്രായ് വെബ്‌സൈറ്റിൽ (www.trai.gov.in) ലഭ്യമാണ്.

വ്യക്തതയ്‌ക്കോ വിവരങ്ങൾക്കോ, പ്രിൻസിപ്പൽ അഡ്വൈസർ (B&CS) ശ്രീ അഭയ് ശങ്കർ വർമ്മയെ pradvbcs@trai.gov.in എന്ന ഇമെയിൽ വിലാസത്തിലോ +91-11-20907761 എന്ന ടെലിഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 
***

(Release ID: 2165210) Visitor Counter : 2