ധനകാര്യ മന്ത്രാലയം
ന്യൂഡൽഹിയിൽ നടന്ന 56-ാമത് ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ സംബന്ധിച്ച് പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
प्रविष्टि तिथि:
03 SEP 2025 11:28PM by PIB Thiruvananthpuram
1. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരും?
ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗത്തിലെ ശുപാർശകൾ പ്രകാരം, സിഗരറ്റുകൾ, സർദ (zarda) പോലുള്ള ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ, അസംസ്‌കൃത പുകയില, ബീഡി എന്നിവ ഒഴികെയുള്ള സേവനങ്ങൾക്കും സാധനങ്ങൾക്കും ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
സിഗരറ്റുകൾ, സർദ പോലുള്ള ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ, അസംസ്‌കൃത പുകയില, ബീഡി എന്നിങ്ങനെയുള്ള നിർദിഷ്ട ഉത്പന്നങ്ങൾക്ക് നിലവിലുള്ള ജി.എസ്.ടി നിരക്കുകളും നഷ്ടപരിഹാര സെസും തുടർന്നും ബാധകമായിരിക്കും. കൂടാതെ നഷ്ടപരിഹാര സെസ് മൂലമുള്ള മുഴുവൻ വായ്പ, പലിശ ബാധ്യതകളും തീർപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പുതിയ നിരക്കുകൾ പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതിയിൽ നടപ്പിലാക്കും.
2. 2017 ലെ കേന്ദ്ര ചരക്കു സേവന നികുതി (സി.ജി.എസ്.ടി) നിയമപ്രകാരം സാധനങ്ങൾക്ക് ആവശ്യമായ രജിസ്‌ട്രേഷൻ പരിധിയിൽ എന്തെങ്കിലും മാറ്റമുണ്ടോ?
ഇല്ല, 2017-ലെ സി.ജി.എസ്.ടി നിയമപ്രകാരം സാധനങ്ങൾക്ക് ആവശ്യമായ രജിസ്‌ട്രേഷൻ പരിധിയിൽ മാറ്റമൊന്നുമില്ല,
3. പുതുക്കിയ നിരക്കുകൾക്കായി ഏത് വിജ്ഞാപനമാണ് വ്യവസ്ഥ ചെയ്യുന്നത്?
ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ നിരക്ക് വിജ്ഞാപനത്തിൽ അറിയിക്കുന്നതായിരിക്കും. വിജ്ഞാപനം സി.ബി.ഐ.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
4. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഞാൻ സാധനങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ അവ രണ്ടുമോ വിതരണം ചെയ്യുകയും ഇൻവോയ്സുകൾ പിന്നീട് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, ബാധകമായ നികുതി നിരക്കിന് എന്ത് സംഭവിക്കും?
2017-ലെ സി.ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 14 (എ)(ഒന്ന്) പ്രകാരം, നികുതി നിരക്ക് മാറുന്നതിന് മുമ്പ് സാധനങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ അവ രണ്ടുമോ വിതരണം ചെയ്യുകയും, നികുതി നിരക്ക് മാറിയതിന് ശേഷം അതിനുള്ള ഇൻവോയ്സ് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, വിതരണ സമയം അതായത് അത്തരം വിതരണത്തിന് നികുതി അടയ്‌ക്കേണ്ട ബാധ്യത തീയതി ഇപ്രകാരമായിരിക്കും:
i.നികുതി നിരക്കിൽ മാറ്റം വന്നതിന് ശേഷമാണ് പണം ലഭിച്ചതെങ്കിൽ, വിതരണ സമയമെന്നത് പണം ലഭിച്ച തീയതിയോ ഇൻവോയ്‌സ് പുറത്തിറക്കിയ തീയതിയോ ആയിരിക്കും, ഇവയിൽ ഏതാണോ ആദ്യം വരുന്നത് അത്.
ii. നികുതി നിരക്കിൽ മാറ്റം വന്നതിന് മുമ്പ് പണം ലഭിച്ചിട്ടുണ്ടെങ്കിൽ, വിതരണ സമയമെന്നത് പണം ലഭിച്ച തീയതിയായിരിക്കും.
5.ഞാൻ സാധനങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ രണ്ടുമോ വിതരണം ചെയ്യുന്നതിനായി മുൻകൂർ തുക സ്വീകരിച്ചിട്ടുണ്ടെങ്കിലും,വിതരണം പൂർത്തിയാവുകയോ ഇൻവോയ്‌സ് നൽകുകയോ ചെയ്തിട്ടില്ലെങ്കിലോ ബാധകമായ ജി.എസ്.ടി നിരക്ക് എന്തായിരിക്കും?
വിതരണ സമയത്തെ വ്യവസ്ഥകൾക്കനുസൃതമായാണ് ജി.എസ്.ടി നിരക്ക് നിർണ്ണയിക്കുക. (2017 ലെ സി.ജി.എസ്.ടി നിയമം, വകുപ്പ് 14 കാണുക).
6. ജി.എസ്.ടിനിരക്കുകളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടത്തിയ വാങ്ങലുകൾക്ക് ലഭിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി)ന് എന്ത് സംഭവിക്കും? എനിക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഐ.ടി.സി ലഭ്യമാവുമോ?
സി.ജി.എസ്.ടി നിയമത്തിലെ 16(1) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു വ്യക്തിയ്ക്ക് തന്റെ ബിസിനസ്സിന്റെ ഗതിയിലോ ഉന്നമനത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ആഭ്യന്തര വിതരണങ്ങളിൽ ഈടാക്കുന്ന നികുതിയടവിന്റെ ക്രെഡിറ്റ് എടുക്കാൻ അവകാശമുണ്ട്. എന്നാൽ ഇത് നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായും 2017 ലെ സി.ജി.എസ്.ടി നിയമത്തിലെ 49-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള രീതിയിലും, അയാളുടെ ഇ-ക്രെഡിറ്റ് ലെഡ്ജറിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
അതനുസരിച്ച് രജിസ്റ്റർ ചെയ്ത വ്യക്തി ആഭ്യന്തര വിതരണം സ്വീകരിക്കുമ്പോൾ, അതിന് ആ സമയത്ത് നിലവിലുണ്ടായിരുന്ന ജി.എസ്.ടി നിരക്ക് പ്രകാരം നികുതി കൃത്യമായി ഈടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അങ്ങനെ നികുതിയടച്ചതിനുള്ള ക്രെഡിറ്റ് ലഭിക്കാനുള്ള അർഹത ആ വ്യക്തിയ്ക്കുണ്ട്. എന്നാൽ 2017-ലെ സി.ജി.എസ്.ടി നിയമത്തിലെ 49-ാം വകുപ്പ് പ്രകാരം നിർദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും.
7. സാധനങ്ങളുടെ ഇറക്കുമതിയിൽ ഐ.ജി.എസ്.ടി നിരക്കിന്റെ സ്വാധീനം എന്തായിരിക്കും?
ഇറക്കുമതി ചെയ്ത സാധനങ്ങളുടെ ഐ.ജി.എസ്.ടി നിരക്ക് പ്രത്യേകമായി ഒഴിവാക്കിയിട്ടുള്ള ഇടങ്ങൾ ഒഴികെ, നിരക്ക് വിജ്ഞാപനത്തിൽ അറിയിച്ചിരിക്കുന്ന ജി.എസ്.ടി നിരക്കുകളായിരിക്കും.
8. 2025 സെപ്റ്റംബർ 22-നോ അതിനുശേഷമോ നടത്തിയ സാധനങ്ങളുടെയും സേവനങ്ങളുടെയും പുറത്തേക്കുള്ള വിതരണത്തിന്റെ ജി.എസ്.ടി നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ അതിന് മുമ്പ് ഉയർന്ന നിരക്കിൽ അടച്ച ജി.എസ്.ടി കാരണം എന്റെ ലെഡ്ജറിൽ ഐ.ടി.സി ക്രെഡിറ്റ് സഞ്ചയിച്ചിട്ടുണ്ട്. എനിക്ക് അത്തരം ക്രെഡിറ്റ് ഉപയോഗിക്കുന്നത് തുടരാനാകുമോ?
ഇ-ക്രെഡിറ്റ് ലെഡ്ജറിൽ കൃത്യമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാക്കിയാൽ, സി.ജി.എസ്.ടി നിയമത്തിലെ 49-ാം വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകളും അതനുസരിച്ചുള്ള നിയമങ്ങളും അനുസരിച്ച്, ഏതെങ്കിലും ഔട്ട്പുട്ട് ടാക്‌സ് ബാധ്യത തീർക്കാൻ അത് ഉപയോഗിക്കാം.
9. പുതിയ നിരക്ക് ഷെഡ്യൂൾ പ്രകാരം എന്റെ ബാഹ്യ വിതരണം ഒഴിവാക്കിയിട്ടുണ്ട് . പക്ഷേ എന്റെ ലെഡ്ജറിൽ ഇതിനകം തന്നെ ജിഎസ്ടിയുടെ ഐടിസി അടച്ചിട്ടുണ്ട്. അത് ഞാൻ പുതുക്കേണ്ടതുണ്ടോ?
2025 സെപ്റ്റംബർ 21 വരെ നടത്തിയ സാധനങ്ങളുടെയോ സേവനങ്ങളുടെയോ അല്ലെങ്കിൽ രണ്ടിന്റെയും വിതരണങ്ങളുടെ ബാഹ്യ ബാധ്യത തീർക്കാൻ ഐടിസി ഉപയോഗിക്കാം. എന്നിരുന്നാലും, നിരക്ക് മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ, അതായത് 2025 സെപ്റ്റംബർ 22-നോ അതിനുശേഷമോ നടത്തിയ വിതരണങ്ങൾക്ക്, 2017 ലെ സി.ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഐ.ടി.സി പുതുക്കേണ്ടി വരും.
10. വിജ്ഞാപനം ചെയ്ത് പ്രകാരം പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്ന തീയതി വരെ നടപ്പിലാക്കിയ സപ്ലൈകൾക്ക് വിപരീത തീരുവ ഘടനയിൽ നിന്ന് ഉണ്ടാകുന്ന സഞ്ചിത ക്രെഡിറ്റിന്റെ റീഫണ്ട് സ്വീകരിക്കാൻ എനിക്ക് അനുവാദമുണ്ടോ?
31.03.2020 (ഭേദഗതി പ്രകാരം) തീയതിയിലുള്ള 135/05/2020 ജി.എസ്.ടി നമ്പർ ഉത്തരവ് വഴി പ്രസ്തുത വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്, അതിൽ ബാഹ്യവിതരണത്തിന്റെ നികുതി നിരക്കിനേക്കാൾ ഇൻപുട്ടുകൾക്ക് നികുതി നിരക്ക് കൂടുതലായതിനാൽ ക്രെഡിറ്റ് സമാഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, സി.ജി.എസ്.ടി നിയമത്തിലെ 54(3) വകുപ്പിലെ ആദ്യ വ്യവസ്ഥയിലെ (ii)ാം വകുപ്പ് പ്രകാരം സഞ്ചിത ഐ.ടി.സിയുടെ തിരിച്ചടവ് ലഭ്യമാകുമെന്ന് ഇത് പ്രസ്താവിക്കുന്നു. എന്നിരുന്നാലും, അത്തരം സന്ദർഭങ്ങളിൽ ഇൻപുട്ടും ഔട്ട്പുട്ടും ഒന്നുതന്നെയാണെങ്കിലും, വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നികുതി നിരക്കുകൾ ഈടാക്കുന്നുണ്ടെങ്കിലും, കേന്ദ്ര ചരക്കു സേവന നികുതി നിയമത്തിലെ 54-ാം വകുപ്പിലെ ഉപവകുപ്പ് (3)ന്റെ ഒന്നാം വ്യവസ്ഥയുടെ നിബന്ധന(ii) -ലെ വ്യവസ്ഥകൾക്ക് കീഴിൽ ഇത് ഉൾപ്പെടുന്നില്ല.
11. ജി.എസ്.ടി നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരുന്ന തീയതിയിൽ എന്റെ കൈവശം ശേഖരമുണ്ടെങ്കിൽ, ഞാൻ പുതുക്കിയ നിരക്ക് പ്രയോഗിക്കണോ?
വിതരണത്തിന് മേലാണ് ചരക്കു സേവന നികുതി ചുമത്തുന്നത്. അതിനാൽ, പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതിന് ശേഷം സാധനങ്ങളോ, സേവനങ്ങളോ ഇവ രണ്ടുമോ വിതരണം ചെയ്താൽ അവയുടെ പുറത്തേക്കുള്ള വിതരണത്തിന് പുതിയ ജി.എസ്.ടി നിരക്കാണ് ബാധകമാവുക.
12. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ, ഗതാഗതത്തിലിരിക്കുന്ന സാധനങ്ങൾക്ക് ഇ-വേ ബില്ലുകൾ റദ്ദാക്കുകയും പുതുതായി തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ടോ?
2017 ലെ സി.ജി.എസ്.ടി നിയമങ്ങളിലെ ചട്ടം 138 പ്രകാരം, സാധനങ്ങളുടെ വിതരണം/ഗതാഗതം ആരംഭിക്കുന്നതിന് മുമ്പ് ഇ-വേ ബിൽ തയ്യാറാക്കണം. അതിനാൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ ഗതാഗതത്തിലുള്ള സാധനങ്ങൾക്ക് ഇ-വേ ബില്ലുകൾ റദ്ദാക്കി പുതുതായി തയ്യാറാക്കണമെന്നത് നിർബന്ധമില്ല. നിലവിൽ ഗതാഗതത്തിലുള്ള ഇ-വേ ബില്ലുകൾ അവയുടെ യഥാർത്ഥ സാധുതാകാലയളവ് അനുസരിച്ച് സാധുവായി തുടരും.
13. യു.എച്ച്.ടി (അൾട്രാ ഹൈ ടെമ്പറേച്ചർ) പാലിനുള്ള ഇളവിൽ സസ്യാധിഷ്ഠിത പാലിനെയും ഉൾപ്പെടുത്തുമോ?
യു.എച്ച്.ടി പാൽ ഒഴികെയുള്ള എല്ലാ പാലുൽപ്പന്നങ്ങളെയും ഇതിനകം ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ സമാനമായ ഉൽപ്പന്നങ്ങൾക്ക് ഒരേ നികുതി പരിഗണന നൽകുന്നതിനായി യു.എച്ച്.ടി പാലിനെയും ഒഴിവാക്കി. സോയ പാൽ പാനീയങ്ങൾ ഒഴികെയുള്ള സസ്യാധിഷ്ഠിത പാൽ പാനീയങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കിയപ്പോൾ സോയ പാൽ പാനീയത്തിന് 12 ശതമാനം ജി.എസ്.ടി ഈടാക്കി. സസ്യാധിഷ്ഠിത പാൽ പാനീയങ്ങളുടെയും സോയ പാൽ പാനീയങ്ങളുടെയും ജി.എസ്.ടി നിരക്ക് ഇപ്പോൾ അഞ്ച് ശതമാനമായി കുറച്ചു.
14. 'മറ്റ് നോൺ-ആൽക്കഹോളിക് പാനീയങ്ങൾക്ക്' 40 ശതമാനം നിരക്ക് ഏർപ്പെടുത്താനുള്ള കാരണം എന്താണ്?
സമാനമായ ഉൽപ്പന്നങ്ങൾ ഒരേ നികുതി നിരക്കിൽ നിലനിർത്തുക എന്നതാണ് സമീപകാല നിരക്ക് ഏകീകരണ പ്രക്രിയയ്ക്ക് പിന്നിലെ തത്വം. ഇതിലൂടെ തെറ്റായ വർഗ്ഗീകരണത്തിന്റെയും തർക്കങ്ങളുടെയും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇതേ തത്വം തന്നെയാണ് 'മറ്റ് നോൺ-ആൽക്കഹോളിക് പാനീയങ്ങൾക്കും' ബാധകമാക്കിയിട്ടുള്ളത്.
15. മറ്റെവിടെയുമുള്ള പട്ടികകളിൽ വ്യക്തമാക്കിയിട്ടില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ ജി.എസ്.ടി നിരക്ക് എന്താണ്?
മറ്റൊരു പട്ടികകളിലും പരാമർശിച്ചിട്ടില്ലാത്ത ഭക്ഷ്യ വിഭവങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി നിരക്ക് ബാധകമാകും.
16. ഇന്ത്യൻ ബ്രെഡ്ഡിന്റെ ചില പ്രത്യേകയിനങ്ങൾക്ക് മാത്രം ജി.എസ്.ടി നിരക്ക് പരിഷ്‌കരിക്കാനുള്ള കാരണം എന്താണ്?
പിസ്സ ബ്രെഡ്, റൊട്ടി, പൊറോട്ട, പരാത്ത തുടങ്ങിയവയ്ക്ക് വ്യത്യസ്ത നിരക്കുകൾ ഉണ്ടായിരുന്നെങ്കിലും, ബ്രഡ്ഡിനെ ജി.എസ്.ടിയിൽ നിന്ന് ഇതിനകം ഒഴിവാക്കിയിരുന്നു. ഉദാഹരണമാതൃകകളായി കുറച്ച് ഉൽപ്പന്നങ്ങൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെങ്കിലും, ഏത് പേരിലും വിശേഷിപ്പിക്കപ്പെടുന്ന എല്ലാ ഇന്ത്യൻ ബ്രെഡ്ഡുകളെയും ഇപ്പോൾ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
17. പഴപാനീയങ്ങളിലെ കാർബണേറ്റഡ് പാനീയങ്ങളുടെയും, പഴച്ചാറുകൾ ചേർത്ത കാർബണേറ്റഡ് പാനീയങ്ങളുടെയും നിരക്ക് എന്തുകൊണ്ടാണ് വർദ്ധിപ്പിച്ചത്?
ഈ ഉത്പ്പന്നങ്ങൾക്ക് മേൽ ജി.എസ്.ടിക്ക് പുറമേ നഷ്ടപരിഹാര സെസും ബാധകമായിരുന്നു. എന്നാൽ നഷ്ടപരിഹാര സെസ് പിരിവ് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനാൽ, ഏകീകൃത നിരക്കിന് മുമ്പ് യുക്തിവത്കരണ നിലവാരം നിലനിർത്തുന്നതിനാണ് നികുതി വർദ്ധിപ്പിച്ചത്.
18. പനീറിനും മറ്റ് പാൽക്കട്ടികളുടെയും ഇടയിൽ വ്യത്യസ്തമായ നികുതി പരിഗണന എന്തുകൊണ്ട്?
നിരക്ക് യുക്തിവത്കരണത്തിന് മുമ്പ്, പ്രീ-പാക്കേജ് ചെയ്തതും ലേബൽ ചെയ്തതുമായ രൂപത്തിൽ അല്ലാതെ വിൽക്കുന്ന പനീറിന്റെ കാര്യത്തിൽ മാത്രമാണ് നികുതി നിരക്ക് ഒഴിവാക്കിയിരുന്നത്. അതിനാൽ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ രൂപത്തിൽ വിതരണം ചെയ്യുന്ന പനീറിന്റെ കാര്യത്തിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പനീർ ഒരു ഇന്ത്യൻ കുടിൽ വ്യവസായ ഉത്പന്നമാണ്. ഇത് പ്രധാനമായും ചെറുകിട മേഖലയിലാണ് ഉത്പാദിപ്പിക്കുന്നത്. ദേശീയ കുടിൽ വ്യവസായ നിർമിത പാൽക്കട്ടികൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നടപടി.
19. പ്രകൃതിദത്ത തേനിനും കൃത്രിമ തേനിനും വ്യത്യസ്ത നികുതി ചുമത്തുന്നതിന്റെ കാരണം എന്താണ്?
ഇത് പ്രകൃതിദത്ത തേനിനെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
20. എല്ലാ കാർഷിക യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും ജി.എസ്.ടി നിരക്ക് കുറച്ചോ?
സ്പ്രിങ്ക്ലറുകൾ, ഡ്രിപ്പ് ജലസേചന സംവിധാനം, മണ്ണൊരുക്കലിനും കൃഷിക്കും ഉപയോഗിക്കുന്ന യന്ത്രങ്ങൾ, പുൽത്തകിടികൾക്കും കളിസ്ഥലങ്ങൾക്കും ഉപയോഗിക്കുന്ന നിരപ്പുയന്ത്രങ്ങള്‍, വിളവെടുപ്പ് - മെതിക്കൽ യന്ത്രങ്ങൾ (പുല്ല്, വൈക്കോൽ കെട്ടുകളാക്കുന്നവ ഉൾപ്പെടെ), പുല്ലുവെട്ട് യന്ത്രങ്ങൾ, കൃഷിയ്ക്കും തോട്ടക്കൃഷിയ്ക്കും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കോഴിവളർത്തലിനും തേനീച്ചവളർത്തലിനും ഉപയോഗിക്കുന്ന മറ്റ് യന്ത്രങ്ങൾ, കമ്പോസ്റ്റ് യന്ത്രങ്ങൾ എന്നിവയ്ക്കാണ് ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരിക്കുന്നത്.
21. കൃഷിക്ക് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ എന്തുകൊണ്ടാണ് ജിഎസ്ടിയില്‍നിന്ന് പൂർണമായി ഒഴിവാക്കാതിരുന്നത്?
വിവിധ ഉപഭോക്താക്കളെയും നിർമാതാക്കളെയും ഒരുപോലെ പരിഗണിക്കുക എന്ന ലക്ഷ്യത്തോടെയാണ് നികുതി നിരക്കിൽ മാറ്റം വരുത്തുന്നത്. കർഷകർക്ക് ആശ്വാസം നൽകുന്നതിനൊപ്പം രാജ്യത്തെ ഉല്പാദകരെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കാർഷിക യന്ത്രങ്ങൾക്ക് നികുതി പൂർണമായി ഒഴിവാക്കിയാൽ അവയുടെ നിർമാതാക്കൾക്കും വില്പനക്കാര്‍ക്കും അസംസ്കൃത വസ്തുക്കൾക്ക് നൽകിയ ജി.എസ്.ടി.യുടെ നികുതിയിളവ് ലഭിക്കാതെ വരികയും ലഭിച്ച നികുതിയിളവ് തിരിച്ചടക്കേണ്ടിവരികയും ചെയ്യും. ഇത് അവരുടെ യഥാർത്ഥ നികുതി ബാധ്യതയും ഉല്പാദനച്ചെലവും വർധിപ്പിക്കുന്നതിലൂടെ അധികച്ചെലവ് ഉയർന്ന വിലയുടെ രൂപത്തിൽ കർഷകരിലേക്ക് എത്തിയേക്കാം. അത് നികുതിയിളവ് എന്ന നടപടിയെ നിഷ്ഫലമാക്കും.
22. മരുന്നുകളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
സൗജന്യ നികുതി നിരക്ക് നിശ്ചയിച്ച മരുന്നുകളൊഴികെ എല്ലാ മരുന്നുകൾക്കും ഔഷധങ്ങൾക്കും നികുതിയിളവോടെ 5% ജി.എസ്.ടി. നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. .
23. എന്തുകൊണ്ടാണ് എല്ലാ മരുന്നുകൾക്കും ജി.എസ്.ടി.യിൽ നിന്ന് പൂർണ ഇളവ് നൽകാത്തത്?
മരുന്നുകൾക്ക് പൂർണമായി നികുതി ഒഴിവാക്കിയാൽ നിർമാതാക്കൾക്കും വില്പനക്കാര്‍ക്കും അസംസ്കൃത വസ്തുക്കൾക്ക് നൽകിയ ജി.എസ്.ടി.യുടെ നികുതിയിളവ് ലഭിക്കാതെ വരും. കൂടാതെ ലഭിച്ച നികുതിയിളവ് തിരികെ നൽകേണ്ടതായും വരും. ഇത് അവരുടെ യഥാർത്ഥ നികുതി ബാധ്യതയും ഉല്പാദനച്ചെലവും വർധിപ്പിക്കും. ഈ അധികച്ചെലവ് ഉയർന്ന വിലയായി രോഗികളിലേക്ക് എത്തിയേക്കാം. അത് നികുതിയിളവ് എന്ന ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കും.
24. 5% ജി.എസ്.ടി നിരക്ക് എല്ലാ മെഡിക്കൽ ഉപകരണങ്ങൾക്കും ബാധകമാണോ?
സൗജന്യ നികുതി നിരക്ക് നിശ്ചയിച്ചവയൊഴികെ മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെറ്ററിനറി ആവശ്യങ്ങൾക്കുപയോഗിക്കുന്ന എല്ലാ മെഡിക്കൽ ഉപകരണങ്ങൾക്കും യന്ത്രങ്ങൾക്കും മറ്റ് സാമഗ്രികള്‍ക്കും 5% ജി.എസ്.ടി. നിരക്ക് ബാധകമാണ്.
25. എന്തുകൊണ്ടാണ് മെഡിക്കൽ ഉപകരണങ്ങളുടെ ജി.എസ്.ടി. നിരക്ക് കുറച്ചത്? ഇത് 'വിപരീത നികുതി ഘടന’യ്ക്ക് കാരണമാകില്ലേ?
ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കാനും അതുവഴി രോഗികൾക്ക് - പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് - പ്രയോജനം ചെയ്യാനുമാണ് ഈ നടപടി. നിലവിലുള്ളത് വിപരീത നികുതി ഘടനയായതിനാല്‍ ഈ നടപടി പുതിയ ഘടന സൃഷ്ടിക്കുന്നില്ല. ഇത് വിപരീതാഘാതത്തിന്റെ ആഴം കൂട്ടിയേക്കാം. എങ്കിലും ജി.എസ്.ടി. പ്രകാരം 'വിപരീത നികുതി ഘടന' മൂലം കൂടുതലായി ലഭിക്കുന്ന നികുതിയിളവിന്റെ തുക നിർമാതാക്കൾക്ക് ലഭ്യമാണ്. അതിവേഗം തുക തിരിച്ചുകിട്ടാനാവശ്യമായ പരിഷ്കാരങ്ങളും ജി.എസ്.ടി. സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
26. ചെറിയ പെട്രോൾ, എൽ.പി.ജി, സി.എൻ.ജി, ഡീസൽ കാറുകൾക്ക് പരിഷ്കരിച്ച ജി.എസ്.ടി. നിരക്ക് എത്രയാണ്? ചെറിയ കാറുകൾ എന്ന വിഭാഗത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് ഉള്‍പ്പെടുന്നത്?
എല്ലാ ചെറു കാറുകളുടെയും ജി.എസ്.ടി. നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ജി.എസ്.ടി നിർവചന പ്രകാരം 1200 സി.സി. വരെ എൻജിൻ ശേഷിയും 4000 മില്ലിമീറ്റർ വരെ നീളവുമുള്ള പെട്രോൾ, എൽ.പി.ജി., സി.എൻ.ജി. കാറുകളും, 1500 സി.സി. വരെ എൻജിൻ ശേഷിയും 4000 മില്ലിമീറ്റർ വരെ നീളവുമുള്ള ഡീസൽ കാറുകളുമാണ് 'ചെറു കാറുകൾ' എന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.
27. 1500 സി.സി.യിൽ കൂടുതലോ 4000 മില്ലിമീറ്ററിലധികം നീളമുള്ളതോ ആയ വാഹനങ്ങൾക്ക് പുതിയ ജി.എസ്.ടി. നിരക്ക് എത്രയാണ്? വിവിധോപയോഗ വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
1500 സി.സി.യിൽ കൂടുതലോ 4000 മില്ലിമീറ്ററിലേറെ നീളമുള്ളതോ ആയ എല്ലാ ഇടത്തരം, വലിയ കാറുകളുടെയും ജി.എസ്.ടി. നിരക്ക് 40 ശതമാനമാണ്. കൂടാതെ 1500 സി.സി.യിൽ കൂടുതല്‍ എൻജിൻ ശേഷിയും 4000 മില്ലിമീറ്ററിലേറെ നീളവും 170 മില്ലിമീറ്ററോ അതിലധികമോ ഗ്രൗണ്ട് ക്ലിയറൻസുമുള്ള വിവിധോപയോഗ വാഹനങ്ങൾ (സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ - എസ്.യു.വി., മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ - എം.യു.വി., മൾട്ടി പർപ്പസ് വെഹിക്കിൾസ് - എം.പി.വി., ക്രോസ്-ഓവർ യൂട്ടിലിറ്റി വെഹിക്കിൾസ് - എക്സ്.യു.വി. എന്നിവ ഉൾപ്പെടെ) ഏത് പേരിൽ അറിയപ്പെട്ടാലും അവയ്ക്കും സെസ് ഇല്ലാതെ 40 ശതമാനം ജി.എസ്.ടി. നിരക്ക് ബാധകമായിരിക്കും.
28. മുച്ചക്ര വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
എച്ച്.എസ്.എൻ. 8703 എന്ന വിഭാഗത്തിൽപ്പെടുന്ന മുച്ചക്ര വാഹനങ്ങൾക്ക് 18 ശതമാനമാണ് ജി.എസ്.ടി. നിരക്ക്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
29. ഡ്രൈവർ ഉൾപ്പെടെ 10 പേരോ അതിലധികമോ പേരെ കൊണ്ടുപോകാനാകുന്ന ബസ്സ് പോലുള്ള വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
ഡ്രൈവർ ഉൾപ്പെടെ പത്തോ അതിലധികമോ പേരെ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത എച്ച്.എസ്.എൻ 8702 വിഭാഗത്തിൽപ്പെടുന്ന എല്ലാ മോട്ടോർ വാഹനങ്ങൾക്കും 18 ശതമാനം ജി.എസ്.ടി. നിരക്ക് ബാധകമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
30. ആംബുലൻസുകളായി നൽകുന്ന വാഹനങ്ങൾക്ക് ജി.എസ്.ടി. നിരക്ക് എത്രയാണ്?
ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ആംബുലൻസിനു വേണ്ട എല്ലാ ഘടകങ്ങളും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ശരിയായി ഘടിപ്പിച്ച് ആംബുലൻസുകളായി നൽകുന്ന മോട്ടോർ വാഹനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി. നിരക്ക് ബാധകമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
31. ലോറികൾ, ട്രക്കുകൾ തുടങ്ങിയ ചരക്കു വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
എച്ച്.എസ്.എൻ 8704 എന്ന വിഭാഗത്തിൽപെടുന്ന ലോറികളും ട്രക്കുകളും ഉള്‍പ്പെടെ ചരക്കുനീക്കത്തിനായി രൂപകൽപന ചെയ്ത മോട്ടോർ വാഹനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി. നിരക്ക് ബാധകമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
32. ട്രാക്ടറുകളുടെ ട്രെയിലറുകൾക്കും സെമി-ട്രെയിലറുകൾക്കും ജി.എസ്.ടി. നിരക്ക് എത്രയാണ്?
1800 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള സെമി-ട്രെയിലറുകളുടെ റോഡ് ട്രാക്ടറുകൾ ഒഴികെ ട്രാക്ടറുകൾക്ക് 5% ജി.എസ്.ടി. നിരക്ക് ബാധകമാണ്. അതേസമയം 1800 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള സെമി-ട്രെയിലറുകളുടെ റോഡ് ട്രാക്ടറുകൾക്ക് 18% ജി.എസ്.ടി. നിരക്ക് ബാധകമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
33. മോട്ടോർസൈക്കിളുകളുടെ ജി.എസ്.ടി. നിരക്ക് എത്രയാണ്?
350 സി.സി. വരെ എൻജിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് 18% ജി.എസ്.ടി. നിരക്ക് ബാധകമാണ്. അതേസമയം, 350 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് 40 ശതമാനമാണ് ജി.എസ്.ടി. നിരക്ക്.
34. 350 സി.സി. വരെ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് 18% ജി.എസ്.ടി. നിരക്കാണോ? 350 സി.സി. മോട്ടോർസൈക്കിളുകൾ ഇതിലുൾപ്പെടുമോ?
350 സി.സി.യിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകൾക്ക് മാത്രമാണ് 40% നിരക്ക് ബാധകം. അതിനാൽ 350 സി.സിയോ അതിൽ താഴെയോ എൻജിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകളുടെ ജി.എസ്.ടി. നിരക്ക് 18% ആണ്.
35. നിലവിൽ ഇടത്തരം, വലിയ കാറുകൾക്ക് 28% ജി.എസ്.ടി.യും 17 മുതല്‍ 22 ശതമാനം വരെ നികുതി നഷ്ടപരിഹാര സെസും ചേർത്ത് 45 മുതല്‍ 50% വരെയായിരുന്നു ആകെ നികുതി. പുതിയ നിരക്ക് എത്രയായിരിക്കും?
ഇടത്തരം, വലിയ കാറുകൾക്ക് പുതിയ ജി.എസ്.ടി. നിരക്ക് നഷ്ടപരിഹാര സെസ് ഇല്ലാതെ 40% ആയിരിക്കും.
36. സൈക്കിളുകള്‍ക്കും അവയുടെ ഭാഗങ്ങൾക്കും ജി.എസ്.ടി. നിരക്ക് കുറച്ചിട്ടുണ്ടോ?
സൈക്കിളുകള്‍ക്കും അവയുടെ ഭാഗങ്ങൾക്കും ജി.എസ്.ടി. നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.
37. ചെറിയ കാർഷിക ട്രാക്ടറുകൾക്ക് ജി.എസ്.ടി.യിൽ നിന്ന് പൂർണമായി ഇളവ് നൽകാത്തത് എന്തുകൊണ്ടാണ്?
ആഭ്യന്തര നിർമാതാക്കളെ നിരുത്സാഹപ്പെടുത്താതെ തന്നെ കർഷകർക്ക് ആശ്വാസമേകുകയാണ് ഇതിന്റെ ലക്ഷ്യം. ചെറു ട്രാക്ടറുകൾക്ക് പൂർണമായി നികുതി ഒഴിവാക്കുന്നത് വിപരീതഫലം നൽകും. ഒരു ഉല്പന്നം നികുതിരഹിതമാണെങ്കില്‍ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്ക് നൽകിയ നികുതിയുടെ ഇളവ് വിതരണക്കാർക്ക് അവകാശപ്പെടാനാവില്ല. മാത്രവുമല്ല, ഈ തുക അവർ തിരികെ നൽകേണ്ടി വരും. ഈ അധികച്ചെലവ് നിർമാതാക്കൾ വഹിക്കേണ്ടി വരികയും ചെയ്യും. ഈ ചെലവ് പിന്നീട് ഉയർന്ന വിലയുടെ രൂപത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിയേക്കാം.
38. എന്തുകൊണ്ടാണ് 40 ശതമാനം നികുതി നിരക്കിനെ 'പ്രത്യേക നിരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്? ഉല്പന്നങ്ങളെ ഈ പ്രത്യേക നിരക്കിന് വിധേയമാക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?
ഏതാനും ഹാനികരമായ ഉല്പന്നങ്ങള്‍ക്കും ചില ആഡംബര ഉത്പന്നങ്ങൾക്കും മാത്രം ബാധകമാക്കിയ നികുതി നിരക്കെന്ന നിലയിലാണ് ഇതിനെ 'പ്രത്യേക നിരക്ക്' എന്ന് വിളിക്കുന്നത്. ഈ ഉത്പന്നങ്ങളിൽ ഭൂരിഭാഗത്തിനും ജി.എസ്.ടി. കൂടാതെ നഷ്ടപരിഹാര സെസും ഉണ്ടായിരുന്നു. നഷ്ടപരിഹാര സെസ് പിൻവലിക്കാൻ തീരുമാനിച്ചതിനാൽ മിക്ക ഉത്പന്നങ്ങളുടെയും നികുതി നിലനിർത്താന്‍ നഷ്ടപരിഹാര സെസ് നിരക്ക് ജി.എസ്.ടി.യുമായി ലയിപ്പിക്കുകയാണ്. മറ്റ് ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ നിലവിലെ ഉയർന്ന ജി.എസ്.ടി. നിരക്കായ 28% ബാധകമായവയ്ക്കാണ് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയത്.
39. വുഡ് പൾപ്പിന് വ്യത്യസ്ത നികുതി നിരക്കുകൾക്കുള്ള കാരണം എന്താണ്?
കടലാസും തുണിത്തരങ്ങളും നിർമ്മിക്കാൻ തടിയരച്ച് ഉണ്ടാക്കുന്ന കുഴമ്പ് (wood pulp) ഉപയോഗിക്കുന്നു. പേപ്പർ ശൃംഖലയും ടെക്സ്റ്റൈൽ ശൃംഖലയും വെവ്വേറെ പ്രവർത്തിക്കുന്നു. ടെക്സ്റ്റൈൽ മേഖലയിൽ മറ്റ് തുണിത്തരങ്ങളുമായി തുല്യത നിലനിർത്തുന്നതിനായാണ് നികുതി വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുള്ളത്.
40. അസംസ്കൃത പരുത്തിയിൽ GST നീക്കം ചെയ്യാത്തത് എന്തുകൊണ്ട്?
നിലവിൽ, പരുത്തി റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ GST ബാധിക്കുന്നു. അതായത്, കർഷകർ അസംസ്കൃത പരുത്തി വിതരണം ചെയ്യുമ്പോൾ GST നൽകേണ്ടതില്ല. GST യിൽ പരുത്തിക്ക് നികുതി ചുമത്താനുള്ള കാരണം ഇൻപുട്ട് ക്രെഡിറ്റ് ശൃംഖലയിലെ തകർച്ച ഒഴിവാക്കുക എന്നതാണ്, കൂടാതെ പരുത്തിക്ക് നൽകുന്ന GST ടെക്സ്റ്റൈൽ വ്യവസായത്തിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി ലഭ്യമാണ്. ഇത് ആത്യന്തികമായി ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും.
41. ടെക്സ്റ്റൈൽ മേഖലയെ സംബന്ധിച്ചിടത്തോളം, കെമിക്കൽ ഡൈകൾ, പ്ലാസ്റ്റിക്കുകൾ, ലോഹങ്ങൾ, മെറ്റലൈസ് ചെയ്ത നൂലിൽ ഉപയോഗിക്കുന്ന റബ്ബർ, സിപ്പറുകൾ, ഇലാസ്റ്റിക്സ്, റബ്ബറൈസ്ഡ് നൂൽ, ഇലാസ്റ്റിക് കവർ ചെയ്ത നൂൽ, അലങ്കാരങ്ങൾ മുതലായവയുടെ നിരക്ക് കുറയ്ക്കാത്തത് എന്തുകൊണ്ട്?
മനുഷ്യനിർമ്മിത മൂല്യ ശൃംഖലയിലെ വൈപരീത്യം ശരിയാക്കുക എന്നതാണ് നിരക്ക് യുക്തിസഹമാക്കുന്ന പ്രവർത്തനത്തിന്റെ ലക്ഷ്യം. ഇത് ഫൈബർ ന്യൂട്രൽ നയവുമായി പൊരുത്തപ്പെടുന്നു. എന്നിരുന്നാലും, ലിസ്റ്റുചെയ്തിരിക്കുന്ന ഇനങ്ങൾ വിവിധോപയോഗ ഉൽപ്പന്നങ്ങളാണ്. ഈ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് അന്തിമ ഉപയോഗ-അധിഷ്ഠിത സംവിധാനം ആവശ്യമായി വരും. ഇത് അന്തിമ ഉപയോഗ-അധിഷ്ഠിത ഇളവുകളിൽ നിന്ന് മാറുക എന്ന നിലവിലെ നയത്തിന് വിരുദ്ധമാണ്.
42. പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ തുടങ്ങിയ പ്ലാസ്റ്റിക് ഘടകങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നതിനാൽ ജിയോടെക്സ്റ്റൈൽസ്, അഗ്രോ-ടെക്സ്റ്റൈൽസ് തുടങ്ങിയ സാങ്കേതിക തുണിത്തരങ്ങൾ കൂടുതൽ തിരിച്ചടിയായി മാറുമോ?
ഇന്ത്യ അംഗീകരിച്ച ലോക കസ്റ്റംസ് ഓർഗനൈസേഷന്റെ ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമെൻക്ലേച്ചറിന്റെ അടിസ്ഥാനത്തിൽ ജിയോടെക്സ്റ്റൈൽസ്, അഗ്രോ-ടെക്സ്റ്റൈൽസ് തുടങ്ങിയ സാങ്കേതിക തുണിത്തരങ്ങളെ പ്ലാസ്റ്റിക്കുകളായല്ല മറിച്ച് തുണിത്തരങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. വൈപരീത്യം കൂടുതൽ ആഴത്തിലായേക്കാം, എന്നാൽ ജി എസ് ടി പ്രകാരം, വിപരീത തീരുവ മൂലമുള്ള സഞ്ചിത ക്രെഡിറ്റിന്റെ റീഫണ്ട് ലഭ്യമാണ്. അതിനാൽ, റീഫണ്ട് വഴിയുള്ള സഞ്ചിത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിർവീര്യമാക്കുന്നു. റീഫണ്ടുകളുടെ വേഗത്തിലുള്ള അനുമതി ഉറപ്പാക്കുന്നതിന് പ്രക്രിയ പരിഷ്കരണം സഹായിക്കും.
43. പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച മറ്റ് തുണിത്തരങ്ങളുടെ റീഫണ്ടിന് മറ്റ് നിയന്ത്രണങ്ങളൊന്നുമില്ലാത്തപ്പോൾ, മെറ്റലൈസ് ചെയ്ത പ്ലാസ്റ്റിക് ഫിലിം കൊണ്ട് നിർമ്മിച്ച ഇമിറ്റേഷൻ സാരിയിലെ വിപരീത തീരുവ ഘടനയുടെ റീഫണ്ട് നിയന്ത്രിക്കുന്നത് എന്തുകൊണ്ട്?
ഇമിറ്റേഷൻ സാരിയിലെ പ്ലാസ്റ്റിക്/പോളിസ്റ്റർ ഫിലിമിന് ഐടിസി പരിമിതപ്പെടുത്താനുള്ള തീരുമാനം 52-ാമത് കൗൺസിൽ യോഗത്തിലാണ് എടുത്തത്. ഈ ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്ന പ്രവർത്തനത്തിന്റെ ലക്ഷ്യം ജിഎസ്ടി നിരക്കുകൾ കാര്യക്ഷമമാക്കുക എന്നതാണ്.
44. ടോയ്ലറ്റ് ബാർ സോപ്പിന്റെ പുതിയ ജി എസ് ടി നിരക്ക് എന്താണ്? ലിക്വിഡ് സോപ്പും ബാർസോപ്പും തമ്മിൽ വ്യത്യാസം നിലനിർത്തിയിരിക്കുന്നത് എന്തുകൊണ്ട്?
ടോയ്ലറ്റ് സോപ്പ് ബാറിന്റെ പുതിയ ജി എസ് ടി നിരക്ക് 5% ആണ്. ഇതിലൂടെ താഴ്ന്ന മധ്യവർഗത്തിനും സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും പ്രതിമാസ ചെലവ് കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
45. ഫേസ് പൗഡറിനും ഷാംപൂവിനും ജിഎസ്ടി കുറയ്ക്കുന്നതിന്റെ കാരണം എന്താണ്? ഇത് ബഹുരാഷ്ട്ര കമ്പനികൾക്കും ആഡംബര ബ്രാൻഡുകൾക്കും ഗുണം ചെയ്യില്ലേ?
ജനസംഖ്യയിലെ മിക്കവാറും എല്ലാ വിഭാഗങ്ങൾക്കും ഈ ഉൽപ്പന്നങ്ങൾ ദൈനംദിന ഉപയോഗ ഇനങ്ങളാണ്. ബഹുരാഷ്ട്ര കമ്പനികളും ആഡംബര ബ്രാൻഡുകളും വിൽക്കുന്ന വിലകൂടിയ ഫേസ് പൗഡറിനും ഷാംപൂവിനും ഗുണം ലഭിക്കുമെങ്കിലും, നിരക്ക് യുക്തിസഹമാക്കുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം നികുതി ഘടന കൂടുതൽ ലളിതമാക്കുക എന്നതാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബ്രാൻഡിനെയോ മൂല്യത്തെയോ അടിസ്ഥാനമാക്കിയുള്ള നികുതി ഏർപ്പെടുത്തുന്നത് ഭരണത്തിന് വെല്ലുവിളികൾ ഉയർത്തുന്നതിനൊപ്പം നികുതി ഘടനയിൽ സങ്കീർണ്ണത സൃഷ്ടിക്കും.
46. ഫേസ് പൗഡർ, ഷേവിംഗ് ക്രീം തുടങ്ങിയ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് മാത്രം ജിഎസ്ടി കുറച്ചത് എന്തുകൊണ്ട്?
ജനസംഖ്യയിലെ മിക്ക വിഭാഗങ്ങളും ദൈനംദിനം ഉപയോഗിക്കുന്ന ഇനങ്ങളായ ചില ഉൽപ്പന്നങ്ങൾക്ക് മാത്രം ജിഎസ്ടി നിരക്ക് 5% ആയി കുറച്ചു.
47. ഡെന്റൽ ഫ്ലോസ് പോലെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മൗത്ത് വാഷിന്റെ ജിഎസ്ടി കുറയ്ക്കാത്തത് എന്തുകൊണ്ട്?
അടിസ്ഥാന ദന്ത ശുചിത്വ ഉൽപ്പന്നങ്ങളുടെ സ്വഭാവത്തിലുള്ള ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഡെന്റൽ ഫ്ലോസ് എന്നിവയുടെ ജിഎസ്ടി നിരക്ക് 5% ആയി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു.
48. കൽക്കരിയുടെ ജിഎസ്ടി നിരക്ക് വർദ്ധിപ്പിച്ചത് എന്തുകൊണ്ട്? ഇത് വൈദ്യുതി ചെലവിനെ ബാധിക്കില്ലേ?
നിരക്ക് യുക്തിസഹമാക്കുന്നതിന് മുമ്പ് കൽക്കരി 5% ജിഎസ്ടി + ടണ്ണിന് 400 രൂപ നഷ്ടപരിഹാര സെസ് ഈടാക്കി. നഷ്ടപരിഹാര സെസ് അവസാനിപ്പിക്കാൻ കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്, അതിനാൽ നിരക്ക് ജിഎസ്ടിയിൽ ലയിപ്പിച്ചു. ഇതിന് അധിക ബാധ്യതയില്ല.
49. ബീഡി തെറുക്കുന്ന ഇലകളുടെ ജിഎസ്ടി നിരക്ക് കുറച്ചിട്ടുണ്ടോ? നിരക്ക് കുറച്ചത് എന്തുകൊണ്ട്?
പുകയിലക്ക് ഇതിനകം 5% ആയതിനാൽ ബീഡി തെറുക്കുന്ന ഇലകളുടെ (tendu leaves) ജിഎസ്ടി നിരക്ക് 5% ആയി കുറച്ചു. ടെൻഡു ഇലകളും ഒരു ചെറിയ വന ഉൽപ്പന്നമാണ്.
50. പുനരുപയോഗ ഊർജ്ജ ഉപകരണങ്ങളുടെ ജിഎസ്ടി നിരക്ക് എന്താണ്?
12% ആയിരുന്ന പുനരുപയോഗ ഊർജ്ജ ഉപകരണങ്ങളുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചു.
51. പുനരുപയോഗ ഊർജ്ജ ഉപകരണങ്ങളുടെ GST നിരക്ക് കുറച്ചത് എന്തുകൊണ്ട്? ഇത് വിപരീത തീരുവ ഘടനയിലേക്ക് നയിക്കില്ലേ?
ഈ ഉൽപ്പന്നങ്ങൾ ഇതിനകം വിപരീത തീരുവ ഘടനയിൽ പെടുന്നതാണ്. GST നിരക്ക് 5% ആയി കുറയ്ക്കുന്നത് വിപരീത തീരുവ ഘടനയ്ക്ക് തിരിച്ചടിയാകുമെങ്കിലും, വിപരീത തീരുവ ഘടനയിൽ നിന്ന് ഉണ്ടാകുന്ന റീഫണ്ടിനുള്ള സംവിധാനം ലഭ്യമാണ്. കൂടാതെ, പ്രക്രിയ പരിഷ്കാരങ്ങൾ വേഗത്തിലുള്ള റീഫണ്ടുകൾ ഉറപ്പാക്കും. പുനരുപയോഗ ഊർജ്ജ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
52. മാർബിൾ, ട്രാവെർട്ടൈൻ ബ്ലോക്കുകൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറച്ചത് എന്തുകൊണ്ട്?
നേരത്തെ, മാർബിൾ, ട്രാവെർട്ടൈൻ ബ്ലോക്കുകൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ എന്നിവയ്ക്ക് 12% ജിഎസ്ടി നിരക്ക് ഉണ്ടായിരുന്നു. ഇവ ഇന്റർമീഡിയറ്റ് ഉൽപ്പന്നങ്ങളുടെ സ്വഭാവത്തിലാണ്.ഈ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചിട്ടുണ്ട്.
53. കണ്ണടകളുടെയും കൂളിംഗ്ഗ്ലാസുകളുടേയും (ഹെഡിംഗ് 9004) ജിഎസ്ടി നിരക്ക് എന്താണ്?
കാഴ്ച ശരിയാക്കുന്നതിനുള്ള കണ്ണടകൾക്കും കൂളിംഗ് ഗ്ലാസുകൾക്കും ഇപ്പോൾ 5% ജിഎസ്ടി ബാധകമാണ് (യഥാക്രമം 12%, 18% എന്നിവയിൽ നിന്ന് കുറച്ചു), അതേസമയം കാഴ്ച ശരിയാക്കുന്നതിന് അല്ലാതെയുള്ള കണ്ണടകൾക്കും മറ്റ് കൂളിംഗ്ഗ്ലാസുകൾക്കും 18% ജിഎസ്ടി നിരക്ക് തുടരുന്നു.
54. ബാറ്ററികളുടെ ജിഎസ്ടി നിരക്ക് (തലക്കെട്ട് 8507) എത്രയാണ്?
നേരത്തെ, ലിഥിയം-അയൺ ബാറ്ററികൾക്ക് 18% ജിഎസ്ടിയും മറ്റ് ബാറ്ററികൾക്ക് 28% ജിഎസ്ടിയും ഈടാക്കി. ഇപ്പോൾ, 8507 എന്ന തലക്കെട്ടിലുള്ള എല്ലാ ബാറ്ററികൾക്കും 18% ജിഎസ്ടി ഏകീകൃത നികുതി ചുമത്തും.
55. എയർ കണ്ടീഷണറുകൾ, ടിവികൾ, മോണിറ്ററുകൾ, ഡിഷ്വാഷറുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് എത്രയാണ്?
എയർ കണ്ടീഷണറുകൾ, ഡിഷ്വാഷറുകൾ എന്നിവയുടെ ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറച്ചു. മുമ്പ് 32 ഇഞ്ച് വരെയുള്ള ടിവികൾക്കും മോണിറ്ററുകൾക്കും 18% ജിഎസ്ടി ഉണ്ടായിരുന്നു, വലിയ ടിവികൾക്കും മോണിറ്ററുകൾക്കും 28% ജിഎസ്ടി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാ ടിവികൾക്കും മോണിറ്ററുകൾക്കും 18% നികുതി ചുമത്തും.
56. ലൈഫ് ഇൻഷുറൻസിൽ ശുപാർശ ചെയ്യുന്ന ജിഎസ്ടി ഇളവിന്റെ പരിധിയിൽ ഏതൊക്കെ പോളിസികളാണ് ഉൾപ്പെടുന്നത്?
ലൈഫ് ഇൻഷുറൻസിൽ ശുപാർശ ചെയ്യുന്ന ഇളവിന് കീഴിൽ വരുന്ന പോളിസികൾ ടേം, യുലിപ്പ്, എൻഡോവ്മെന്റ് പ്ലാനുകൾ, റീഇൻഷുറൻസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളാണ്.
57. ആരോഗ്യ ഇൻഷുറൻസിൽ ശുപാർശ ചെയ്യുന്ന ജിഎസ്ടി ഇളവിന്റെ പരിധിയിൽ വരുന്ന പോളിസികൾ ഏതൊക്കെയാണ്?
ആരോഗ്യ ഇൻഷുറൻസിൽ ശുപാർശ ചെയ്യുന്ന ഇളവിന് കീഴിൽ വരുന്ന പോളിസികൾ ഫാമിലി ഫ്ലോട്ടർ പ്ലാനുകളും മുതിർന്ന പൗരൻമാർക്കുള്ള പോളിസികളും അവയുടെ റീഇൻഷുറൻസ് സേവനങ്ങളും ഉൾപ്പെടെയുള്ള എല്ലാ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസികളുമാണ്.
58. യാത്രക്കാരുടെ ഗതാഗത സേവനങ്ങൾക്ക് 18% നികുതി ചുമത്തുമോ?
ഇല്ല, പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾക്ക് ഐടിസി ഇല്ലാതെ 5% മെറിറ്റ് നിരക്കിൽ നികുതി ചുമത്തും. എന്നിരുന്നാലും, സേവന ദാതാക്കൾക്ക് 18% സ്റ്റാൻഡേർഡ് നിരക്ക് ഈടാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും, ഇത് അവർക്ക് പൂർണ്ണ ഐടിസി ക്ലെയിം ചെയ്യാൻ അനുവദിക്കും.
59. രണ്ട് നിരക്കുകളുടെ ഒരേ ഓപ്ഷൻ വിമാനത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് ലഭ്യമാണോ?
വിമാനത്തിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് അത്തരമൊരു ഓപ്ഷൻ ലഭ്യമല്ല, അതായത് യാത്ര ഇക്കണോമി ക്ലാസിലാണെങ്കിൽ ജിഎസ്ടി നിരക്ക് 5% ആണ്, അല്ലാത്തപക്ഷം ജിഎസ്ടി നിരക്ക് 18% ആയിരിക്കും.
60. GTA വഴിയുള്ള ചരക്ക് ഗതാഗതത്തിന് 18% നിരക്ക് ബാധകമാണോ?
GTA വഴിയുള്ള ചരക്ക് ഗതാഗതത്തിന് (ITC)ഇൻപുട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 5% മെറിറ്റ് നിരക്കിൽ നികുതി ചുമത്തുന്നത് തുടരും. എന്നിരുന്നാലും, പൂർണ്ണ തോതിലുള്ള ITC യോടെ 18% എന്ന സ്റ്റാൻഡേർഡ് നിരക്കിൽ GST ഈടാക്കാനുള്ള സ്വാതന്ത്ര്യം GTA യ്ക്ക് ഉണ്ടായിരിക്കും.
61. കണ്ടെയ്നർ ട്രെയിൻ ഓപ്പറേറ്റർ (CTO) ഉപയോഗിച്ച് കണ്ടെയ്നറുകളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് 12% നികുതി ചുമത്തുമോ?
ഇല്ല, CTO വഴി കണ്ടെയ്നറുകളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള സേവനത്തിന് ഐടിസി ഇല്ലാതെ 5% നിരക്കോ, അല്ലെങ്കിൽ പൂർണ്ണ ഐടിസിയോടെ 18% നിരക്കോ ഈടാക്കുകയേ ഉള്ളൂ.
62. വിവിധ തരത്തിലുള്ള ഗതാഗത സംവിധാനത്തിലൂടെയുള്ള ചരക്ക് ഗതാഗതത്തിന്റെ ജിഎസ്ടി നിരക്ക് എത്രയാണ്?
വിമാനമാർഗ്ഗമുള്ള ചരക്ക് ഗതാഗതം ഒഴികെയുള്ള, വിവിധ തരം ചരക്ക് ഗതാഗതത്തിന് 5% ജിഎസ്ടിയും നിയന്ത്രിത ഐടിസിയും ചുമത്തും. എന്നിരുന്നാലും, വിമാനമാർഗ്ഗമുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പൂർണ്ണ ഐടിസിയോടെ ജിഎസ്ടി നിരക്ക് 18% ആയിരിക്കും.
63. ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് GTA സേവനങ്ങളെ GST യിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ലേ?
ഒരു സേവനത്തിന് ഇളവ് ലഭിക്കുമ്പോൾ സേവന ദാതാവിന് ITC ക്ലെയിം ചെയ്യാൻ കഴിയില്ല. ഇത് അവരുടെ ചെലവ് വർദ്ധിപ്പിക്കുകയും സേവനത്തെ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു. അതേസമയം, കാർഷികോൽപ്പന്നങ്ങൾ, പാൽ മുതലായ അവശ്യ വസ്തുക്കളുടെ ഗതാഗതത്തിന് (B2C) പ്രത്യേക ഇളവുകൾ ഇതിനകം നൽകിയിട്ടുണ്ട്.
64. മരുന്നുകളുമായി ബന്ധപ്പെട്ട് ജോബ് വർക്ക് വഴിയുള്ള സേവനങ്ങളുടെ ശുപാർശ ചെയ്യുന്ന ജിഎസ്ടി നിരക്ക് എന്താണ്?
ഈ സേവനങ്ങൾക്ക് ഇനി ഐടിസിക്കൊപ്പം 5% നിരക്ക് ഈടാക്കും. നേരത്തെ ഇത് 12% നികുതിക്ക് വിധേയമായിരുന്നു.
65. അദ്ധ്യായം 41-ൽ ഉൾപ്പെടുന്ന തോൽ, തൊലികൾ, തുകൽ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്കും ഇത് സംബന്ധമായ സേവനങ്ങൾക്ക് ശുപാർശ ചെയ്യുന്ന GST നിരക്ക് എന്താണ്?
പ്രസ്തുത സേവനങ്ങൾക്ക് ഇപ്പോൾ ITC-യോടൊപ്പം 5% നിരക്ക് ഈടാക്കും. നേരത്തെ ഇത് 12% നികുതിക്ക് വിധേയമായിരുന്നു.
66. തോൽ, തൊലികൾ, തുകൽ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്ക് ശുപാർശ ചെയ്യുന്ന 5% നിരക്ക് തുകൽ വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിയെയോ, അദ്ധ്യായം 42 അല്ലെങ്കിൽ 64 പ്രകാരം വരുന്ന പാദരക്ഷകളെയോ ഉൾപ്പെടുത്തുമോ?
ഇല്ല, തുകൽ വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിയെയോ അദ്ധ്യായം 42 അല്ലെങ്കിൽ 64 പ്രകാരം വരുന്ന പാദരക്ഷകളെയോ പരാമർശിക്കുന്ന ശുപാർശ ജോബ്-വർക്ക് എന്ന മാനദണ്ഡത്തിൽ ഉൾപ്പെടുകായില്ല.
67. മദ്യം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ സേവനങ്ങൾക്കും 5% എന്ന കുറഞ്ഞ നിരക്കിൽ നികുതി ഈടാക്കാൻ ശുപാർശ ചെയ്യുന്നുണ്ടോ?
ഇല്ല, മേൽ പറഞ്ഞ സേവനങ്ങൾക്ക് ഐടിസിക്കൊപ്പം 18% നിരക്ക് തുടർന്നും ഈടാക്കും.
68. റെസിഡ്യൂറി ജോബ് വർക്ക് സേവനങ്ങളുടെ ജിഎസ്ടി നിരക്ക് എന്തായിരിക്കും?
റെസിഡ്യൂറി ജോബ് വർക്ക് സേവനങ്ങൾ, അതായത്, ഒരു പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടില്ലാത്ത സേവനങ്ങൾക്ക്, നിലവിൽ 12% നിരക്കിലാണ് ജിഎസ്ടി ഈടാക്കി വന്നിരുന്നത്. അത്തരം സേവനങ്ങൾക്ക് ഇനിമുതൽ 18% നിരക്കിൽ ജിഎസ്ടി ഈടാക്കും.
69. നിരക്ക് കുറയ്ക്കുന്നതിനുപകരം തൊഴിൽ സേവനങ്ങൾ പൂർണ്ണമായും നികുതി രഹിതമാക്കിക്കൂടേ?
തൊഴിൽ സേവനങ്ങൾ നികുതിയിൽ നിന്നും ഒഴിവാക്കുന്നത് ഐടിസി ശൃംഖലയെ തകർക്കും, ഇത് ചെലവ് വർദ്ധിപ്പിക്കും. ഒന്നിലധികം തലങ്ങളിൽ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്ന മേഖലകൾക്ക് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. ഐടിസിയിൽ 5% എന്ന കുറഞ്ഞ നിരക്ക്, ബിസിനസുകൾക്ക് പൂർണ്ണ ക്രെഡിറ്റ് ആനുകൂല്യം നൽകുന്നു, അതുവഴി നികുതിയുടെ തുടരെയുള്ള ഈടാക്കൽ ഒഴിവാക്കുന്നു.
70. തീരത്തോട് ചേർന്നുള്ള മേഖലകളിലെ എണ്ണ, വാതക പര്യവേക്ഷണവും ഉൽപ്പാദനവും (E & P) സംബന്ധിച്ച പ്രവൃത്തി കരാർ സേവനങ്ങൾക്ക് 18% നികുതി ചുമത്തുമോ?
അതെ, തീരത്തോട് ചേർന്നുള്ള മേഖലയിലെ എണ്ണ, വാതക പര്യവേക്ഷണവും ഉൽപ്പാദനവും (E & P) സംബന്ധിച്ച പ്രവൃത്തി കരാറിനും അനുബന്ധ സേവനങ്ങൾക്കും 18% ജിഎസ്ടി നികുതി ചുമത്തും.
71. പ്രതിദിനം യൂണിറ്റിന് 7500 രൂപ വരെയോ തത്തുല്യമോ ആയ തുക ഈടാക്കുന്ന ഹോട്ടലുകളിലെ താമസ സേവനങ്ങൾക്ക് 18% നികുതി ചുമത്തുമോ?
ഇല്ല, ഐടിസി ഇല്ലാതെ പ്രസ്തുത സേവനത്തിന് 5% ജിഎസ്ടി നിരക്ക് ബാധകമാകും.
72.. സൗന്ദര്യ വർദ്ധക, ശാരീരിക ക്ഷേമ സേവനങ്ങൾക്ക് ശുപാർശ ചെയ്യുന്ന ജിഎസ്ടി നിരക്ക് എന്താണ്? ഈ നിരക്കിൽ എന്തൊക്കെയാണ് ഉൾപ്പെടുക?
ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഫിറ്റ്നസ് സെന്ററുകൾ, യോഗ മുതലായവ ഉൾപ്പെടെയുള്ള സൗന്ദര്യ, ശാരീരിക ക്ഷേമ സേവനങ്ങൾക്ക് ഐടിസി ഇല്ലാതെ 5% ജിഎസ്ടി നിരക്ക് ബാധകമാകും. ഈ സേവനങ്ങൾക്ക് മുമ്പ് 18% ജിഎസ്ടി ഉണ്ടായിരുന്നു.
73. ലോട്ടറി ടിക്കറ്റുകൾ, വാതുവയ്പ്പ്, ചൂതാട്ടം, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 40% നിരക്കിൽ ജിഎസ്ടി ബാധകമാണോ?
അതെ, വാതുവയ്പ്പ്, കാസിനോകൾ, ചൂതാട്ടം, കുതിരപ്പന്തയം, ലോട്ടറി, ഓൺലൈൻ മണി ഗെയിമിംഗ് എന്നിവയുൾപ്പെടെ എല്ലാ വിനോദങ്ങൾക്കും, 40% ജിഎസ്ടി നിരക്ക് ബാധകമാകും.
74. ഐപിഎൽ പോലുള്ള കായിക മത്സരങ്ങളിലേക്കുള്ള പ്രവേശനത്തിന് ശുപാർശ ചെയ്യുന്ന ജിഎസ്ടി നിരക്ക് എന്താണ്?
ഐപിഎൽ പോലുള്ള കായിക മത്സരങ്ങളിലേക്കുള്ള പ്രവേശനത്തിന് 40% ജിഎസ്ടി ബാധകമാകും, എന്നിരുന്നാലും, അംഗീകൃത കായിക മത്സരങ്ങളിലേക്കുള്ള പ്രവേശനത്തിന് ഈ 40% നിരക്ക് ബാധകമല്ല.
75. ഐപിഎൽ പോലുള്ള കായിക മത്സരങ്ങൾ ഒഴികെയുള്ള മത്സരങ്ങളിലേക്കുള്ള പ്രവേശനത്തിന് ജിഎസ്ടി നിരക്ക് എത്രയായിരിക്കും?
500 രൂപയിൽ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള അംഗീകൃത കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കായിക മത്സരങ്ങളിലേക്കുള്ള പ്രവേശനത്തിന് നികുതി ഈടാക്കില്ല. കൂടാതെ ടിക്കറ്റ് വില 500 രൂപയിൽ കൂടുതലാണെങ്കിൽ, 18% എന്ന നിരക്കിൽ നികുതി ചുമത്തുന്നത് തുടരും.
*****
(रिलीज़ आईडी: 2163777)
आगंतुक पटल : 50