പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിൽ *രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
Posted On:
02 SEP 2025 3:52PM by PIB Thiruvananthpuram
*(राज्य जीविका निधि साख सहकारी संघ लिमिटेड,രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് =സംസ്ഥാന ഉപജീവന ഫണ്ട് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ്)
ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ജി, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി, മറ്റ് വിശിഷ്ടാതിഥികൾ, ഈ പരിപാടിയിൽ സന്നിഹിതരായ ബീഹാറിൽ നിന്നുള്ള എന്റെ ലക്ഷക്കണക്കിന് സഹോദരിമാർ - നിങ്ങൾക്കെല്ലാവർക്കും എന്റെ ആദരപൂർവ്വമായ ആശംസകൾ.
എന്റെ മുന്നിൽ ടെലിവിഷൻ സ്‌ക്രീനിൽ ഞാൻ നിങ്ങളെയെല്ലാം കാണുന്നു, ലക്ഷക്കണക്കിന് സഹോദരിമാരെ ഇതിലൂടെ എനിക്ക് കാണാൻ കഴിയും. ഒരുപക്ഷേ, ബീഹാറിലെ ഓരോ ഗ്രാമത്തിലും ഇത് ഒരു വലിയ ആഘോഷമായി മാറിയിരിക്കാം - അത്തരമൊരു ശ്രദ്ധേയമായ കാഴ്ചയാണ് ഇത്.ഇത്രയധികം അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം ലഭിക്കാൻ ജീവിതത്തിൽ ഇതിലും വലിയ എന്ത് ഭാഗ്യമാണുള്ളത്?
സുഹൃത്തുക്കളേ,
ഈ ശുഭകരമായ ചൊവ്വാഴ്ച, വളരെ ശുഭകരമായ ഒരു കാര്യത്തിന് തുടക്കം കുറിക്കുകയാണ്. ഇന്ന്, ബീഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും ഒരു പുതിയ സൗകര്യം ലഭിക്കുന്നു - 'ജീവിക നിധി സഹ് സഹ്കാരി സംഘ്' . ഇതോടെ,ഉപജീവനവുമായി ബന്ധപ്പെട്ട് എല്ലാ ഗ്രാമങ്ങളിലുമുള്ള സഹോദരിമാർക്കും കൂടുതൽ എളുപ്പത്തിൽ പണം ലഭ്യമാകും ; അവർക്ക് സാമ്പത്തിക സഹായം ലഭിക്കും. അവർ ഏർപ്പെട്ടിരിക്കുന്ന ജോലിയും ബിസിനസുകളും വികസിപ്പിക്കുന്നതിന് ഇത് അവരെ വളരെയധികം സഹായിക്കും. ജീവിക നിധി സംവിധാനം പൂർണ്ണമായും ഡിജിറ്റൽ ആണെന്ന് കാണുന്നതിൽ എനിക്ക് പ്രത്യേകിച്ചും സന്തോഷമുണ്ട്. ഇതിനർത്ഥം അവർക്ക് ആരെയും സമീപിക്കേണ്ട ആവശ്യമില്ല - എല്ലാ ജോലികളും ഫോണിലൂടെ തന്നെ പൂർത്തിയാക്കാൻ കഴിയും. ഈ ജീവിക സഹ്കാരി സംഘം യാഥാർത്ഥ്യമാക്കിയതിന് ബീഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ ശ്രദ്ധേയമായ സംരംഭത്തിന്, ശ്രീ നിതീഷ് ജിയെയും ബീഹാറിലെ എൻഡിഎ സർക്കാരിനെയും ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ ശക്തമായ അടിത്തറയിലാണ് ഒരു 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) നിലകൊള്ളുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിന്, അവരുടെ ജീവിതത്തിലെ എല്ലാത്തരം ബുദ്ധിമുട്ടുകളും കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതം സുഗമമാക്കുന്നതിന് ഞങ്ങൾ ബഹുമുഖ ശ്രമങ്ങൾ നടത്തുന്നത്. സ്ത്രീകൾക്ക് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിന്റെ ജാള്യതയിൽ നിന്ന് മോചനം ലഭിക്കുന്നതിനായി ഞങ്ങൾ കോടിക്കണക്കിന് ശൗചാലയങ്ങൾ നിർമ്മിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, സാധ്യമാകുമ്പോഴെല്ലാം സ്ത്രീകളുടെ പേരിൽ വീടുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, കോടിക്കണക്കിന് ഉറപ്പുള്ള വീടുകൾ ഞങ്ങൾ നിർമ്മിച്ചു. ഒരു സ്ത്രീ ഒരു വീടിന്റെ ഉടമയാകുമ്പോൾ, അവരുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നു .
അമ്മമാരേ, സഹോദരിമാരേ,
ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കാൻ, ഞങ്ങൾ ഹർ ഘർ ജൽ യോജന ആരംഭിച്ചു. അമ്മമാർക്കും സഹോദരിമാർക്കും ചികിത്സ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതി ഞങ്ങൾ ആരംഭിച്ചു. കേന്ദ്ര സർക്കാർ ഇന്ന് സൗജന്യ റേഷൻ പദ്ധതിയും നടത്തുന്നു. ഈ പദ്ധതി ഓരോ അമ്മയെയും ഓരോ ദിവസവും തന്റെ കുട്ടികൾക്ക് എങ്ങനെ ഭക്ഷണം നൽകുമെന്ന ആശങ്കയിൽ നിന്ന് മോചിപ്പിച്ചു. സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, ഞങ്ങൾ അവരെ ലാഖ്‍പതി ദീദികളും(ലക്ഷാധിപതി സഹോദരിമാർ)ഡ്രോൺ ദീദികളും, ബാങ്ക് സഖികളുമാക്കുന്നു. ഈ സംരംഭങ്ങളെല്ലാം അമ്മമാർക്കും സഹോദരിമാർക്കും വേണ്ടിയുള്ള ഒരു മഹത്തായ, പവിത്രമായ ദൗത്യമാണ്. ബീഹാറിലെ എൻഡിഎ സർക്കാർ വരും മാസങ്ങളിൽ ഈ കാമ്പെയ്‌ൻ കൂടുതൽ ത്വരിതപ്പെടുത്താൻ പോവുകയാണെന്ന് ഇന്ന് ഞാൻ ഈ പരിപാടിയിലൂടെ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സുഹൃത്തുക്കളേ,
‘മാതൃശക്തി’യോടുള്ള ബഹുമാനം, അമ്മയോടുള്ള ആദരവ്, എന്നിവയിൽ പരമപ്രധാനമായ ഒരു പുണ്യഭൂമിയാണ് ബീഹാർ. ഇവിടെ ആളുകൾ ഗംഗാ മയ, കോസി മയ, ഗണ്ഡകി മയ, പുൻപുൻ മയ എന്നിവരെ ആരാധിക്കുന്നു. ജാനകി ദേവി ഈ ദേശത്തിന്റെ മകളാണെന്ന് നാമെല്ലാവരും അഭിമാനത്തോടെ പറയുന്നു. ബീഹാറിന്റെ സംസ്കാരത്തിൽ വളർന്ന ഈ സിയ ധിയ ലോകത്തിന് മുൻപിൽ സീതാമാതാവായി ആദരിക്കപ്പെട്ടു. ഛത്തി മയയുടെ മുമ്പിൽ വണങ്ങുന്നതിലൂടെ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരായി തോന്നുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, നവരാത്രിയുടെ വിശുദ്ധ ഉത്സവം ആരംഭിക്കും. രാജ്യത്തുടനീളം, ആളുകൾ ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കും. എന്നാൽ ബീഹാറിലും പൂർവാഞ്ചൽ മേഖലയിലും, നവദുർഗ്ഗയ്‌ക്കൊപ്പം, സത്ബാഹിനി പൂജയുടെ ഒരു പാരമ്പര്യവുമുണ്ട് - അമ്മയുടെ ദിവ്യരൂപങ്ങളായി ഏഴ് സഹോദരിമാരെ ആരാധിക്കുന്ന ഒരു പാരമ്പര്യം, ഇത് ബീഹാറിന്റെ അമ്മമാരോടുള്ള ആഴമായ വിശ്വാസത്തെയും ഭക്തിയെയും പ്രതിഫലിപ്പിക്കുന്ന ഒരു പാരമ്പര്യമാണ്. അമ്മമാരെ കുറിച്ച് ഇപ്രകാരം ശരിയായി പറഞ്ഞിട്ടുണ്ട്:अपने सुखल-पाकल खाके, रखली सबके भरम बचा के, उनकर रोवां जे दुखाई, त भलाई ना होई, केहू कतनो दुलारी, बाकि माई ना होई। (അവർ കുറച്ച് ഭക്ഷണം കഴിക്കുന്നു, കഷ്ടപ്പാടോടെ ജീവിക്കുന്നു, എന്നാൽ എല്ലാവരുടെയും ബഹുമാനം സംരക്ഷിക്കുന്നു; അവരുടെ മക്കൾ വേദനിച്ചാൽ, അത് നല്ലതിനല്ലെങ്കിൽ കൂടി ; മറ്റുള്ളവർ എത്ര സ്നേഹിച്ചാലും, അമ്മയുടെ സ്ഥാനം ആർക്കും ഏറ്റെടുക്കാൻ കഴിയില്ല.)
സുഹൃത്തുക്കളേ,
നമ്മുടെ ഗവൺമെന്റിന്, അമ്മമാരുടെ അന്തസ്സും, അവരുടെ ബഹുമാനവും, അവരുടെ ആത്മാഭിമാനവും ഒരു മുൻഗണനയാണ്. ഒരു അമ്മയാണ് നമ്മുടെ ലോകം, ഒരു അമ്മയാണ് നമ്മുടെ അഭിമാനം. സമ്പന്നമായ പാരമ്പര്യമുള്ള ഈ ബീഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചത് - എനിക്കത് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല, ബീഹാറിലെ എന്റെ സഹോദരീസഹോദരന്മാർക്കോ, ഭാരതത്തിലെ മറ്റേതെങ്കിലും വ്യക്തിക്കോ അതിനാകില്ല . ബിഹാറിലെ ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്ന്, എന്റെ അമ്മയ്‌ക്കെതിരെ അധിക്ഷേപങ്ങൾ എറിയപ്പെട്ടു. ഈ അപമാനങ്ങൾ എന്റെ അമ്മയെ മാത്രമല്ല, ഈ രാജ്യത്തെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും അപമാനിച്ചു. അത് നിങ്ങളെയെല്ലാം എത്രമാത്രം വേദനിപ്പിച്ചിരിക്കണമെന്ന് എനിക്കറിയാം - ഓരോ അമ്മയെയും, ഓരോ മകളെയും, ബീഹാറിലെ ഓരോ സഹോദരനെയും അത് വേദനിപ്പിച്ചിരിക്കും. എന്റെ ഹൃദയത്തിൽ ഞാൻ വഹിക്കുന്ന വേദന എന്റെ ജനങ്ങൾ അനുഭവിക്കുന്ന അതേ വേദനയാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഇന്ന്, ലക്ഷക്കണക്കിന് അമ്മമാരെയും സഹോദരിമാരെയും എന്റെ മുന്നിൽ ഒരുമിച്ചുകൂടുന്നത് കാണുമ്പോൾ, നിങ്ങളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുമ്പോൾ, ഞാനും ഒരു മകനാണ്. ഇത്രയധികം അമ്മമാരും സഹോദരിമാരും എന്റെ മുന്നിൽ നിൽക്കുമ്പോൾ, നിങ്ങളുടെ അനുഗ്രഹങ്ങളാൽ ഈ വേദന സഹിക്കാനുള്ള ശക്തി കണ്ടെത്തുന്നതിന് എന്റെ ഹൃദയം, എന്റെ ദുഃഖം നിങ്ങളുമായി പങ്കിടാൻ എന്നെ നിർബന്ധിക്കുന്നു.
അമ്മമാരേ, സഹോദരിമാരേ,
ഏകദേശം 50–55 വർഷമായി ഞാൻ സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. വളരെ കാലം കഴിഞ്ഞാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. അതിനുമുമ്പ്, സമൂഹത്തിനായി എനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ പോലും ഞാൻ ചെയ്യാൻ ശ്രമിച്ചു. എല്ലാ ദിവസവും, ഓരോ നിമിഷവും, എന്റെ രാജ്യത്തിനും എന്റെ നാട്ടുകാർക്കും വേണ്ടി പൂർണ്ണ സമർപ്പണത്തോടും പരിശ്രമത്തോടും കൂടി, കഴിയുന്നിടത്തെല്ലാം എല്ലാ സമയത്തും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതിലെല്ലാം, എന്റെ അമ്മയുടെ അനുഗ്രഹങ്ങൾ, എന്റെ അമ്മയുടെ പങ്ക് വളരെ വലുതാണ്. എനിക്ക് ഭാരതമാതാവിനെ സേവിക്കേണ്ടിവന്നു, അതിനായി, എന്നെ പ്രസവിച്ച അമ്മ എന്നെ അവരുടെ സ്വന്തം പ്രതീക്ഷകളിൽ നിന്നും എൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചു.
"മകനേ, പോയി ഈ രാജ്യത്തെ കോടിക്കണക്കിന് അമ്മമാരെ സേവിക്കൂ, ഈ രാജ്യത്തെ ദരിദ്രരെ സേവിക്കൂ" എന്ന് പറഞ്ഞുകൊണ്ട്, എന്റെ അമ്മ എന്നെ അനുഗ്രഹിച്ചു . എന്റെ അമ്മയുടെ അനുഗ്രഹത്തോടെയാണ് ഞാൻ ഈ പാതയിലേക്ക് ഇറങ്ങിയത്. അതുകൊണ്ടാണ് ഇന്ന് എനിക്ക് വളരെയധികം വേദന തോന്നുന്നത് - രാഷ്ട്രസേവനത്തിനായി എനിക്ക് അനുഗ്രഹം നൽകിയ, എന്നെ രാജ്യത്തെ സേവിക്കാൻ പറഞ്ഞയച്ച അതേ അമ്മ. ഓരോ അമ്മയും ആഗ്രഹിക്കുന്നത് തന്റെ മകൻ തന്നെ സേവിക്കണമെന്നും, തന്റെ മകൻ വളരുമ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ്. എന്നാൽ സ്വയം ചോദിക്കുന്നതിനുപകരം, നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ എന്റെ അമ്മ എന്നെ പോകാൻ അനുവദിച്ചു. എന്റെ അമ്മ ഇന്ന് ഈ ലോകത്തിലില്ലെന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാം. കുറച്ചു കാലം മുമ്പ്, 100 വയസ്സുള്ളപ്പോൾ, അവർ നമ്മളെ വിട്ടുപോയി. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, ശാരീരമായി പോലും ഇല്ലാത്ത എന്റെ ആ അമ്മ - ആർജെഡിയുടെയും കോൺഗ്രസിന്റെയും വേദിയിൽ ഏറ്റവും നീചമായ ഭാഷയിൽ അധിക്ഷേപിക്കപ്പെട്ടു . അമ്മമാരേ, സഹോദരിമാരേ, എനിക്ക് നിങ്ങളുടെ മുഖങ്ങൾ കാണാൻ കഴിയും - നിങ്ങൾക്കും വളരെയധികം വേദന അനുഭവപ്പെട്ടിരിക്കണം. ചില അമ്മമാരുടെ കണ്ണുകളിൽ നിന്ന് എനിക്ക് കണ്ണുനീർ കാണാൻ കഴിയും. ഇത് വളരെ ദുഃഖകരവും,മുറിവേൽപ്പിക്കുന്നതും ,വേദനാജനകവുമാണ്. എന്റെ അമ്മയുടെ എന്ത് തെറ്റാണ്, എന്ത് കുറ്റമാണ് അവർ ഇങ്ങനെ അപമാനിക്കപ്പെടാൻ ഇടയാക്കിയത്?
സുഹൃത്തുക്കളേ,
എല്ലാ അമ്മമാരും വലിയ ത്യാഗങ്ങൾ സഹിച്ചാണ് മക്കളെ വളർത്തുന്നത്. എന്റെ മുന്നിൽ ഇരിക്കുന്ന ഓരോ അമ്മയും അതേ സമർപ്പണത്തോടെയും ത്യാഗത്തോടെയും മക്കളെ വളർത്തിയിട്ടുണ്ട്. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം, മക്കളേക്കാൾ വലുതായി ഒന്നുമില്ല. എന്റെ കുട്ടിക്കാലം മുതൽ എന്റെ അമ്മയെ ആ നിലയിൽ തന്നെയാണ് ഞാൻ കണ്ടത്. ദാരിദ്ര്യത്തിൽ ജീവിച്ചിട്ടും നിരവധി കഷ്ടപ്പാടുകൾ സഹിച്ചിട്ടും, അവർ ഞങ്ങളുടെ കുടുംബത്തെയും,ഞങ്ങൾ സഹോദരീസഹോദരന്മാരെയും വളർത്തി. മഴക്കാലത്തിന് മുമ്പ്, മേൽക്കൂര ചോർന്നൊലിക്കാതിരിക്കാൻ എന്റെ അമ്മ വീട് ഒരുക്കുമായിരുന്നു, അങ്ങനെ അവരുടെ കുട്ടികൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയും. അവർ രോഗിയാകും, പക്ഷേ ഒരിക്കലും ഞങ്ങളെ അറിയിക്കില്ല - അവർ ജോലി തുടരും, ജോലിക്ക് പോകും. ഒരു ദിവസം പോലും വിശ്രമിച്ചാൽ കുട്ടികൾ കഷ്ടപ്പെടുമെന്ന് അവർക്കറിയാമായിരുന്നു. സ്വന്തം ബുദ്ധിമുട്ടുകളുടെ മുഴുവൻ വ്യാപ്തിയും അവർ എന്റെ അച്ഛനെ അറിയിക്കില്ല. അവർ ഒരിക്കലും അവർക്കായി ഒരു പുതിയ സാരി വാങ്ങിയില്ല; പകരം, സ്വന്തം കുട്ടികൾക്ക് വസ്ത്രങ്ങൾ ഉറപ്പാക്കാൻ അവർ ഓരോ പൈസയും സൂക്ഷിച്ചു.എന്റെ സ്വന്തം അമ്മയെക്കുറിച്ച് ഞാൻ പറയുമെങ്കിലും, എന്റെ രാജ്യത്ത് കോടിക്കണക്കിന് അമ്മമാർ ത്യാഗപൂർണ്ണമായ ജീവിതം നയിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ മുന്നിൽ ഇരിക്കുന്ന അമ്മമാരും സഹോദരിമാരും ഇതേ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. ഒരു ദരിദ്രയായ അമ്മ അവരുടെ ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്തുകൊണ്ട് ചെലവഴിക്കുന്നു, അങ്ങനെ അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം, നല്ല മൂല്യങ്ങൾ, മികച്ച ഭാവി എന്നിവ ലഭിക്കും. അതുകൊണ്ടാണ് അമ്മയുടെ സ്ഥാനം ദൈവങ്ങളുടെയും പൂർവ്വികരുടെയും സ്ഥാനത്തേക്കാൾ ഉയർന്നതായി കണക്കാക്കുന്നത്. ബീഹാറിന്റെ പാരമ്പര്യവും ഇതാണ്. ഓരോ ബിഹാറിയും പലപ്പോഴും പറയാറുണ്ട്: "ഒരു അമ്മയുടെ സ്ഥാനം ദൈവങ്ങൾക്കും പൂർവ്വികർക്കും മുകളിലാണ്. സ്വന്തം മക്കൾക്കുവേണ്ടി, അവർ ഒരു ദിവ്യ നിഴൽ പോലെ ജീവിക്കുന്നു, അവരെ സ്നേഹത്തോടെ വളർത്തുന്നു, വേദന സഹിച്ചുകൊണ്ട് ലോകത്തിന് പുഞ്ചിരിക്കുന്ന മുഖം കാണിക്കുന്നു. അമ്മയില്ലാതെ ഒരു ജീവിതവും ഒരിക്കലും തഴച്ചുവളരില്ല. അതുകൊണ്ടാണ് ഒരു അമ്മ ശരിക്കും മഹത്തരമായിരിക്കുന്നത്!"
അതുകൊണ്ടാണ് സുഹൃത്തുക്കളേ,
കോൺഗ്രസ്-ആർജെഡി വേദിയിൽ നിന്ന് പുറപ്പെട്ട അധിക്ഷേപങ്ങൾ എന്റെ അമ്മയ്ക്ക് മാത്രമല്ല കൊണ്ടത് , കോടിക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും നേരെയാണ് ആ നീചമായ അധിക്ഷേപങ്ങൾ എറിയപ്പെട്ടത്.
സുഹൃത്തുക്കളേ,
ഒരു ദരിദ്ര അമ്മയുടെ ത്യാഗം, അവരുടെ മകന്റെ വേദന - രാജകുടുംബങ്ങളിൽ ജനിച്ച രാജകീയ അവകാശികൾക്ക് ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണിവ. ഈ ഉന്നതർ എന്ന് വിളിക്കപ്പെടുന്നവർ വായിൽ വെള്ളിയും സ്വർണ്ണവും കലർന്ന കരണ്ടികളുമായി ജനിക്കുന്നു. രാജ്യത്തിന്റെയും ബീഹാറിന്റെയും അധികാരം അവരുടെ കുടുംബ പാരമ്പര്യമാണെന്ന് അവർ വിശ്വസിക്കുന്നു. അധികാര കസേര തങ്ങൾക്ക് മാത്രമായിരിക്കണമെന്ന് അവർ കരുതുന്നു! എന്നാൽ നിങ്ങൾ - ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങൾ - ഒരു ദരിദ്ര അമ്മയുടെ കഠിനാധ്വാനിയായ മകനെ അനുഗ്രഹിക്കുകയും അവനെ 'പ്രധാന സേവകൻ' (ജനങ്ങളുടെ മുഖ്യ സേവകൻ) ആക്കുകയും ചെയ്തു. ഉന്നതർക്ക് ഇത് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണ്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ഒരാൾ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിട്ടില്ല. കഠിനാധ്വാനികളായ ആളുകളെ അപമാനിക്കുന്നത് ഉന്നതർ എന്ന നിലയിൽ തങ്ങളുടെ അവകാശമാണെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് അവർ ഒന്നിനുപുറകെ ഒന്നായി അധിക്ഷേപങ്ങൾ ചൊരിയുന്നത്.
അമ്മമാരേ, സഹോദരിമാരേ,
അവർ എനിക്ക് നേരെ എറിഞ്ഞ അധിക്ഷേപങ്ങളുടെ തരത്തെക്കുറിച്ച് നിങ്ങളും കേട്ടിരിക്കണം, വായിച്ചിരിക്കണം. പട്ടിക വളരെ നീണ്ടതാണ്, അവരുടെ മുതിർന്ന നേതാക്കൾ ആരും എന്നെ അപമാനിക്കുന്നതിൽ പിന്നിലായിട്ടില്ല. ഈ വെറുപ്പ്, ഉന്നതരുടെ ഈ ധാർഷ്ട്യം, കഠിനാധ്വാനിയായ ഒരു മനുഷ്യനെതിരെ എപ്പോഴും അധിക്ഷേപത്തിന്റെ രൂപത്തിൽ പൊട്ടിപ്പുറപ്പെടുന്നു. ചിലപ്പോൾ അവർ എന്നെ താഴ്ന്ന ജാതിക്കാരനെന്നും, ചിലപ്പോൾ വൃത്തികെട്ട അഴുക്കുചാലിലെ പുഴുവെന്നും, ചിലപ്പോൾ വിഷപ്പാമ്പെന്നും വിളിക്കുന്നു. അടുത്തിടെ, ബീഹാർ തിരഞ്ഞെടുപ്പ് റാലിയിലും അവർ എന്നെ ഏറ്റവും പരുഷമായ വാക്കുകളിൽ, അധിക്ഷേപിക്കുന്നത് നിങ്ങൾ കേട്ടിരിക്കാം - ഇത് അവരുടെ വരേണ്യ മനോഭാവം വീണ്ടും തുറന്നുകാട്ടുന്നു. ഈ മനോഭാവം കാരണം, ഇപ്പോൾ ഈ ലോകത്തിൽ ഇല്ലാത്ത, രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ പരേതയായ അമ്മയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ അവർ തരം താണിരിക്കുന്നു.ഇപ്പോഴും അവരുടെ വേദികളിൽ അവർ എന്റെ അമ്മയെ ഒഴിവാക്കിയിട്ടില്ല.
സുഹൃത്തുക്കളേ,
അമ്മമാരെയും സഹോദരിമാരെയും അധിക്ഷേപിക്കുന്ന മാനസികാവസ്ഥ സ്ത്രീകളെ ദുർബലരായി കണക്കാക്കുന്നു. ഈ മാനസികാവസ്ഥ സ്ത്രീകളെ ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാകുന്ന വസ്തുക്കളായി കണക്കാക്കുന്നു. അതുകൊണ്ടാണ്, അത്തരമൊരു സ്ത്രീവിരുദ്ധ മാനസികാവസ്ഥ അധികാരത്തിൽ വരുമ്പോഴെല്ലാം, ഏറ്റവും കൂടുതൽ കഷ്ടപ്പെടേണ്ടി വന്നത് അമ്മമാർ, സഹോദരിമാർ, പെൺമക്കൾ, സ്ത്രീകൾ എന്നിവരാണ്. ഈ സത്യം ബീഹാറിലെ എന്റെ അമ്മമാരെയും സഹോദരിമാരെയുംക്കാൾ നന്നായി ആരാണ് മനസ്സിലാക്കുക! ആർജെഡിയുടെ കാലഘട്ടത്തിൽ, ബീഹാറിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളും നിയന്ത്രിക്കപ്പെട്ടിരുന്നില്ല, കൊലപാതകം, കൊള്ളയടിക്കൽ, ബലാത്സംഗം എന്നിവ സാധാരണമായിത്തീർന്നിരുന്നു - ആർജെഡി സർക്കാർ കൊലയാളികളെയും ബലാത്സംഗികളെയും സംരക്ഷിക്കാറുണ്ടായിരുന്നു. ആ ഭരണകൂടത്തിന്റെ ഭാരം ഏറ്റവും കൂടുതൽ വഹിക്കേണ്ടി വന്നത് ആരാണ്? ബീഹാറിലെ അമ്മമാർ, പെൺമക്കൾ, സഹോദരിമാർ, ബീഹാറിലെ സ്ത്രീകൾ. സ്ത്രീകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നത് സുരക്ഷിതമായിരുന്നില്ല. വൈകുന്നേരം അവരുടെ ഭർത്താക്കന്മാരോ ആൺമക്കളോ ജീവനോടെ തിരിച്ചെത്തുമെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും നശിപ്പിക്കപ്പെടുമെന്ന ഭയത്തിലാണ് ജീവിച്ചിരുന്നത്. മോചനദ്രവ്യത്തിനായി അവരുടെ ആഭരണങ്ങൾ വിൽക്കേണ്ടിവരുമെന്നും, ചില മാഫിയകൾ അവരെ വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുപോകുമെന്നും, അവരുടെ ദാമ്പത്യജീവിതം ഒറ്റരാത്രികൊണ്ട് തകർക്കപ്പെടുമെന്നും അവർ ഭയപ്പെട്ടു. എല്ലാ സ്ത്രീകളും ഈ നിരന്തരമായ ഭീകരതയിലാണ് ജീവിച്ചിരുന്നത്! ആ ഇരുട്ടിൽ നിന്ന് പുറത്തുവരാൻ ബീഹാർ ഒരു നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. ആർജെഡിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലും അവരെ വീണ്ടും വീണ്ടും പരാജയപ്പെടുത്തുന്നതിലും ബീഹാറിലെ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. അതുകൊണ്ടാണ്, ഇന്ന്, ആർജെഡിയായാലും കോൺഗ്രസായാലും, ഈ ആളുകൾ പ്രത്യേകിച്ച് നിങ്ങൾ സ്ത്രീകളോട് ദേഷ്യപ്പെടുന്നത്. ബിഹാറിലെ ഓരോ സ്ത്രീയും അവരുടെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കണം.ആർജെഡി- കോൺഗ്രസ്സുകാർ നിങ്ങളോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങളെ ശിക്ഷിക്കാൻ ഒരു അവസരത്തിനായി അവർ കാത്തിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ആർജെഡി പോലുള്ള പാർട്ടികൾ ഒരിക്കലും സ്ത്രീകൾ മുന്നോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് അവർ വനിതാ സംവരണത്തെ ശക്തമായി എതിർത്തത്. ഒരു ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീ ഉയർന്നുവരുമ്പോൾ, അവരുടെ നിരാശ വീണ്ടും പ്രകടമാകുന്നു. അതുകൊണ്ടാണ് കോൺഗ്രസ് രാജ്യത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുർമു ജിയെ, ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകളെ, നിരന്തരം അപമാനിക്കുന്നത്.
സുഹൃത്തുക്കളേ,
സ്ത്രീകളോടുള്ള ഈ വെറുപ്പിന്റെയും അവഹേളനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ രാജ്യത്തെ ജനങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം - അവർ ഏതുതരം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന്?
അമ്മമാരേ, സഹോദരിമാരേ,
ഇന്നേയ്ക്ക് ഇരുപത് ദിവസം മുതൽ നവരാത്രി ഉത്സവം ആരംഭിക്കും. അമ്പത് ദിവസം മുതൽ നമ്മൾ ഛത്തി മയ്യയെ ആദരിച്ചുകൊണ്ട് ഛത്തി പൂജ ആഘോഷിക്കും. ബീഹാർ ജനതയ്ക്ക് മുന്നിൽ, അമ്മമാരെ അപമാനിക്കുന്നവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു: മോദി ഒരിക്കൽ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ ഭാരതത്തിന്റെ മണ്ണ് ഒരിക്കലും ഒരു അമ്മയുടെ അപമാനം സഹിച്ചിട്ടില്ല. അതുകൊണ്ടാണ് ആർജെഡിയും കോൺഗ്രസും സത്ബാഹിനിയിൽ നിന്നും ഛത്തി മയ്യയിൽ നിന്നും ക്ഷമ ചോദിക്കണമെന്ന് പറയുന്നത്
സുഹൃത്തുക്കളേ,
ബീഹാറിലെ ജനങ്ങളോടും എനിക്ക് പറയാനുള്ളത് - ഈ കുറ്റവാളികളെ ഈ അപമാനത്തിന് ഉത്തരവാദികളാക്കേണ്ടത് ബീഹാറിലെ ഓരോ മകന്റെയും ഉത്തരവാദിത്തമാണ്. ആർജെഡി-കോൺഗ്രസ് നേതാക്കൾ എവിടെ പോയാലും, അവർ ഏത് തെരുവിലോ നഗരത്തിലോ പ്രവേശിച്ചാലും, എല്ലാ വശങ്ങളിൽ നിന്നും അവർ ഒരു ശബ്ദം കേൾക്കണം. ഓരോ അമ്മയും സഹോദരിയും മുന്നോട്ടുവന്ന് അവരിൽ നിന്ന് ഉത്തരം ആവശ്യപ്പെടണം. എല്ലാ തെരുവുകളിൽ നിന്നും അയൽപക്കങ്ങളിൽ നിന്നും ഒരുപോലെ മുഴങ്ങുന്ന ശബ്ദം ഉയരണം: "അമ്മയെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല, ഞങ്ങൾ സഹിക്കില്ല. ഞങ്ങളുടെ അഭിമാനത്തിന് നേരെയുള്ള ആക്രമണങ്ങൾ ഞങ്ങൾ സഹിക്കില്ല, ഞങ്ങൾ സഹിക്കില്ല. ആർജെഡിയുടെ അടിച്ചമർത്തൽ ഞങ്ങൾ സഹിക്കില്ല. കോൺഗ്രസിന്റെ ആക്രമണം ഞങ്ങൾ സഹിക്കില്ല, ഞങ്ങൾ സഹിക്കില്ല. അമ്മയെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല, ഞങ്ങൾ സഹിക്കില്ല."
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്തെ സ്ത്രീ ശാക്തീകരണം നമ്മുടെ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്. അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എൻഡിഎ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. അമ്മമാരേ, സഹോദരിമാരേ, ഞാൻ നിങ്ങൾക്ക് മുന്നിൽ പ്രതിജ്ഞ ചെയ്യുന്നു - ഞങ്ങൾ നിങ്ങളെ അക്ഷീണം, ഇടവേളകളില്ലാതെ സേവിക്കുന്നത് തുടരും. നിങ്ങളുടെ പിന്തുണയോടെ എൻഡിഎ സർക്കാരിനെ അനുഗ്രഹിക്കുന്നത് തുടരുക. രാജ്യത്തെ ഓരോ അമ്മയെയും ഞാൻ വണങ്ങുമ്പോൾ, ഞാൻ വീണ്ടും ഒരു പ്രാർത്ഥന ഓർക്കുന്നു. ഓഗസ്റ്റ് 15 ന്, എല്ലാ തെരുവുകളിലും ഗ്രാമങ്ങളിലും ഒരു മന്ത്രം പ്രതിധ്വനിച്ചു - "ഘർ ഘർ തിരംഗ, ഹർ ഘർ തിരംഗ" (എല്ലാ വീട്ടിലും ത്രിവർണ്ണ പതാക). ഇപ്പോൾ കാലത്തിന്റെ ആവശ്യം - "ഹർ ഘർ സ്വദേശി, ഘർ-ഘർ സ്വദേശി" (എല്ലാ വീടും സ്വാശ്രയമാണ്, ഓരോ വീടും സ്വദേശി ഭരിതമാണ് ). അമ്മമാരേ, സഹോദരിമാരേ, ഭാരതത്തെ യഥാർത്ഥത്തിൽ സ്വാശ്രയമാക്കാൻ,'ഹർ ഘർ സ്വദേശി, ഘർ-ഘർ സ്വദേശി'എന്ന ഈ പുതിയ മന്ത്രത്തിന് എനിക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. എല്ലാ കടയുടമയോടും ഞാൻ പറയും - അഭിമാനത്തോടെ ഒരു ബോർഡ് സ്ഥാപിക്കുക, ബഹുമാനത്തോടെ പ്രദർശിപ്പിക്കുക: "ഇത് സ്വദേശി, ഇതാണ് സ്വദേശി." ആത്മനിർഭർ ഭാരതത്തിന്റെ പാതയിൽ നാം ഉറച്ചുനിൽക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമില്ലാതെ ഈ യാത്ര പൂർത്തിയാകില്ല. നിങ്ങളുടെ അനുഗ്രഹമില്ലാതെ ഭാരത മാതാവിന് ശോഭനമായ ഭാവി കൈവരിക്കാനാവില്ല. നിങ്ങൾക്ക് നന്നായി അറിയാം , ഈ ഉന്നതർ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ? അവർ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടുണ്ട് - "ആരാണ് ഭാരത് മാതാ? എന്താണ് ഭാരത് മാതാ?" ഭാരത മാതാവിനെ അധിക്ഷേപിക്കുന്നവർക്ക്, മോദിയുടെ അമ്മയെ അധിക്ഷേപിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ടാണ് അത്തരം വ്യക്തികളെ തിരിച്ചറിയേണ്ടത് ജനങ്ങൾക്ക് വളരെ പ്രധാനമായിരിക്കുന്നത്.
അമ്മമാരേ, സഹോദരിമാരേ,
ലക്ഷക്കണക്കിന് അമ്മമാരെയും സഹോദരിമാരെയും എന്റെ മുന്നിൽ കാണുമ്പോൾ, നിങ്ങളുടെ അനുഗ്രഹങ്ങൾ എപ്പോഴും എന്റെ മേൽ ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇത്രയധികം അമ്മമാരുടെയും സഹോദരിമാരുടെയും മുന്നിൽ നിൽക്കുമ്പോൾ, എന്റെ ഉള്ളിൽ ഞാൻ വഹിച്ചിരുന്ന വേദന സ്വാഭാവികമായും നിങ്ങളുടെ മുന്നിൽ ചൊരിഞ്ഞു. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ അനുഗ്രഹങ്ങളിലൂടെയാണ് എനിക്ക് അത്തരം വേദനകൾ സഹിക്കാനുള്ള ശക്തി ലഭിക്കുന്നത്. എന്നാൽ തന്റെ ശരീരം ഉപേക്ഷിച്ച് പോയ,ആരിൽ നിന്നും ഒന്നും സ്വീകരിച്ചിട്ടില്ലാത്ത, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അമ്മ- അത്തരമൊരു അമ്മയെ അധിക്ഷേപിക്കുമ്പോൾ,വേദന അസഹനീയമായിത്തീരുന്നു,മനോവ്യഥ അസഹ്യമായിമാറുന്നു . അതുകൊണ്ടാണ് അമ്മമാരേ, സഹോദരിമാരേ, എന്റെ ദുഃഖം ഇന്ന് നിങ്ങളുടെ മുമ്പാകെ വന്നത് - ഒരു നേതാവെന്ന നിലയിലല്ല, ഒരു മകനെന്ന നിലയിലാണ് - അത് പുറത്തേക്ക് ഒഴുകിയത്. നിങ്ങളുടെ അനുഗ്രഹങ്ങൾ എല്ലാ അനീതികളെയും നേരിടാനുള്ള ശക്തി നൽകുമെന്നും എല്ലാ അനീതികളെയും മറികടക്കാൻ, ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും സേവിക്കാൻ അവ എനിക്ക് പുതിയ ഊർജ്ജവും പുതിയ പ്രചോദനവും നൽകുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ വാക്കുകളോടെ ഞാൻ ഉപസംഹരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അർപ്പിക്കുന്നു.
-NK-
(Release ID: 2163956)
Visitor Counter : 2
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada