രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ആശംസ

Posted On: 04 SEP 2025 6:08PM by PIB Thiruvananthpuram
അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള അധ്യാപകർക്ക് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആശംസകൾ നേർന്നു.
 
  സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞതിപ്രകാരം: "അധ്യാപക ദിനത്തിൽ, നമ്മുടെ രാജ്യത്തെ എല്ലാ അധ്യാപകർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധനും തത്ത്വചിന്തകനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഈ ദിനം. അദ്ദേഹം രാഷ്ട്രത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമാണ്. ഈ വേളയിൽ ഞാൻ അദ്ദേഹത്തിന് എന്റെ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു.
 
നമ്മുടെ സമൂഹത്തിന്റെ മാർഗ്ഗനിർദ്ദേശകരും നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ ശിൽപികളുമാണ് അധ്യാപകർ. ജ്ഞാനം, അറിവ്, മൂല്യങ്ങൾ എന്നിവയിലൂടെ അവർ വിദ്യാർത്ഥി തലമുറകളെ വാർത്തെടുക്കുകയും നൂതനാശയങ്ങളും മികവും പിന്തുടരാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഒരു വികസിത രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഉത്തരവാദിത്വമുള്ള, വിജ്ഞാനവും വൈദഗ്ധ്യവുമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിൽ  അധ്യാപകരുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അധ്യാപകരെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രതിഫലിപ്പിക്കുന്നു.
 
അധ്യാപകരോട് ആദരമുള്ളതും വിദ്യാർത്ഥികളിൽ സർഗ്ഗാത്മകത, അനുകമ്പ, നൂതനാശയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് പരിശ്രമിക്കാം.
 
അധ്യാപക സമൂഹത്തിനാകെ ഞാൻ വീണ്ടും എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ത്യയെ ആഗോളതലത്തിൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു പ്രബുദ്ധ വിദ്യാർത്ഥി സമൂഹം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ അവർക്ക് ഞാൻ വിജയാശംസകൾ നേരുന്നു.
രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
*********************

(Release ID: 2164010) Visitor Counter : 2