കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ രാജ്യത്തെ കാർഷിക മേഖലയിലെ സമഗ്രസ്‌ഥിതി അവലോകനം ചെയ്തു

Posted On: 01 SEP 2025 5:38PM by PIB Thiruvananthpuram
കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ  രാജ്യവ്യാപകമായി കാർഷിക മേഖല  നേരിടുന്ന  വെല്ലുവിളികൾ  അവലോകനം ചെയ്തു. അതിനോടൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച  വിവരങ്ങളും, പഞ്ചാബിലെ ചില പ്രദേശങ്ങളിൽ ഉണ്ടായ പ്രളയവും അതിന്റെ ഫലമായി വിളകളിലുണ്ടാക്കിയ ആഘാതവും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകളും നടത്തി. യോഗത്തിൽ സംസാരിച്ച ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, പഞ്ചാബിലെ പ്രളയബാധിതമേഖലയിലെ   കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇത്തരം പ്രകൃതിദുരന്ത ഘട്ടങ്ങളിൽ കേന്ദ്രസർക്കാർ കർഷകരുടെ കൂടെയുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. ഉടൻ തന്നെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ദുരിതമനുഭവിക്കുന്ന   കർഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
 

 
യോഗത്തിൽ കൃഷി സെക്രട്ടറി ഡോ. ദേവേഷ് ചതുർവേദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തുടനീളമുള്ള  കാർഷിക മേഖലയെക്കുറിച്ച്  അവർ കേന്ദ്രമന്ത്രിക്ക് സമഗ്രമായ വിശദീകരണം നൽകി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖാരിഫ് വിളകൾക്കായി വിത്തുവിതച്ച  പ്രദേശങ്ങൾ  പ്രോത്സാഹജനകമായ വളർച്ച കൈവരിച്ചതായി അറിയിച്ചു.

ഭക്ഷ്യധാന്യ വിളകൾക്കൊപ്പം ഹോർട്ടികൾച്ചർ മേഖലയിലെ പുരോഗതിയും മന്ത്രി അവലോകനം ചെയ്തു. പ്രത്യേകിച്ചും,  ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയുടെ ഉൽപാദനത്തെയും വിലയെയും കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം  തേടി. വിവിധ സംസ്ഥാനങ്ങളിലെ  മഴയെക്കുറിച്ചും ജലസംഭരണികളുടെ അവസ്ഥയെക്കുറിച്ചും ഉദ്യോഗസ്ഥർ  വിശദീകരിച്ചു. ഈ വർഷം പല സംസ്ഥാനങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചെന്നും  ഇത് വിളകൾക്ക് ഗുണകരമായെന്നും  അവർ  അറിയിച്ചു.

കർഷകർക്ക് ഉയർന്ന വരുമാനം നേടുന്നതിനായി, ഭക്ഷ്യധാന്യ വിളകൾക്കൊപ്പം പൂന്തോട്ടപരിപാലനം ഉൾപ്പെടെയുള്ള സംയോജിത കൃഷിരീതികൾ സ്വീകരിക്കുന്നത്  പ്രോത്സാഹിപ്പിക്കാൻ ശ്രീ ശിവരാജ് സിംഗ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത്, ധാന്യോൽപാദനത്തോടൊപ്പം വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ സമഗ്രമായ വളർച്ച കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   തോട്ടവിളകളും സംയോജിത കൃഷിയും ഈ ദിശയിൽ ഫലപ്രദമായ മാർഗങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.  കർഷകർക്കിടയിൽ 'സംയോജിത കൃഷി സമ്പ്രദായങ്ങൾ' വ്യാപകമായി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി  നിർദ്ദേശിച്ചു.
 
*****************

(Release ID: 2162954) Visitor Counter : 2