രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആദി-കർമയോഗി അഭിയാനിന്റെ ഭാഗമായി പ്രമുഖ ഗോത്രവർഗക്കാരുടെ ഒരു സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 09 SEP 2025 5:53PM by PIB Thiruvananthpuram
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഗോത്രവർഗക്കാരുടെ ഒരു സംഘം ഇന്ന് (2025 സെപ്റ്റംബർ 9) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ 'ആദി കർമ്മയോഗി അഭിയാൻ' പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെത്തിയതായിരുന്നു ഈ സംഘം. ഈ സംരംഭത്തിന് കീഴിൽ ഗോത്രനേതാക്കളുടെ ഇത്തരം യോഗങ്ങളുടെ ഒരു പരമ്പര തന്നെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഈ ഘട്ടത്തിലെ അവസാന യോഗമായിരുന്നു ഇത്.
 
ഗോത്ര സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള സംവാദത്തിനും സഹകരണത്തിനുമുള്ള ശ്രദ്ധേയശ്രമമാണ് ആദി കർമ്മയോഗി അഭിയാൻ എന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. എല്ലാവരെയും ഉൾച്ചേർക്കുന്നതും ന്യായവർത്തിയുമായ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. ഗോത്ര സമൂഹങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, ദേശഭാവിയുടെ സഹ സ്രഷ്ടാക്കൾ കൂടിയാണെന്നത് ഉറപ്പാക്കാൻ നമ്മുടെ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അവർ പറഞ്ഞു.
 
ഉത്തരവാദിത്ത ഭരണനിർവഹണത്തിലൂടെ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പരിവർത്തന സംരംഭമാണ് ആദി കർമ്മയോഗി അഭിയാൻ എന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം ജൂലൈയിൽ ഈ കാമ്പെയ്ൻ ആരംഭിച്ചത് മുതൽ ഒരു ലക്ഷം ഗ്രാമങ്ങളിലായി, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾ, ആദിവാസി യുവാക്കൾ എന്നിവരുൾപ്പെടെ 20 ലക്ഷം ആദി-കർമ്മയോഗികളെ അണിനിരത്താനായതില് രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.
 
ഒരു ലക്ഷം ആദി സേവാ കേന്ദ്രങ്ങൾ ഏകജാലക സേവന, പരാതി പരിഹാര കേന്ദ്രങ്ങളായി സ്ഥാപിതമായി- രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 
ആദിവാസി മേധാവിത്വമുള്ള 63,000-ത്തിലധികം ഗ്രാമങ്ങൾക്ക് ധർതി ആബ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ അവശ്യ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്നു. സാമൂഹിക നീതി, സമത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള ഒരു പ്രധാന മാർഗമായി വനാവകാശ നിയമം മാറി. 
എന്നിരുന്നാലും, യഥാർത്ഥ ശാക്തീകരണമെന്നത് പദ്ധതികളിൽ നിന്നു മാത്രമായി ലഭ്യമാവുകയില്ലെന്ന് അവർ പ്രസ്താവിച്ചു. ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിലൂടെയാണ് യഥാർത്ഥ ശാക്തീകരണം രൂപപ്പെടുന്നത്. ആ അവകാശങ്ങളോടുള്ള ബഹുമാനത്തിലൂടെ അത് ശക്തിപ്പെടുകയും ആദിവാസിസമൂഹ പ്രാതിനിധ്യത്തിലൂടെ അത് നിലനിർത്തപ്പെടുകയും ചെയ്യുന്നു. അവരുടെ വികസനപ്രയാണത്തിന്റെ സജീവ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആദിവാസി സമൂഹങ്ങളിലെ അംഗങ്ങളോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു. വിവിധ വേദികളിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംവിധാനങ്ങളെ ഉത്തരവാദിത്തമുള്ളതാക്കാനും അവർ അവരെ ഉപദേശിച്ചു.
 
 
നമ്മുടെ ആദിവാസി സഹോദരീ സഹോദരൻമാരുടെ സജീവ പങ്കാളിത്തത്തോടെ, സമത്വവും നീതിയും ബഹുമാനവും നിറഞ്ഞ അന്തരീക്ഷമുള്ള ഒരു സമൂഹവും രാജ്യവും കെട്ടിപ്പടുക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. അവിടെ ഗോത്ര സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പരിപാലിക്കപ്പെടുകയും, നമ്മുടെ ആദിവാസി സഹോദരീ സഹോദരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. ആദിവാസി ജനതയെ അവരുടെ വ്യതിരിക്തമായ സ്വത്വവും സമ്പന്നമായ സംസ്‌കാരവും നിലനിർത്തിക്കൊണ്ട് മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു.
 
 
ഗോത്ര ഭാഷകൾക്കായുള്ള കൃത്രിമബുദ്ധി (എ.ഐ) അധിഷ്ഠിത വിവർത്തനോപാധിയായ 'ആദി വാണി' അടുത്തിടെ ആരംഭിച്ചതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. ഗോത്ര മേഖലകളിലെ ഭാഷാ, വിദ്യാഭ്യാസ പരിവർത്തനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി അവരിതിനെ വിശേഷിപ്പിച്ചു.
 
2025 സെപ്റ്റംബറിൽ ആരംഭിച്ച ആദി വാണിയുടെ ബീറ്റാ പതിപ്പ്, ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക സംരക്ഷണത്തിനും സാമൂഹിക ഉൾച്ചേർക്കലിനും വേണ്ടി കൃത്രിമബുദ്ധി (എ.ഐ), യന്ത്രപഠനം (മെഷീൻ ലേണിങ്) എന്നിവ ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ എ.ഐ ശാക്തീകൃത തദ്ദേശീയ ഭാഷാ സഹായ (ബ്രിഡ്ജ്) ഉപകരണമാണ്. ഏറ്റവും ദുർബലമായ ചില സാമൂഹികവിഭാഗങ്ങളുടെ ക്ഷേമത്തിനായി എഐ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിന്റെ ഉത്തമോദാഹരണമാണിത്.
 
യോഗത്തിനിടെ ആദി കർമ്മയോഗി അഭിയാനെക്കുറിച്ചുള്ള ഒരു ചലച്ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
 
കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ. ജുവൽ ഓറം, ഗോത്രകാര്യ സഹമന്ത്രി ശ്രീ. ദുർഗാദാസ് ഉയികെ എന്നിവരും യോഗത്തിൽ പങ്കെടുത്തു
**************************************

(Release ID: 2165107) Visitor Counter : 2