വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

2025 ലെ ഇന്ത്യ റാങ്കിങ്‌സ് ശ്രീ ധർമ്മേന്ദ്ര പ്രധാൻ പുറത്തിറക്കി

Posted On: 04 SEP 2025 4:03PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് ഇന്ത്യ റാങ്കിങ്‌സ് 2025 പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ഉപയോഗിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. 2015-ൽ വിദ്യാഭ്യാസ മന്ത്രാലയമാണ് റാങ്കിങ്ങിനായുള്ള ഈ ചട്ടക്കൂട് ഒരുക്കിയത്. കേന്ദ്ര വിദ്യാഭ്യാസ-വടക്കുകിഴക്കന് മേഖല വികസന സഹമന്ത്രി ശ്രീ സുകാന്ത മജുംദാർ, സെക്രട്ടറി (HE) ഡോ. വിനീത് ജോഷി; AICTE ചെയർമാൻ പ്രൊഫ. ടി.ജി. സീതാറാം; NETF, NAAC, NBA എന്നിവയുടെ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുധെ, NBA മെമ്പർ സെക്രട്ടറി ഡോ. അനിൽ കുമാർ നാസ എന്നിവരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈസ് ചാൻസലർമാരും ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.
 
 NIRF 2025 റാങ്കിംഗ് നമ്മുടെ സ്ഥാപനങ്ങളുടെ ശക്തിയെയും നമ്മുടെ വിദ്യാർത്ഥികളുടെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ പ്രധാൻ പറഞ്ഞു. ഈ വർഷത്തെ റാങ്കിംഗിൽ ഉൾപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.  എൻ‌ഐ‌ആർ‌എഫ് ഒരു ദേശീയ മാനദണ്ഡമായി മാറിയതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
 
എൻ‌ഇ‌പി 2020 നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ മെച്ചപ്പെടുത്തുന്നതുൾപ്പെടെ അവയുടെ വികസനത്തിനായി ഒരു കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, ഭാരതത്തെ ഒരു വൈജ്ഞാനിക ശക്തികേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എൻ‌ഐ‌ആർ‌എഫ് ഒരു വിശ്വസനീയ സ്തംഭമായി ഉയർന്നുവന്നിട്ടുണ്ടെന്നും ശ്രീ പ്രധാൻ പറഞ്ഞു. അക്രഡിറ്റേഷൻ ചട്ടക്കൂടുകളിൽ എല്ലാവരും ഉയർന്ന മാനദണ്ഡങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 
 
 
എൻ‌ഐ‌ആർ‌എഫ് മികച്ച അക്രഡിറ്റേഷൻ ചട്ടക്കൂടുകളിൽ ഒന്നായി മാറുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. എൻ‌ഐ‌ആർ‌എഫ് മുന്നോട്ട് പോകുമ്പോൾ  കൂടുതൽ ഡാറ്റാധിഷ്ഠിത സമീപനങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ റാങ്കിംഗ് മാനദണ്ഡങ്ങളും വിഭാഗങ്ങളും ചേർക്കുകയും  കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
 
ഒരു വൻ കുതിച്ചുചാട്ടം നടത്താൻ നമ്മൾ  സജ്ജരാണെന്നും, 2047 ഓടെ ഒരു വികസിത -ആത്മനിർഭർ ഭാരതത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ആഹ്വാനം നൽകിയിട്ടുണ്ടെന്നും ശ്രീ പ്രധാൻ പറഞ്ഞു. നമുക്ക് 'സ്വരാജ്' ലഭിച്ചുവെന്നും ഇപ്പോൾ നമ്മുടെ 'സമൃദ്ധി'ക്കായി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളാണ് ഇതിന്റെ കാതലെന്നും 'സമൃദ്ധി'ക്കും 'ആത്മനിർഭരത'യ്ക്കും വേണ്ടിയുള്ള ഒരു കർമ പദ്ധതി സൃഷ്ടിക്കുന്നതിൽ അവ നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
 
 നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും പേര് കേട്ട ഇടങ്ങളായി നമ്മുടെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളും മാറണമെന്നും NIRF ചട്ടക്കൂടിൽ ചേരണമെന്നും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ ചേരാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളായി മാറണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
 
2025 ലെ ഇന്ത്യ റാങ്കിംഗിലെ പ്രധാന സവിശേഷതകൾ
 
•2019 മുതൽ 2025 വരെയുള്ള കാലയളവിൽ തുടർച്ചയായ ഏഴാം വർഷവും സമഗ്ര വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഒന്നാം സ്ഥാനം നിലനിർത്തി. എഞ്ചിനീയറിംഗ് വിഭാഗത്തിൽ 2016 മുതൽ 2025 വരെ തുടർച്ചയായ പത്താം വർഷമാണ് മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
 
•സമഗ്ര വിഭാഗത്തിലെ മികച്ച 100 സ്ഥാനങ്ങളിൽ 24 സംസ്ഥാന പൊതു സർവകലാശാലകൾ, 22 സ്വകാര്യ കല്പിത സർവകലാശാലകൾ, 19 ഐഐടികളും ഐഐഎസ്‌സിയും, 9 സ്വകാര്യ സർവകലാശാലകൾ, 8 എൻഐടികൾ, 7 കേന്ദ്ര സർവകലാശാലകൾ, 5 മെഡിക്കൽ സ്ഥാപനങ്ങൾ (ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ), 4 ഐഎസ്എസ്ഇആറുകൾ, ഒരു കോളേജ്, ഐഎആർഐ (കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ) എന്നിവ ഉൾപ്പെടുന്നു.
 
• 2016 മുതൽ 2025 വരെയുള്ള കാലയളവിൽ തുടർച്ചയായ പത്താം വർഷവും സർവകലാശാലാ വിഭാഗത്തിൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാം സ്ഥാനം നേടി.ഗവേഷണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ 2021 മുതൽ 2025 വരെയായി തുടർച്ചയായ അഞ്ചാം വർഷവും ഇതേ സ്ഥാപനം ഒന്നാം സ്ഥാനത്തെത്തി.
•2020 മുതൽ 2025 വരെയുള്ള കാലയളവിൽ, തുടർച്ചയായ ആറാം വർഷവും,മാനേജ്‌മെന്റ് വിഷയത്തിൽ ഐഐഎം അഹമ്മദാബാദ് ഒന്നാം സ്ഥാനം നിലനിർത്തി.മാനേജ്‌മെന്റ് വിഷയത്തിൽ 2016 മുതൽ 2019 വരെയുള്ള ഇന്ത്യാ റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഈ സ്ഥാപനം നേടിയിരുന്നു.  
 
•2018 മുതൽ 2025 വരെയുള്ള കാലയളവിൽ തുടർച്ചയായ എട്ടാം വർഷവും, മെഡിക്കൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ന്യൂഡൽഹി കരസ്‌ഥമാക്കി.കൂടാതെ, ഓവറോൾ വിഭാഗത്തിൽ എയിംസ് എട്ടാം സ്ഥാനത്താണ്. 2023 ലും 2024 ലും ഓവറോൾ വിഭാഗത്തിൽ ഈ സ്ഥാപനം യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമായിരുന്നു.
 
•തുടർച്ചയായ രണ്ടാം വർഷവും ഫാർമസിയിൽ ന്യൂഡൽഹിയിലെ ജാമിയ ഹംദാർദ് ഒന്നാം സ്ഥാനം നിലനിർത്തി. 2019 മുതൽ 2022 വരെ തുടർച്ചയായി നാല് വർഷം ജാമിയ ഹംദാർദ് ഒന്നാം സ്ഥാനത്തായിരുന്നു. 2018 ലും 2023 ലും രണ്ടാം സ്ഥാനവും നേടി..
 
•ഹിന്ദു കോളേജ് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം നേടി.2017 മുതൽ 2023 വരെ തുടർച്ചയായി ഏഴ് വർഷം ഒന്നാം സ്ഥാനം നിലനിർത്തിയ മിറാൻഡ ഹൗസിനെ മറികടന്നാണ് ഈ നേട്ടം. ഹിന്ദു കോളേജ് 2019, 2022, 2023 വർഷങ്ങളിൽ രണ്ടാം സ്ഥാനത്തും, 2020, 2018 വർഷങ്ങളിൽ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമായിരുന്നു. 
•2021 മുതൽ 2025 വരെ തുടർച്ചയായ അഞ്ചാം വർഷവും ആർക്കിടെക്ചർ, പ്ലാനിംഗ് എന്നിവയിൽ ഐഐടി റൂർക്കി ഒന്നാം സ്ഥാനം നിലനിർത്തി. 2018 മുതൽ 2020 വരെ ഐഐടി റൂർക്കി രണ്ടാം സ്ഥാനത്തായിരുന്നു.
 
•ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി തുടർച്ചയായ എട്ടാം വർഷവും നിയമത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2018 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ നേട്ടം.
 
•കോളേജുകളുടെ റാങ്കിംഗിൽ ആധിപത്യം പുലർത്താൻ ഡൽഹിയിലെ കോളേജുകൾക്കായി. ആദ്യ പത്തിൽ ആറു കോളേജും ഡൽഹിയിൽ നിന്നുള്ളവയാണ്.
 
•2022 മുതൽ 2024 വരെ തുടർച്ചയായ മൂന്ന് വർഷം ഒന്നാം സ്ഥാനത്തായിരുന്ന ചെന്നൈയിലെ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസിനെ പിന്തള്ളി, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഇതാദ്യമായി ഡെന്റൽ വിഷയത്തിൽ ഒന്നാം സ്ഥാനം നേടി.
 
•കാർഷിക-അനുബന്ധ മേഖലകളിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനത്താണ്. 2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് കോളേജിന്റെ നേട്ടം.
 
•2024-ൽ ആദ്യമായി അവതരിപ്പിച്ച സംസ്ഥാന പൊതു സർവകലാശാലകളുടെ വിഭാഗത്തിൽ കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാല ഒന്നാം സ്ഥാനം നേടി.
 
•2024ലെ ഒന്നാം സ്ഥാനം 2025ലും നിലനിർത്തിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയാണ് (ഇഗ്നോ) തുടർച്ചയായ രണ്ടാം വർഷവും ഓപ്പൺ യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ ഒന്നാമത്.
 
•നൂതനാശയ വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാം സ്ഥാനം നേടി.
 
•2024, 2025 എന്നിങ്ങനെ തുടർച്ചയായ രണ്ടാം വർഷവും നൈപുണ്യ സർവകലാശാലകളുടെ വിഭാഗത്തിൽ പുനെയിലെ സിംബയോസിസ് സ്കിൽ ആൻഡ് പ്രൊഫഷണൽ യൂണിവേഴ്സിറ്റി (എസ്എസ്പിയു) ഒന്നാമതെത്തി.
 
•ഈ വർഷം ഇതാദ്യമായി അവതരിപ്പിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജിഎസ്) വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഒന്നാമതെത്തി.
 
2025 ലെ ഇന്ത്യ  റാങ്കിങ്‌സ്   ഈ ലിങ്കിൽ ലഭിക്കും:
 https://www.nirfindia.org/2025/Ranking.html
 
********************

(Release ID: 2163895) Visitor Counter : 2