വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ദുബായിൽ നടക്കുന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ ചരിത്രപരമായ യു.പി.ഐ–യു.പി.യു സംയോജനത്തിന് തുടക്കം കുറിച്ച് ശ്രീ ജ്യോതിരാദിത്യ സിന്ധ്യ.

Posted On: 09 SEP 2025 11:29AM by PIB Thiruvananthpuram
ദുബായിൽ നടക്കുന്ന 28-ാമത് യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം.സിന്ധ്യ ഇന്ന് യു.പി.ഐ–യു.പി.യു സംയോജന പദ്ധതിക്ക് തുടക്കം കുറിച്ചു.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അതിർത്തി കടന്നുള്ള പണമിടപാടുകളെ പരിവർത്തനം ചെയ്യുന്നതിനുള്ള  സുപ്രധാന സംരംഭമാണിത്.

തപാൽ വകുപ്പും(DoP),എൻ പി സി ഐ ഇൻ്റർനാഷണൽ പേയ്മെൻ്റ്സ് ലിമിറ്റഡും(NIPL),യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിനും(UPU) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ സംരംഭം ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെൻ്റ്സ്
ഇൻ്റർഫേസി(UPI)നെ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ(UPU)ഇൻ്റർകണക്ഷൻ പ്ലാറ്റ്‌ഫോമുമായി(IP)സംയോജിപ്പിക്കുന്നു.ഇതിലൂടെ തപാൽ ശൃംഖലയുടെ വ്യാപ്തിയും UPI യുടെ വേഗതയും ചെലവ് കുറഞ്ഞ സേവനവും സംയോജിക്കുന്നു.

ഇത് “വെറുമൊരു സാങ്കേതിക പദ്ധതിയുടെ ഉദ്ഘാടനം മാത്രമല്ല,മറിച്ച് ഒരു സാമൂഹിക ഉടമ്പടി കൂടിയാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു, "തപാൽ ശൃംഖലയുടെ വിശ്വാസ്യതയും യു പി ഐ യുടെ വേഗതയും ഒരുമിച്ചാൽ,അതിർത്തിക്കപ്പുറത്തുള്ള കുടുംബങ്ങൾക്ക് വേഗത്തിലും സുരക്ഷിതമായും വളരെ കുറഞ്ഞ ചെലവിലും പണം അയയ്ക്കാൻ കഴിയും.പൗരന്മാർക്കായി നിർമ്മിച്ച പൊതു അടിസ്ഥാന സൗകര്യങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് ബന്ധിപ്പിക്കാനും മനുഷ്യരാശിയെ മികച്ച രീതിയിൽ സേവിക്കാനും കഴിയുമെന്ന് ഇതിലൂടെ വീണ്ടും ഉറപ്പാക്കപ്പെടുന്നു.”

ആധുനികവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ തപാൽ മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് നാല് പ്രവർത്തനപദങ്ങളിൽ അദ്ദേഹം വിശദീകരിച്ചു."തടസ്സമില്ലാത്ത ഡാറ്റാ അധിഷ്ഠിത ലോജിസ്റ്റിക്സിലൂടെ ബന്ധിപ്പിക്കുക;എല്ലാ കുടിയേറ്റക്കാർക്കും ഡിജിറ്റൽ സംരംഭങ്ങൾക്കും താങ്ങാനാവുന്ന ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ നല്കിക്കൊണ്ട്  ഉൾപ്പെടുത്തുക;നിർമ്മിതബുദ്ധി (AI),ഡിജിപിൻ (DigiPIN),മെഷീൻ ലേണിംഗ് എന്നിവയിലൂടെ ആധുനികവത്ക്കരിക്കുക;കൂടാതെ യു പി യു പിന്തുണയോടെ പ്രവർത്തിക്കുന്ന സാങ്കേതിക സെല്ലുമായി ദക്ഷിണ-ദക്ഷിണ പങ്കാളിത്തത്തിലൂടെ സഹകരിക്കുക."

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിൻ്റെ കീഴിലും വികസിത ഭാരതം ലക്ഷ്യമാക്കി മുന്നേറുന്നതിൻ്റേയും ഭാഗമായി വ്യാപ്തിയുടേയും ഉൾചേർക്കലിൻ്റേയും ശക്തമായ ഉദാഹരണമായി ഇന്ത്യ പോസ്റ്റ്  നിലകൊള്ളുന്നു എന്ന് എടുത്തുപറഞ്ഞുകൊണ്ട് സിന്ധ്യ കൂട്ടിച്ചേർത്തു, “ആധാർ,ജൻ ധൻ,ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്  ബാങ്ക് എന്നിവയിലൂടെ 560 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.അതിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്.കഴിഞ്ഞ വർഷം 900 ദശലക്ഷത്തിലധികം കത്തുകളും പാഴ്‌സലുകളും  ഇന്ത്യാ പോസ്റ്റ് വിതരണം ചെയ്തു.ആഗോളതലത്തിലേക്ക് ഞങ്ങൾ കൊണ്ടുവരുന്ന  ഉൾചേർക്കലിൻ്റെ വ്യാപ്തിയും മനോഭാവവുമാണ് ഇത് പ്രകടമാക്കുന്നത്."

ഇ-കൊമേഴ്‌സിലും ഡിജിറ്റൽ പണമിടപാടുകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയെ നവീകരണത്തിലേക്ക് നയിക്കുന്നതിന് ഈ ഘട്ടത്തിൽ 10 ദശലക്ഷം ഡോളർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി സിന്ധ്യ പ്രഖ്യാപിച്ചു.'എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വികസനം,എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം' എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചുകൊണ്ട്,വിഭവങ്ങൾ,വൈദഗ്ദ്ധ്യം, സൗഹൃദം എന്നിവയുമായി ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ആഗോള തപാൽ സമൂഹത്തിനായി ബന്ധിതവും,എല്ലാവരെയും ഉൾക്കൊള്ളുന്നതും,സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ട് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ്റെ (UPU)കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിലേക്കുമുള്ള  ഇന്ത്യയുടെ സ്ഥാനാർത്ഥിത്വവും സിന്ധ്യ പ്രഖ്യാപിച്ചു.
 
***

(Release ID: 2164908) Visitor Counter : 2